നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന വളരെ മനോഹരമായ പൂക്കളോടു കൂടിയ ചെറിയ ഒരു ഔഷധ ചെടിയാണ് തുമ്പ. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി തുമ്പയ്ക്ക് നല്ല ബന്ധമുണ്ട്. അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുമ്പപ്പൂ തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവാണ് തുമ്പപ്പൂ. കേരളത്തിൽ ചിലയിടങ്ങളിൽ തുമ്പപ്പൂ കൊണ്ട് അട ഉണ്ടാക്കി ഓണത്തപ്പന് നിവേദിക്കുന്ന ചടങ്ങുണ്ട്. പൂവട എന്നാണ് ഇതിന് അറിയപ്പെടുന്നത്. കർക്കിടക വാവുബലി തുടങ്ങിയ മരണാനന്തരക്രിയകളിൽ ഹൈന്ദവർ തുമ്പപൂവ് ഉപയോഗിക്കുന്നു. കേരളത്തിലെ മുത്തപ്പൻ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട പ്രസാദമാണ് തുമ്പപൂവും തുമ്പയിലയും.
കൈകൊട്ടിന് സാധാരണ തൂമ്പ എന്നാണ് പറയുന്നത് തൂമ്പയുടെ ആകൃതിയിയാണ് തുമ്പപ്പൂവിന് അതുകൊണ്ടു തന്നെയാണ് ഈ സസ്യത്തിന് തുമ്പ എന്നു പേര് കിട്ടിയത് .തുമ്പയുടെ പൂവിന് നല്ല വെള്ള നിറമാണ് . വളരെ നീണ്ടതും അഗ്രം കൂർത്തതും നല്ല കടും പച്ച നിറത്തിലുള്ള ഇലകളാണ് തുമ്പയുടെത് .തുമ്പയുടെ ഇല ഞെരുടിയാൽ നല്ല വാസനയാണ് .ഈ സസ്യത്തിലുടനീളം ചെറിയ രോമങ്ങൾ കാണാം .ഓണക്കാലത്താണ് തുമ്പയിൽ ധാരാളം പൂക്കളുണ്ടാകുന്നത് .തുമ്പ(Leucas aspera) ,കരിന്തുമ്പ (Anisomeles malabarica),പെരുന്തുമ്പ(Leucas cephalotes) എന്നിങ്ങനെ മൂന്നു തരത്തിലുള്ള ചെടികൾ നമ്മുടെ നാട്ടിൽ കാണപ്പെടുന്നു .ഇതിൽ തുമ്പയെ പറ്റിയാണ് ഇവിടെ പറയുന്നത് .ഏതാണ്ട് 60 സെമി ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ തണ്ട് ,ഇല ,പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ചിലപ്പോൾ സമൂലമായും ഉപയോഗിക്കാറുണ്ട്
കുടുംബം : Lamiaceae
ശാസ്ത്രനാമം : Leucas aspera
മറ്റു ഭാഷകളിലുള്ള പേരുകൾ
ഇംഗ്ലീഷ് : Common leaucas
സംസ്‌കൃതം : ദ്രോണപുഷ്പീ,കാരഭപ്രിയ ,ചിത്രപത്രിക
ഹിന്ദി : ഛോട്ടാ ഹൽകുസ
തമിഴ് : തുമ്പയ്
തെലുങ്ക് : തുമ്മി ചേറ്റു
രസാദി ഗുണങ്ങൾ
രസം :കടു, ലവണം
ഗുണം :ഗുരു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധഗുണങ്ങൾ
മഞ്ഞപ്പിത്തം ,വിഷം ,കൃമി എന്നിവ ശമിപ്പിക്കും ,അണുനാശക ശക്തിയുണ്ട് ,രുചി ഉണ്ടാക്കും
ചില ഔഷധപ്രയോഗങ്ങൾ
തുമ്പയുടെ വേരും കുരുമുളകും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൃമിശല്യത്തിന് വളരെ നല്ലതാണ്
തുമ്പയില ഇടിച്ചുപിഴിഞ്ഞ നീരിൽ സമം തേനും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നതും കൃമിശല്യത്തിന് വളരെ നല്ലതാണ്
തുമ്പയുടെ നീര് കുട്ടികൾക്ക് കൊടുത്താൽ അവരുടെ പനി മാറിക്കിട്ടും
തുമ്പ സമൂലം അരച്ച് കിഴികെട്ടി പാലിട്ട് തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന വയറിളക്കത്തിന് വളരെ ഫലപ്രദമാണ്
തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചുപുരട്ടുന്നത് വിഷം ശമിപ്പിക്കാൻ ഏറെ നല്ലതാണ്
തുമ്പയുടെ പൂവ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ എക്കിൾ മാറും
തുമ്പയില നീര് രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ കണ്ണിലുണ്ടാകുന്ന ചതവ് സുഖപ്പെടാൻ വളരെ ഫലപ്രദമാണ്
തുമ്പയിലയും, വെളുത്തുള്ളിയും, കുരുമുളകും ചേർത്തരച്ച് കഷായംവെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കഫ ശല്യം മാറാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ്
തുമ്പയും, കീഴാർനെല്ലിയും, പപ്പായ ഇലയും, കശുമാവിലയും, കയ്യോന്നിയും ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി പാണ്ടുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് പാണ്ട് മാറുവാൻ വളരെ നല്ലതാണ്
തുമ്പ നീരിൽ എണ്ണ ചേർത്ത് കഴിച്ചാൽ വയറുവേദനയ്ക്ക് ശമനം കിട്ടും
തുമ്പയുടെ തളിര് ഇട്ട് മൂപ്പിച്ച വെളിച്ചെണ്ണ കുഴിനഖമുള്ള ഭാഗത്ത് പുരട്ടിയാൽ കുഴിനഖം മാറും
തുമ്പയുടെ നീര് സൂര്യോദയത്തിന് മുൻപ് മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലും രണ്ട് തുള്ളി വീതം ഒഴിക്കുന്നത് സൈനസൈറ്റിസിനുഉള്ള നല്ലൊരു മരുന്നാണ്
തുമ്പയില, അരി, ചുക്ക്, കരിപ്പെട്ടി എന്നിവ ചേർത്ത് കുറുക്കി കഴിക്കുന്നത് മുടികൊഴിച്ചിൽ മാറാൻ നല്ല ഒരു മരുന്നാണ്
തുമ്പ സമൂലം വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ആ വെള്ളം കൊണ്ട് മുറിവുകളും വ്രണങ്ങളും കഴുകുന്നതും മുറിവുകളും വ്രണങ്ങളും സുഖപ്പെടാൻ വളരെ നല്ലതാണ്. മാത്രമല്ല ഇങ്ങനെ വെള്ളം കുടിക്കുന്നത് വയറിലുണ്ടാകുന്ന അൾസറിനും വളരെ നല്ലതാണ്
തുമ്പപ്പൂ ഒരുപിടി പാലിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് ചുമ മാറാൻ വളരെ നല്ലതാണ്
തുമ്പ സമൂലം അരച്ച് പരത്തി ഉണക്കിയെടുക്കുക ഇതിൽ നിന്നും 3 ഗ്രാം വീതം കാച്ചിയ മോരിൽ ചേർത്ത് ഉച്ചയ്ക്കും രാത്രിയിലും കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്ക് ഗ്രഹണി രോഗം ഉണ്ടാകുകയില്ല ,കുട്ടികൾ നാട് ആരോഗ്യത്തോടെ വളരുകയും ചെയ്യും
തുമ്പ വീട്ടിൽ പുകച്ചാൽ കൊതുകിന്റെ ശല്യം ഉണ്ടാകുകയില്ല
തുമ്പപ്പൂവ് അരച്ച് ഇളനീരിൽ കഴിച്ചാൽ വയറിളക്കം മാറും