ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ.ഒരു ഏകവർഷ ഔഷധിയാണ് ഈ സസ്യം .മിക്ക സംസ്ഥാനങ്ങളിലും ഒരു ഇലക്കറിയായി ഈ സസ്യം ഉപയോഗിക്കുന്നു .തമിഴിൽ ഇതിനെ വെന്തയം എന്ന പേരിലും സംസ്‌കൃതത്തിൽ മേഥി ,മേഥിക , ബഹുപത്രിക,ബഹുബീജ,ഗന്ധഫലഃ, വല്ലരി ,കുഞ്ചികാ ,ദീപന തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Trigonella foenum graecum
Family : Fabaceae (Pea family)
Common name : Fenugreek, Greek clover, Greek hay
Malayalam : Uluva
Tamil : Vendayam
Hindi : Methi
Kannada : Mente
Bengali : Methi
Marathi: Methi
Telugu : Menthulu
Oriya : methi
Assamese : Methi
Manipuri: Methi
Sanskrit : Bahuparni, Bahupatrika, Chandrika, dipani, Gandhabija, Gandhaphala
ആവാസമേഖല .
ഇന്ത്യയിൽ പഞ്ചാബ് ,മഹാരാഷ്ട്ര ,കശ്മീർ ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ കാണപ്പെടുന്നതും വൻതോതിൽ കൃഷി ചെയ്യുന്നതും .
രൂപവിവരണം .
ഏകദേശം 60 സെ.മി ഉയരത്തിൽ വളരുന്ന ഒരു ഏകവർഷ ഔഷധിയാണ് ഉലുവ .ഇതിന്റെ തണ്ടുകൾ രോമിലമാണ് .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു . ഒരോ ഞെട്ടിലും മൂന്ന് ഇലകൾ വീതം കാണും .ഇവയുടെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് .ഇതിന്റെ കായകൾ നീളത്തിലുള്ളതും വളഞ്ഞ അഗ്രത്തോടു കൂടിയതുമാണ് .ഓരോ കായിലും ധാരാളം വിത്തുകൾ കാണപ്പെടുന്നു .
രാസഘടകങ്ങൾ .
ഉലുവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .ഉലുവയിലെ പ്രോട്ടീന് പാലിലെ പ്രോട്ടീനോട് സാദൃശ്യമുണ്ട് . കൂടാതെ ഫോസ്‌ഫറസ് ,സൾഫർ ,,കാർബോഹൈട്രേറ്റ് ,കൊഴുപ്പ് ,ലവണങ്ങൾ ,എന്നിവയും ട്രിഗോനെല്ലിൻ ,കോളിൻ തുടങ്ങിയ ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു .
രസാദിഗുണനങ്ങൾ ,
രസം - കടു
ഗുണം - ലഘു, സ്നിഗ്ധം
വീര്യം - ഉഷ്ണം
വിപാകം -കടു
ഉപയോഗങ്ങൾ .
ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില .ഉലുവ മുളപ്പിച്ച ഇളം തൈകൾ സാലഡ് ,കിച്ചടി ,ഉരുളക്കിഴങ്ങു കറി സാമ്പാർ ,രസം തുടങ്ങിയ കറികളിൽ ധാരാളം ഇവ ഉപയോഗിക്കുന്നു .കർണ്ണാടകയിലും വടക്കേ ഇന്ത്യയിലും ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ ഉലുവയില ചേർക്കാറുണ്ട് .
ഉലുവ എങ്ങനെ കൃഷി ചെയ്യാം .
ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം . ഒരുകിലോ ചകിരി കമ്പോസ്റ്റും ഒരുകിലോ മണലും രണ്ടുകിലോ ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിൽ വേണം ഉലുവ കൃഷിചെയ്യാൻ . 5 മണിക്കൂർ ഉലുവ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം വേണം പാകാൻ .പാകിയതിന് ശേഷം നേർപാതി മണ്ണ് അതിന്റെ മുകളിൽ വിതറണം .ശേഷം നേരിയ തോതിൽ നനയ്ക്കണം .ഒരാഴ്ചകൊണ്ട് വിത്ത് മുളയ്ക്കും .
ഉലുവയുടെ ഔഷധഗുണങ്ങൾ .
പ്രമേഹഹരൗഷധമായും ,വാതഹരൗഷധമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഉലുവ .ഉദരശൂല ,ശരീരവേദന ,വാതരക്തവികാരങ്ങൾ എന്നിവ ശമിപ്പിക്കുന്നു .ഹൃദയത്തിന്റെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുന്നു .മുലയൂട്ടുന്ന സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കുന്നു .പ്രസവശേഷമുണ്ടാകുന്ന ശരീരവേദന ഉദരവേദന എന്നിവ ശമിപ്പിക്കും .പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു .ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു . പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിപ്പിക്കും .
ഔഷധയോഗ്യഭാഗങ്ങൾ - വിത്ത് ,ഇല
ചില ഔഷധപ്രയോഗങ്ങൾ .
പ്രസവരക്ഷയ്ക്ക് .
ഉലുവ വേവിച്ച് അതിൽ കരിപ്പട്ടിയും ,നെയ്യും ,തേങ്ങാപ്പാലും ചേർത്ത് ലേഹ്യപരുവത്തിൽ കഴിച്ചാൽ പ്രസവശേഷമുണ്ടാകുന്ന ശരീരവേദന ,ഉദരശൂല എന്നിവ മാറുകയും ഗർഭാശയം ശുദ്ധമാകുകയും മുലപ്പാലും ,ശരീരശക്തി എന്നിവ വർദ്ധിക്കുകയും ചെയ്യും . ഉത്തരേന്ത്യയിൽ ഉലുവ വറുത്തുപൊടിച്ച് അതിൽ ഗോതമ്പുമാവ് ,മുന്തിരിങ്ങ ,ബദാം ,ശർക്കര എന്നിവ ചേർത്ത് മോദകമുണ്ടാക്കി പ്രസവരക്ഷയ്ക്ക് കൊടുക്കുന്നു .
പ്രമേഹം കുറയ്ക്കാൻ .
ഉലുവ വാറത്തുപൊടിച്ചു പതിവായി കഴിക്കുകയോ .ഉലുവ കുതിർത്ത് പതിവായി രാവിലെ വെറുംവയറ്റിൽ കഴിക്കുകയോ ചെയ്താൽ പ്രമേഹം ശമിക്കും .
മെലിഞ്ഞവർ തടിക്കാൻ .
ഉലുവ ,കസ്കസ് , ഗോതമ്പ് ,ബദാംപരിപ്പ് എന്നിവ തുല്യ അളവിൽ പൊടിച്ച് പഞ്ചസാരയും പാലും ചേർത്ത് ലേഹ്യ പരുവത്തിൽ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും
വായുക്ഷോഭം ,വയറുവേദന.
ഉലുവ വേവിച്ച വെള്ളം കുടിച്ചാൽ വായുക്ഷോഭം ,വയറുവേദന എന്നിവ ശമിക്കും.
ശരീരം ചുട്ടുനീറ്റൽ .
ഉലുവയുടെ ഇല അരച്ച് ശരീരത്തിൽ പുരട്ടിയാൽ വേനൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറിക്കിട്ടും .
തൈറോയിഡ് രോഗത്തിന് .
ഉലുവ നല്ലതുപോലെ കുതിർത്ത് കുറച്ച് ചെറുനാരങ്ങാനീരും ചേർത്ത് പതിവായി കഴിച്ചാൽ തൈറോയിഡ് രോഗത്തിന് ശമനമുണ്ടാകും .
നെഞ്ചുവേദന ,ചുമ ,ശ്വാസംമുട്ടൽ.
ഈന്തപ്പഴം ,അത്തിപ്പഴം ,മുന്തിരി ,ഉലുവയുടെ ഇല എന്നിവ തുല്യ അളവിൽ വേവിച്ചു ഉടച്ചു ലേഹ്യപരുവത്തിലാക്കി തേനും ചേർത്ത് കഴിച്ചാൽ പഴകിയ നെഞ്ചുവേദന ,ചുമ ,ശ്വാസംമുട്ടൽ എന്നിവ മാറും.
വാതരോഗങ്ങൾ .
കാപ്പിയിൽ അല്‌പം ഉലുവ പൊടിച്ചു ചേർത്ത് പതിവായി കുടിച്ചാൽ വാതരോഗങ്ങളും അതുമൂലമുണ്ടാകുന്ന വീക്കവും വേദനയും മാറിക്കിട്ടും .
മുടികൊഴിച്ചിൽ മാറാൻ .
ഉലുവ വെള്ളത്തിൽ കുതിർത്ത് ഞെരുടി താളിപോലെയാക്കി തലയിൽ പതിവായി തേച്ചുകഴുകിയാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും .ഉലുവ അരച്ച് തലയിൽ തേച്ചുകുളിച്ചാലും മതിയാകും .
വയറുകടി മാറാൻ .
ഉലുവ വറുത്തുപൊടിച്ചു വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കുടിച്ചാൽ വയറുകടി മാറിക്കിട്ടും .
കുട്ടികളുടെ കാഴ്ചക്കുറവിന് .
അര ടീസ്പൂൺ ഉലുവ പതിവായി കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ കാഴ്ചശക്തി വർദ്ധിക്കും .
കൈവേദന മാറാൻ .
ഉലുവ ,എള്ള് ,ഉഴുന്ന് ,ശതകുപ്പ എന്നിവ പാലിൽ വേവിച്ച് തേങ്ങാപ്പാലും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ കൈവേദന ,കൈമുട്ടുവേദന തുടങ്ങിയ മാറിക്കിട്ടും .
ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാൻ .
ഉലുവ കുതിർത്ത് അരച്ച് ശരീരമാസകലം പുരട്ടി 20 മിനിട്ടിന് ശേഷം കുളിച്ചാൽ ചർമ്മത്തിന്റെ നിറം വർദ്ധിക്കുകയും ചർമ്മത്തിന് നല്ല മാർദ്ദവം ഉണ്ടാകുകയും ചെയ്യും .
വാതരക്തം( Gout.)
10 ഗ്രാം ഉലുവ രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ ഇത് പതിവായി കഴിച്ചാൽ വാതരക്തം ശമിക്കും .ശരീരത്തിൽ പലഭാഗങ്ങളിലായി ഉണ്ടാകുന്ന മുഴകളും സന്ധികൾ അനക്കാൻ പ്രയാസമുണ്ടാക്കുന്ന ഒരു രോഗമാണ് വാതരക്തം അഥവാ Gout.
വയറ്റിലെ നീര്, മൂത്രതടസ്സം .
ദീർഘനേരം ബസ്‌യാത്ര ചെയ്യുമ്പോൾ ചിലർക്ക് വയറ്റിൽ നീരും മൂത്രതടസ്സവും ഉണ്ടാകും .ഈ അവസരത്തിൽ ഉലുവ വറുത്തുപൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് അല്‌പം ശർക്കരയും ചേർത്ത് കഴിച്ചാൽ മതിയാകും .
പ്രസവം വേഗം നടക്കാൻ .
ഉലുവയിട്ട വെള്ളം കുടിച്ചാൽ പ്രസവം പെട്ടന്ന് നടക്കും . ഗർഭകാലത്ത് ഉലുവയിട്ട വെള്ളം കുടിക്കാനും പാടില്ല ഇത് മാസം തികയാത്ത പ്രസവത്തിന് കാരണമായേക്കാം .
പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .
ഉലുവ പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .ഉലുവയിൽ അടങ്ങിയിരിക്കുന്ന സാപനിൻസ് എന്ന പദാർത്ഥം പുരുഷലൈംഗീക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത് .
മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ എന്നിവ ഇല്ലാതാക്കാൻ .
ഉലുവയിട്ട വെള്ളംകൊണ്ട് പതിവായി മുഖം കഴുകുകയോ .ഉലുവയുടെ ഇല അരച്ച് മുഖത്തുപുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയുകയോ ചെയ്താൽ . മുഖക്കുരു ,ബ്ലാക്ക് ഹെഡ്‌സ് , മുഖത്തെ പാടുകൾ എന്നിവ മാറി മുഖസൗന്ദര്യം വർദ്ധിക്കും .
കരപ്പൻ മാറാൻ .
ഉലുവ കുഴമ്പുപരുവത്തിൽ അരച്ച് പുറമെ പുരട്ടിയാൽ കരപ്പൻ മാറും .കൂടാതെ തൊലിപ്പുറത്തെ പാടുകൾ ,പൊള്ളൽ മൂലമുണ്ടായ പാടുകൾ എന്നിവ മാറാനും ഇത് വളരെ നല്ലതാണ് .
ഉലുവ കഞ്ഞി .
വാതരോഗങ്ങൾക്കും ,ആർത്തവ സംബന്ധമായ അസ്വസ്ഥതകൾക്കും പിത്താശയ രോഗങ്ങൾക്കും ഉലുവ കഞ്ഞി കുടിക്കുന്നത് വളരെ ഗുണം ചെയ്യും .
100 ഗ്രാം ഉലുവയും ,ജീരകം ,അയമോദകം ,ചുക്ക് ,വെളുത്തുള്ളി ,കുരുമുളക് എന്നിവ 25 ഗ്രാം വീതവും തേങ്ങയോടൊപ്പം കൂട്ടിയരച്ച് അരി വേവിക്കാനുള്ള വെള്ളത്തിൽ കലക്കി തിളച്ചുകഴിയുമ്പോൾ അരിയിട്ട് വേവിച്ച് ഉപ്പും ,നെയ്യും ചേർത്ത് രാവിലെയാണ് കഴിക്കേണ്ടത് .
ഉലുവയുണ്ട .
ശരീരക്ഷീണം ,വയറുവേദന ,ഛർദ്ദി,ദഹനക്കേട് ,നടുവേദന ,ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ എന്നിവ ഇല്ലാതാക്കി ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാൻ ഉലുവയുണ്ട കഴിക്കുന്നത് ഗുണം ചെയ്യും .
മുളപ്പിച്ച ഉലുവ ,ഉണക്കലരി വറുത്ത് പൊടിച്ചത് ,തേങ്ങാപ്പീര ,ശർക്കര എന്നിവയാണ് ഉലുവയുണ്ട തയാറാക്കാൻ വേണ്ടത് .മുളപ്പിച്ച ഉലുവ ,തേങ്ങാപ്പീര ,ശർക്കര എന്നിവ ചേർത്ത് ചെറു തീയിൽ ഉലുവ നന്നായി വേവുന്നതുവരെ വരട്ടിയെടുക്കണം .വെന്തുകഴിയുമ്പോൾ ഉണക്കലരി വറുത്ത് പൊടിച്ചതും ചേർത്ത് വരട്ടുക . ശേഷം ഉരുട്ടിയെടുക്കണം .(ചൂടാറുന്നതിന് മുമ്പ് ഉരുട്ടിയെടുക്കണം )
Tags:
ഏകവർഷ സസ്യം