ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു വിഷസസ്യമാണ് എരിക്ക് . പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി ചുവന്ന എരിക്ക്,വെള്ള എരിക്ക് എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു .ചുവന്ന എരിക്കിനെ ചിറ്റെരിക്ക് എന്ന പേരിലും അറിയപ്പെടുന്നു .സംസ്കൃതത്തിൽ അർക്കഃ,മന്ദാരം ,അളർക്കം എന്നീ പേരുകളിൽ അറിയപ്പെടുന്നു .
- Botanical name : Calotropis gigantea (വെള്ള എരിക്ക്)
- Botanical name : Calotropis procera (ചുവന്ന എരിക്ക്)
- Family : Apocynaceae (Oleander family)
- Common name: Rubber Bush, Apple of sodom, French cotton, Sodom apple ,Crown Flower
- Malayalam : Vellaerikku,Chitterikku,Erukku ,Yerikku
ആവാസമേഖല .
ഉഷ്ണമേഖല പ്രദേശങ്ങളിലെ വിജനപ്രദേശങ്ങളിലും ,ശ്മശാനങ്ങളിലും സാധാരണയായി ഈ സസ്യം കാണപ്പെടുന്നു .കേരളത്തിൽ സാധാരണ ചുവന്ന എരിക്കാണ് കൂടുതലായും കാണപ്പെടുക .
സസ്യവിവരണം .
3 മീറ്റർ ഉയരത്തിൽ വരെ നേരെ വളരുന്നതും തണ്ടുകൾക്ക് നല്ല ബലമുള്ളതുമായ ഒരു കുറ്റിച്ചെടിയാണ് എരിക്ക്.പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി ചുവന്ന എരിക്ക്,വെള്ള എരിക്ക് എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു.ഇവയുടെ വിഷഗുണങ്ങളും രാസഘടകങ്ങളും ഒരുപോലെയാണ് .തിരുവോണം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷം കൂടിയാണ് എരുക്ക്.
എരിക്കിന്റെ ഇലയ്ക്ക് നല്ല കട്ടിയുള്ളതും പരുക്കനുമാണ് .ഇലകൾ ലഘുവും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകളുടെ അടിവശം വെള്ള പൂപ്പൽ പോലെ കാണപ്പെടും .ഇവയുടെ ഇലയോ തണ്ടോ ഒടിച്ചാൽ വെളുത്ത പാലുപോലെയുള്ള കറ ഊറിവരും .ഇലയ്ക്കും ,കറയ്ക്കും രൂക്ഷഗന്ധമുണ്ട് .
ഇലകളുടെ കക്ഷത്തുനിന്നും ഏകാന്തരക്രമത്തിൽ പൂക്കളുണ്ടാകുന്നു .പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത് .വെള്ള എരിക്കിന്റെ പൂക്കൾക്ക് മണമുണ്ടായിരിക്കില്ല .എന്നാൽ ചുവന്ന എരിക്കിന്റെ പൂക്കൾക്ക് മണമുണ്ടായിരിക്കും
വെള്ള എരിക്കിന്റെ പൂക്കൾക്ക് 3 -5 സെ.മി വലിപ്പമുണ്ടായിരിക്കും .എന്നാൽ ചുവന്ന എരിക്കിന്റെപൂക്കൾക്ക് 2 സെ.മി വലിപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . ഇവ വസന്ത കാലത്ത് പുഷ്പ്പിക്കുകയും വേനൽക്കാലത്ത് കായ ഉണ്ടാകുകയും ചെയ്യുന്നു .വെള്ള എരിക്കിൽ എല്ലാക്കാലവും പൂക്കളുണ്ടായിരിക്കും .
ഇവയുടെ കായകൾക്ക് 7 -10 സെ.മി നീളമുള്ളതും തടിച്ചതും മിനുസമുള്ളതുമായ ഫോളിക്കിളാണ് .ഒരു കായിൽ തന്നെ നിരവധി വിത്തുകൾ കാണും .വിത്തിനോട് ചേർന്ന് സിൽക്ക് പോലെയുള്ള രോമങ്ങളുടെ കൂട്ടമുണ്ട് .അതിനാൽ തന്നെ കാറ്റ് വഴിയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നത് .ഇതിന്റെ പഞ്ഞി തലയിണ നിറയ്ക്കാൻ ഉപയോഗിക്കാറുണ്ട് .
എരിക്കിന്റെ വിഷഗുണങ്ങൾ .
എരിക്ക് ഒരു വിഷച്ചെടിയാണ് .ഇതിന്റെ കറ, ഇല, വേര്, പുഷ്പം എന്നിവയിലെല്ലാം വിഷാംശം അടങ്ങിയിട്ടുണ്ട് .എരിക്കിൻ കറ ത്വക്കിൽ വീണാൽ ചുവപ്പുനിറവും, വീക്കവും ,പൊള്ളലും ഉണ്ടാകും.എരിക്കിന്റെ ഏതെങ്കിലും ഭാഗം ഉള്ളിൽ കഴിച്ചാൽ .അന്നനാളം ,ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ പൊള്ളലുണ്ടാകും . ചുട്ടുനീറ്റൽ , ഛർദി ,വയറിളക്കം എന്നിവ ഉണ്ടാകും .കൂടാതെ വായിൽനിന്നും ഉമിനീർസ്രാവും, മുഖത്തിന് ചൊറിച്ചിലും ,കണ്ണുകൾ വെളിയിലേക്ക് തള്ളിവരികയും ,വിറയൽ ഉണ്ടാകുകയും ചെയ്യും
പണ്ടു കാലത്തു മൃഗങ്ങളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിച്ചിരുന്നു . എരിക്കിന്റെ ഗന്ധം പാമ്പുകൾക്ക് സഹിക്കാൻ പറ്റില്ല .പാമ്പുകളെ കൊല്ലുന്നതിനും എരിക്ക് ഉപയോഗിക്കാറുണ്ട് .എരിക്കിന്റെ കറയോ വേരോ 12 ഗ്രാമിനു മുകളിൽ കഴിച്ചാൽ മരണമുണ്ടാകും.എരിക്കിന്റെ കറ ഗർഭാശയ മുഖത്ത് പുരണ്ടാൽ ഗർഭഛിദ്രം സംഭവിക്കും. എരിക്കിൻ കറയുടെ വിഷത്തിന് മറുമരുന്നായി പഞ്ചസാരലായനിയോ ,പുളിയില നീരോ കൊടുക്കണം .
രാസഘടകങ്ങൾ .
എരിക്കിന്റെ തൊലിയിലും വേരിന്മേൽ തൊലിയിലും അമേരിൻ ,ജൈജാന്റിയോൾ ,കാലോട്രോപ്പിയോൾ ,എന്നീ മൂന്ന് രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു .എരിക്കിന്റെ വേരിൽ തിക്തരസപ്രധാനമായ ചില രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .എരിക്കിന്റെ കറയിൽ പാൽ മുതലായവ പുളിപ്പിക്കാൻ പര്യാപ്തമായ പതാർഥങ്ങളും ,മഡർ ,അൽബാ ,മഡർ ഫ്ലാബിൽ ,റെസിൻ ,കറുത്ത അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .പ്രായമായ എരിക്കിന്റെ വേരിലാണ് ഏറ്റവും കൂടുതൽ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നത് .
എരിക്കിന്റെ ഔഷധഗുണങ്ങൾ.
എരിക്ക് ഒരു വിഷച്ചെടിയാണങ്കിലും ഈ സസ്യത്തിന്റെ ഇല ,കറ ,പൂവ് ,വേര് ,വേരിന്മേൽ തൊലി എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് .വേരിന്മേൽ തൊലിക്കാന് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങളുള്ളത് .ഇവ ശുദ്ധിചെയ്താണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .
പാമ്പിൻ വിഷത്തിന് മറുമരുന്നാണ് എരിക്ക് .ചർമ്മരോഗങ്ങൾ ,ചൊറി ,ചിരങ്ങ് ,സന്ധിവേദന ,സന്ധികളിലുണ്ടാകുന്ന നീര് മുതലായവ ശമിപ്പിക്കും .കൂടാതെ വാതം, കഫം, കൃമി, അർശസ്സ്, മഹോദരം, വീക്കം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങൾക്കും എരിക്ക് ഔഷധമായി ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
രസം -കടു ,തിക്തം
ഗുണം -ലഘു ,രൂക്ഷം ,തീക്ഷ്‌ണം ,സരം
വീര്യം -ഉഷ്ണം
വിപാകം -കടു
ചില ഔഷധപ്രയോഗങ്ങൾ .
പാമ്പിൻ വിഷം .
മൂർഖൻ കടിച്ചാൽ വൈദ്യൻമാർ അടുത്തില്ലങ്കിൽ എരിക്കിൻെറ രണ്ടോ മൂന്നോ ഇലകൾ അരച്ച് ഉള്ളിൽ കഴിക്കുകയും എരിക്കിൻെറ പച്ച വേര് ചതച്ച് പാമ്പ് കടിച്ച ഭാഗത്ത് ശക്തമായി തിരുമ്മുകയും ചെയ്യണം അതിന് ശേഷം വൈദ്യന്റെ അടുത്തെത്തിക്കണം .
എരിക്കിന്റെ കറ ,കള്ളിച്ചെടിയുടെ കറ ,പൊൻമെഴുക് ,തിപ്പലി പൊടിച്ചത് എന്നിവ പച്ച പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ പല്ലി, പഴുതാര ,ചിലന്തി ,തേൾ മുതലായ എല്ലാ വിധ ജംഗമ വിഷങ്ങളും മാറിക്കിട്ടും .
വാതരോഗം.
എരിക്കിന്റെ വേര് ,അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു എന്നിവ സമമായി എടുത്ത് അരച്ച് 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക ദിവസം മൂന്നു നേരം കഴിച്ചാൽ .സന്ധിവാതം ,ആമവാതം ,വാതരോഗം എന്നിവ മാറും.
വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീര് മാറാൻ എരിക്കിന്റെ ഇലകൊണ്ട് കിഴിയുണ്ടാക്കി കുത്തിയാൽ മതിൽ .അല്ലങ്കിൽ എരിക്കിന്റെ ഇല തീയിൽ വാട്ടി പുറമെ അമർത്തി പിടിച്ചാലും മതിയാകും .
അരിമ്പാറ ,ആണിരോഗം .
കാലിലെ ആണിരോഗത്തിനും ,അരിമ്പാറയ്ക്കും എരിക്കിൻ കറ പതിവായി അരിമ്പാറയുടെയോ ,ആണിയുടെയോ മുകളിൽ പതിവായി പുരട്ടിയാൽ മതി.
വായ്പുണ്ണ് .പുഴുപ്പല്ല് .
എരുക്കിന്റെ കറ തേനും ചേർത്ത് പുരട്ടിയാൽ വായ്പുണ്ണ് മാറും.എരിക്കിൻ കറ ഉള്ളിൽ പോയാൽ തൊണ്ട ചൊറിച്ചിൽ ,മോഹാലസ്യം ,വയറിളക്കം മുതലായവ ഉണ്ടാകും അതിനാൽ തന്നെ കറ ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം .അഥവാ ഉള്ളിൽ പോയാൽ നറുനെയ്യിൽ പഞ്ചസാര ചേർത്ത് കഴിക്കുക .പുഴുപ്പല്ല് മാറാൻ പല്ലിൽ എരിക്കിൻ കറ പുരട്ടിയാൽ മതിയാകും .
തലവേദന .ചെവി വേദന .
എരിക്കിന്റെ ഇല അരച്ച് നെറ്റിയിൽ പൂശ്ശിയാൽ തലവേദന മാറും.എരിക്കിലയിൽ നെയ്യ് പുരട്ടി തീയിൽ വാട്ടി പിഴിഞ്ഞ നീര് ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറും.
വളംകടി .
മഴക്കാലത്ത് വളംകടി മൂലം കാലുകളുടെ വിരലുകൾക്കിടയിൽ പൊട്ടി അളിയുന്നതിന് എരിക്കിന്റെ കറ പുരട്ടിയാൽ മതിയാകും.
ചൊറി ,ചിരങ്ങ് .
എരിക്കിന്റെ ഇല ചെറുതായി അറിഞ്ഞ് ഉണക്ക തേങ്ങയുടെ പീരയിൽ ചേർത്ത് ഒരു ദിവസത്തിന് ശേഷം പിഴിഞ്ഞ് കുറച്ചു ഗന്ധകവും ചേർത്ത് പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് എന്നിവ മാറും .കൂടാതെ ഇത് എല്ലാ ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .ഒരു മാസം തുടർച്ചായായി പുരട്ടിയാൽ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .
ഇടവിട്ടുണ്ടാകുന്ന പനി.
എരിക്കിന്റെ ഇലയുടെ നീരും സമം തേനും ചേർത്ത് കഴിച്ചാൽ ഇടവിട്ടുണ്ടാകുന്ന പനി മാറും .
ആസ്മ ,ചുമ .
എരിക്കിന്റെ പൂവ് ഉണക്കി അതിന്റെ പകുതി അളവിൽ തിപ്പലി ,കുരുമുളക് എന്നിവ ചേർത്ത് വറുത്തുപൊടിച്ച് നെയ്യും തേനും ചേർത്ത് അരച്ച് ചെറിയ ഗുളിക രൂപത്തിലാക്കുക . ഓരോ ഗുളിക വീതം ദിവസം രണ്ടുനേരം വീതം കുറച്ചുദിവസം തുടർച്ചയായി കഴിച്ചാൽ ചുമ ,ആസ്മ തുടങ്ങിയവ മാറിക്കിട്ടും .
എരിക്കിന്റെ ഉണങ്ങിയ പൂവും ,കുരുമുളകുപൊടിയും ,ഇന്തുപ്പും തുല്യ അളവിൽ എടുത്ത് അതിൽനിന്നും 4 ഡെസി ഗ്രാം പൊടിയെടുത്ത് വെറ്റില നീരും ചേർത്ത് ചവച്ചിറക്കിയാൽ ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ മാറും .
കഷണ്ടിയിൽ മുടി കിളിർക്കാൻ .
എരിക്കിൻ കറ ,കള്ളിപ്പാല കറ ,കയ്യോന്നി നീര് എന്നിവയും മേത്തോന്നി ,കാട്ടുവെള്ളരി ,ചുവന്ന കുന്നി ,കടുക് എന്നിവയും ചേർത്ത് അരച്ച് ആട്ടിൻ മൂത്രവും ,ഗോമൂത്രവും യോചിപ്പിച്ചു ചെറിയ ചൂടിൽ കാച്ചിയെടുക്കുന്ന എണ്ണ തലയിൽ പതിവായി പുരട്ടിയാൽ കഷണ്ടിയിൽ മുടി കിളിർക്കും.
പുഴുക്കടി ,വളംകടി ,കുഷ്‌ഠം .
എരിക്കിന്റെ കായും ,മഞ്ഞളിന്റെ ഇലയും ,കരിനൊച്ചിയുടെ ഇലയും ഇവ സമമായി എടുത്ത് അരച്ച് അതിന്റെ നാലിരട്ടി ആട്ടിൻ പാലും ആട്ടിൻപാലിന്റെ പകുതി നല്ലെണ്ണയും ചേർത്ത് കാച്ചിയ എണ്ണ അർക്കാദി തൈലം എന്ന പേരിൽ അറിയപ്പെടുന്നു .ഈ തൈലം
പുഴുക്കടി ,വളംകടി ,കുഷ്ഠം തുടങ്ങിയവയ്ക്ക് പുറമെ പുരട്ടിയാൽ മതിയാകും.
കരപ്പൻ മാറാൻ .
എരിക്കിന്റെ തൊലി ചതച്ച് ഉരുളയാക്കി അതിന്റെ മുകളിൽ കടുക് അരച്ച് പൊതിഞ്ഞ് ചളി കൊണ്ട് പൊതിഞ്ഞ് തീയിൽ ചുടണം .മണ്ണ് നല്ലതുപോലെ ചുവന്നാൽ തീയിൽനിന്നും എടുത്ത് തണുത്തതിന് ശേഷം പുറത്തെ മണ്ണ് നീക്കി അകത്തുള്ളത് കടുകെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ കരപ്പൻ പരിപൂർണ്ണമായും മാറും .
മന്തുരോഗം .
വെള്ള എരുക്കിന്റെ വേര് അരിക്കാടിയിൽ അരച്ച് പുറമെ പതിവായി പുരട്ടിയാൽ മന്തുരോഗം ശമിക്കും .
കാലിലോ കയ്യിലോ മുള്ള് കയറിയാൽ .
കാലിലോ കയ്യിലോ മുള്ള് കൊണ്ടാൽ ആ ഭാഗത്ത് എരിക്കിൻ കറ പുരട്ടിയാൽ മുള്ള് താനെ പുറത്തുവരും .
വൃക്ഷണ വീക്കം .
എരിക്കിന്റെ ഇലയിൽ നെയ്യോ ,വെളിച്ചെണ്ണയോ പുരട്ടി വൃക്ഷണങ്ങളിൽ വച്ചുകെട്ടിയാൽ വൃക്ഷണ വീക്കം മാറും .
തേൾ വിഷം ശമിക്കാൻ .
എരിക്കിൻ കറയും കുരുമുളകും ചേർത്തരച്ച് കുഴമ്പ് പരുവത്തിൽ തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ തേൾവിഷം ശമിക്കും .
ലിംഗവ്രണം മാറാൻ .
എരിക്കില കഷായം വച്ച് തണുത്തതിന് ശേഷം അതുകൊണ്ട് ധാര കോരിയാൽ ലിംഗവ്രണം ശമിക്കും .
വെള്ള എരുക്കിന്റെ ഗുണം (സഹസ്രയോഗം )
വെള്ളെരുക്കിനുടെ മൂലമരച്ചിട്ടങ്ങെടുത്തുടൻ .പാലിൽ കലക്കി സേവിച്ചാൽ തടിപ്പും കുഷ്‌ഠവും വിഷം ചിരങ്ങും പുണ്ണുമെല്ലമേ ശമിച്ചീടുമസംശയം .
വെള്ളരുക്കു സമൂലത്തെ പാലിൽ ചേർത്തു ഭുജിക്കുകിൽ ചിരങ്ങും കുഷ്‌ഠവും വീക്കം കരപ്പൻ വകയൊക്കെയും ചെറുതായ വിഷങ്ങൾക്കും കാമലയ്ക്കും വിശേഷമാം .
മേൽപറഞ്ഞ മരുന്നിന്റെ സമൂലം ശരിയായുടൻ അരച്ചു പച്ചവെള്ളത്തിൽത്തിളപ്പിച്ചങ്ങു പിന്നെയും അൽപ്പം ചൂടോടു കൂടീട്ടു കവിൾകൊള്ളുകിലപ്പോഴേ ദന്തശൂല ശമിച്ചീടുമുടനെയെന്നു നിർണയം .
Tags:
വിഷസസ്യം