കേരളത്തിലെ നാട്ടിൻ പുറങ്ങളിലും വനങ്ങളിലും കാണുന്ന മുള്ളുകളോടു കൂടിയ ഒരു വൻ മരമാണ് ഇലവ് , ഇതിനെ മലയാളത്തിൽ പൂള, മുള്ളിലവ്, മുള്ളിലം ,പൂളമരം ,ഉന്നമുരിക്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടും .
Botanical name : Bombax ceiba
Family : Malvaceae (Mallow family)
Synonyms : Salmalia malabarica
ആവാസകേന്ദ്രം .
ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,എന്നീ രാജ്യങ്ങളിൽ ഇലവ് കാണപ്പെടുന്നു .കേരളത്തിലെ നാട്ടിൻപുറങ്ങളിലും വനങ്ങളിലും ഇലവ് ധാരാളമായി വളരുന്നു .സമുദ്ര നിരപ്പിൽ നിന്നും 1300 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ മരം ധാരാളമായി കാണാം .
രൂപവിവരണം .
40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് ഇലവ്. തായ്ത്തടി നീണ്ട് നിവർന്നാണ് വളരുന്നത് . 10 മീറ്ററിന് മുകളിൽ നിന്നു മാത്രമേ ശാഖകൾ ഉണ്ടാകാറുള്ളൂ . മരം വളരുന്നതിന് അനുസരിച്ച് ഈ ശാഖകൾ തനിയെ ഓടിഞ്ഞുപോകും .ഇതിന്റെ തടിയിൽ ധാരാളം തടിച്ചു കുറുകിയ മുള്ളുകളുണ്ട് .വേനൽ കാലത്ത് ഇതിന്റെ ഇലകൾ മുഴുവൻ പൊഴിഞ്ഞുപോകും .ഇലകൾ മുഴുവൻ പൊഴിഞ്ഞുപോയ നഗ്നശാഖകളിലാണ് പൂക്കളുണ്ടാകുന്നത് .
ഇവയുടെ കടുത്ത ചുവപ്പു നിറത്തിലുള്ള പൂക്കൾ കാണാൻ വളരെ മനോഹരമാണ് . ഇവ ഒറ്റയ്ക്കോ കൂട്ടമായോ കാണപ്പെടുന്നു . ഇവയുടെ പൂവിൽ തേനുണ്ട് .ഇലവ് പൂത്താൽ പക്ഷികൾക്ക് ഉത്സവമാണ് .ധാരാളം പക്ഷികൾ ദിവസവും തേൻ കുടിക്കാൻ വരും . ഇവയുടെ പൂക്കൾ മൃഗങ്ങളുടെ ഇഷ്ട്ട ഭക്ഷണമാണ് . പ്രത്യേകിച്ച് കാട്ടിലെ കേഴമാനിന്റെ .
ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഇലവിന്റെ കായ്‌കൾ വിളയുന്നത് .ഇവയുടെ ഇളം കായകളുടെ നിറം പച്ചയാണ് .കായകൾ മൂക്കുമ്പോൾ ഇരുണ്ട തവിട്ടുനിറത്തിലാകുന്നു .ഇവയ്ക്കുള്ളിൽ ധാരാളം പഞ്ഞിയിൽ പൊതിഞ്ഞ വിത്തുകളുണ്ടാകും .
ഇലവ് മരത്തിന്റെ ഉപയോഗം .
ഇലവിന്റെ വെള്ളത്തടിയാണ് .ഈടും ബലവും കട്ടിയും തീരെ കുറവാണ് . ഇതിന്റെ തടി തീപ്പട്ടി നിർമ്മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് . കൂടാതെ പ്ളൈവുഡ് നിർമ്മാണത്തിനും പായ്ക്കിങ് പെട്ടികളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു . ഇലവിന്റെ കായകൾക്കുള്ളിൽ പഞ്ഞിയുണ്ട് .ഈ പഞ്ഞി തലയണ ,മെത്ത തുടങ്ങിയവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു . ഒരു ഔഷധവൃക്ഷം കൂടിയാണ് ഇലവ് .ഇലവിന്റെ പൂവ് ,വേര് ,കറ ,കുരുന്നുഫലം എന്നിവ ഔഷധയോഗ്യങ്ങളാണ് . പണ്ടുകാലത്തെ സ്ത്രീകൾ ഇലവിന്റെ തളിരിലയുടെ താളി തലയിൽ ഉപയോഗിച്ചിരുന്നു .
ഇലവ് വിവിധ ഭാഷകളിലെ പേരുകൾ .
Common name : Silk Cotton Tree , Kapok Tree
Malayalam : Elavu ,Mullilavu,Kandilavu,Poola, Pulamaram, Unnamurikku, Ilavu, Mocha, Pichila, Poorani .
Tamil : Sittan, Sanmali
Hindi : Shalmali, Semal
Telugu : Booruga chettu , Pula, Salmali, Mundla buraga
Kannada : Kempu booraga, Kempu booruga, Elava
Sanskrit : Shaalmali, Sthiraayu
രാസഘടകങ്ങൾ .
ഇലവിന്റെ വേരിലും തടിയിലും ടാനിക് അമ്ലം , ഗാലിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .ഇലവിന്റെ പശയിൽ അറാബിനോസ് ,ഗാലക്റ്റോസ് ,ഗാലക്റോണിക് അമ്ലം എന്നിവയും അടങ്ങിയിരിക്കുന്നു .
ഇലവിന്റെ ഔഷധഗുണങ്ങൾ .
ഇലവ് മരത്തിൽ നിന്നും എടുക്കുന്ന കറ ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധമാണ് . ഇതിനെ "മോചരസം" എന്ന പേരിൽ അറിയപ്പെടും . പുരുഷ വിരജനീയം ,ശോണിതസ്ഥാപനം എന്നീ ഔഷധഗണത്തിലാണ് ചരകൻ ഇലവുപശയെ ഉൾപ്പെടുത്തിയിരിക്കുന്നത് .കഫ പിത്തവികാരങ്ങൾ ശമിപ്പിക്കുന്നു .രക്തവികാരം ,ശ്വേതപ്രദരം ,രക്തപ്രദരം , എന്നിവ കുറച്ച് ശരീരകാന്തി വർദ്ധിപ്പിക്കാനും ഇലവിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണത്തിന് കഴിയും .
രസാദിഗുണങ്ങൾ.
രസം : മധുരം , കഷായം
ഗുണം :ഗുരു , സ്നിഗ്ധം , പിശ്ചിലം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യ ഭാഗം.
വേര് , പുഷ്പം , കുരുന്നു ഫലം , കറ
ചില ഔഷധപ്രയോഗങ്ങൾ .
അർശസ്സ് .
ഇലവിന്റെ പൂവ് അരച്ച് പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ അർശസ്സ് ശമിക്കും . ഇലവിന്റെ ഉണങ്ങിയ പൂവും ,വിത്തും ആട്ടിൻ പാലിൽ കാച്ചി കഴിച്ചാൽ രക്താർശസ്സ് ശമിക്കും .
അതിസാരം .
ഇലവിന്റെ പൂവ് കഷായം വച്ച് ഇരട്ടിമധുരവും ,തേനും ചേർത്ത് കഴിച്ചാൽ അതിസാരം ശമിക്കും .
വ്രണങ്ങൾ .
ഇലവിന്റെ തൊലി അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .
രക്തപിത്തം .
ഇലവിന്റെ പൂവിന്റെ നീര് കഴിച്ചാൽ രക്തപിത്തം ശമിക്കും .
മലത്തിൽ കൂടി രക്തം പോകുന്നതിന് .
രക്തം മലത്തിൽ കൂടിയും കഫത്തിൽ കൂടിയും പോകുന്നതിന് മോചരസം ഉത്തമ ഔഷധമാണ് .
വെള്ളപോക്ക് .
ഇലവിന്റെ പശ (മോചരസം) പശുവിൻ പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും . കൂടാതെ മൂത്രച്ചുടിച്ചിൽ മാറുന്നതിനും നന്ന് . ഇലവിന്റെ വേര് കഷായം വച്ച് കഴിച്ചാലും വെള്ളപോക്ക് ശമിക്കും.
സൂരാമേഹം .
ഇലവിന്റെ തൊലി കഷായം വച്ച് തേൻ മേമ്പൊടി ചേർത്ത് കഴിച്ചാൽ മൂത്രം മേൽഭാഗം തെളിഞ്ഞും അടിഭാഗം ഊറളോടുകൂടിയും കാണപ്പെടുന്ന മൂത്ര സംബന്ധമായ രോഗം ക്ഷമിക്കും .
മുഖക്കുരു , മുഖത്തെ കറുത്ത പാടുകൾ .
ഇലവിന്റെ മുള്ള് പാലിൽ കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .
പരു .
ഇലവിന്റെ തൊലി അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു വേഗം പഴുത്ത് പൊട്ടി സുഖപ്പെടും . മുഖക്കുരുവിനും നല്ലതാണ് .
കൺകുരു .
ഇലവിന്റെ ഇലയുടെ നീര് ചൂടാക്കി വെള്ളം വറ്റിച്ച് കൺകുരുവിന്റെ മുകളിൽ പുരട്ടിയാൽ കൺകുരു മാറും.
രക്തസമ്മർദ്ദം.
ഇലവിന്റെ തൊലി കഷായം വച്ച് തൈരിൽ ചേർത്ത് കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .
ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .
ഇലവിന്റെ തൊലി അരച്ച് പാലിൽ കലക്കി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും . ഇലവിന്റെ പൂവ് ഉണക്കി പൊടിച്ച് ഒരു ടീസ്പൂൺ വീതം നെയ് ചേർത്ത് കഴിച്ചാലും ലൈംഗീകശേഷി വർദ്ധിക്കും .
ഉള്ളംകാൽ പുകച്ചിൽ .
ഇലവിന്റെ തൊലി അരച്ച് കാൽ വെള്ളയിൽ പുരട്ടിയാൽ ഉള്ളംകാൽ പുകച്ചിൽ മാറിക്കിട്ടും .
മുടി വളര്‍ച്ച ഇരട്ടിയാക്കാന്‍ .
തലയിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല താളിയാണ് ഇലവിന്റെ തളിരിലകൾ കൊണ്ട് തയാറാക്കുന്ന താളി . ഇത് തലയിൽ പതിവായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് നീക്കം ചെയ്യുകയും മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യും .