വയറിളക്കം ,വയറുവേദന ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇടംപിരി വലംപിരി (ഇടമ്പിരി വലമ്പിരി ) .കേരളത്തിൽ ഇതിനെ കയ്യോൻ , കൈവൻമരം , തിരുകുപാലാ ,കയ്യൂൺ ,കൈനാര് ,കൈവുള ,കവൂൾ ,കയ്യൂളനാര് ,കയ്പള ,ഈശ്വരമൂലി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടും .പത്തനംതിട്ട ജില്ലയിൽ കയ്യോൻ എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്‌ക്രൂ ട്രീ ,നട്ട് ലിവ്ഡ് സ്ക്രൂ ട്രീ എന്ന പേരുകളിലും .സംസ്‌കൃതത്തിൽ ആവർത്തിനീ എന്ന പേരിലും അറിയപ്പെടുന്നു .
Botanical name : Helicteres isora
Family : Sterculiaceae (Cacao family)
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളമുള്ള വനങ്ങളിൽ അടിക്കാടായി ഈ സസ്യം വളരുന്നു .കേരളത്തിലെ വനങ്ങളിൽ ധാരാളമായി ഈ സസ്യം കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,നേപ്പാൾ ,മലേഷ്യ ,തായ്‌ലന്റ് ,ചൈന ,പാകിസ്ഥാൻ ,കംബോഡിയ ,ആസ്‌ത്രേലിയ ,ജാവ ,ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഇടമ്പിരി വലമ്പിരി കാണപ്പെടുന്നു .
സസ്യവിവരണം .
ഇടംപിരി വലംപിരി ഒരു കുറ്റിച്ചെടിയായും 5 മീറ്റർ ഉയരത്തിൽ വരെ ഒരു ചെറുമരമായും വളരാറുണ്ട് .ഇതിന്റെ തൊലിക്ക് ചാര നിറമാണ് .ഇതിന്റെ ഇലയും ഇളം ശാഖകളും രോമിലമായിരിക്കും .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ ഹൃദയാകൃതിയിലോ അണ്ഡാകൃതിയിലോ കാണപ്പെടുന്നു .ജൂൺ മുതൽ ഒക്ടോബർ വരെ ഇതിന്റെ പൂക്കാലം നീണ്ടുനിൽക്കും .ഇതിന്റെ ചുവന്ന നിറത്തിലുള്ള പൂക്കൾ ഒറ്റയ്ക്കും കൂട്ടമായും കാണപ്പെടുന്നു .ഇതിന്റെ ഫലങ്ങൾ ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞാണ് കാണപ്പെടുന്നത് .ആദ്യത്തേതിനെ ഇടമ്പിരിയെന്നും രണ്ടാമത്തേതിനെ വലമ്പിരിയെന്നും വിളിക്കുന്നു . അതിനാലാണ് ഈ സസ്യത്തിന് ഇടമ്പിരി വലമ്പിരി എന്ന് പേര് വരാൻ കാരണം.ഇവയുടെ കായകളുടെ അറ്റത്ത് കൂർത്ത ചുണ്ടുകളുണ്ടാകും .ഇളം കായകൾ പച്ചനിറത്തിലും മൂത്ത കായകൾ തവിട്ടുനിറത്തിലും കാണപ്പെടുന്നു .
ഇടംപിരി വലംപിരിയുടെ തൊലിയിൽ ഒരിനം ബലമുള്ള നാരുണ്ട് .ഈ നാരുകൊണ്ട് പഴമക്കാർ കയറും മറ്റുമുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു .പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ ഉള്ളവർ കാട്ടിൽ വിറകിനും പശുവിന് തീറ്റിക്കുമൊക്കെ പോകുമ്പോൾ ഇതിന്റെ നാര് ഉപയോഗിച്ചാണ് വിറകും തീറ്റയുമൊക്കെ കെട്ടിക്കൊണ്ട് വന്നിരുന്നത് .ഇതിന്റെ കമ്പിലെ തൊലി പൊളിച്ചെടുത്ത് പുറത്തെ കരിന്തൊലി നീക്കം ചെയ്ത് വെയിൽ ഉണക്കി വർഷങ്ങളോളം സൂക്ഷിക്കാം .പണ്ടുകാലങ്ങളിൽ പന്തൽ കെട്ടുമ്പോൾ കയറിനു പകരമായി ഇതിന്റെ തൊലി ഉപയോഗിച്ചിരുന്നു .കൂടാതെ ഇടംപിരി വലംപിരി നല്ലൊരു കാലിത്തീറ്റകൂടിയാണ് .
രാസഘടന .
ഇടംപിരി വലംപിരിയുടെ ഫലത്തിൽ ടാനിനും .വിത്തിൽ ഡയോസ്‌ജെനിനും. മരപ്പട്ടയിലും വേരിലും സാപ്പോണിനും അടങ്ങിയിരിക്കുന്നു .
വിവിധ ഭാഷകളിലെ പേരുകൾ .
English name : East Indian screw tree, Nut Leaved screw tree
Malayalam name : Idampiri valampiri
Tamil name : Itampuri , Valampuri
Hindi name : Marorphali
Telugu name : Nulitada
Kannada name : Bhutakarulu
Bengali name : Antamora
Gujarati name : Aantedi, Mardashingi
Marathi name : Dhamani, Kevan, Muradsheng
Punjabi name : Maror phali
Rajasthani name : Marorphali
രസാദി ഗുണങ്ങൾ .
രസം -കഷായം ,അമ്ലം ,മധുരം .
ഗുണം -ലഘു ,രൂക്ഷം
വീര്യം -ശീതം
വിപാകം -കടു
ഇടംപിരി വലംപിരിയുടെ ഔഷധഗുണങ്ങൾ .
വേര് ,കായ ,തൊലി എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ഇതിന്റെ ഫലത്തിന് കുടലിനോട് സാമ്യമുള്ളതിനാൽ ഉദരസംബദ്ധമായ രോഗങ്ങളുടെ ചികിൽത്സയിലാണ് ഇടംപിരി വലംപിരി പ്രധാനമായും ഉപയോഗിക്കുന്നത് .ദഹനക്കേട് ,വയറിളക്കം ,വയറുവേദന ,വായുകോപം ,ഉദരകൃമി മുതലായവയെ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങൾ ഇടംപിരി വലംപിരിയിൽ അടങ്ങിയിരിക്കുന്നു .കൂടാതെ ചൊറി ,ചിരങ്ങ് ,ചൊറിച്ചിൽ ,സ്കാബിസ് ,മുറിവുകൾ ,വ്രണങ്ങൾ ,രക്തശ്രാവം ,വേദന ,ശരീരക്ഷതം എന്നിവയ്ക്കും നല്ലതാണ് . ഇടംപിരി വലംപിരിയുടെ വേരിന്മേൽ തൊലി പ്രമേഹരോഗ ശമനത്തിന് ഔഷധമായി ഉപയോഗിക്കുന്നു .ശരീരശക്തിയും ,ലൈംഗീകശക്തിയും ,മുലപ്പാൽ വർധിപ്പിക്കാനുമുള്ള കഴിവ് ഇടംപിരി വലംപിരിക്കുണ്ട് .ച്യവനപ്രാശം പോലെയുള്ള മരുന്നുകളിൽ ചേർക്കുന്ന അഷ്ഠവർഗത്തിൽ പെടുന്ന ചില സസ്യങ്ങൾ ലഭിക്കാതെ വരുമ്പോൾ അതിനു പകരമായി ഇടംപിരി വലംപിരി ചേർക്കാറുണ്ട്.
മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ദഹനക്കേട് ഉണ്ടാകുമ്പോൾ അവർക്കു കൊടുക്കുന്ന ഉരമരുന്നിന്റെ കൂടെ ഇടംപിരി വലംപിരിയും ചേർക്കാറുണ്ട് .18 ഓളം മരുന്നുകൾ ചേർത്താണ് ഉരമരുന്ന് തയാറാക്കുന്നത് .കടുക്ക ,താന്നിക്ക ,നെല്ലിക്ക ,മായാക്ക്, രുദ്രാക്ഷം, വയമ്പ്, ഇരട്ടിമധുരം, ജാതിക്ക, മുത്തങ്ങ, തിപ്പലി.മാതളത്തൊലി,വെളുത്തുള്ളി ഇവയൊക്കെയാണ് മറ്റു പ്രധാനപ്പെട്ട ചേരുവകൾ .ഇടമ്പിരി വലമ്പിരിയുടെ ഒരു കായ നൂലിൽ കെട്ടി കുഞ്ഞുങ്ങളുടെ അരയിൽ ബന്ധിപ്പിച്ചാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകടി. വയറുകടി തുടങ്ങിയവയ്ക്ക് വളരെ നല്ലതാണണ് പറയപ്പെടുന്നു .
അടി ,ഇടി ,വീഴ്ച്ച മുതലായവ കൊണ്ടുണ്ടാകുന്ന ശരീരക്ഷതം മാറാൻ പണ്ടുള്ളവർ ഇടംപിരി വലംപിരിയുടെ വേര് ഇടിച്ചു പിഴിഞ്ഞ നീര് കുടിക്കുന്ന പതിവുണ്ടായിരുന്നു .ഇതിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാലും മതിയാകും .ഇത് ശരീരശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ് ..
ഇതിന് വേദന ശമിപ്പിക്കാനുള്ള കഴിവുണ്ട് .അതിനാൽ വേദനസംഹാരി തൈലങ്ങളിൽ ഇടംപിരി വലംപിരി ചേർക്കാറുണ്ട് .ഇതിന്റെ കായും ആനച്ചുവടിയുടെ വേരും മുട്ടയുടെ വെള്ളയും ചേർത്ത് അരച്ച് പഴമക്കാർ മുട്ടുവേദനയ്ക്കും ഉപ്പൂറ്റിവേദനയ്ക്കും ഔഷധമായി ഉപയോഗിച്ചിരുന്നു .ഇത് മുട്ടിലും ഉപ്പൂറ്റിയിലും വച്ചുകെട്ടുകയാണ് ചെയ്യുന്നത് .ഇതിന്റെ കായ് പച്ചയ്ക്ക് ഇടിച്ചു പിഴിഞ്ഞ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .ഇതിന്റെ കായ വെളിച്ചെണ്ണയിൽ കാച്ചി രണ്ടോ മൂന്നോ തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവി വേദന ,ചെവി പഴുപ്പ് എന്നിവ മാറും.
നാട്ടുവൈദ്യത്തിൽ വിഷ ചികിൽത്സയിലും ഇടമ്പിരി വലമ്പിരി ഉപയോഗിക്കുന്നു .പഴുതാര ,ചിലന്തി ,തേൾ മുതലായവയുടെ വിഷം ശമിപ്പിക്കാൻ ഇടമ്പിരി വലമ്പിരിയുടെ വേരും പച്ചമഞ്ഞളും ചേർത്തരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്‌താൽ മതിയാകും .
ചൊറി ,ചിരങ്ങ് ,ചൊറിച്ചിൽ ,സ്കാബിസ് മുതലായവയ്ക്ക് ഇതിന്റെ ഇല അരച്ച് പുരട്ടുന്നതും ഇല അരച്ച് വെളിച്ചണ്ണയിൽ കാച്ചി പുരട്ടുന്നതും പലപ്രദമാണ് .മുറിവുകൾക്കും വ്രണങ്ങൾക്കും ഇതിന്റെ കായ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം .ഇതിന്റെ കായും തൊലിയും ചേർത്തരച്ച് പുരട്ടുന്നത് നീരിനും വേദനയ്ക്കും നല്ലതാണ് .ഇടംപിരി വലംപിരിയുടെ കായ പച്ചയ്ക്ക് പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നത് വളം കടിക്കും ,വ്രണങ്ങൾക്കും, ചർമ്മരോഗങ്ങൾക്കും നല്ലതാണ് .
ഇടമ്പിരി വലമ്പിരിയുടെ കായ ഉണക്കിപ്പൊടിച്ച് 1 മുതൽ 2 ഗ്രാം വരെ തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം മാറും .തണ്ടിന്റെയോ വേരിന്റെയോ കഷായമുണ്ടാക്കി കഴിക്കുന്നതും വയറിളക്കത്തിന് നല്ലതാണ് .ഇടമ്പിരി വലമ്പിരിയുടെ വേര് കഷായമുണ്ടാക്കി ദിവസം 10 മുതൽ 20 മില്ലി വരെ കഴിച്ചാൽ വിരശല്ല്യം ഇല്ലാതാകും .ഈ കഷായം വയറുവേദനയ്ക്കും നല്ലതാണ്.
ഇടമ്പിരി വലമ്പിരിയുടെ കായ ഉണക്കിപ്പൊടിച്ച് 2 ഗ്രാം വരെ 100 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 25 മില്ലിയാക്കി വറ്റിച്ച് അരിച്ച് കുറച്ചു തേനും ചേർത്ത് കഴിക്കുന്നത് ദഹനക്കേട് ,വയറിളക്കം ,വയറുവേദന ,വായുകോപം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇടമ്പിരി വലമ്പിരിയുടെ വേരിന്മേൽ തൊലിയുടെ കഷായം പ്രമേഹത്തിന് ഉപയോഗിക്കുന്നു .ഇതിനായി 50 ഗ്രാം വേരിന്മേൽ തൊലി ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടുനേരമായി കഴിക്കണം .
പണ്ടുകാലങ്ങളിൽ പശുവിനുണ്ടാകുന്ന കുളമ്പു രോഗത്തിന് ഇടംപിരി വലംപിരിയുടെ ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചിരുന്നു എന്ന് പറയെപ്പെടുന്നു .ഇടംപിരി വലംപിരിയുടെ ഇല ഉണക്കി വീടുകളിൽ പുകച്ചാൽ പ്രേത പിശാശുക്കൾ ഒഴിഞ്ഞു പോകും എന്നൊരു വിശ്വാസമുണ്ട്.പണ്ടുകാലങ്ങളിൽ ആനയെ തടി വലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വക്ക ഇതിന്റെ നാരിൽ നിന്നുമാണന്ന് ഉണ്ടാക്കിയിരുന്നത് എന്ന് പറയപ്പെടുന്നു . കൂടാതെ വക്ക (Sterculia villosa) എന്ന പേരുള്ള ഒരു ചെറിയ മരത്തിൻറെ നാരിൽ നിന്നും ആനയെ തടി വലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വടം നിർമ്മിച്ചിരുന്നതായും പറയപ്പെടുന്നു .