തൊട്ടാവാടി ഔഷധഗുണങ്ങൾ .
ശ്വാസതടസ്സം ,മൂലക്കുരു ,ത്വക്ക് രോഗങ്ങൾ , ആസ്മ, ചർമ്മ അലർജി ,പ്രമേഹം ,രക്തശ്രാവം മുതലായ രോഗങ്ങൾക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് തൊട്ടാവാടി . സംസ്‌കൃതത്തിൽ ലജ്ജാലു എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .തൊട്ടാവാടി ചെടിയിൽ നമ്മൾ കമ്പുകൊണ്ടോ കൈ കൊണ്ടോ തൊട്ടാൽ അതിന്റെ ഇലകൾ കൂമ്പുന്നു .അതിനാലാവാം സംസ്‌കൃതത്തിൽ ലജ്ജാലു എന്ന പേര് വരാൻ കാരണം .
Botanical name : Mimosa pudica
Family : Mimosaceae (Touch-me-not family)
എവിടെ വളരുന്നു .
കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും ചതുപ്പു പ്രദേശങ്ങളിലുമെല്ലാം തൊട്ടാവാടി ധാരാളമായി കാണപ്പെടുന്നു .
സസ്യവിവരണം .
തറയിലൂടെ പടർന്നു വളരുന്ന ഔഷധി .ഇവയുടെ കാണ്ഡം അനേകം ശാഖകളോടു കൂടിയതാണ് .ശാഖകൾ വളരെ നേർത്തതാണ് .ഇവയ്ക്ക് ഒരു മീറ്റർ വരെ നീളമുണ്ടാകാം .തണ്ടിൽ നിറയെ മുള്ളുകളുണ്ട് .തൊട്ടാവാടി ചെടിയുടെ തണ്ടിനും ഇലയ്ക്കും പച്ചകലർന്ന തവിട്ടുനിറമാണ് .
ഇല പിച്ഛക സംയുക്തം .പത്രവൃന്തത്തിന് 2 .5 -4 സെ.മി നീളമുണ്ട് .പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇവ 10 -30 ജോടിയുണ്ട് .വളരെ ചെറുതും അവൃന്തീയവുമായ ഇലകൾ തൊട്ടാൽ വാടി തളർന്നു കിടക്കും .കുറച്ചു സമയത്തിനകം പഴയ സ്ഥിതിയിലാകുകയും ചെയ്യും .
പൂങ്കുലവൃന്തം പത്രകക്ഷത്തിൽ ഉണ്ടാകുന്നു .പൂങ്കുലകൾ ഗോളാകൃതിയിലുള്ള മുണ്ഡമഞ്ജരി .തൊട്ടാവാടി പൂവ് ചെറുതും ആവൃന്തവും പാടലനിറത്തോടു കൂടിയതുമാണ് .ബാഹ്യദളപുടം അതിസൂക്ഷ്മമാണ് .ദളപുടത്തിന് 2 -2 .5 മി.മി നീളമുണ്ട് .കേസരങ്ങൾ 4 .അവയ്ക്ക് റോസ് നിറമാണ് .അണ്ഡാശയം ഏകകോഷ്ഠകവും അനവധി ബീജാണ്ഡങ്ങൾ ഉള്ളതുമാണ് .
തൊട്ടാവാടിയുടെ ഫലം 2 -6 വിത്തുകളുള്ള പരന്ന ലൊമെന്റം .ഫലത്തിന് 0 .5 -2 സെ.മി നീളവും 2 .3 മി.മി വീതിയും കാണും ഏകദേശം 3 മി.മി നീളമുള്ള കട്ടിയുള്ള രോമങ്ങൾകൊണ്ട് വിത്തുകൾ ഫലം പൊതിഞ്ഞിരിക്കും .
രാസഘടകങ്ങൾ .
തൊട്ടാവാടിയുടെ വേരിൽ ടാനിൻ അടങ്ങിയിരിക്കുന്നു .വിത്തിൽ ഗാലക്ടോസ് ,മന്നോസ് എന്നീ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു .
തൊട്ടാവാടി ഗുണങ്ങൾ .
ആയുർവേദ ചികിൽത്സയിൽ മുറിവുകൾ ചികിൽത്സിക്കാൻ തൊട്ടാവാടി മരുന്നായി ഉപയോഗിക്കാറുണ്ട് .ഇത് തണുപ്പുള്ളതും കയ്പ്പ് കഷായ രസത്തോടു കൂടിയതുമാണ് .കഫത്തെയും പിത്തത്തേയും ശമിപ്പിക്കുന്നു .രക്തശ്രാവം ,വയറിളക്കം ,ഗൈനക്കോളജിക്കൽ പ്രശ്‌നങ്ങൾ ,മൂലക്കുരു ,ആസ്മ,അലർജി, ശ്വാസതടസ്സം ,രക്തശുദ്ധി ,പ്രമേഹം ,ശരീരം പുകച്ചിൽ ,നീര് ,ത്വക്ക് രോഗങ്ങൾ എന്നിവയിലും തൊട്ടാവാടി ഉപയോഗപ്രദമാണ് .
തൊട്ടാവാടിയുടെ കയ്പ്പ് രുചി മുറിവിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കുകയും കഷായ രസം മുറിവുകൾ വേഗം ഉണങ്ങുവാൻ സഹായിക്കുകയും ചെയ്യുന്നു .തൊട്ടാവാടി അരച്ച് മുറിവുകളിൽ പുരട്ടുന്നത് രക്തശ്രാവം തടയാൻ ഏറെ സഹായിക്കുന്നു .ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ മുറിവുകൾ വേഗം സുഖപ്പെടുത്തുവാൻ സഹായിക്കുന്നു .
തൊട്ടാവാടി ചേരുവയുള്ള ഔഷധങ്ങൾ .
- Kutajavaleha
- Samangadi Churna
- Lakshadi Churnam (Kottakkal Arya Vaidya Sala)
- Ural BPH Capsule
- Pilocure Capsule
- Selip Syrup
- Palsinuron Capsule
- Arimedadi Tailam
Kutajavaleha - പൈൽസ് .കുടൽ പുണ്ണ് ,വയറിളക്കം ,രക്തശ്രാവം ,IBS (ഇറിറ്റബിൾ ബവൽ സിൻഡ്രോം),ഗ്യാസ്ട്രൈറ്റിസ്,തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Samangadi Churna -പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് .രക്തശ്രാവം ഉള്ളതും അല്ലാത്തുതുമായ പൈൽസിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .
Lakshadi Churnam-ആർത്തവ തകരാറുകൾ ,അമിത ആർത്തവം ,ആര്‍ത്തവദിനങ്ങളില്‍ രക്തം കട്ടയായി പോകുക ,ന്യൂമോണിയ ,മൂക്കിലൂടെയുള്ള രക്തശ്രാവം ,ഹീമോഫീലിയ, നെഞ്ചിലുണ്ടാകുന്ന ക്ഷതം തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Ural BPH Capsule - മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .
Pilocure Capsule-രക്തശ്രാവം ഉള്ളതും അല്ലാത്തുതുമായ പൈൽസിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്നു.കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .
Selip Syrup - പൈൽസ് ,ഫിസ്റ്റുല ,മലബന്ധം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .
Palsinuron Capsule-ന്യൂറോളജിക്കല്‍ തകരാറുകൾ ,പക്ഷാഘാതം ,മുഖത്തുണ്ടാകുന്ന വേദന ,മുഖം കോടിപോകുന്ന അവസ്ഥ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .
Arimedadi Tailam-ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ്.
രസാദിഗുണങ്ങൾ .
രസം : കഷായം, തിക്തം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
പ്രാദേശിക നാമങ്ങൾ .
English name - Sensitive plant
Malayalam name - Thottavadi
Hindi name – lajalu, chui mui
Tamil name - Tottalavadi
Bengali name – Lajjavati
Gujarati name - Reesamani