പ്രസവരക്ഷ മരുന്ന് എളുപ്പം വീട്ടിൽ ഉണ്ടാകാം
തെങ്ങിൻപൂക്കുല ലേഹ്യം
പ്രസവശേഷം ഗർഭാശയ ശുദ്ധിക്കും നടുവേദന ഇല്ലാതാക്കുന്നതിനും അമ്മമാർക്ക് വേണ്ടത്ര മുലപ്പാൽ ഉണ്ടാകുന്നതിനും,ശരീരപുഷ്ടിക്കും തെങ്ങിൻപൂക്കുല ലേഹ്യം കഴിക്കുന്നത് വളരെ നല്ലതാണ് .തെങ്ങിൻപൂക്കുല ലേഹ്യം നമുക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
1 അധികം മൂക്കാത്ത തെങ്ങിൻ പൂക്കുല 2 എണ്ണം
2 കരിപ്പട്ടി 1 കിലോ
3 തേങ്ങാപാൽ 5 നാളികേരത്തിന്റെ ഒന്നാംപാലും ,രണ്ടാംപാലും
4 തിപ്പലി 2 എണ്ണം
5 ചുക്ക് 2 കഷണം
6 ഉലുവ 1 ടീസ്പൂൺ
7 ഏലയ്ക്ക 20 എണ്ണം
8 പട്ട 2 കഷണം
9 ജീരകം 1 ടീസ്പൂൺ
10 മഞ്ഞൾപൊടി 2 ടീസ്പൂൺ
11 നെയ്യ് 5 ടേബിൾ സ്പൂൺ
12 ഉപ്പ് ഒരു നുള്ള്
തയാറാക്കുന്ന വിധം
തെങ്ങിൻപൂക്കുല അല്പം വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കുക ,കരിപ്പട്ടി ചീകി കുറച്ച് വെള്ളവും ചേർത്ത് ലായനി ആക്കിയെടുക്കുക ശേഷം നന്നായി അരിച്ചെടുക്കുക .തിപ്പലി ,ചുക്ക് ,ഉലുവ ,ഏലയ്ക്ക ,പട്ട ,ജീരകം എന്നിവ ഒരു ചീനിച്ചട്ടിയിൽ ചെറിയ രീതിയിൽ വറുത്ത് നന്നായി പൊടിച്ച് എടുക്കുക .ഒരു ഓട്ടുരുളിയിൽ നെയ് ഒഴിച്ച് അതിലേക്ക് അരച്ചുവച്ചിരിക്കുന്ന തെങ്ങിൻപൂക്കുലയും, മഞ്ഞൾപ്പൊടിയും,ലായനിയാക്കി വച്ചിരിക്കുന്ന കരിപ്പട്ടിയും ചേർക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം പൊടിച്ചുവച്ചിരിക്കുന്ന പൊടിമരുന്ന് ചേർത്തുകൊടുക്കുക ( 4 മുതൽ 9 വരെയുള്ളവ ) നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തേങ്ങാപ്പാല് ചേർക്കുക ( ഒന്നാംപാലും ,രണ്ടാംപാലും ) ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്തുകൊടുക്കുക ശേഷം ചെറിയ തീയിൽ തുടർച്ചായി ഇളക്കിക്കൊണ്ടിരിക്കുക തുടർച്ചയായി ഇളക്കിയില്ലങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യതയുണ്ട് ഏതാണ്ട് എണ്ണ തെളിഞ്ഞു വരുമ്പോൾ ലേഹ്യം പാകമായി എന്ന് മനസിലാക്കാം ശേഷം അടുപ്പിൽനിന്നും ഇറക്കി തണുത്തതിന് ശേഷം ഭരണിയിലാക്കി അടച്ച് സൂക്ഷിക്കാം 15 ഗ്രാം വീതം ദിവസം രണ്ടുനേരം കഴിക്കാം
പേറ്റു ലേഹ്യം
പ്രസവശേഷം ശരീരത്തിനുണ്ടാകുന്ന അയവുകൾ മാറ്റി ദാർഢ്യവും ,ആരോഗ്യവും ,സൗന്ദര്യവും ,വയർ ചുരുങ്ങാനും ,വിശപ്പ് വർധിപ്പിക്കാനും ,ശരീരവേദന അകറ്റാനും മുലപ്പാൽ വർധിപ്പിക്കാനും വളരെ നല്ലതാണ്
ആവശ്യമുള്ള സാധനങ്ങൾ
1 ശതകുപ്പ 200 ഗ്രാം
2 ഉലുവ 100 ഗ്രാം
3 ജീരകം 50 ഗ്രാം
4 കരിംജീരകം 50 ഗ്രാം
5 പെരുംജീരകം 50 ഗ്രാം
6 ചുക്ക് 50 ഗ്രാം
7 കുശാറാണി 50 ഗ്രാം
8 പുളിങ്കുരു 50 ഗ്രാം
9 ജാതിപത്രി 50 ഗ്രാം
10 ശർക്കര 2½ കിലോ
11 കൽക്കണ്ടം 1¼ കിലോ
12 എണ്ണ 100 ഗ്രാം
നെയ്യ് 50 ഗ്രാം
തയാറാക്കുന്ന വിധം
1 മുതൽ 8 വരെയുള്ള ചേരുവകൾ വറത്ത് പൊടിച്ച് എടുക്കുക
ശർക്കരയും കൽക്കണ്ടവും അടുപ്പത്തുവച്ച് ഉരുക്കിയെടുത്ത് അരിച്ച് ഒരു വലിയ ഓട്ടുരുളിയിൽ അരിച്ച് ഒഴിക്കുക ശേഷം എണ്ണയും നെയ്യും ചേർത്ത് ചെറു തീയിൽ ചൂടാക്കുക ശേഷം നേരത്തെ പൊടിച്ചുവച്ചിരിക്കുന്ന ( 1 മുതൽ 8 വരെയുള്ള ചേരുവകൾ) പകുതി ചേർത്ത് ഇളക്കി കുറുക്കിയെടുക്കുക ലേഹ്യം പാകമായാൽ ബാക്കിയുള്ള പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വായു കടക്കാത്ത ഭരണിയിൽ അടച്ച് സൂക്ഷിക്കാം ഒരു ടേബിൾ സ്പൂൺ വീതം രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവുമാണ് കഴിക്കേണ്ടത്
കുറുന്തോട്ടി പാൽക്കഷായം
പ്രസവ രക്ഷക്കായി സ്ത്രീകൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് കുറുന്തോട്ടി പാൽകഷായം പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന ശരീരവേദന ,നീർക്കെട്ട് ,സന്ധികളിലുണ്ടാകുന്ന വേദന ഇതിനെല്ലാം കുറുന്തോട്ടി പാൽക്കഷായം കഴിക്കുന്നത് വളരെ നല്ലതാണ്
നാല് ഗ്ലാസ് വെള്ളത്തിൽ ഒരു ഗ്ലാസ് പശുവിൻ പാല് ചേർത്ത് അതിൽ 15 ഗ്രാം കുറുന്തോട്ടി വേര് കഴുകി വൃത്തിയാക്കി ചതച്ച് ചേർക്കുക ശേഷം ചെറിയ തീയിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ചെടുക്കുക തണുത്തതിന് ശേഷം അരിച്ചെടുത്ത് 2 നേരമായി രാവിലെയും വൈകിട്ടും കഴിക്കാവുന്നതാണ്
പ്രസവരക്ഷയ്ക്കുള്ള ആട്ടിന്‍ സൂപ്പ്
പ്രസവശേഷം സ്ത്രീകളുടെ ആരോഗ്യം നിലനിർത്താനും മുലപ്പാൽ വർധനയ്ക്കും ആട്ടിന്‍ സൂപ്പ് കഴിക്കുന്നത് വളരെ ഗുണം ചെയ്യും
ആവശ്യമുള്ള സാധനങ്ങൾ
1 ഏലയ്ക്ക 5 എണ്ണം
2 ജാതിപത്രി ഒരു ഇതൾ
3 ഗ്രാമ്പു 5 എണ്ണം
4 തക്കോലം ഒരെണ്ണം ചെറുത്
5 മല്ലി 1 ടീസ്പൂൺ
6 പെരുംജീരകം 1 ടേബിൾ സ്പൂൺ
7 കറുകപ്പട്ട ഒരു കഷണം
8 ജീരകം അര ടീസ്പൂൺ
9 കരിംജീരകം അര ടീസ്പൂൺ
10 അയമോദകം അര ടീസ്പൂൺ
11 ജാതിക്ക ഒരു ചെറിയ കഷണം
ഇത്രയും സാധനം ചെറിയ രീതിയിൽ വറുത്ത് എടുക്കുക
12 എല്ലോട് കൂടിയ ആട്ടിറച്ചി അരകിലോ
13 ഇഞ്ചി ഒരു ചെറിയ കഷണം ചതച്ചത്
14 വെളുത്തുള്ളി 5 അല്ലി ചതച്ചത്
15 മഞ്ഞൾപ്പൊടി അര ടീസ്പൂൺ
16 കുരുമുളകുപൊടി 1 ടേബിൾ സ്പൂൺ
17 ഉപ്പ് ആവിശ്യത്തിന്
18 കറിവേപ്പില 2 തണ്ട്
തയാറാക്കുന്ന വിധം
ഒരു കുക്കറിൽ മേല്പറഞ്ഞ സാധനങ്ങളെല്ലാം ഇട്ട് 4 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി കുക്കർ അടച്ചു 15 വിസിൽ വരെ വേവിച്ചെടുക്കുക തണുത്തതിന് ശേഷം തുണിയിൽ പിഴിഞ്ഞ് അരച്ചെടുക്കുക ശേഷം ഒരു സ്പൂൺ നെയ്യിൽ 1 തണ്ട്ക റിവേപ്പിലയും ,മൂന്ന് വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷണം ഇഞ്ചിയും ,8 ചെറിയ ഉള്ളിയും അരിഞ്ഞതും ചേർത്ത് താളിച്ച് ഉപയോഗിക്കാം
ഉള്ളി ലേഹ്യം
ഉള്ളിലേഹ്യം വിളർച്ച,ഉന്മേഷക്കുറവ്,ശരീരപുഷ്ടിക്കും പ്രസവരക്ഷക്കും അത്യുത്തമം
ആവശ്യമുള്ള സാധനങ്ങൾ
ശർക്കര 1 കിലോ
ചുവന്നുള്ളി 1 കിലോ
ഉലുവ 350ഗ്രാം
വെളുത്തുള്ളി 150 ഗ്രാം
എണ്ണ 350 മില്ലി
തേങ്ങാപ്പാൽ ഒരു വലിയ തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും
തയാറാക്കുന്ന വിധം
ചുവന്നുള്ളിയും ,വെളുത്തതുള്ളിയും തൊലികളഞ്ഞു കഴുകി വൃത്തിയാക്കി ശർക്കരയും തേങ്ങയുടെ രണ്ടാംപാലും ചേർത്ത് വേവിക്കുക ശേഷം ഇതിൽ എണ്ണ ചേർത്ത് കുഴമ്പ് പരുവമാകുമ്പോൾ തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് ലേഹ്യ പരുവമാകുമ്പോൾ അടിപ്പിൽനിന്നും ഇറക്കാം തണുത്തതിന് ശേഷം ഭരണിയിൽ അടച്ച് സൂക്ഷിക്കുക പ്രസവ ശേഷം ഒരാഴ്ച്ച കഴിഞ്ഞു 3 ടീസ്പൂൺ വീതം ദിവസം രണ്ടുനേരം ഒരു മാസം തുടർച്ചയായി കഴിക്കണം
ആട്ടിൻ ബ്രാത്ത്
പ്രസവ ശേഷമുള്ള ക്ഷീണം അകറ്റാനും ശരീരത്തിന് ബലം കൂട്ടാനും പ്രധിരോധശേഷി വർധിപ്പിക്കാനും ,വിശപ്പ് കൂട്ടാനും ആട്ടിൻ ബ്രാത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും
തയാറാക്കുന്ന വിധം
- തിപ്പലി 30 ഗ്രാം
- ചുക്ക് 30 ഗ്രാം
- കുരുമുളക് 30 ഗ്രാം
- കട്ടുതിപ്പലി 30 ഗ്രാം
- പശുപാശി 30 ഗ്രാം
- അക്കികറുവാ 30 ഗ്രാം
- ജാതിക്ക 30 ഗ്രാം
- വാൽമുളക് 30 ഗ്രാം
- ഇലവങ്ങം 30 ഗ്രാം
- കച്ചോരി 30 ഗ്രാം
- ചിറ്റോലം 30 ഗ്രാം
- ജീരകം 30 ഗ്രാം
- ചിറ്റരത്ത 30 ഗ്രാം
- അയമോദകം 30 ഗ്രാം
- ഇരട്ടിമധുരം 30 ഗ്രാം
- ദേവതാരം 30 ഗ്രാം
- ഗ്രാമ്പു 30 ഗ്രാം
ഇത്രയും സാധനങ്ങൾ പൊടിച്ചെടുക്കുക
ഒരു ഇടത്തരം ആടിന്റെ എല്ലും തോലും മാറ്റി കൊത്തിയരിഞ്ഞു ചെറിയ കഷണങ്ങളാക്കി എടുക്കുക
തയാറാക്കുന്ന വിധം
ഒരു ഉരുളിയിൽ ആട്ടിൻമാംസവും പൊടിച്ചവച്ചിരിക്കുന്ന മരുന്നുകളും ( ഒന്നുമുതൽ 17 വരെയുള്ള സാധനങ്ങൾ )ഇട്ട് ഇവ മുങ്ങത്തക്ക വിധം വെള്ളവും ഒഴിച്ച് തിളപ്പിക്കുക ഇറച്ചി വെന്ത് വെള്ളം കുറുകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി അരിച്ചെടുത്ത ശേഷം ഓരോ കുപ്പിയിലാക്കി മാറ്റുക .കുപ്പിയിലേക്ക് മാറ്റുമ്പോൾ ഓരോ കുപ്പിയിലും 10 ഗ്രാം വീതം കൽക്കണ്ടവും ,തേനും ,കറുത്ത ഉണക്ക മുന്തിരിയും ,കറിവേപ്പിലയും ചുവന്നുള്ളിയും ചേർക്കണം ശേഷം കുപ്പികൾ അടച്ച് നെല്ലിലോ ,ഉമിയിലോ 21 ദിവസം പൂഴ്ത്തി വെയ്ക്കുക 21 ദിവസത്തിന് ശേഷം ഓരോ കുപ്പിയെടുത്ത് ഉപയോഗിക്കാം 50 മില്ലി വീതം രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കാം
മുരിങ്ങയിലസൂപ്പ്
പ്രസവശേഷം മുലപ്പാൽ വർധിപ്പിക്കാൻ മുരിങ്ങയിലസൂപ്പ് കഴിക്കുന്നത് വളരെ ഗുണം ചെയ്യും
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തിൽ 20 ബദാം ചേർത്ത് അരച്ചെടുത്തതിൽ കാൽകപ്പ് ഓട്‌സ് പൊടിയും അരക്കപ്പ് ചുവന്നുള്ളി അരിഞ്ഞതും ചേർത്ത് തിളപ്പിക്കുക .കുറുകിവരുമ്പോൾ ഒരു കപ്പ് മുരിങ്ങയിലയും ,ഒരു സ്പൂൺ കുരുമുളകുപൊടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക ശേഷം ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് ഇളക്കി അടുപ്പിൽനിന്നും ഇറക്കി ചെറിയ ചൂടോടെ കഴിക്കാം
Tags:
ഔഷധങ്ങൾ