പനി ,മലമ്പനി ,വൃക്കരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് പൂവാംകുറുന്തൽ .ഇതിനെ പൂവാംകുരുന്നില,പൂവാം കുരുന്ന് എന്നി പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു . സംസ്‌കൃതത്തിൽ സഹദേവി ,ഉത്തമകന്യപുത്ര എന്നീ പേരുകളിലും അറിയപ്പെടുന്നു .
Botanical Name: Vernonia Cinerea
Family : Asteraceae (Sunflower Family)
Synonyms : Cyanthillium Cinereum, Conyza Cinerea, Senecioides Cinerea
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലും ഒരു പാഴ്‌ചെടിയായി പൂവാംകുറുന്തൽ വളരുന്നു .
സസ്യവിവരണം .
15 സെ.മീ മുതൽ 75 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യം .ഇലകളും പൂക്കളും ചെറുതാണ് .ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .താഴെയുള്ള ഇലകൾ വലിപ്പം കൂടിയതും മുകളിലുള്ള ഇലകൾ ചെറുതുമാണ് .പൂങ്കുലകൾ മുഖ്യ തണ്ടിന്റെയും ശാഖകളുടെയും അഗ്രഭാഗത്ത് ഉണ്ടാകുന്നു .ഒരു കുലയിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാകുന്നു .പൂക്കൾക്ക് പിങ്ക് നിറമാണ് .ഫലങ്ങൾ തീരെ ചെറുതും അഗ്രഭാഗത്ത് രോമങ്ങൾ കൊണ്ടുള്ള ആവരണമുള്ളവയുമാണ് .കാറ്റിലൂടെയാണ് ഇവയുടെ വിത്തുവിതരണം നടക്കുന്നത് .
രാസഘടകങ്ങൾ .
ചെടിയിൽ ബീറ്റാ -അമരിൻ അസറ്റേറ്റ് ,ബീറ്റാ-അമരിൻ ബെൻസോയേറ്റ് ,ബീറ്റാ-സിറ്റോസ്റ്റിറോൾ ,സ്റ്റിഗ്മാസ്റ്റിറോൾ ,ആൽഫാ-സ്‌പൈനാസ്റ്റിറോൾ എന്നിവയും വേരിൽ ഡീഹൈഡ്രോസാലുസാനിൻ ,സാലുസാനിൽ സെനെസിയോലേയ്റ്റ് എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .
പൂവാംകുറുന്തൽ വിവിധ ഭാഷകളിലെ പേരുകൾ .
English Name - Purple Fleabane, Little Ironweed
Malayalam Name- Poovamkurunnila,poovamkurunthal
Tamil Name - Naichotte Poonde
Telugu Name - Gariti Kamma
Kannada Name - Sahadevi
Hindi Name - Sahadevi
Marathi Name - Sadodi
Bengali Name - Kukasim
Gujarathi Name - Sadori
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പൂവാംകുറുന്തൽ.കേരളത്തിൽ ചില സ്ഥലങ്ങളിൽ പൂവാംകൊഴിഞ്ഞിൽ എന്നും ഈ സസ്യത്തിന് വിളിപ്പേരുണ്ട് .കേരളത്തിൽ സാധാരണ കാണപ്പെടുന്ന പത്തുതരം സസ്യങ്ങളാണ് ദശപുഷ്പ്പങ്ങൾ എന്ന് അറിയപ്പെടുന്നത് .ഹിന്ദുക്കൾ ദേവ പൂജയ്ക്കും സ്ത്രീകൾ തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ടന്നാണ് വിശ്വാസം. പൂവാംകുറുന്തൽ തലയിൽ ചൂടിയാൽ ഐശ്വര്യം ഉണ്ടാകുമെന്നും ദാരിദ്ര്യ ദുഃഖങ്ങൾ അകറ്റുമെന്നുമാണ് വിശ്വാസം .
പണ്ടുകാലത്ത് മുത്തശ്ശിമാർ പൂവാംകുരുന്നില കൊണ്ട് കൺമഷി ഉണ്ടാക്കിയിരുന്നു .പൂവാംകുരുന്നിലയുടെ നീരിൽ തുണിമുക്കി ഉണക്കുന്നു .ഇപ്രകാരം മൂന്നുപ്രാവശ്യം പൂവാംകുരുന്നിലയുടെ നീരിൽ മുക്കി ഉണക്കിയ തുണി തിരിയാക്കി എണ്ണയിലോ നെയ്യിലോ മുക്കി കത്തിക്കുന്നു .ഈ തീയുടെ മുകളിൽ പുതിയ മൺപാത്രം കമഴ്ത്തിപ്പിടിച്ചു പുക കൊള്ളിക്കുന്നു .മൺപാത്രത്തിൽ പറ്റിപ്പിടിക്കുന്ന കരി ചുരണ്ടി എടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കൺമഷിയായി ഉപയോഗിക്കുന്നു .
ദശപുഷ്പങ്ങൾ .
മുക്കുറ്റി,വിഷ്ണുക്രാന്തി, മുയൽചെവിയൻ, തിരുതാളി, ചെറൂള,നിലപ്പന, ഉഴിഞ്ഞ, കയ്യോന്നി,പൂവാംകുറുന്തൽ,കറുക.
പൂവാംകുറുന്തൽ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .ശരീരതാപം കുറയ്ക്കും .മൂത്രം വർധിപ്പിക്കുകയും മൂത്രമൊഴുക്ക് സുഗമമാക്കുകയും ചെയ്യും .മൂത്രളമായതുകൊണ്ട് നീര് ,വേദന എന്നിവ ഇല്ലാതാക്കുന്നു . വിഷം ശമിപ്പിക്കും .പനി ,മലമ്പനി ,നേത്ര രോഗങ്ങൾ ,അർശ്ശസ് ,ത്വക്ക് രോഗങ്ങൾ ,വൃക്കരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മഞ്ഞപ്പിത്തം ,ചുമ ,വായുകോപം ,ഉദരരോഗങ്ങൾ ,മുറിവുകൾ എന്നിവയ്ക്കും നല്ലതാണ് .മുടി നന്നായി വളരാനും സഹായിക്കുന്നു .പകർച്ചവ്യാധികളെ തടയും .ബാക്ടീരിയകളെയും പൂപ്പലുകളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട് .ക്യാന്‍സർ രോഗം തടയാൻ പര്യാപ്തമായ ഒരു ഔഷധസസ്യം കൂടിയാണ് പൂവാംകുറുന്തൽ .
പൂവാംകുറുന്തൽ ചേരുവയുള്ള ചില ഔഷധങ്ങൾ .
Sahdevi Ghan Table.
മൂത്രനാളിയിലെ അണുബാധ ,മൂത്രത്തിൽ കല്ല് ,പനി ,രക്തദുഷ്ടി ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Himalaya Cystone Tablets.
വൃക്കയിലെ കല്ലുകൾ ,മൂത്രനാളിയിലെ അണുബാധ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Stone Vita Capsule .
കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ ഈ ഔഷധം ഉപയോഗിക്കുന്നു .
Hairich Oil.
മുടിവളർച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഒരു ഹെയർ ടോണിക്കാണ് .താരൻ ,മുടികൊഴിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കുന്നു .നല്ല ഉറക്കമുണ്ടാകുകയും മനസ്സിനെ ശാന്തമാക്കുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യും .
Epderm Capsule.
വിറ്റിലിഗോ അഥവാ വെളളപ്പാണ്ട്,സോറിയാസിസ് ,മറ്റു അലർജി ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗം - സമൂലം .
രസാദിഗുണങ്ങൾ .
രസം - തിക്തം
ഗുണം - ലഘു,രൂക്ഷം
വീര്യം - ഉഷ്ണം
വിപാകം - കടു
പൂവാംകുറുന്തൽ ചില ഔഷധപ്രയോഗങ്ങൾ .
പനി മാറുന്നതിന് .
പനി കുറയ്ക്കാനായി പൂവാംകുറുന്തലിന്റെ വേര് തലയിൽ കെട്ടിവയ്ക്കാൻ ചരകൻ പരാമർശിച്ചിട്ടുണ്ട് .
പൂവാംകുറുന്തൽ സമൂലമെടുത്ത് അതിന്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പനി കുറയും .കൂടാതെ തേൾവിഷം ശമിപ്പിക്കുന്നതിനും മൂത്രതടസ്സം മാറ്റുന്നതിനും ഈ കഷായം പതിവായി കുടിച്ചാൽ മതിയാകും .പൂവാംകുറുന്തൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും സമൂലം അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും പനി മാറാൻ നല്ലതാണ് .
പൂവാംകുറുന്തലും ,തുമ്പപ്പൂവും ,തുളസിയിലയും ,പാവട്ടയുടെ തളിരും ,കുരുമുളകും ചേർത്തുണ്ടാക്കുന്ന കഷായം കുട്ടികൾക്കുണ്ടാകുന്ന പനിക്ക് വിശേഷപ്പെട്ട ഔഷധമാണ് . ഇവ തുല്ല്യ അളവിൽ എടുത്ത് അരച്ച് ചെറിയ ഗുളിക രൂപത്തിലാക്കി നിഴലിൽ ഉണക്കി കഴിക്കുന്നതും കുട്ടികളുടെ പനിക്ക് ഉത്തമമാണ് .
കുട്ടികൾ ഉറക്കത്തിൽ പിച്ചും പേയും പറയുന്നതിന് .
പൂവാംകുറുന്തൽ സമൂലം കുട്ടികളുടെ അരയിലോ കൈയിലോ കെട്ടി കിടന്നുറങ്ങിയാൽ കുട്ടികൾ ഉറക്കത്തിൽ പിച്ചും പേയും പറയുന്നതും ഉറക്കത്തിൽ ഞെട്ടി എഴുനേൽക്കുന്നതും മാറിക്കിട്ടും .
ജലദോഷം മാറുന്നതിന് .
പൂവാംകുറുന്തലിന്റെ ഇലയും കുരുമുളകും ചേർത്തരച്ച് തിളപ്പിച്ച് വറ്റിച്ച് കുഴമ്പാക്കി തണുത്തതിനു ശേഷം നെറുകയിലും നെറ്റിയിലും ദിവസം രണ്ടോ മൂന്നോ പ്രാവിശ്യം പുരട്ടിയാൽ ജലദോഷം ശമിക്കും .
നേത്രരോഗങ്ങൾക്ക് .
പൂവാംകുറുന്തലിന്റെ ഇലയുടെ നീര് നന്നായി അരിച്ചെടുത്ത് ചെറുതേനും ചേർത്ത് കണ്ണിലൊഴിച്ചു നിർത്തിയാൽ ചെങ്കണ്ണ് മാറും .ഇത് കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ് .പൂവാംകുറുന്തലും ചന്ദനവും ചേർത്തരച്ച് പാലിൽ ചേർത്ത് നന്നായി അരിച്ചെടുത്ത് കണ്ണിലൊഴിച്ചു നിർത്തിയാൽ കൺപോള വീക്കം മാറിക്കിട്ടും .ചെങ്കണ്ണിനും നല്ലതാണ് .പൂവാംകുറുന്തലിന്റെ ഇലയുടെ നീര് നന്നായി അരിച്ചെടുത്ത് മുലപ്പാലും ചേർത്ത് കണ്ണിലൊഴിക്കുന്നതും ചെങ്കണ്ണ് രോഗം മാറാൻ നല്ലതാണ് . പൂവാംകുറുന്തലിന്റെ പൂവിട്ടുവച്ചിരുന്ന വെള്ളം ദിവസം രണ്ടോ മൂന്നോ നേരം വീതം കുറച്ചുദിവസം പതിവായി കണ്ണിലൊഴിച്ചാൽ കൺകുരു മാറിക്കിട്ടും . പൂവാംകുറുന്തലിന്റെ ഇല അരച്ച് രണ്ടു കാലിന്റെയും പെരുവിരലിൽ വച്ചു കെട്ടിയാൽ കണ്ണിലെ ചുവപ്പു നിറം മാറിക്കിട്ടും .
തലവേദന മാറാൻ .
പൂവാംകുറുന്തൽ സമൂലം അരച്ച് നെറ്റിയിലിട്ടാൽ തലവേദന മാറും .പൂവാംകുറുന്തലും ,മുക്കുറ്റിയും കൂടി ചതച്ച നീര് ഉദയത്തിനു മുൻപ് നെറ്റിയിലും നെറുകയിലും പുരട്ടുന്നത് കൊടിഞ്ഞി തലവേദന മാറാൻ ഉത്തമമാണ് .ഈ നീര് കാലിന്റെ പെരുവിരലിൽ ഒഴിച്ചുനിർത്തുന്നതും നല്ലതാണ് .ഇപ്രകാരം മൂന്നുദിവസം ആവർത്തിക്കണം .
മൂക്കിൽ ദശ വളരുന്നതിന് .
പൂവാംകുറുന്തൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ അതിന്റെ പകുതി എണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മൂക്കിൽ ദശ വളരുന്നത് മാറും .കൂടാതെ തലവേദന ,ആസ്മ ,ചുമ ,ശ്വാസതടസ്സം എന്നിവയ്ക്കും ഈ എണ്ണ തലയിൽ പുരട്ടുന്നത് നല്ലതാണ് .പൂവാംകുറുന്തൽ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും ആസ്മ ,ചുമ ,ശ്വാസതടസ്സം ,പനി എന്നിവയ്ക്കും നല്ലതാണ് .
തേൾവിഷത്തിന് .
പൂവാംകുറുന്തൽ സമൂലം അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്‌താൽ തേൾവിഷം ശമിക്കും .
പുഴുക്കടിക്ക് .
പൂവാംകുറുന്തൽ സമൂലം അരച്ച് പുറമെ പുരട്ടിയാൽ പുഴുക്കടി മാറും .കൂടാതെ ചൊറി ,ചർമ്മത്തിന്റെ വരൾച്ച മൂലമുണ്ടാകുന്ന ചൊറിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .
മാനസിക രോഗത്തിന് .
പൂവാംകുറുന്തൽ സമൂലം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് മാനസികരോഗം ഉള്ളവർക്ക് നല്ലതാണ് .ടെൻഷൻ ,ഡിപ്രഷൻ മുതലായവയ്ക്ക് പൂവാംകുറുന്തൽ സമൂലം അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നതും ഉത്തമമാണ് .പൂവാംകുറുന്തലിന്റെ വേര് അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചാൽ ഉറക്കക്കുറവ് മാറിക്കിട്ടും .
ചർമ്മരോഗങ്ങൾക്ക് .
പൂവാംകുറുന്തൽ വേരും ,ഇലയും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ ചർമ്മരോഗങ്ങൾ ശമിക്കുകയും രക്തശുദ്ധി ഉണ്ടാകുകയും ചെയ്യും .ഈ കഷായം മൂത്രത്തിൽ കല്ല് ,മൂത്രച്ചൂടിച്ചിൽ എന്നിവ ഇല്ലാതാക്കാനും നല്ലതാണ് .
വിരശല്ല്യം ഇല്ലാതാക്കാൻ .
പൂവാംകുറുന്തലിന്റെ വേര് കഷായമുണ്ടാക്കി കഴിച്ചാൽ വിരശല്ല്യം മാറിക്കിട്ടും .
മലബന്ധം മാറാൻ .
പൂവാംകുറുന്തലിന്റെ ഇല കഷായമുണ്ടാക്കി കഴിച്ചാൽ മലബന്ധം മാറികിട്ടും .
മുറിവുകൾക്ക് .
പൂവാംകുറുന്തലിന്റെ ഇലയും തണ്ടുമുൾപ്പടെ അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .ശരീരത്തിലുണ്ടാകുന്ന നീരിനും ഇലയും തണ്ടുമുൾപ്പടെ അരച്ച് പുറമെ പുരട്ടുന്നതും നല്ലതാണ് .