ഒരു വിഷസസ്യമാണ് അതിവിടയം .എങ്കിലും ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ആയുർവേദത്തിൽ അതിസാരം ,വയറുകടി ,അർശസ്സ് തുടങ്ങിയ രോഗങ്ങൾക്ക് അതിവിടയം ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ അതിവിഷാ ,കാശ്മീരാ ,പ്രതിവിഷാ ,വിഷരൂപ ,അമൃത തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
അതിവിടയം കാണപ്പെടുന്ന സ്ഥലങ്ങൾ .
സമുദ്രനിരപ്പിൽനിന്നും 2000 -4500 വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് അതിവിടയം സ്വാഭാവികമായി വളരുന്നത് .കാശ്മീർ താഴ് വരകളിലും ഹിമാലയ പർവതനിരകളിലും അതിവിടയം ധാരാളമായി കാണപ്പെടുന്നു .കാശ്മീരിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നതിനാൽ സംസ്‌കൃതത്തിൽ കാശ്മീരാ എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു .കേരളത്തിൽ വയനാട്ടിലും മൂന്നാറിലും അതിവിടയം വളരുന്നു.
Botanical name : Aconitum heterophyllum
Family : Ranunculaceae (Buttercup family)
സസ്യവിവരണം .
ശരാശരി ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിചെടി .കാണ്ഡം മിനുസമുള്ളതും ബലം കുറഞ്ഞതുമാണ് .ഇലകൾക്ക് അണ്ഡാകൃതിയും 5 -10 സെ.മി നീളവുമുണ്ട് .ഇലകൾ ദന്തുര വക്കുകളോട് കൂടിയതാണ് .
പൂക്കൾക്ക് നീലനിറമോ പച്ചകലർന്ന നീലനിറമോ ആയിരിക്കും .റസിമോസ് പുഷ്പമഞ്ജരി .അനേകം പുഷ്പങ്ങളുണ്ട് .പുഷ്പത്തിന്റെ ഒരു ബാഹ്യദളം വളരെ വലുതും ഫണലാകൃതിയോട് കൂടിയതുമാണ് .കേസരങ്ങൾ അനേകമുണ്ട് .ജൂലായ് -ആഗസ്ത് മാസങ്ങളിൽ പുഷ്പ്പിക്കുകയും ഒക്ടോബർ -ഡിസംബർ മാസങ്ങളിൽ ഫലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു .
ഇവയുടെ ഫലം 5 അറകളോടു കൂടിയതാണ് .ഫലത്തിനുള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട് .മിക്കവാറും എല്ലാ ചെടികളിലും കിഴങ്ങുരൂപത്തിലുള്ള രണ്ട് വേരുകളുണ്ട് .ഇവയ്ക്ക് 1 -2 സെ.മി നീളമുണ്ട് .രണ്ടുവർഷത്തെ കിഴങ്ങുകൾ വെവ്വേറെ കാണപ്പെടുന്നു .പുതിയ കിഴങ്ങിന്റെ പുറംതൊലിക്ക് വെള്ളനിറമാണ് .ഇത് ഒടിച്ചാൽ പെട്ടന്ന് ഒടിയും .പഴയ കിഴങ്ങിന്റെ ഉപരിതലം ഒട്ടിയും ചാലു വീണുമിരിക്കും .
അതിവിടയം ഇനങ്ങൾ .
കിഴങ്ങിന്റെ നിറഭേതമനുസരിച്ച് അതിവിടയം കറുപ്പ് ,വെളുപ്പ് എന്നിങ്ങനെ രണ്ടിനങ്ങളുണ്ട് . ഇവ രണ്ടും ഇന്ത്യയിൽ കാണപ്പെടുന്നു .കറുപ്പിനെ കൃഷ്ണ എന്ന പേരിൽ സംസ്‌കൃതത്തിലും കറുത്ത അതിവിടയമെന്ന് മലയാളത്തിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം Aconitum palmatum എന്നാണ് .
കറുത്ത അതിവിടയത്തിന്റെ കിഴങ്ങ് വെള്ളയെ അപേക്ഷിച്ച് കുറേക്കൂടി നീളവും കനവും കൂടുതലും കറുപ്പുനിറവുമാണ് .ഇവയുടെ രണ്ടിന്റെയും ഗുണങ്ങളും രാസഘടനയും ഒരുപോലെയാണ് .
അതിവിടയം വിഷ ലക്ഷണങ്ങൾ .
അതിവിടയത്തിന്റെ കിഴങ്ങാണ് വിഷമയഭാഗം .കിഴങ്ങിനാണ് ഔഷധഗുണമുള്ളതും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നതും .ഇതിൽ വിഷാംശം അടങ്ങിയിട്ടുള്ളതിനാൽ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .
ശുദ്ധി ചെയ്യാത്ത കിഴങ്ങ് 6 ഗ്രാം വരെ ഉള്ളിൽ കഴിച്ചാൽ ശരീരം വാടി തളർന്നുപോകുക ,വിറയൽ തുടങ്ങിയ വിഷലക്ഷണങ്ങൾ പ്രകടമാകും . ഇതിന് പ്രതിവിധിയായി അമോണിയ , സ്പിരിറ്റ്,ടാനിക് അമ്ലം, അട്രോപ്പിൻ,തുടങ്ങിയവ മണപ്പിക്കണം .വിരേചനൗഷധങ്ങൾ കൊടുത്ത് വയറിളക്കണം . വേണ്ടിവന്നാൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം .
അതിവിടയം ശുദ്ധി ചെയ്യേണ്ട വിധം.
ചാണക വെള്ളത്തിൽ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്ത ശേഷം കഴുകി തണലിൽ ഉണക്കിയാൽ അതിവിടയം ശുദ്ധിയാകും.
ഡോളായന്ത്രവിധി.
ഏകദേശം 2 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു മൺപാത്രത്തിന്റെ വക്കിന് അൽപ്പം താഴെയായി നേർക്കുനേരെ രണ്ടു ഭാഗത്തും ഓരോ ദ്വാരമുണ്ടാക്കണം. അതിൽ ബലമുള്ള ഒരു കമ്പ് കടത്തിവയ്ക്കുക. അതിവിടയം നുറുക്കി തുണിയിൽ കിഴിയാക്കി കെട്ടി കമ്പിൽ കെട്ടിത്തൂക്കുക.
പാകത്തിന് ചാണകവെള്ളം കെട്ടിത്തൂക്കിയ വസ്തുവിൽ തട്ടാത്ത ഉയരത്തിൽ പാത്രത്തിലൊഴിക്കുക. ചേരുന്ന ഒരു അടപ്പുകൊണ്ട് അടച്ച് ആവി പുറത്തുപോകാത്ത രീതിയിൽ പാത്രത്തിന്റെ വക്ക് നനഞ്ഞ തുണിയിൽ കളിമണ്ണ് തേച്ച് ചുറ്റിക്കെട്ടുക. ശേഷം തീയിടുക. ചാണകവെള്ളത്തിൽ നിന്നും വരുന്ന ആവി ഏറ്റു അതിവിടയം പാകപ്പെടുന്നു .പിന്നീട് കഴുകി തണലിൽ ഉണക്കിയാൽ അതിവിടയം ശുദ്ധിയാകും .
രാസഘടകങ്ങൾ.
ഇതിന്റെ കിഴങ്ങിൽ അതിസിൻ എന്ന കയ്പുരസമുള്ള ആൽക്കലോയ്ഡാണ് പ്രധാന ഘടകം .കൂടാതെ ഹെസ്റ്റിഡിൻ, ഹെറ്ററോഫില്ലിസിൻ, അക്കോണിറ്റിൻ എന്നീ ആൽക്കലോയിഡുകളും അന്നജം, കൊഴുപ്പ്, ഗ്ലിസറൈഡുകൾ, പഞ്ചസാര, ടാനിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്.
അതിവിടയം ഔഷധഗുണങ്ങൾ .
കഫം ,പിത്തം ,ചുമ ,പനി ,ജലദോഷം,വിശപ്പില്ലായ്‌മ ,അതിസാരം ,വയറുകടി ,അർശ്ശസ് , എലിവിഷം എന്നിവ ശമിപ്പിക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും ,ശരീരബലം വർധിപ്പിക്കും , വിരനാശിനിയാണ് .കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അതിസിൻ എന്ന ആൽക്കലോയ്ഡ് വാജീകരണ ഔഷധമായും ടോണിക്കായും ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു .
അതിവിടയം ചേരുവയുള്ള ഔഷധങ്ങൾ .
ആയുർവേദത്തിൽ പരക്കെ അറിയപ്പെടുന്നതും നിരവധി രോഗങ്ങൾക് ഉപയോഗിക്കുന്നതുമായ ഒരു ഔഷധമാണ് ചന്ദ്രപ്രഭാ ഗുളിക .പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഔഷധം ഉപയോഗിക്കുന്നത് .എല്ലാ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാൻ പറ്റിയ ഒരു ഔഷധമാണ് ചന്ദ്രപ്രഭാ ഗുളിക.
ഇവ കൂടാതെ കിഡ്നി സ്റ്റോൺ,വെള്ളപോക്ക് ,അമിതമായ ആർത്തവവേദന ,ഗർഭാശയരോഗങ്ങൾ ,പോളിസിസ്റ്റിക് ഓവറി ഡിസീസ് (PCOD),അമിതവണ്ണം ,വയറുവേദന .മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,അറിയാതെ മൂത്രം പോകുക .മലബന്ധം ,ഹെർണിയ ,മൂലക്കുരു ,തലവേദന ,പുരുഷന്മാരിലെ ലൈംഗീകശേഷിക്കുറവ് ,തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നു .
2 .ഖദിരാദി ഗുളിക .
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാദി ഗുളിക .ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ആയുർവേദ ചികിൽത്സയിൽ ഖദിരാദി ഗുളിക ഉപയോഗിക്കുന്നു .കൂടാതെ ഹൈപ്പർ അസിഡിറ്റി ,പെപ്റ്റിക് അൾസർ തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
3 .അമൃതാരിഷ്‍ടം.
എല്ലാത്തരം പനികളിലും ആയുർവേദത്തിൽ പ്രായഭേദമന്യേ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം .വിട്ടുമാറാത്ത പനി ,ടൈഫോയ്ഡ് മറ്റ് പകർച്ചവ്യാധികൾ എന്നിവയുടെ ചികിൽത്സയിൽ അമൃതാരിഷ്ടം ഉപയോഗിക്കുന്നു .ഈ ഔഷധം കുട്ടികളിലും മുതിർന്നവരിലും ഒരേ പോലെ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും .
അതിവിടയം ചേരുവയുള്ള മറ്റ് ഔഷധങ്ങൾ .
- Atisarex syrup
- Ambimap tablets
- Amoebica capsule
- Atrisor capsules
- Balaguti
- Bala vati
- Blasogati tablets
- Berb- Enterone syrup
- Diadyn syrup
- Curill syrup
- Colicarmin drops
- Enterocin capsules
- Kutaja compound capsule
- Pranamritha
- Phyto- liv-syrup
- Pavanam capsules
- Livdap capsules
- Savouryn granules
- Shri jwala capsules
- Mebarid syrup
പ്രാദേശിക നാമങ്ങൾ.
English name - Indian Atees
Malayalam name - Atividayam
Tamil name - Atividayam
Kannada name - Ativisha
Telugu name - Ati Vasa
Hindi name - Atis, Atees
Gujarati name - Ativish ,Ativakhani Kali
Punjabi name – Atis
Bengali name - Ataich
Marathi name – Ativish
രസാദിഗുണങ്ങൾ
- രസം : തിക്തം,കടു
- ഗുണം : ലഘു, രൂക്ഷം
- വീര്യം : ഉഷ്ണം
- വിപാകം : കടു
അതിവിടയം ചില ഔഷധപ്രയോഗങ്ങൾ .
അതിസാരം മാറാന്‍.
അതിവിടയത്തിന്റെ കിഴങ്ങ് അരിഞ്ഞ് ഒരു രാത്രി ഗോമൂത്രത്തിൽ ഇട്ടശേഷം ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം വീതം ദിവസം മൂന്ന് നേരം കഴിച്ചാൽ അതിസാരം(വെള്ളം പോലെ ദിവസം പല പ്രാവശ്യം മലം ഒഴിഞ്ഞു പോകുന്ന അവസ്ഥ) ,ആമാതിസാരം(ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ.) എന്നിവ മാറും.
വിര ശല്യം പൂർണമായി മാറാൻ.
ശുദ്ധി ചെയ്ത അതിവിടയം പൊടിച്ചത് ഒരു ഗ്രാംവീതം വിഴാലരിയും കൂട്ടിച്ചേർത്ത് കഴിച്ചാൽ വിര ശല്യം മാറിക്കിട്ടും .
കുട്ടികൾക്കുണ്ടാകുന്ന അതിസാരം ,ദഹനക്കേട് , പനി .
ശുദ്ധി ചെയ്ത അതിവിടയം ,മുത്തങ്ങ ,തിപ്പലി എന്നിവ സമമെടുത്ത് പൊടിച്ച് 4 ഡെസി ഗ്രാം വീതം ദിവസം മൂന്ന് നേരം കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന അതിസാരം ,ദഹനക്കേട് ,പനി എന്നിവ മാറും.
എലിവിഷം ശമിക്കാൻ .
ശുദ്ധിചെയ്ത അതിവിടയം 4 ഡെസി ഗ്രാം വീതം തേൻ ചേർത്ത് കഴിച്ചാൽ എലിവിഷം ശമിക്കും .
ദുർമേദസ് കുറയ്ക്കാൻ.
ശുദ്ധി ചെയ്ത അതിവിടയം ഒരു ഗ്രാം വീതം ദിവസവും പച്ചവെള്ളത്തിൽ കലക്കി കുടിച്ചാൽ ദുർമേദസ് കുറയും .(വയറ്, നിതംബം, തുട എന്നീ ശരീരഭാഗങ്ങൾ തടിക്കുകയും ചെറിയ വ്യായാമം ചെയ്യുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുകയും ചെയ്യും .അധികമായ വിയർപ്പും ക്ഷീണവും ദുർമേദസ്സിന്റെ ലക്ഷണങ്ങളാണ്)
ആസ്മ, അലർജി എന്നിവ മാറാൻ .
വാളൻപുളിയില കഷായം വച്ച് 30 മില്ലിയെടുത്ത് അതിൽ നറുനെയ്യും ,തേനും , നല്ലെണ്ണയും, നെല്ലിക്കാപ്പൊടിയും ,മലർപ്പൊടിയും , ശുദ്ധിചെയ്ത അതിവിടയം പൊടിച്ചതും എന്നിവ ഓരോ ടീസ്പൂൺ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ എത്ര പഴകിയ ആസ്മയും ,അലർജിയും ശമിക്കും .
ശുദ്ധിചെയ്ത അതിവിടയം ഉണക്കി പൊടിച്ചത് പച്ചവെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ ദുർമേദസ്സ് മാറും .
കുഞ്ഞുങ്ങളിലെ ശ്വാസം മുട്ട് ,ചുമ എന്നിവയ്ക്ക് അതിവിടയം അര ഡെസി ഗ്രാം വീതം തേനിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ് .