ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ് ഇരട്ടിമധുരം .മലയാളത്തിൽ അതിമധുരം എന്ന പേരിലും അറിയപ്പെടുന്നു.
Botanical name : Glycyrrhiza glabra
Family : Fabaceae (Pea family)
രൂപവിവരണം .
ഒന്നര മീറ്റർ ഉയരത്തിൽ പടർന്നു പന്തലിച്ചു വളരുന്ന ഒരു സസ്യമാണ് ഇരട്ടിമധുരം . ചിലപ്പോൾ ഒരു വള്ളിച്ചെടി പോലെയും വളരാറുണ്ട് .ഇതിൽ വയലറ്റ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു .ഇതിൽ നിരവധി വിത്തുകളും കാണപ്പെടുന്നു .
ഇതിന്റെ വേരുകളുടെ ഉൾഭാഗത്തിന് മഞ്ഞ നിറമാണ് . വേരിന് നല്ല മധുരവുമുണ്ട് .ഇതിന്റെ വേരും ,തണ്ടും വെട്ടിയുണക്കിയാണ് വിപണിയിൽ ഇരട്ടിമധുരമായി വരുന്നത് .
എല്ലാ മധുര വസ്തുക്കളെക്കാളും മധുരമുള്ളതാണ് ഇരട്ടിമധുരം .മറ്റുള്ള മധുരത്തിനേക്കാളും ഇതിന്റെ സ്വാത് നാവിൽ കൂടുതൽ നേരം തങ്ങിനിൽക്കും .അതുകൊണ്ടു തന്നെയാണ് ഇരട്ടിമധുരം എന്ന പേര് ഈ സസ്സ്യത്തിനു ലഭിച്ചത്.
ആവാസകേന്ദ്രം .
അറേബ്യാ ,അഫ്‍ഗാനിസ്ഥാൻ ,പാകിസ്ഥാൻ ,സൈബീരിയ എന്നീ രാജ്യങ്ങളിലാണ് ഇരട്ടിമധുരം ധാരാളമായി കാണപ്പെടുന്നത് .ഇന്ത്യയിൽ പഞ്ചാബ് ,കാശ്മീർ ,ഹിമാലയൻ താഴ്‌വരകൾ എന്നിവിടങ്ങളിൽ ഇരട്ടിമധുരം കാണപ്പെടുന്നു .
രാസഘടകങ്ങൾ .
ഇരട്ടിമധുരത്തിന്റെ തണ്ടിലും വേരിലും 10 % വരെ ഗ്ലൈസിറൈസിൻ എന്ന ഗ്ലുക്കോസൈഡ് അടങ്ങിയിരിക്കുന്നു .കൂടാതെ പൊട്ടാസ്യം ,സ്റ്റാർച്ച് ,സ്നേഹദ്രവ്യം എന്നിവയും അടങ്ങിയിട്ടുണ്ട് . ഇതിന്റെ വേരിൽ നിന്നും റാമ്നോഗ്ലൈക്കോസൈഡ് , ലിക്വിറിറ്റിജിൻ ,ലിക്വറിറ്റിൻ ,ഐസൊലിക്വിറിറ്റിജെനിൻ എന്നീ ഗ്ലൂക്കോസൈഡുകളും വേർതിരിച്ചെടുത്തിട്ടുണ്ട് .
ഇരട്ടിമധുരത്തിന്റെ ഔഷധഗുണങ്ങൾ .
1000 വർഷങ്ങൾക്ക് മുമ്പേ ഇന്ത്യക്കാർ ഇരട്ടിമധുരത്തിന്റെ ഔഷധഗുണങ്ങൾ മനസിലാക്കിയിരുന്നു . ഒച്ചയടപ്പ് ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു ഔഷധം കൂടിയാണ് ഇരട്ടിമധുരം . ദൂഷ്യഫലങ്ങളില്ലാത്തതും അതി ശക്തമായ ഫലസിദ്ധിയുള്ളതുമായ ഒരു ഔഷധമാണ് ഇരട്ടിമധുരം .
ഇരട്ടിമധുരത്തിൽ അടങ്ങിയിട്ടുള്ള ഗ്ലൈസിറൈസിൻ എന്ന പദാർഥം കുറഞ്ഞ അളവിൽ കുന്നിയുടെ വേരിലും അടങ്ങിയിട്ടുണ്ട് .ഇവ രണ്ടും കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയുമില്ല .അതിനാൽ കുന്നിയുടെ വേരും ഇരട്ടിമധുരത്തിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നു .
സ്വരം നന്നാക്കുകയും തൊണ്ടയിലെ തകരാറുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു . കണ്ണിൻറെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുന്നു . ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു . ചർമ്മരോഗങ്ങളെ ശമിപ്പിക്കുന്നു . ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . ശുക്ലം വർദ്ധിപ്പിക്കുന്നു .അൾസർ ,മുറിവുകൾ ,വ്രണങ്ങൾ ,നീര് എന്നിവ സുഖപ്പെടുത്തുന്നു .
വിഷജന്തുക്കളുടേയും ,വിഷവസ്തുക്കളുടെയും വിഷം നിർവീര്യമാക്കുന്നു . രക്തം ശുദ്ധീകരിക്കുന്നു . ശരീരം മെലിച്ചിൽ ഇല്ലാതാക്കുന്നു .ബാക്ടീരിയകളെ പ്രധിരോധിക്കുന്നു .ദാഹം ശമിപ്പിക്കുന്നു .ശ്വാസകോശത്തിൽ നിന്നും കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു .ശരീരക്ഷീണം ഇല്ലാതാക്കുന്നു .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു . ചുമ ,ശ്വാസംമുട്ടൽ എന്നിവ ശമിപ്പിക്കുന്നു . പാലുണ്ണി ഇല്ലാതാക്കുന്നു . ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു .
ഇരട്ടിമധുരം വിവിധഭാഷകളിലെ പേരുകൾ .
Common name : Licorice, Liquorice , Sweetwood - Malayalam : Erattimadhuram , Irattimadhuram , Adhimathuram - Tamil : Adimaduram - Telugu : Athimathuram - Kannada : Jeshtamadhu , Yastimadhu , Atimadhura - Gujarati : Jethimadh - Marathi : jashtimadh - Sanskrit : Jalayashti, Klitaka, Madhu-yashtikam .
രസാദിഗുണങ്ങൾ - രസം : മധുരം - ഗുണം : ഗുരു - വീര്യം : ശീതം - വിപാകം : മധുരം .
ഔഷധയോഗ്യ ഭാഗം _ വേര് , മൂലകാണ്ഡം
ചില ഔഷധപ്രയോഗങ്ങൾ .
ഒച്ചയടപ്പ് (ശബ്ദതടസം ).
നെയ്യ് ചേർത്ത് ഭക്ഷണം കഴിച്ച ശേഷം ഇരട്ടിമധുരം കഷായം കുടിക്കുകയാണെങ്കിൽ ശബ്ദതടസം മാറിക്കിട്ടും .കുറച്ചുദിവസം പതിവായി ആവർത്തിക്കണം .ഇരട്ടിമധുരം ഒരു കഷണം വായിലിട്ട് ചവച്ചിറക്കിയാലും മതി .
ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .
ഇരട്ടിമധുരം പൊടിച്ചത് 5 ഗ്രാം ഒരു ഗ്ലാസ് പാലിൽ കലക്കി അൽപ്പം നെയ്യും ചേർത്ത് രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും .
അൾസർ മാറാൻ .
ഇരട്ടിമധുരം കഷായം വച്ച് കുഴമ്പ് രൂപത്തിലാക്കി 20 തുള്ളി വീതം നാഴി പശുവിൻ പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ അൾസർ ശമിക്കും .
മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ .
ഇരട്ടിമധുരം പാലിൽ അരച്ച് ഉണക്കി പൊടിച്ച് പാലിൽ കുഴച്ച് ശരീരത്തിൽ മുഴുവൻ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കും .മാറിടങ്ങൾക്ക് വലിപ്പം കൂട്ടാനും നന്ന് .
ചിലന്തി വിഷത്തിന് .
ഇരട്ടിമധുരവും ,ചുക്കും ഒരേ അളവിൽ ഗോമൂത്രത്തിൽ അരച്ച് ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ ചിലന്തി വിഷം ശമിക്കും .
മൂത്രത്തിൽ കല്ല് മാറാൻ .
ഇരട്ടിമധുരം പൊടിച്ച് 5 ഗ്രാം വീതം അരിക്കാടിയിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
തലവേദന ,തലനീരിറക്കം .
ഇരട്ടിമധുരം അരച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചു കുളിച്ചാൽ , തലവേദന ,തലനീരിറക്കം , നേത്രരോഗങ്ങൾ എന്നിവ ശമിക്കും .
പിത്തശൂലയ്‌ക്ക് .
ഇരട്ടിമധുരം ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ പിത്തശൂല ശമിക്കും .
വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ .
ഇരട്ടിമധുരം ,മരമഞ്ഞൾപ്പൊടി ,വേപ്പില ഇവ നന്നായി അരച്ച് തേനും ചേർത്ത് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ വളരെ പെട്ടന്നു കരിയും .
കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ .
ഇരട്ടിമധുരം ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്ന വരാ ചൂർണ്ണം നേത്രരോഗങ്ങൾക്ക് വളരെ ഉത്തമമാണ്.ഈ ചൂർണ്ണം നെയ്യും തേനും ചേർത്ത് കുഴച്ച് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും .കൂടാതെ പുളിച്ചുതികട്ടൽ ,ആമാശയവ്രണം എന്നിവയ്ക്കും നല്ലതാണ് ,തേനും നെയ്യും ഒരേ അളവിൽ എടുക്കരുത്.
രക്തപിത്തം ,രക്താതിസാരം .
ഇരട്ടിമധുരം ,രക്തചന്ദനം എന്നിവ ഒരേ അളവിൽ പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസവും കഴിച്ചാൽ
രക്തപിത്തം ,രക്താതിസാരം എന്നിവ ശമിക്കും .
പ്രവാഹികയ്ക്ക് .
ഇരട്ടിമധുരവും കാരെള്ളും കൂടി പൊടിച്ച് 2 ഗ്രാം വീതം ദിവസം മൂന്നു നേരം കഴിച്ചാൽ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പ്രവാഹിക മാറും (കഫവും രക്തവും കൂടി കലർന്ന് ദിവസം പല പ്രാവശ്യം അൽപ്പാൽപ്പമായി മലം പോകുന്ന അവസ്ത).
പാലുണ്ണി മാറാൻ .
ഇരട്ടിമധുരം പാലിലരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞുപോകും .
മുറിവുകളും ,വ്രണങ്ങളും .
ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ച് പുറമെ പുരട്ടിയാൽ മുറിവുകളും ,വ്രണങ്ങളും പെട്ടന്ന് കരിയും .
മുടി സമൃദ്ധമായി വളരാൻ .
ബ്രഹ്മിയും ,പച്ചനെല്ലിക്കയും ഒരേ അളവിൽ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം അരച്ച് ചേർത്ത് . എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരും.
ചുണ്ടുകൾ വെടിക്കുന്നതിന് .
ഇരട്ടിമധുരം തേനിൽ അരച്ച് ചുണ്ടുകളിൽ പതിവായി പുരട്ടിയാൽ ചുണ്ടുകൾ വെടിക്കുന്നത് മാറുകയും ചുണ്ടുകൾക്ക് നല്ല നിറം കിട്ടുകയും ചെയ്യും .
കരപ്പൻ മാറാൻ .
ഇരട്ടിമധുരം,കൊട്ടം,മുത്തങ്ങ ,നാല്പാമരമരത്തിൻ തളിരില ,തെച്ചിവേരിൻ മേൽത്തൊലി എന്നിവ മോരിൽ പുഴുങ്ങി അരച്ച് പുറമെ പുരട്ടിയാൽ കരപ്പൻ മാറും .
അരിമ്പാറ മാറാൻ .
ഇരട്ടിമധുരം നെയ്യിൽ വറുത്ത് അരച്ച് അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടിയാൽ അറിമ്പാറ മാറും .
പൊള്ളലിന് .
ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും .
കൺകുരു മാറാൻ .
ഇരട്ടിമധുരം തേനിൽ അരച്ച് കണ്ണിലെഴുതിയാൽ കൺകുരു പെട്ടന്ന് മാറും .
Tags:
കുറ്റിച്ചെടി