കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് അണുതൈലം. തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, മുടികൊഴിച്ചിൽ, വട്ടത്തിൽ മുടി കൊഴിയുന്നതിനും അണുതൈലം ഫലപ്രദമായ ഒരു മരുന്നാണ്.
കൂടാതെ ഓർമശക്തിക്കും, കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും, തലയ്ക്ക് ഭാരം അനുഭവപ്പെടുന്നതിനും, തലയിൽ കെട്ടികിടക്കുന്ന കഫം ഇളക്കി കളയുന്നതിനും. അകാലനരയ്ക്കും, നല്ല ഉറക്കം കിട്ടുന്നതിനും വളരെ നല്ലൊരു മരുന്നാണ് അണുതൈലം. രോഗമില്ലാത്തവർക്കും അണുതൈലം ഉപയോഗിച്ച് പതിവായി നസ്യം ചെയ്യുന്നതുകൊണ്ട് കഴുത്തിനു മുകളിലോട്ടുള്ള എല്ലാ രോഗങ്ങളെയും ചെറുക്കുവെന്നും ആയുർവേദ ആചാര്യന്മാർ പറയുന്നു.
അടപതിയൻ കിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങകിഴങ്ങ്, നറുനീണ്ടി കിഴങ്ങ്, മരമഞ്ഞൾതൊലി, കുഴിമുത്തങ്ങ, ശതാവരി കിഴങ്ങ്, ചെറുവഴുതിന വേര്, കുറുന്തോട്ടിവേര്, തുടങ്ങിയ 27 കൂട്ടം മരുന്നുകൾ ചേർത്ത് കഷായം വച്ച് ഇതിൽ എള്ളെണ്ണയും ചേർത്ത് മൃദു ഭാഗത്തിൽ കാച്ചി അരിച്ച് എടുത്ത്. ആട്ടിൻ പാലും ചേർത്ത് കാച്ചി എടുക്കുന്നതാണ് അണുതൈലം.
അണുതൈലം ഉപയോഗിച്ച് നസ്യം ചെയ്യുന്നത് രാവിലെ സൂര്യനുദിച്ചതിന് ശേഷവും വൈകിട്ട് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുമാണ്. രാവിലെ പ്രഭാത കർമ്മങ്ങൾക്ക് മുമ്പ് നസ്യം ചെയ്യുക നസ്യം ചെയ്തതിനു ശേഷം മാത്രമേ കുളിക്കാൻ പാടുള്ളൂ.
നസ്യം ചെയ്യുന്നതിനുമുൻപ് ആവി പിടിച്ച് മുഖം നല്ലപോലെ വിയർപ്പിച്ച ശേഷം ചൂടുവെള്ളത്തിൽ അണുതൈലം ഇറക്കിവെച്ച് ചെറുതായി ചൂടാക്കി ഒരു മൂക്ക് അടച്ചുപിടിച്ച ശേഷം രണ്ടു തുള്ളി ഒരു മൂക്കിലേക്ക് ഒഴിക്കുക ഇത് നന്നായി വലിച്ചു കയറ്റുക. ശേഷം അടുത്ത മൂക്കിലും ഇതേ പോലെ ചെയ്യുക. ഒരു നിശ്ചിത സമയത്തിന് ശേഷം ഇത് വായിലേക്ക് ഇറങ്ങി വരുന്നതാണ് ആ സമയം ഇത് തുപ്പി കളയാം.
ഗർഭിണികളും, പ്രസവം കഴിഞ്ഞിരിക്കുന്നവരും നസ്യം ചെയ്യാൻ പാടുള്ളതല്ല അതുപോലെതന്നെ ഭക്ഷണത്തിനുശേഷവും മദ്യപിച്ചതിന് ശേഷവും, പനി ശ്വാസംമുട്ട് തുടങ്ങിയ പ്രശ്നം ഉള്ളവരും നസ്യം ചെയ്യാൻ പാടുള്ളതല്ല. ഏഴ് വയസ്സു മുതൽ 80 വയസ്സുവരെ പ്രായമുള്ളവരിൽ മാത്രമേ നസ്യം ചെയ്യാൻ പാടുള്ളൂ. എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കുക. ഒന്നോ രണ്ടോ ദിവസം നസ്യം ചെയ്തതുകൊണ്ട് ഇതിന്റെ ഗുണം കിട്ടുകയില്ല തുടർച്ചയായി ഇത് ചെയ്തെങ്കിൽ മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.
Tags:
ഔഷധങ്ങൾ