ഒരു വിഷച്ചെടിയാണ് അരളി .ഇതിന്റെ ഏതു ഭാഗം ഉള്ളിൽ ചെന്നാലും മരണം വരെ സംഭവിക്കാം .ഒരു വിഷച്ചെടിയാണങ്കിലും ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .കുതിരകളെ കൊല്ലുന്നത് എന്ന അർത്ഥത്തിൽ അശ്വമാരം എന്ന് ഇതിന് സംസ്‌കൃതത്തിൽ പേരുണ്ട് .
പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പടുത്തി അരളി ചെടി വെള്ള ,ചുവപ്പ് ,മഞ്ഞ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട് .എന്നാൽ ചില ആയുർവേദ ഗ്രന്ഥങ്ങളിൽ കറുത്ത പൂവുള്ള ഒരിനം അരളിയെ കുറിച്ച് പരാമർശിക്കുന്നുണ്ട് .ഇതിൽ വെള്ളയും ചുവപ്പും അരളികൾ സമാന സ്വഭാവമുള്ളവയാണ് .മഞ്ഞ പൂവുണ്ടാകുന്ന അരളിക്ക് പച്ചനിറം കൂടുതലാണ് .
ചുവപ്പും വെളുപ്പും പൂക്കളുണ്ടാകുന്ന അരളിയയെ ചുവന്ന അരളി അഥവാ മണമുള്ള അരളിയെന്നും. മഞ്ഞ പൂവുണ്ടാകുന്ന അരളിയെ പച്ച അരളി എന്നും അറിയപ്പെടുന്നു .എല്ലാ അരളി ചെടിയുടെയും ഏതു ഭാഗം ഒടിച്ചാലും വെളുത്ത പാലുപോലെയുള്ള കറ ഊറിവരും .
അരളിച്ചെടി വീടുകളിൽ അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിയുടെ പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു.അരളിച്ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശം ഉള്ളതും ,ദുർഗന്ധമുള്ളതുമാണ് .ഇലയിലും തണ്ടിലും വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്നു . ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത് കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.
അരളി കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം അരളി വളരുന്നു .എല്ലാ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കാനുള്ള കഴിവ് അരളിക്കുണ്ട് .
ചുവന്ന അരളി- (Sweet -Scented Oleander)
- Binomial name -Nerium odorum,Nerium indicum
- Family-Apocynaceae
- സംസ്‌കൃത നാമം -കരവീരഃ.അശ്വമാരഃ
സസ്യവിവരണം .
3 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടി .പർവസന്ധികളിൽ ഹ്രസ്വവൃന്തത്തോടുകൂടിയ 3 ഇലകൾ വീതം കാണും .ഇലകൾക്ക് കടും പച്ചനിറവും മുകൾഭാഗത്തിന് തിളക്കവുമുണ്ട് .ഇലകൾക്ക് 10 -15 സെ.മി നീളവും 2 .5 സെമി വീതിയുമുണ്ട് .ഇലയുടെ മധ്യസിരയ്ക്ക് കട്ടിയുണ്ടാകും .
അരളി പൂവ് ഇളം ചുവപ്പു നിറത്തിലും പൂക്കൾ തണ്ടിന്റെ അഗ്രഭാഗത്ത് കുലകളായും ഉണ്ടാകുന്നു .ഇവയിൽ അപൂർവമായി വെള്ളപ്പൂക്കളും കണ്ടെന്നു വരാം .ഓരോ പൂവിനും 3 .5 സെ.മി വ്യാസമുണ്ടാകും .ബാഹ്യദളപുടം പഞ്ചപാളിതമാണ് .ദളപുടം 5 ദളങ്ങളോടു കൂടിയതാണ് .കേസരങ്ങൾ 5 .അരളിയുടെ ഫലങ്ങൾ ഫോളിക്കിൾ 15 -20 സെ.മി നീളം കാണും .ഇതിൽ വെള്ള അരളിയും ചുവന്ന അരളിയും സമാന സ്വഭാവമുള്ളവയാണ്.
രാസഘടകങ്ങൾ .
അരളിയിയുടെ വേര് ,പട്ട ,വിത്ത് എന്നീ ഭാഗങ്ങളിൽ നിരിയോഡോറിൻ ,നിരിയോഡോറീൻ കാരബിൻ എന്നീ വിഷഘടകങ്ങൾ അടങ്ങിയിരിക്കുന്നു .അരളിയുടെ ഇലയിൽ ഒലിയാൻഡ്രിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട് .
വിഷമയഭാഗങ്ങൾ -വേര് ,പട്ട ,ഇല ,കായ് ,പൂവ്
അരളിയുടെ വിഷലക്ഷണങ്ങൾ .
നിരിയോഡോറിൻ,കാരബിൻ എന്നിവ ഹൃദയത്തെ ബാധിക്കുന്ന ശക്തമായ വിഷങ്ങളാണ് .അരളി വിഷം ഉള്ളിൽ പോയാൽ നാഡിതളർച്ച ഉണ്ടാകും .ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലയ്ക്കുന്നത് മൂലം മരണവും സംഭവിക്കും .മരണത്തിന് മുമ്പ് ഛർദ്ദിയും വയറിളക്കവും വായിൽ നിന്നും പതകലർന്ന ഉമിനീർസ്രവവും ഉണ്ടാകും .അരളിയുടെ വേര് 17 ഗ്രാം ഉള്ളിൽ കഴിക്കുന്നത് മാരക വിഷമാണ് . 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും .ചിലർക്ക് അരളി പൂ മണത്താൽ ഓക്കാനവും ഛർദ്ദിയുമുണ്ടാകും .
അരളി വിഷം ചികിൽത്സയും പ്രത്യൗഷധവും .
അരളി ചെടി വിഷത്തിന് പ്രത്യൗഷധമായി ആയുർവേദത്തിൽ നിർദ്ദേശിച്ചിരിക്കുന്നത് കടുക്കയാണ് .കടുക്കത്തോട് അരച്ചുകലക്കിയ വെള്ളം കുടിച്ചാൽ അരളി വിഷം ശമിക്കും .ആധുനിക വൈദ്യശാസ്ത്രത്തിൽ മോർഫിൻ കുത്തിവയ്‌പ്പുകൾ എടുക്കുന്നു .
അരളി വിഷശമനത്തിനായി എരുമപ്പാലിന്റെ തൈരും പഞ്ചസാരയും ചേർത്ത് ഇടവിട്ട് കഴിക്കുക .എരുമപ്പാലിൽ വെള്ളെരിക്കിന്റെ വേരിന്മേൽ തൊലി അരച്ച് കലക്കി പഞ്ചസാര ചേർത്ത് ഇടവിട്ട് കഴിക്കുക .പഞ്ഞിപ്പരുത്തിയുടെ പൂവ് പച്ചവെള്ളത്തിൽ ഞെരുടിപ്പിഴിഞ്ഞ് പഞ്ചസാരയും ചേർത്ത് ഇടവിട്ട് കഴിക്കുക .പശുവിൻ പാലിൽ പഞ്ചസാര ചേർത്ത് ഇടവിട്ട് കഴിക്കുക .
മഞ്ഞ അരളി (Yellow Oleander)
Binomial name - Thevetia nerifolia,Nerium oleander
Family-Apocynaceae
സംസ്‌കൃത നാമം -ഹപുഷാ
സസ്യവിവരണം .
ഒരു നിത്യഹരിത കുറ്റിച്ചെടിയായ മഞ്ഞ അരളി ഒരു ചെറു മരമായും വളരാറുണ്ട് .എന്നാൽ കാണ്ഡത്തിന് വലിയ കട്ടിയുണ്ടായിരിക്കില്ല .അരളി ഇല സർപ്പിളായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 8 -13 സെ.മി നീളവും 1 സെ.മി വീതിയുമുണ്ട് .അഗ്രം കൂർത്തിരിക്കും .ഇലപ്പരപ്പിന് നല്ല തിളക്കമുണ്ട് .പൂക്കൾക്ക് മഞ്ഞ നിറം ,അവ വലുതും ഫണൽ ആകൃതിയുള്ളതുമാണ് .
പൂങ്കുലവൃന്തം വളരെ ചെറുതാണ് .പുഷ്പവൃന്തത്തിന് 2 .5 സെ.മി നീളമുണ്ട് . 5ബാഹ്യദളങ്ങൾ ചേർന്നുണ്ടായ ബാഹ്യദളപുടം ദീർഘസ്ഥായിയാണ് .ദളപുടം മഞ്ഞ കോളാമ്പി പോലെ കാണപ്പെടുന്നു .അഗ്രഭാഗം വേറിട്ടിരിക്കും .കേസരങ്ങൾ 5 .ദളപുടത്തിന്റെ ചുവട്ടിൽ ബന്ധിച്ചിരിക്കും .അണ്ഡാശയം 2 ബീജാണ്ഡപർണങ്ങളോടു കൂടിയതാണ് .വർത്തികാഗ്രം വിസ്താരമുള്ളതും കിരീടത്തിന്റെ ആകൃതിയിൽ മേലറ്റം പിളർന്നതുമാണ് .
മഞ്ഞ അരളിയുടെ ഫലത്തിന് 3 സെ,മി നീളവും 4 സെ,മി വീതിയുമുണ്ടാകും .ഫലത്തിന് പച്ചനിറം .ഫലത്തിന്റെ ചുറ്റിനും വിരിപ്പ് ഉയർന്നു കാണും .ഫലത്തിന്റെ ബാഹ്യകഞ്ചുകം മാംസളവും മധ്യകഞ്ചുകം കട്ടിയുള്ളതും അന്തഃകഞ്ചുകം വളരെ ലോലവുമാണ് .ഇതിന്റെ ഉള്ളിൽ ത്രികോണാകാരമായ അറകളായി തിരിച്ചിരിക്കുന്ന ഭാഗമുണ്ട് .ഇതിൽ മഞ്ഞ നിറത്തിലുള്ള പരിപ്പുണ്ട് .ഫലം പാകമാകുമ്പോൾ ബാഹ്യകുഞ്ചകത്തിന് കറുത്ത നിറമാകും .ഒരു ഫലത്തിൽ 2 വിത്തുകൾ കാണപ്പെടുന്നു .വർഷത്തിൽ മിക്കവാറും എല്ലാ കാലത്തും ഇതിൽ പുഷ്‌പങ്ങളും ഫലങ്ങളും കാണപ്പെടുന്നു .
രാസഘടകങ്ങൾ .
മഞ്ഞ അരളിയുടെ പരിപ്പിൽ തെവെറ്റിൻ ,തെവെറെസിൻ എന്നീ ഗ്ലുക്കോസൈഡുകളും ഫൈറ്റോസ്റ്റിറോലിൻ ,അഹൌയിൻ ,കോകിൽഫിൻ ,തെവെറ്റിൻ എന്നീ ക്രിസ്റ്റലീയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു .
മഞ്ഞ അരളിയുടെ വിഷലക്ഷണങ്ങൾ .
മഞ്ഞ അരളിയുടെ എല്ലാ ഭാഗത്തും പാൽ പോലെയുള്ള കറയുണ്ട് .ഇതിനും വിഷശക്തിയുണ്ട് .ഇതിന്റെ തൊലി കയ്പ്പു രസമുള്ളതും ശക്തിയായ വയറിളക്കവും ഛർദ്ദിയും ഉണ്ടാക്കുന്നതുമാണ് .മഞ്ഞ അരളിയുടെ കായിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിട്ടുള്ളത് .കായ ചവച്ചാൽ വായിൽ നീറ്റലും നാക്കും തൊണ്ടയും ഉണങ്ങുന്നതായും അനുഭവപ്പെടും .
മഞ്ഞ അരളിയുടെ കായ ഉള്ളിൽ കഴിച്ചാൽ ഛർദ്ദി ,വയറിളക്കം ,വയറുവേദന ,ശരീരം തളർച്ച മുതലായവ അനുഭവപ്പെടുകയും തുടർന്ന് ബോധക്കേട് ഉണ്ടാകുകയും ചെയ്യുന്നു .ക്രമേണ നാഡിമിടിപ്പ് ക്രമം തെറ്റുകയും രക്തസഞ്ചാരം കുറയുകയും അവസാനം ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു .
അരളിയുടെ തൊലി ഉണക്കിപ്പൊടിച്ചത് 12 ഗ്രാം ഉള്ളിൽ കഴിച്ചാൽ വിഷബാധയുണ്ടാകും .അരളിയുടെ 10 കുരു കഴിക്കുന്നത് മാരക വിഷമാണ് . 20 ഗ്രാം വരെ വേര് ഉള്ളിൽ കഴിച്ചാൽ മൂന്നോ നാലോ മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും .അരളിയുടെ പൂവ് ഉള്ളിൽ കഴിച്ചാലും മരണം സംഭവിക്കാം .
മഞ്ഞ അരളി വിഷം ചികിൽത്സയും പ്രത്യൗഷധവും.
മഞ്ഞ അരളിയുടെ വിഷം ഉള്ളിൽ ചെന്നാലുടൻ ആമാശയക്ഷാളനം ചെയ്യണം .ചുവന്ന അരളി വിഷബാധയിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെയും ചെയ്യണം .ആധുനിക ചികിൽത്സയിൽ സോഡിയം മോളാർലാക്ടേറ്റ് ,അട്രോപ്പിൻ ,അഡ്രിനാലിൻ എന്നിവ കുത്തിവയ്ക്കുന്നു .
അരളിയുടെ എല്ലാഭാഗത്തും വിഷമുണ്ട് . അരളി കൃഷി ചെയ്‌തു വളർത്തുന്ന ഇനത്തിനേക്കാൾ വിഷം വനത്തിൽ വളരുന്നവയ്ക്കാണ് .പന്നി ,കുറുക്കൻ മുതലായ കൃഷി നശിപ്പിക്കുന്ന ജീവികളെ കൊല്ലുന്നതിന് കൃഷിക്കാർ അരളി പ്രയോജനപ്പെടുത്തിയിരുന്നു . കൊലപാതകത്തിനും ആത്മഹത്യക്കും അരളിയുടെ വിത്ത് ഉപയോഗിക്കാറുണ്ട് .ഗർഭഛിദ്രത്തിന് അരളി ബാഹ്യമായും ആന്തരികമായും ഉപയോഗിക്കാറുണ്ട് .അളവ് കൂടി മരണവും സംഭവിക്കാറുണ്ട് .
വളർത്തു മൃഗങ്ങൾക്കൊന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.ഈ ചെടിയുടെ ഇലകളും , കായകളും കഴിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രാദേശികനാമങ്ങൾ .
English Name- Indian Oleander
Malayalam name -Arali
Tamil Name- Arali
Hindi Name- Kaner, Kanail
Marathi Name- Kanher
Bengali Name- Karavi
Telugu Name- Erra Ganneru, Jannerat
Gujarati Name- Kaner, Karena
ഔഷധയോഗ്യഭാഗം -ഇല ,വേരിന്മേൽ തൊലി .
അരളിയുടെ ഔഷധഗുണങ്ങൾ .
വിഷമുള്ളതാണങ്കിലും ഔഷധമായി ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നും വിവരിക്കുന്നില്ല.സുശ്രുതത്തിൽ വ്രണങ്ങളിലും കുഷ്‌ഠങ്ങളിലും ബാഹ്യമായി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു .ആയുർവേദത്തിൽ ഈ സസ്യത്തെ സപ്തോപവിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
ചുവന്ന അരളിയുടെ എല്ലാ ഗുണങ്ങളും മഞ്ഞ അരളിക്കുമുണ്ട് . അരളി ചവർപ്പ് -എരിവ് രസങ്ങളോടു കൂടിയതും തീഷ്‌ണ -ലഘു ഗുണങ്ങളുള്ളതും ആമാശയപാകത്തിൽ എരിവുരസമാകുന്നതുമാണ് .കഫവാത ദോഷങ്ങളും കുഷ്‌ഠവും ,വ്രണവും ശമിപ്പിക്കുന്നു .അരളിയുടെ വേരിൽനിന്നും ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥങ്ങൾക്ക് ഹൃദയപേശികളിൽ നേരിട്ട് പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കാനുള്ള കഴിവുണ്ട് .തന്മൂലം രക്തപരിസഞ്ചരണശേഷി വർധിക്കുന്നു .
അരളിയുടെ വേരിന്മേൽ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കാനും ശ്വാസകോശത്തിൽ അടിഞ്ഞുകിടക്കുന്ന കഫം ഇളക്കി കളയാനും കഴിവുണ്ട് .അധിക മാത്രയിൽ കഴിച്ചാൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തകരാറിലാകും .
അരളിയുടെ ഇല അരച്ച് പുരട്ടുന്നത് നീര് കുറയ്ക്കാൻ സഹായിക്കുന്നു .വേരിന്മേൽ തൊലിയിൽ നിന്നുമെടുക്കുന്ന എണ്ണ ത്വക്ക് രോഗങ്ങളും കുഷ്‌ഠവും ശമിപ്പിക്കുന്നു .അരളി വേര് അരച്ച് ലേപനം ചെയ്‌താൽ വ്രണങ്ങൾ എളുപ്പത്തിൽ ഉണങ്ങാൻ സഹായിക്കുന്നു .
അരളിയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ കുറഞ്ഞ അളവിൽ കൊടുത്ത് ഛർദ്ദിപ്പിക്കാനും വയറിളക്കാനും ഉപയോഗിക്കാറുണ്ട് .അരളിയുടെ തണ്ടും വേരും ഉപയോഗിച്ച് കാച്ചുന്ന എണ്ണ പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കുന്നു .
ചുവന്ന അരളിയുടെ ഇലകൾ ഒരു ചെറിയ മൺചട്ടിയിൽ ഇട്ട് മറ്റൊരു മൺചട്ടികൊണ്ടു അടച്ച് ചട്ടികൾ തമ്മിലുള്ള വിടവ് മണ്ണ് കുഴച്ച് അടച്ചതിന് ശേഷം . ഒരു മണിക്കൂർ തീയിൽ ചൂടാക്കുക. അതിന് ശേഷം ചട്ടി പുറത്തെടുത്ത് അതിനകത്ത് കരിഞ്ഞിരിക്കുന്ന അരളിയില എടുത്ത് പൊടിച്ച് . അതെ അളവിൽ ചുക്ക് ,കുരുമുളക് ,തിപ്പലി എന്നിവ പൊടിച്ച് ചേർത്ത് 4 ഡെസി .ഗ്രാം വീതം തേനിൽ ചേർത്ത് ദിവസം മൂന്ന് നേരം വീതം 7 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും മാറും .
ചുവന്ന അരളിയുടെ വേരിന്മേൽ തൊലി ഉണക്കിപ്പൊടിച്ചത് അര ഡെ .ഗ്രാം വീതം ദിവസം മൂന്നുനേരം എന്ന കണക്കിൽ കഴിച്ചാൽ ബ്രോങ്കൈറ്റിസ് ശമിക്കും .അരളിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ അതിന്റെ പകുതിഭാഗം ഒലിവെണ്ണയും ചേർത്ത് കാച്ചി പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് ,വെള്ളപ്പാണ്ട് എന്നിവ മാറും .അരളിയുടെ ഇലയും മല്ലിയും ഒരേ അളവിൽ പുഴുങ്ങി അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന എത്ര വലിയ വീക്കവും ശമിക്കും .ഔഷധരൂപേണ അരളി ഉള്ളിലേക്ക് കഴിക്കാവുന്ന അളവ് 10 തുള്ളി ടിങ്ചർ ആണ് .
അരളി ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് ശുദ്ധി ചെയ്‌താണ് .പശുവിൻ പാലിൽ ഡോളായന്ത്രവിധിപ്രകാരം പാകം ചെയ്താൽ അരളി ശുദ്ധമാകും .
അരളി ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .
മാലത്യാദി തൈലം : പ്രധാനമായും മുടി വട്ടത്തിൽ കൊഴിയുന്ന രോഗത്തിനാണ്(അലോപേഷ്യ ഏരിയേറ്റ) മാലത്യാദി തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .ഇതുകൂടാതെ താരൻ തലയിലുണ്ടാകുന്ന ചൊറിച്ചിൽ ,കുരുക്കൾ, മുടികൊഴിച്ചിൽ എന്നീ അവസ്തയിലും മാലത്യാദി തൈലം ഉപയോഗിക്കുന്നു .
മാണിക്യ രാസ് : ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാണിക്യ രാസ്.ത്വക്ക് രോഗങ്ങൾ ,ചർമ്മത്തിലെ അലർജി ,ചൊറിച്ചിൽ ,സന്ധിവാതം ,മഞ്ഞപിത്തം ,പനി ,വിളർച്ച തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് .
ചിത്രകാദി തൈലം : ഫിസ്റ്റുലയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചിത്രകാദി തൈലം.ഇത് ബാഹ്യമായി ഉപയോഗിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
ബൃഹത് മരീചാദി തൈലം : സോറിയാസിസ്, എക്‌സിമ, വെള്ളപ്പാണ്ട് തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ബൃഹത് മരീചാദി തൈലം.