ഒട്ടു മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു അലങ്കാരസസ്യമാണ് ചെത്തി. മനോഹരങ്ങളായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് ചെത്തി ക്ഷേത്രങ്ങളിൽ മാല കെട്ടുന്നതിനും , പൂജയ്ക്കും, പ്രസാദത്തിനുമെല്ലാം ചെത്തിപൂവ് ഉപയോഗിച്ചുവരുന്നു. കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ തെറ്റി എന്ന പേരിലും അറിയപ്പെടുന്നു ചുവന്ന പൂക്കൾ ഉണ്ടാകുന്ന ചെത്തിയാണ് അധികമായി കാണുന്നതെങ്കിലും. മഞ്ഞ, വെളുപ്പ്, റോസ്, ഓറഞ്ച്, കടുംചുവപ്പ് എന്നീ എന്നീ നിറങ്ങളിലും ചെത്തി കാണപ്പെടുന്നു.
ചുവന്ന ചെത്തി വീടിന്റെ മുൻ ഭാഗങ്ങളിൽ നട്ടുവളർത്തിയാൽ വീടിന് ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. ചെത്തി ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു സസ്യം കൂടിയാണ്. ഔഷധത്തിനായി ഉപയോഗിക്കുന്നത് ചുവന്ന നിറത്തിലുള്ള ചെത്തിയാണ് .കലവ്യത്യാസമില്ലാതെ ഏതു സമയത്തും ചെത്തിയിൽ പൂക്കളുണ്ടാകും .ഇടവപ്പാതി കഴിഞ്ഞു ഓണത്തോട് അടുപ്പിച്ചാണ് ചെത്തിയിൽ ധാരാളം പൂക്കളുണ്ടാകുന്നത് .ഇതിന്റെകായ്കൾ ഗോളാകൃതിയിലാണ് .കായ്കൾ നല്ലതുപോലെ പഴുത്തു കഴയിയുമ്പോൾ ഇരുണ്ട ചുവപ്പു നിറത്തിൽ കാണപ്പെടുന്നു .ഇതിന്റെ പഴുത്ത കായ്കൾ കുട്ടികൾ പറിച്ച് കഴിക്കാറുണ്ട് .ചെത്തിയുടെ വേര് ,പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Rubiaceae
ശാസ്ത്രനാമം : Ixora coccinea
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Gengle Flame
സംസ്‌കൃതം : രക്തള, പാരന്തി
തമിഴ് : തെച്ചി
രസാദിഗുണങ്ങൾ
രസം :കഷായം, തിക്തം
ഗുണം :ലഘു,രൂക്ഷം
വീര്യം :ശീതം
വിപാകം :കടു
ഔഷധഗുണങ്ങൾ
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും. ചർമ്മരോഗങ്ങൾക്കും. രക്തശുദ്ധീകരണത്തിനും. അലർജികൾക്കും. പൊള്ളലിനും, സന്ധിവേദനകൾക്കും ശരീര വേദനകൾക്കും തുടങ്ങിയ അസുഖങ്ങൾക്ക് ചെത്തി ഔഷധമായി ഉപയോഗിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
ഒരുപിടി ചെത്തി പൂവ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അത് നാലിലൊന്നായി വറ്റിച്ച് ആർത്തവ ദിവസങ്ങളിൽ രണ്ടു നേരം വീതം മൂന്നുദിവസം കഴിച്ചാൽ അമിത ആർത്തവത്തിന് വളരെ ഫലപ്രദമാണ്
50 ഗ്രാം തെച്ചി പൂവും ,25 ഗ്രാം പച്ചമഞ്ഞളും ,25 ഗ്രാം നറുനീണ്ടി കിഴങ്ങും ,25 ഗ്രാം കാർക്കോകിൽ അരിയും എന്നിവ അരച്ച് 6 ലിറ്റർ വെള്ളത്തിൽ കലക്കി 1 ലിറ്റർ എള്ളണ്ണയും ചേർത്ത് കാച്ചി മണൽ പാകമാകുമ്പോൾ വാങ്ങി അരിച്ച് സൂക്ഷിക്കാം ഈ എണ്ണ തേച്ചാൽ ശരീരത്തിലെ ചൊറിച്ചിൽ ,ചൊറി ,ചിരങ്ങ് എന്നിവ പരിപൂർണ്ണമായും മാറും
ചെത്തിപ്പൂ ചതച്ചിട്ട വെള്ളം കുടിക്കുന്നത് വയറിളക്കത്തിന് വളരെ ഫലപ്രദമാണ് മാത്രമല്ല പ്രമേഹരോഗികളും. പൈൽസ് ഉള്ളവർക്കും ഇങ്ങനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്
ചെത്തിപൂവും, കീഴാർനെല്ലിയും ചതച്ച് കിഴികെട്ടി മുലപ്പാലിൽ മുക്കി കണ്ണിൽ ഇറ്റിക്കുന്നത് ചെങ്കണ്ണ് മാറാൻ വളരെ ഫലപ്രദമാണ്
ചെത്തിപൂമൊട്ടും ജീരകവും കൂടി ചതച്ച് വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് കണ്ണ് കഴിക്കുന്നത് കണ്ണു വീക്കത്തിനും കണ്ണിലുണ്ടാകുന്ന പഴുപ്പിനും വളരെ നല്ലതാണ്
ചെത്തി പൂവും, വെറ്റിലയും, തുളസിയും, ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചു കുളിച്ചാൽ താരൻ പരിപൂർണമായും മാറും
7 ചെത്തിപൂവും, കാഞ്ഞിരത്തിന്റെ തളിരിലയും, കറുകപുല്ലും. മുരിങ്ങയുടെ തളിരിലയും ഇവ ചതച്ച് തുണിയിൽ കിഴികെട്ടി മുലപ്പാലിൽ മുക്കി ഒരു മാസം തുടർച്ചയായി കണ്ണിൽ ഇറ്റിച്ചാൽ കണ്ണിലെ തിമിരം മാറും
ചെത്തിപൂവും കുരുമുളകും ചേർത്ത് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചാൽ കുട്ടികളുടെ തലയിലുണ്ടാകുന്ന കരപ്പൻ മാറും
ചെത്തിപ്പൂ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ ദിവസവും കുളിപ്പിക്കുന്നത് കുട്ടികളിലെ കരപ്പൻ മാറാൻ വളരെ ഫലപ്രദമാണ്
തെച്ചിയുടെ വേര് ,തുളസി വേര് ,തുമ്പ വേര് ,പച്ചമഞ്ഞൾ ,തെച്ചി പൂവ് ,പിച്ചി ഇല ,കടുക്കാത്തോട് ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്ത് അരച്ച് 6 ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ലിറ്റർ നെയ്യും ചേർത്ത് കാച്ചി അരക്ക് പരുവമാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ച് ദിവസം 5 മില്ലി വീതം അഞ്ചോ ആറോ ദിവസം കഴിച്ചാൽ വയറ്റിലേയും കുടലിലേയും പുണ്ണ് മാറും