നമ്മൾ കണ്ടുവരുന്ന മഞ്ഞളിൽ നിന്നും വളരെ വ്യത്യസ്തമായി വൻ മരങ്ങളിൽ പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ് മരമഞ്ഞൾ .ഇവയുടെ തണ്ടിന്റെ ഉൾഭാഗം കടും മഞ്ഞ നിറത്തിൽ കാണപ്പെടുന്നു .വംശനാശഭീക്ഷണി നേരിടുന്ന ഒരു സസ്യം കൂടിയാണ് മരമഞ്ഞൾ ,വനങ്ങളിലാണ് പ്രധാനമായും മരമഞ്ഞൾ കാണപ്പെടുന്നത് എങ്കിലും പലരും ഇത് വീടുകളിൽ നട്ടുവളർത്തുന്നുണ്ട് .നീലഗിരി വനങ്ങളിൽ ഇത് ധാരാളമായി കണ്ടു വരുന്നു ..മഞ്ഞവള്ളി എന്ന പേരിലും ഇത് അറിയപ്പെടും .ഇതിന്റെ ഇലകൾക്ക് നല്ല കട്ടിയുള്ളതും തിളക്കമുള്ളതുമാണ് ,ഇലയുടെ അടിഭാഗം വെള്ള കലർന്ന ചാര നിറത്തിലാണ് കാണപ്പെടുന്നത് .ഏതാണ്ട് വെറ്റിലയുടെ ആകൃതിയിലാണ് ഇതിന്റെ ഇലകൾ കാണപ്പെടുന്നത് .ആഗസ്റ് മാസത്തിലാണ് ഇത് പുഷ്പ്പിക്കുന്നത് ,പൂക്കൾക്ക് മഞ്ഞ നിറമാണ് .ഉരുണ്ട കായ്കളാണ് ഇവയ്ക്കുണ്ടാകുന്നത് .കായുടെ പുറം ഭാഗം തവിട്ടു നിറത്തിലുള്ള രോമങ്ങൾ കൊണ്ട് നിറഞ്ഞതാണ് . മരമഞ്ഞളിന്റെ തൊലി ,വള്ളി വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Menispermaceae
ശാസ്ത്രനാമം : Coscinium fenestratum
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Tree Turmeric
സംസ്‌കൃതം : ദാരുഹരിദ്രാ ,പീതദാരു ,കാലീയകം
ഹിന്ദി : ദാരുഹൽദി
ബംഗാളി : ദാരുഹരിദ്രാ
തമിഴ് ; മരമഞ്ഞൾ
തെലുങ്ക് : കസ്തുരിപുഷ്പ
രസാദി ഗുണങ്ങൾ
രസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധഗുണം
കഫ പിത്തരോഗങ്ങൾ ശമിപ്പിക്കുന്നു ഉണങ്ങിയ തണ്ട് , ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു,ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
മരമഞ്ഞളിന്റെ തൊലിയും ,വേരും ,തണ്ടും കഷായം വച്ച് 30 മില്ലി വീതം ദിവസം മൂന്നു നേരം കഴിക്കുകയും ഈ കഷായം കൊണ്ട് കഴുകുകയും ചെയ്താൽ വ്രണം ചൊറി ,സിഫിലിസ് ,ശീതപിത്തം(അലർജികൊണ്ട് ചർമ്മത്തിൽ തടിച്ചു പൊങ്ങുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്ന അവസ്ഥ ) എന്നിവ മാറും
മരമഞ്ഞളിന്റെ തൊലി ചതച്ചു നീരെടുത്ത് 10 മില്ലി വീതം അതെ അളവിൽ തേനും ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തവും ,മറ്റ് കരൾ രോഗങ്ങളും ശമിക്കും
മരമഞ്ഞൾ തൊലി ,പച്ചമഞ്ഞൾ ,തകരയുടെ അരി ഇവ തുല്യ അളവിൽ എടുത്ത് അരച്ച് തേച്ചാൽ വണ്ട് കുത്തിയ വിഷം ശമിക്കും
മരമഞ്ഞൾ കൊത്തിയരിഞ്ഞു 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്ത് അത്ര തന്നെ പശുവിൻ പാലും ചേർത്ത് വീണ്ടും വെള്ളം മുഴുവൻ വറ്റിച്ച് ഉണക്കിയെടുത്ത് സൂക്ഷിക്കാം ഇത് ദിവസവും രാവിലെ കണ്ണിലെഴുതിയാൽ കാഴ്ചശക്തി വർദ്ധിക്കും / മരമഞ്ഞൾ കഷായം വച്ച് പാലും ,തേനും ചേർത്ത് പതിവായി കഴിച്ചാലും കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിക്കും
മരമഞ്ഞൾ ,വേപ്പിൻപട്ട ,ഏകനായകം ,ചിറ്റമൃത് ,വേങ്ങാക്കാതൽ ,കരിങ്ങാലി എന്നിവ കഷായം വച്ച് ത്രിഫല ചൂർണ്ണവും ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ പ്രമേഹം ശമിക്കും / മരമഞ്ഞൾ തൊലി ,ചക്കരക്കൊല്ലിയുടെ ഇല ,കീഴാർനെല്ലി എന്നിവ തുല്യ അളവിൽ അരച്ച് ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
മരമഞ്ഞൾ തൊലി ,വേപ്പിൻ പട്ട ,ഗരുഡക്കൊടി ,എന്നിവ പൊടിച്ച് 21 ദിവസം ഭരണിയിൽ കെട്ടിവച്ച് 21 ദിവസത്തിന് ശേഷം ഇതിൽ നിന്നും ചെറിയ അളവിൽ ദിവസവും ശരീരത്തിൽ പുരട്ടിയാൽ സോറിയാസിസ് ഉൾപ്പടെയുള്ള വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ മാറും