സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സസ്യവ്യഞ്ജനമാണ് മല്ലി .മനുഷ്യൻ ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആണെന്ന് പറയുന്നു .മല്ലിയും മല്ലിയുടെ ഇലയും പുരാതന കാലം മുതൽക്കേ കറി മസാലകളായി ഉപയോഗിച്ചിരുന്നു .ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ മല്ലി കൃഷി ചെയ്യുന്നത് .മല്ലിയിലയില്‍ കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍,ഓക്സാലിക് ആസിഡ്, പൊട്ടാസ്യം,ഫോസ്ഫറസ്, സോഡിയം കരോട്ടിന്‍, തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു ഇവയെല്ലാം ശരീരത്തിന് ഗുണം ചെയ്യുന്നവയാണ് .ഏതാണ്ട് 90 സെമി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലയും ഫലവും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Apiaceae
ശാസ്ത്രനാമം : Coriandrum Sativum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് :Coriander
സംസ്‌കൃതം : ധന്യാ ,വിതുന്നകം
തമിഴ് : കൊത്തമല്ലി
തെലുങ്ക് : ധന്യാലു
ഗുജറാത്തി : കൊത്തമിർ
ബംഗാളി : ധനേ
ഹിന്ദി : ധനീയാം
രസാദി ഗുണങ്ങൾ
രസം :കഷായം, തിക്തം, മധുരം, കടു
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം
ഔഷധഗുണങ്ങൾ
ദഹനശക്തി വർധിപ്പിക്കുന്നു ,രുചി വർദ്ധിപ്പിക്കുന്നു ,കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു ഉത്തേജക ശക്തിയുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
മല്ലിയിലയും ചന്ദനവും ചേർത്തരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും
മല്ലിയില വായിലിടട്ട് പതിവായി ചവയ്ക്കുന്നത് മോണ പഴുപ്പും പല്ലുവേദനയും ,പല്ല് ദ്രവിക്കുന്നതും മാറിക്കിട്ടും
മല്ലി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും
മല്ലി അരിക്കാടിയിൽ അരച്ച് പഞ്ചസാരയും ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങളുടെ ചുമയും ശ്വാസം മുട്ടലും മാറിക്കിട്ടും
മല്ലിയിലയുടെ നീര് പത്തോ പതിനഞ്ചോ മില്ലി പതിവായി കഴിച്ചാൽ ദിവാന്ധത എന്ന രോഗം മാറും (പകൽ കണ്ണു കാണാൻ പ്രയാസം )
മല്ലി വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് തേൻ ചേർത്ത് കഴിച്ചാൽ ദഹനശക്തി വർധിക്കുകയും നല്ല ശോധന ഉണ്ടാകുകയും ചെയ്യും
മല്ലിയിലയും ഇഞ്ചിയും ചേര്‍ത്ത് അരച്ച്കഴിച്ചാൽ കുട്ടികളിലെയും മുതിർന്നവരിലേയും വിര ശല്യം മാറും കൂടാതെ പുളിച്ചു തികട്ടല്‍, ഓക്കാനം, ദഹനക്കുറവ് എന്നിവയ്ക്കും വളരെ നല്ലതാണ്
മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയവ ഇല്ലാതാക്കാൻ മല്ലിയിലയുടെ നീരും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ മതി.