നമ്മുടെ നാടുകളിൽ പറമ്പുകളിലും റോഡരികുകളിലും സാധാരണ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കുറുന്തോട്ടി. സംസ്കൃതത്തിൽ ഇതിന് ബലാ എന്നറിയപ്പെടുന്നു. ആയുർവേദത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധ സസ്യം കൂടിയാണ് കുറുന്തോട്ടി. കുറുന്തോട്ടിക്കും വാതമോ എന്ന ഒരു ചൊല്ലുണ്ട്. അത്രയേറെ ഗുണങ്ങളുള്ള സസ്യമാണ് കുറുന്തോട്ടി. വാതസംബന്ധമായ എല്ലാ രോഗങ്ങൾക്കും കുറുന്തോട്ടി ഒഴിച്ചു മാറ്റാനാവാത്ത ഒരു സസ്യമാണ്. കുറുന്തോട്ടി പലതരത്തിൽ കാണപ്പെടുന്നുണ്ട്. ആനക്കുറുന്തോട്ടി, വള്ളിക്കുറുന്തോട്ടി, ചെറിയ കുറുന്തോട്ടി മലകുറുന്തോട്ടി, മഞ്ഞകുറുന്തോട്ടി, ഇങ്ങനെ പലതരത്തിലുള്ള കുറുന്തോട്ടി ഉണ്ടെങ്കിലും പൊതുവേ ആനക്കുറുന്തോട്ടിയാണ് വാതസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടിയുടെ വേരാണ് കൂടുതലും ഔഷധത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ ചില മരുന്നുകൾക്ക് ഇതിന്റെ തണ്ടുകളും പൂക്കളും ഇലകളുമൊക്കെ ഉപയോഗിക്കാറുണ്ട്. കുറുന്തോട്ടിയുടെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
$ads={1}
വാതസംബന്ധമായ രോഗങ്ങൾക്ക്
ആമവാതം, സന്ധിവാതം, യൂറിക് ആസിഡ് കൂടുന്നത് മൂലമുള്ള വാതരക്തം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് കുറുന്തോട്ടി കഷായം കഴിക്കുന്നത് വളരെ ഫലപ്രദമാണ് ( കുറുന്തോട്ടി കഷായം ഉണ്ടാക്കുന്ന വിധം ചുവടെ ചേർത്തിട്ടുണ്ട് )
കുറുന്തോട്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചോ, പാലിൽ കലക്കിയോ കുടിക്കുന്നതും വളരെ ഫലപ്രദമാണ്.
കുറുന്തോട്ടിയുടെ വേര് ഉണക്കി പൊടിച്ചത് അരിക്കാടിയിൽ ചാലിച്ച് പേസ്റ്റാക്കി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വളരെ ഫലപ്രദമാണ്.
കുറുന്തോട്ടിയുടെ വേരും ഇലയും ചതച്ചെടുത്ത് അതിന്റെ നീര് എടുത്ത് അൽപം തേനും ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് വാതരോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്
കുറുന്തോട്ടിവേര് ചതച്ച് എണ്ണകാച്ചി ഈ എണ്ണ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വേദന മാറാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ്
കുറുന്തോട്ടിയുടെ വേര് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും വാത രോഗികൾക്ക് വളരെ നല്ലതാണ്
വാതസംബന്ധമായ ശരീരവേദന ഉള്ളവർ കുറുന്തോട്ടി ഇട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് വളരെ നല്ലതാണ്
സ്ത്രീ രോഗങ്ങൾക്ക്
സ്ത്രീകളിലെ വെള്ളപോക്കിനും ആർത്തവ സമയത്തുണ്ടാകുന്ന നടുവേദനയ്ക്കും, സുഖപ്രസവം ലഭിക്കുന്നതിനും, പ്രസവത്തിനുശേഷം പ്രസവാനന്തരമുള്ള ക്ഷീണം മാറുവാനും കുറുന്തോട്ടി പാൽ കഷായം കഴിക്കുന്നത് വളരെ ഫലപ്രദമാണ് ( പാൽ കഷായം തയ്യാറാക്കുന്ന വിധം ചുവടെ ചേർത്തിട്ടുണ്ട് )
പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിന്
പുരുഷന്മാരിൽ കാണുന്ന ലൈഗിക ശേഷി കുറവിനും ശീഘ്രസ്ഖലനത്തിനും കുറുന്തോട്ടി കഷായം കുടിക്കുന്നത് വളരെ നല്ലതാണ്
തലവേദനയ്ക്ക്
മൈഗ്രേൻ സംബന്ധമായ തലവേദനയുള്ളവർക്ക് കുറുന്തോട്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിക്കാൻ സഹായിക്കും
മുടി കൊഴിച്ചിലിനും താരനും മാറാൻ
മുടികൊഴിച്ചിലും താരനും മുടിയുടെ വളർച്ച കുറവിനും കുറുന്തോട്ടി താളിയായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്
നടുവേദന മാറാൻ
. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞിവേര്, ദേവദാരം, ആടലോടകത്തിന്റെ വേര് എന്നിവ 250 ഗ്രാം വീതം ചതച്ച് 5 നാഴി വെള്ളത്തിൽ തിളപ്പിച്ച് അഞ്ചു തുടമാക്കി വറ്റിച്ച് അരിച്ചെടുത്ത് ഒരു തുടം വീതം രാവിലെയും വൈകിട്ടും ജീരകപ്പൊടിയും വെണ്ണയും ചേർത്ത് കഴിച്ചാൽ നടുവേദന മാറും
$ads={2}
കുറുന്തോട്ടി കഷായം
കുറുന്തോട്ടി കഷായത്തിന് വേരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 100 gm കുറുന്തോട്ടിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി. ചെറിയ കഷണങ്ങളായി കൊത്തി നുറുക്കി ചതച്ച് അതിലേക്ക് 500 മില്ലി വെള്ളം ചേർത്ത് തിളപ്പിച്ച് 100 മില്ലിയായി വറ്റിച്ചെടുക്കുക ശേഷം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് 50 മില്ലി വീതം ദിവസം രണ്ടു നേരം കഴിക്കാവുന്നതാണ് ഓരോ ദിവസത്തേക്കുള്ള കഷായം അന്ന് തയ്യാറാക്കുന്നതാണ് നല്ലത്.
കുറുന്തോട്ടി പാൽകഷായം
100ഗ്രാം കുറുന്തോട്ടിയുടെ വേര് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി ചതച്ച് ഒരു വെള്ള തുണിയിൽ കിഴികെട്ടിഎടുക്കുക. 400 മില്ലി വെള്ളവും, 100 മില്ലി പാലും പാത്രത്തിലെടുത്ത് ( പശുവിൻ പാലോ ആട്ടിൻപാലൊ ഉപയോഗിക്കാം ) ഇതിലേക്ക് കിഴി കെട്ടിയ കുറുന്തോട്ടിയും ഇട്ട് 100 മില്ലി യായി വറ്റിച്ചെടുക്കുക. പാൽ കഷായത്തിൽ മധുരത്തിനു വേണ്ടി പനംകൽക്കണ്ടമൊ ശർക്കരയോ പൊടിച്ച് ചേർക്കാം.