വേദനാസംഹാരിയായ ഒരു ഔഷധസസ്യമാണ് കരിനൊച്ചി .ഇംഗ്ലീഷിൽ ഇതിനെ ചെസ്റ്റ് ട്രീ എന്നും സംസ്‌കൃതത്തിൽ നിർഗ്ഗുണ്ടി . ഇന്ദ്രാണിക ,ഭൂതകേശി ,നീലികാ ,നീലമഞ്ജരി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
- Botanical name : Vitex negundo
- Family : Verbenaceae (Verbena family)
- Common name : Chaste Tree, Five Leaf Chaste Tree
- Malayalam : Karinochi
- Tamil : Nocchi
- Telugu : Vavili
- Kannada : Nochi
- Hindi: Nirgundi
ആവാസമേഖല .
ഇന്ത്യയിൽ ബംഗാൾ ,കേരളം ,തമിഴ്നാട് എന്നിവിടങ്ങളിൽ കരിനൊച്ചി ധാരാളമായി കണ്ടുവരുന്നു.കേരളത്തിൽ ഒരു വേലിച്ചെടിയായി മിക്കവരും വച്ചുപിടിപ്പിക്കാറുണ്ട് .
ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,പാകിസ്ഥാൻ ,മലേഷ്യ ,അഫ്‍ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും കരിനൊച്ചി കാണപ്പെടുന്നു .
സസ്യവിവരണം .
3 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ ധാരാളം ശാഖോപശാഖകളോടുകൂടി വളരുന്ന ഒരു ചെറു മരമാണ് കരിനൊച്ചി .ഇതിന്റെ തൊലിക്ക് ഇരുണ്ട ചാരനിറമാണ് .
ഇവയുടെ ഇലകളുടെ മുകൾഭാഗം നല്ല പച്ചനിറത്തിലും അടിഭാഗം വയലറ്റ് കലർന്ന പച്ചനിറവുമാണ് .ഇലകളുടെ അടിവശത്ത് വെളുത്ത നേർത്ത രോമങ്ങൾ കാണാം .
ഇവയുടെ തളിരിലകൾ വയലറ്റ് നിറത്തിലും ഞെരുടിയാൽ പ്രത്യേക സുഗന്ധവുമുണ്ടായിരിക്കും .ഇവയുടെ പൂക്കൾക്ക് വയലറ്റു കലർന്ന നീല നിറമാണ് .
പൂക്കൾ ശാഖാഗ്രങ്ങളിൽ കുലകളായി ഉണ്ടാകുന്നു .വർഷം മുഴുവൻ ഇവയിൽ പൂക്കൾ കാണുമെങ്കിലും മാർച്ച് -മെയ് മാസങ്ങളിലാണ് പൂക്കൾ കൂടുതലായും കാണപ്പെടുന്നത്
ഇതിന്റെ ഫലം ഗോളാകൃതിയിലാണ് .പാകമാകുമ്പോൾ ഇവ കറുപ്പുനിറത്തിലാകുന്നു .ഒരു കായിൽ 3 മുതൽ 4 വിത്തുകൾ വരെ കാണും .
പുഷ്പങ്ങളുടെയും ,ഇലകളുടെയും നിറത്തെ ആധാരമാക്കി കരിനൊച്ചി ,വെള്ളനൊച്ചി ,ആറ്റുനൊച്ചി എന്നിങ്ങനെ മൂന്ന് തരത്തിൽ ഈ സസ്യം കാണപ്പെടുന്നു .ഇവിടെ വിവരിക്കുന്നത് കരിനൊച്ചിയാണ് .
- കരിനൊച്ചി : Vitex negundo
- വെള്ളനൊച്ചി : Vitex trifolia
- ആറ്റുനൊച്ചി : Vitex Bicolor
രാസഘടകങ്ങൾ .
കരിനൊച്ചിയുടെ ഇലയിൽ ബാഷ്പശീലതൈലം ,റെസിൻ ,സുഗന്ധതൈലം ,കാർബണിക അമ്ലങ്ങൾ ,ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു .വിത്തിൽ ട്രിട്രിയ കൊൺടേൻ ,എൻ -ഹെൻഡ്രിയ കൊൺടേൻ,എൻ -പെന്റാട്രിയ ,ബി സൈറ്റോസ്റ്റിറോൾ, ഹൈഡ്രോക്സി ബെൻസോയിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .
കരിനൊച്ചിയുടെ ഔഷധഗുണങ്ങൾ .
അപസ്‌മാരം ,മലമ്പനി ,പനി ,ജലദോഷം ,കുഷ്ഠം,വിരശല്ല്യം ,ആമവാതം ,സന്ധിവേദന ,നീർവീക്കം , ഉളുക്ക് .തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കരിനൊച്ചി ഔഷധമായി ഉപയോഗിക്കുന്നു .കരിനൊച്ചിയില ചേർത്ത് പായസം ,ഹൽവ ,പുട്ട് തുടങ്ങിയവ ഉണ്ടാക്കാറുണ്ട് .
അഷ്ടവർഗം കഷായം ,നിർഗുണ്ഡ്യാദി കഷായം ,സിന്ദുവാരൈരണ്ഡ തൈലം ,ബലാസഹചാരിദി കഷായം ,നിർഗുണ്ഡ്യാദി തൈലം , എന്നീ ഔഷധങ്ങളിൽ കരിനൊച്ചി ഒരു ചേരുവയാണ് .
അഷ്ടവർഗം കഷായം.
സന്ധിവേദന ,റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,ഓസ്റ്റിയോ ആർത്രൈറ്റിസ്,പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഷ്ടവർഗം കഷായം.കൂടാതെ വയറുവേദന ,മലബന്ധം ചില വൈറൽ പനി വന്നതിന് ശേഷമുള്ള സന്ധിവേദന ,ശരീരവേദന തുടങ്ങിയ നിരവധി രോഗങ്ങൾക്കും അഷ്ടവർഗം കഷായം ഉപയോഗിക്കുന്നു .
നിർഗുണ്ഡ്യാദി കഷായം.
പ്രായമായവരിലും ,കുട്ടികളിലുമുണ്ടാകുന്ന വിട്ടുമാറാത്ത കൃമിശല്യത്തിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി കഷായം.
സിന്ദുവാരൈരണ്ഡ തൈലം.
മലബന്ധം ,നടുവേദന ,തോളുവേദന ,വീക്കം,ചില വൈറൽ പനി വന്നതിന് ശേഷമുള്ള സന്ധിവേദന ,ശരീരവേദന,പേശിവേദന തുടങ്ങിയ നിരവധി രോഗങ്ങൾക്ക് സിന്ദുവാരൈരണ്ഡ തൈലം ഉപയോഗിക്കുന്നു .
ബലാസഹചാരിദി കഷായം.
വാതസംബന്ധമായ രോഗങ്ങൾ ,ശരീരവേദന ,നടുവേദന ,നീര് ,പക്ഷാഘാതം തുടങ്ങിയവയ്ക്ക് ബലാസഹചാരിദി കഷായം ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗങ്ങൾ -വേര് ,ഇല .തൊലി ,വിത്ത് .
രസാദിഗുണങ്ങൾ .
രസം : കടു, തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു
ചില ഔഷധപ്രയോഗങ്ങൾ .
അപസ്‌മാരം .
അപസ്‌മാര രോഗാവസ്ഥയിൽ കരിനൊച്ചിയുടെ ഇല പിഴിഞ്ഞ നീര് (10 മുതൽ 15 തുള്ളി വരെ )രണ്ടു മൂക്കിലും ഒഴിച്ചാൽ രോഗികൾക്ക് പെട്ടന്നുള്ള അബോധാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുന്നു .ഇങ്ങനെ പതിവായി ചെയ്‌താൽ കൂടെക്കൂടെയുണ്ടാകുന്ന അപസ്‌മാരം മാറിക്കിട്ടും .
പനി ,മലമ്പനി .
കരിനൊച്ചിയില ,തുളസിയില ,കുരുമുളക് എന്നിവ ഒരേ അളവിൽ കഷായമുണ്ടാക്കി കഴിച്ചാൽ പനി ,മലമ്പനി എന്നിവയ്ക്ക് ശമനമുണ്ടാകും .
തൊണ്ടവേദന ,വായ്പ്പുണ്ണ് .
കരിനൊച്ചിയിലയിട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് ,തൊണ്ടവേദന എന്നിവ ശമിക്കും .
ആമവാതം .
കരിനൊച്ചിയില,കൃഷ്ണതുളസിയില ,കയ്യോന്നിയില ഇവ ഒരേ അളവിൽ ഇടിച്ചുപിഴിഞ്ഞ നീരിൽ അയമോദകം പൊടിച്ചതും ചേർത്ത് പതിവായി കഴിച്ചാൽ ആമവാതം ശമിക്കും .
അപചിരോഗം .
കരിനൊച്ചിയിലയുടെ നീരിൽ വയമ്പ് ,കടുക്കാത്തോട് ,കോലരക്ക് ,കടുരോഹിണി എന്നിവ അരച്ച് ചേർത്ത് എള്ളെണ്ണയിൽ കാച്ചി തലയിൽ പതിവായി തേയ്ക്കുകയോ മൂക്കിൽ നസ്യം ചെയ്യുകയോ ചെയ്താൽ അപചിരോഗം ശമിക്കും .(കഴുത്തിന്റെ പുറകിലും പാർശ്വങ്ങളിലുമുള്ള ഗ്രന്ഥികൾ വീർക്കുകയും ക്രമേണ പഴുക്കുകയും ചെയ്യുന്നു.ഇതിനെ തുടർന്ന് പനി, ചുമ, ശോഷം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.ഈ അവസ്ഥയെ അപചി എന്നു പറയുന്നു.)
ലസികാഗ്രന്ഥികളിലെ നീര് (lymph nodes).
കരിനൊച്ചിയിലയുടെ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ തൊണ്ടയ്ക്കകത്തും കഴുത്തിനു ചുറ്റുമുണ്ടാകുന്ന ലസികാഗ്രന്ഥികളിലെ നീര് മാറും .
ഊരുസ്തംഭം,മുട്ടുകളിലുണ്ടാകുന്ന നീര് ,വേദന ,നടുവേദന .
കരിനൊച്ചിയില അരച്ച് പുറമെ പുരട്ടുകയും .കരിനൊച്ചിയുടെ ഇലയും വേരുമിട്ട തിളപ്പിച്ച വെള്ളത്തിൽ ആവണെക്കെണ്ണ ഒഴിച്ച് കുടിക്കുകയും ചെയ്‌താൽ ഊരുസ്തംഭം,മുട്ടുകളിലുണ്ടാകുന്ന നീര് ,വേദന ,നടുവേദന എന്നിവ മാറും .(കഫവും വാതവും കൂടി ഒന്നിച്ചു കോപിച്ചിട്ട് തുടയ്ക്ക് കനം, തണുപ്പ്, മരവിപ്പ്, വേദന, അനക്കാൻ പാടില്ലായ്മ എന്നിവ അനുഭവപ്പെടുന്ന അവസ്ഥയെ ഊരുസ്തംഭം എന്ന് പറയുന്നു ).
നടുവേദന ,നടുവിന് പിടുത്തം ,നടുവിന് കൊളിത്തിപ്പിടുത്തം .
കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീരിൽ ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ നടുവേദന ,നടുവിന് പിടുത്തം ,നടുവിന് കൊളിത്തിപ്പിടുത്തം എന്നിവയ്ക്ക് ഉടനടി ആശ്വാസം കിട്ടും .(ഒരു ഔൺസ് ഇലയുടെ നീരും സമം ആവണക്കെണ്ണയും ചേർത്താണ് കഴിക്കേണ്ടത് )
കരിനൊച്ചിയുടെ തളിരില നന്നായി അരച്ച് മൂന്നു നെല്ലിക്ക വലുപ്പത്തിൽ എടുത്തത് രാവിലെ കറന്നെടുക്കുന്ന രണ്ടു തുടം പശുവിൻ പാലിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാലും മതിയാകും .
വാതം ,രക്തവാതം .
കരിനൊച്ചി, കുറുന്തോട്ടി, വെളുത്തുള്ളി ഇവ സമമെടുത്ത് കഷായംവെച്ച് രണ്ടുനേരം അരത്തുടം വീതം പതിവായി കഴിച്ചാൽ വാതം ,രക്തവാതം എന്നിവ ശമിക്കും .
പഴകിയ വ്രണം .
കരിനൊച്ചിയില അരച്ച് വ്രണങ്ങളിൽ പുറമെ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .
ജലദോഷം ,പനി .
കരിനൊച്ചിയില,തുളസിയില ,കുരുമുളക് എന്നിവ 10 ഗ്രാം വീതം മൂന്നുകുപ്പി വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ കുപ്പിയാക്കി വറ്റിച്ച് ഇതിൽനിന്നും ഒരു ഔൺസ് വീതം ദിവസം മൂന്നുനേരം വീതം കഴിച്ചാൽ ജലദോഷം ,പനി എന്നിവ ശമിക്കും .കൂടാതെ പനി ജലദോഷം മുതലായവ വരാതിരിക്കാനും ഇങ്ങനെ കഴിക്കാം .
കരിനൊച്ചിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച് ദിവസം മൂന്നുനേരം കുടിക്കുന്നത് ജലദോഷം ,പനി എന്നിവ വിട്ടുമാറാൻ വളരെ ഫലപ്രദമാണ്.
ശ്വാസകോശരോഗങ്ങൾ .
കരിനൊച്ചിയിയുടെ തടിയല്ലാത്ത എല്ലാ ഭാഗവും കൂടി ഇടിച്ചുപിഴിഞ്ഞ നീര് നെയ്യിൽ കാച്ചി പതിവായി കഴിച്ചാൽ എല്ലാ ശ്വാസകോശരോഗങ്ങളുംശമിക്കുകയും ശ്വാസകോശം ശുദ്ധമാകുകയും ചെയ്യും .
ഉളുക്ക് , വാതം മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും .
കരിനൊച്ചിയില തീയിൽ വാട്ടി അരച്ച് പുറമെ പുരട്ടിയാൽ ഉളുക്ക് ,വാതം മൂലം സന്ധികളിലുണ്ടാകുന്ന നീര് ,വേദന മുതലായവ മാറിക്കിട്ടും .
ആസ്മ ,ചുമ .
കരിനൊച്ചിയില ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി രണ്ടുഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസാക്കി വറ്റിച്ച് കഴിച്ചാൽ ആസ്മ ,ചുമ ,പനി മുതലായവ ശമിക്കും (ദിവസം മൂന്ന് നേരം വീതം ഇപ്രകാരം പതിവായി കഴിക്കണം )
മൂക്കൊലിപ്പ് ,മൂക്കിൽ ദശ വളർച്ച .
കരിനൊച്ചിയില വിത്ത് ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി പതിവായി കഴിച്ചാൽ മൂക്കിലെ ദശവളർച്ച മാറും .
കരിനൊച്ചി തൈലം .
കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് വേപ്പെണ്ണയും ,നല്ലെണ്ണയും ഒരേ അളവിലെടുത്ത് അതിൽ കാച്ചി വയമ്പും കർപ്പൂരവും പൊടിച്ചു ചേർത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ തൈലം ശരീരവേദന, നീര് ,സന്ധിവേദന തുടങ്ങിയ വാതസംബന്ധമായി ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും വളരെ ഫലപ്രദമാണ് .
ദഹനക്കേട് .
ചിലർക്ക് മത്സ്യം കഴിച്ചാൽ ദഹനക്കേട് ഉണ്ടാകാറുണ്ട് .അങ്ങനെയുള്ള സാഹചര്യത്തിൽ കരിനൊച്ചിയിലയുടെ നീര് കഴിച്ചാൽ മതിയാകും .
മുഖത്തെ കറുത്ത പാടുകൾ മാറാൻ .
കരിനൊച്ചി ഇലയുടെ നീര് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .
തലവേദന മാറാൻ .
കരിനൊച്ചിയുടെ ഇല അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും.
ശരീരവേദന മാറാൻ .
കരിനൊച്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദനയ്‌ക്ക് ആശ്വാസം കിട്ടും .
മൂത്രത്തിൽ കല്ല് മാറാൻ .
കരിനൊച്ചി വേര്, തിപ്പലി ഇവ സമമെടുത്ത് അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
Tags:
വൃക്ഷം