വഴിയോരങ്ങളിലും, പാഴ് സ്ഥലങ്ങളിലും കാട്ടുചെടി പോലെ കാണപ്പെടുന്നു ഒരു ഔഷധസസ്യമാണ് ആവണക്ക് .ഇംഗ്ലീഷിൽ ഇതിനെ castor bean , castor oil plant, Palma Christi, castor bean plant എന്ന പേരുകളിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Ricinus communis എന്നാണ് .
ആവണക്കിന്റെ വിവിധ ഭാഷയിലുള്ള പേരുകൾ ,
Common name: Castor bean, Castor oil plant, Wonder tree . Malayalam : Aavannakku, Chittavanakku . Tamil :Aamanakku . Hindi : Arandi . Telugu : Amudamu . Kannada : Oudla . Bengali: Rehri , Bhairenda . Gujarati : Diveligo, Diveli Erandi . Marathi : Erandale . Sanskrit : Eranda . Botanical name : Ricinus communis . Family: Euphorbiaceae (castor family)
ആവണക്ക് എവിടെ കാണപ്പെടുന്നു .
ഇന്ത്യയിലുടനീളം ആവണക്ക് കാണപ്പെടുന്നു .തമിഴ്‌നാട്ടിൽ ആവണക്ക് ധാരാളമായി കാണപ്പെടുന്നു . ആവണക്കിന്റെ ജന്മദേശം വടക്കുകിഴക്കൻ ആഫ്രിക്കയാണ് , ഇപ്പോൾ ലോകത്തിലെ എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആവണക്ക് കാണപ്പെടുന്നു .
ചെടിയുടെ പ്രത്യേകതകൾ .
വഴിയോരങ്ങളിലും, പാഴ് സ്ഥലങ്ങളിലും കാട്ടുചെടി പോലെ കാണപ്പെടുന്നു ഒരു ഔഷധസസ്യമാണ് ആവണക്ക്. ഈ സസ്യം രണ്ട് തരത്തിൽ കാണപ്പെടുന്നു.വെള്ള ആവണക്ക്(ചിറ്റാവണക്ക് ), ചുവന്ന ആവണക്ക് എന്നിങ്ങനെ .ചുവന്ന ആവണക്കിന്റെ തണ്ടിനും ഇലയ്ക്കും ചുവപ്പ് കലർന്ന നിറമാണ് .സാമാന്യം നല്ല ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ആവണക്ക്. ഏകദേശം 5 മീറ്റർ ഉയരത്തിൽ ഒരു ചെറു വൃക്ഷമായും വളരാറുണ്ട് .
വെള്ള ആവണക്ക്, കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. പ്രധാനമായും എണ്ണക്കുരുവിന് വേണ്ടി കൃഷി ചെയ്യുന്ന ഒരു ഔഷധസസ്യമാണ് ആവണക്ക്. ആവണക്കിന്റെ കുരുവിൽനിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയെ ആവണക്കെണ്ണ എന്ന് അറിയപ്പെടുന്നത്. പൊതുവേ ഔഷധ ആവശ്യങ്ങൾക്കാണ് ഈ എണ്ണ എടുക്കുന്നത്.മുള്ളുകളുള്ള പുറംതോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായി ഉപയോഗിക്കുന്നത് .
ആവണക്ക് വിഷസസ്യമാണോ .
ആവണക്ക് ഔഷധഗുണമുള്ള സസ്യമാണെങ്കിലും ഇത് ഒരു വിഷച്ചെടികൂടിയാണ്.ഇതിന്റെ കുരുവിലാണ് കൂടുതൽ വിഷാംശം അടങ്ങിയിട്ടുള്ളത് .ഇതിന്റെ ഇലയിലും ,തണ്ടിലും ,വിത്തിലും എണ്ണയിലുമെല്ലാം വിഷാംശം അടങ്ങിയിട്ടുണ്ട് ,അതുകൊണ്ടുതന്നെ ഇവ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .വെള്ള ആവണക്കാണ് പൊതുവെ ഔഷധമായി ഉപയോഗിക്കുന്നത് .
ആവണക്കിന്റെ കുരുവോ മറ്റും കൂടുതലായി ഉള്ളിൽ കഴിച്ചാൽ വായിലും തൊണ്ടയിലും ശക്തമായ നീറ്റലും വയറു വേദനയും ഛർദ്ദിയും ഉണ്ടാകും. കുറെ സമയത്തിന് ശേഷം അമിതമായ ദാഹം തലചുറ്റൽ എന്നിവയും നാഡിമിടുപ്പ് കൂടുകയും ചെയ്യും .വയറിളക്കവും മലത്തോടൊപ്പം രക്തം പോകുകയും ചെയ്യും .
20 ഗ്രാം ആവണക്കിൻ കുരു ഉള്ളിൽ കഴിച്ചാൽ മാരക വിഷമാണ് . രണ്ടു ദിവസം കൊണ്ട് മരണം സംഭവിക്കും . ആവണക്കെണ്ണ ഞരമ്പിൽ കുത്തിവച്ചാൽ പെട്ടന്ന് മരണം സംഭവിക്കും . ആവണക്കിന്റെ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.
രാസഘടകങ്ങൾ
വിത്തിൽ 40% മുതൽ 55% വരെ എണ്ണയും 20% പ്രോട്ടീനും 10% പഞ്ചസാരയും 1% കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. വിത്തിലെ പ്രധാനപ്പെട്ട ക്രിയാശീലഘടകം റിസിൻ ആണ്. ഇത് ഏറ്റവും വിഷശക്തിയുള്ളതും വെള്ളത്തിൽ ലയിക്കുന്നതുമായ ഒരു ഗ്ലൈക്കോ പ്രോട്ടീനാണ് .
ആവണക്കിന്റെ ഏതൊക്കെ ഭാഗങ്ങളാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .
ആവണക്കിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ,ഇല ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . ഇവയിലെല്ലാം വിഷാംശം അടങ്ങിയിട്ടുള്ളതിനാൽ ഇവ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .
ആവണക്ക് എങ്ങനെയാണ് ശുദ്ധിചെയ്യുന്നത് .
കുറച്ചുസമയം പാലിൽ ഇട്ടു വച്ചിരുന്നാൽ ആവണക്കിൻ കുരുവും മറ്റും ശുദ്ധിയാകും . കുരുവിനെ അപേക്ഷിച്ച് ആവണക്കെണ്ണ നിരുപദ്രവകാരിയാണ് .കാരണം ആവണക്കിൻക്കുരുആട്ടുമ്പോൾ വെള്ളത്തിലിട്ടു തിളപ്പിച്ചോ ആവിയോ ഏല്പിച്ചാണ് എണ്ണ എടുക്കുന്നത് . ഈ സംസ്കരണംകൊണ്ട് ഇവയിലുള്ള വിഷഗുണം നഷ്ട്ടപ്പെടുന്നതിനാലാണ് കുരുവിനെ അപേക്ഷിച്ച് ആവണക്കെണ്ണ നിരുപദ്രവകാരിയാകുന്നത് .ആവണക്കിൻക്കുരു വെറുതെ ആട്ടിയും എണ്ണ എടുക്കാറുണ്ട് . ഈ എണ്ണ സോപ്പ് ഉണ്ടാക്കാനും മറ്റ് വ്യവസായ ആവിശ്യങ്ങൾക്കും വേണ്ടിയാണ് . ഇതിന്റെ പിണ്ണാക്ക് വിഷമായതിനാൽ കൃഷികൾക്ക് വളമായി ഉപയോഗിക്കുന്നു .
ആവണക്ക് ഏതൊക്കെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .
പ്രമേഹ രോഗങ്ങൾ, തലവേദന, നേത്ര രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മുടികൊഴിച്ചിൽ, താരൻ, മഞ്ഞപ്പിത്തം ,എല്ലാത്തരം വാതരോഗങ്ങൾ ,ശരീരവേദന ,നീര് ,കൃമി ,ഗർഭാശയശുദ്ധി ഇവയ്ക്കൊക്കെ ആവണക്ക് ഔഷധമായി ഉപയോഗിക്കുന്നു .എരണ്ഡാദികഷായം , സുകുമാരഘൃതം ,ബാലാരിഷ്ടം ,അഷ്ടവർഗം കഷായം ,വിദാര്യാദിഘൃതം എന്നീ ഔഷധങ്ങളിൽ ആവണക്ക് ഒരു ചേരുവയാണ് .
ആവണക്കിന്റെ ഔഷധപ്രയോഗങ്ങൾ .
ആവണക്കെണ്ണ ഒരു വിരേചന ഔഷധമാണ് . വൃദ്ധന്മാർക്കും ,ബാലൻ മാർക്കും ഇത് ഉപയോഗിച്ച് വയറിളക്കുന്നത് അപകടമാണ് .
വാതരോഗങ്ങൾ :
ആവണക്കിലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുകയും ,ആവണക്കില തീയിൽ വാട്ടി കിഴി കുത്തുകയും ചെയ്താൽ വാതരോഗങ്ങൾ ശമിക്കും .ഇതിനായി ആവണക്കിന്റെ മൂത്ത ഇലകളാണ് ഉപയോഗിക്കേണ്ടത് .
ആർത്തവവേദന :
ആവണക്കിന്റെ ഇല വാട്ടി അടിവയറ്റിൽ വെച്ച് കെട്ടിയാൽ ആർത്തവ സംബന്ധമായ വേദന മാറും.
പല്ലുവേദന :
ആവണക്കിന്റെ വേരിലെ കറ എടുത്ത് വേദനയുള്ള പല്ലിന്റെ ഊനിന് പുരട്ടിയാൽ പല്ലുവേദന പെട്ടെന്ന് ശമിക്കും.
നടുവേദന,വയറുവേദന, സന്ധിവാതം , നീര് എന്നിവയ്ക്ക് :
അര ഔൺസ് ആവണക്കെണ്ണ ചൂടുപാലിൽ ചേർത്ത് രാത്രിയിൽ പതിവായി കഴിച്ചാൽ നടുവേദന,വയറുവേദന,സന്ധിവാതം ശരീരത്തിലുണ്ടാകുന്ന നീര് എന്നിവയ്ക്ക് ശമനം കിട്ടും.
ഛർദ്ദി മാറാൻ :
ഒരു ടീസ്പൂൺ ആവണക്കെണ്ണ ചെറുനാരങ്ങയുടെ നീരുമായി യോജിപ്പിച്ചു രാവിലെ കഴിച്ചാൽ ഛർദ്ദി മാറാൻ വളരെ നല്ലതാണ്.
കൃമിശല്ല്യത്തിന് :
ആവണക്കെണ്ണയും കയ്യോന്നിനീരും ചേർത്തു കഴിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .
വയറുവേദനയ്ക്ക് :
ആവണക്കില പിഴിഞ്ഞ് നീരിൽ എണ്ണ ചേർത്ത് കഴിച്ചാൽ വയറുവേദന മാറും.
സന്ധിവേദനയും നീരും :
ഉഴിഞ്ഞ ഇല ആവണക്കെണ്ണയിൽ വേവിച്ച് അരച്ചുപുരട്ടിയാൽ, വാതം, അതുമൂലം സന്ധികളിൽ ഉണ്ടാകുന്ന വേദനയും നീരും മാറും .
മഞ്ഞപ്പിത്തം :
ആവണക്കിന്റെ തളിരില അരച്ച് 10 ഗ്രാം കരിക്കിൻവെള്ളത്തിൽ കലക്കി ഏഴ് ദിവസം തുടർച്ചയായി കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.
ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാൻ :
ആവണക്കെണ്ണ ആഴ്ചയിലൊരു ദിവസം ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കുളിച്ചാൽ ചർമ്മകാന്തിയും, ചർമ്മത്തിന് നല്ല മൃദുത്വവും, തിളക്കവും ലഭിക്കും.
മുടി സമൃദ്ധമായി വളരാൻ :
ആവണക്കെണ്ണ പതിവായി തലയിൽ തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും.
പുരികത്തിന് കട്ടികൂട്ടാൻ :
പുരികത്തിന് കട്ടി കുറവുള്ളവർ ആവണക്കെണ്ണ പതിവായി പുരികത്തിൽ പുരട്ടിയാൽ പുരികത്തിന് കട്ടി കൂടാൻ സഹായിക്കും.
വേദനമാറാൻ :
ആവണക്കിന്റെ ഇല വാട്ടി വേദനയുമുള്ള ഭാഗത്ത് വെച്ച് കെട്ടിയാൽ വേദനയ്ക്ക് ളരെ പെട്ടെന്ന് ആശ്വാസം കിട്ടുന്നതാണ്.
വിഷജന്തുക്കൾ കടിച്ചാൽ :
വിഷജന്തുക്കൾ കടിച്ചഭാഗത്ത് ആവണക്കിന്റെ തളിരില അരച്ച് പുരട്ടിയാൽ വിഷം ശമിക്കും .വിഷം ഉള്ളിൽ കഴിച്ച ആളിന് ആവണക്കിന്റെ തളിരില വെള്ളത്തിൽ ഞെരുടി പിഴിഞ്ഞ് കൊടുത്താൽ വയറിളക്കവും ഛർദ്ദിയുമുണ്ടായി വിഷം പുറത്തുപോകും .
ചുമ മാറാൻ :
തൊണ്ടക്കുഴിയിൽ അല്പം ആവണക്കെണ്ണ പുരട്ടിയാൽ ചുമ ശമിക്കും .
മൂത്രതടസ്സം മാറാൻ :
കാൽതുടം ആവണെക്കെണ്ണ കരിക്കിൻ വെള്ളത്തിൽ കലർത്തി കഴിച്ചാൽ മൂത്രതടസ്സം മാറും .
ഉപ്പൂറ്റി വെടിക്കുന്നതിന് : രാത്രിയിൽ കിടക്കാൻ നേരം കാലുകൾ നന്നായി കഴുകി വൃത്തിയാക്കി പാദങ്ങളിൽ ആവണക്കെണ്ണ പുരട്ടിയാൽ മതിയാകും . കുറച്ചുദിവസം പതിവായി ഇങ്ങനെ ചെയ്യണം .
കാലിലെ ആണിരോഗം മാറാൻ :
ആവണക്കിന്റെ തളിരില പാലിൽ പുഴുങ്ങി അരച്ച് ആണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ കാലിലെ ആണി രോഗം മാറും .
തലവേദന മാറാൻ :
ആവണക്കിന്റെ തളിരില അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും .
ശരീരം ചൊറിഞ്ഞു തടിക്കുന്നതിന് :
ആവണക്കെണ്ണ പുറമെ പുരട്ടിയാൽ ശരീരം ചൊരിഞ്ഞു തടിക്കുന്ന അവസ്ഥ മാറിക്കിട്ടും .
മുഖത്തെ കറുപ്പുനിറം ഇല്ലാതാക്കാൻ :
രാത്രിയിൽ കിടക്കാൻ നേരം ആവണക്കെണ്ണ മുഖത്തുപുരട്ടി പതിവായി തടവിയാൽ മുഖത്തെ കറുപ്പുനിറം മാറിക്കിട്ടും .
അമിതവണ്ണം കുറയ്ക്കാൻ :
2 സ്പൂൺ ആവണക്കെണ്ണ രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും .
തലയിലെ താരാൻ ഇല്ലാതാക്കാൻ :
ആവണക്കെണ്ണ പതിവായി തലയിൽ തേച്ചാൽ തലയിലെ താരൻ മാറിക്കിട്ടും .
നടുവേദന മാറാൻ :
കരിനൊച്ചി ഇലയുടെ നീരിൽ ആവണക്കെണ്ണ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ നടുവേദന മാറിക്കിട്ടും .
വാതം കൊണ്ടുണ്ടാകുന്ന നീരിന് :
ആവണക്കെണ്ണ പാലിൽ ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ വാത നീര് മാറും .
ശരീരത്തിലുണ്ടാകുന്ന പരുക്കൾ മാറാൻ :
ആവണക്കിന്റെ കുരു അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരുക്കൾ വേഗം പഴുത്തു പൊട്ടി സുഖം പ്രാവിക്കും .
യോനി ചൊറിച്ചിലിന് :
ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ 100 മില്ലി പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിച്ചാൽ യോനി ചൊറിച്ചിൽ ,യോനി വരൾച്ച തുടങ്ങിയവ മാറിക്കിട്ടും .
രസാദിഗുണങ്ങൾ:
രസം : മധുരം, കടു, കഷായം . ഗുണം : ഗുരു, സ്നിഗ്ധം, തീക്ഷണം, സൂക്ഷ്മം . വീര്യം : ഉഷ്ണം . വിപാകം : മധുരം