കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ഔഷധ വൃക്ഷമാണ് ഇലിപ്പ .ഇതിനെ ഇലുപ്പ,ഇരിപ്പ തുടങ്ങിയ പേരുകളിലും കേരളത്തിൽ ആറിയപ്പെടും .
Botanical name : Madhuca longifolia
Family : Sapotaceae (mahua family)
Synonyms : Bassia latifolia , Illipe latifolia, Madhuca indica, Madhuca latifolia
ആവാസകേന്ദ്രം .
ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന വന്മരമാണ് ഇലിപ്പ. ഭാരതത്തിൽ ദക്ഷിണേന്ത്യയിലും ,ബംഗാൾ ,ഗുജറാത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളിലുമാണ് ഇലിപ്പ കൂടുതലായും കാണപ്പെടുന്നത് . കേരളത്തിലെ നിത്യഹരിത വനങ്ങളിലും നാട്ടിൻപുറങ്ങളിലും ഇലിപ്പ കാണപ്പെടുന്നു . രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇലിപ്പ. ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു വൃക്ഷംകൂടിയാണ് ഇലിപ്പ .
രൂപവിവരണം .
20 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു മരമാണ് ഇലിപ്പ . ധാരാളം ശാഖകളും ഉപശാഖകളും ഉണ്ടാകും . മരത്തിന്റെ തൊലിക്ക് മങ്ങിയ തവിട്ടുനിറമാണ് . തൊലിക്ക് നല്ല മിനുസവുമുണ്ടാകും . ഇതിന്റെ ഇലകൾ ശാഖാഗ്രത്തിൽ കൂട്ടമായി കാണപ്പെടുന്നു . ഇതിന്റെ ഇലകൾ കട്ടിയുള്ളതും തടിച്ച സിരകളോടു കൂടിയതുമാണ് .
ഇതിന്റെ തളിരിലയ്ക്ക് തവിട്ടുനിറമാണ് . ഇലകളിൽ വെളുത്ത നിറത്തിലുള്ള കറയുണ്ട് . ഇലിപ്പയുടെ തടിക്ക് ചുവപ്പുനിറമാണ് .
പൂക്കാലം .
ഡിസംബർ -മാർച്ച് മാസങ്ങളിലാണ് ഇലിപ്പ പൂക്കുന്നത് . പൂക്കൾ കൂട്ടമായി കാണപ്പെടുന്നു . പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ് . ഇവയുടെ മാംസളമായ പൂക്കൾക്ക് നല്ല മധുരമുണ്ടാകും . ഇവയുടെ പൂക്കൾ രാത്രിയിൽ വിരിഞ്ഞ് അടുത്ത ദിവസം തന്നെ പൊഴിഞ്ഞു പോകും . രോമം കൊണ്ടു പൊതിഞ്ഞ ഇവയുടെ പൂമൊട്ടുകൾക്ക് തവിട്ടുനിറമാണ് . വേനൽക്കാലത്താണ് ഇവയുടെ ഫലങ്ങൾ വിളയുന്നത് .ഇതിന്റെ ഫലത്തിൽ ഒന്നോ ,രണ്ടോ വിത്തുകൾ കാണപ്പെടുന്നു . ഇതിന്റെ വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് .
രാസഘടകങ്ങൾ .
ഇലിപ്പയുടെ പുഷ്പ്പത്തിൽ പഞ്ചസാര ,പൊട്ടാഷ് ,ആൽബുമിനോയ്ഡുകൾ , ജലം എന്നിവ അടങ്ങിയിരിക്കുന്നു .ഇലിപ്പയുടെ വിത്തിൽ 50 % വരെ സ്ഥിരതൈലവും ,സ്റ്റെറോൾ ഗ്ലുക്കോസൈഡും , കൊഴുപ്പും ,അന്നജവും ,അടങ്ങിയിരിക്കുന്നു .കൂടാതെ കാർബോഹൈഡ്രേറ്റ് ,നാര് ,പ്രോട്ടീൻ എന്നിവയും ഓർഗാനിക് അമ്ലം ,അൽക്കലോയിഡുകൾ എന്നിവ കുറഞ്ഞ മാത്രയിലും അടങ്ങിയിരിക്കുന്നു . ഇവയുടെ വിത്തിൽ നിന്നും എണ്ണ ആട്ടിയെടുക്കുന്നു .
ഇലിപ്പ വിവിധ ഭാഷകളിലെ പേരുകൾ .
Common name : Honey tree, Indian Butter Tree.
Malayalam : Ilupa, Irippa , Njannal
Tamil : Kattiruppai , Illupei
Telugu : Ippa , Madhukamu
Kannada : ippe
Bengali : Mahuya
Gujarati : Mahudo
Marathi : mhomva , moha
Hindi : Gilaunda, Gulu, Mahua, Vanprasth
Sanskri t: Madhuca, Madhucam, Moha, Vānaprasthh
ഇലിപ്പയുടെ ഉപയോഗങ്ങൾ .
ഇലിപ്പയുടെ തടിക്ക് വെള്ളയും കാതലുമുണ്ട് ,കാതലിനു ഇരുണ്ട ചുവപ്പുനിറമാണ് , നല്ല ഈടും ബലവുമുള്ള തടിയാണ് ഇലിപ്പയുടെ. അതിനാൽ ഫർണീച്ചർ നിർമ്മാണത്തിനും മറ്റും ഉപയോഗിക്കാവുന്നതാണ് . പണ്ടുകാലത്ത് ക്ഷേത്രങ്ങളുടെ വാതിലുകൾ ,രഥങ്ങൾ എന്നിവ ഇലിപ്പയുടെ തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത് , അതുപോലെ പണ്ടുകാലത്ത് ക്ഷേത്രങ്ങളുടെ പരിസരത്ത് ഈ വൃക്ഷം നട്ടുവളർത്തിയിരുന്നു .
കൂടാതെ ഇലിപ്പ പ്രസിദ്ധമായ ഒരു ഔഷധം കൂടിയാണ് .മരത്തിന്റെ തൊലി ,പൂവ് ,കായ ,വിത്ത് എന്നിവ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .ഇലിപ്പയുടെ പൂവ് മദ്യമുണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട് .
പണ്ടുകാലത്ത് ഇലിപ്പയുടെ പൂവ് ഉണക്കി പാകപ്പെടുത്തി ശർക്കരയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നു . വിത്തിൽ നിന്നും ആട്ടിയെടുക്കുന്ന എണ്ണ സോപ്പുണ്ടാക്കാനും ,വിളക്ക് കത്തിക്കാനും ഉപയോഗിക്കുന്നു . കൂടാതെ ഈ എണ്ണ ഭക്ഷ്യയോഗ്യമാണ് . ഇലിപ്പയുടെ എണ്ണയ്ക്ക് നല്ല മഞ്ഞ നിറമാണ് . ഇലിപ്പയുടെ കുരു ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്കിനും ഔഷധഗുണങ്ങളുണ്ട് . സോപ്പ് ഉപയോഗത്തിൽ വരുന്നതിന് മുമ്പ് സോപ്പിനു പകരമായി ഈ പിണ്ണാക്കാണ് കുളിക്കാൻ ഉപയോഗിച്ചിരുന്നത് .
രസാദിഗുണങ്ങൾ.
രസം : മധുരം , കഷായം
ഗുണം : ഗുരു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യ ഭാഗം .
പുഷ്പ്പം , ഫലം ,ഇല ,തൊലി ,വിത്ത് ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ .
ഇലിപ്പയുടെ ഔഷധഗുണങ്ങൾ .
വാതപിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു . ദാഹം ,ജ്വരം ഇവ കുറയ്ക്കുന്നു .പ്രസവശേഷം സ്ത്രീകളിലെ മുലപ്പാൽ വർദ്ധിപ്പിക്കുന്നു . ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . വിത്തിൽ നിന്നും ആട്ടിയെടുക്കുന്ന എണ്ണ വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു .മധുകാസവം ,മാനസമിത്ര വടകം ,അഹിഫേനാസവം , ത്രിഫലഘൃതം , ഏലാദി ചൂർണ്ണം ,അഭയാരിഷ്ടം തുടങ്ങിയ ആയുർവേദ ഔഷധങ്ങളിലെ ഒരു പ്രധാന ചേരുവയാണ് ഇലിപ്പ .
ചില ഔഷധപ്രയോഗങ്ങൾ .
വാതരോഗം .
ഇലിപ്പയുടെ വിത്തിൽനിന്നും ആട്ടിയെടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ ശമിക്കും .
ലൈംഗികശക്തി ,ശരീരശക്തി.
ഇലിപ്പയുടെ പൂവും അതിന്റെ നാലിരട്ടി പാലും നാലിരട്ടി വെള്ളവും ചേർത്ത് കാച്ചി വെള്ളം വറ്റുമ്പോൾ ഇറക്കി 200 മില്ലി വീതം പഞ്ചസാരയും ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗികശക്തി ,ശരീരശക്തി എന്നിവ വർദ്ധിക്കും . പ്രസവശേഷം സ്ത്രീകളുടെ മുലപ്പാൽ വർദ്ധിപ്പിക്കാനും നന്ന് .
ഇലിപ്പയുടെ പൂവ് കുപ്പികളിലാക്കി നിരക്കെ ചെറുതേൻ ഒഴിച്ച് 41 ദിവസം നെല്ലിൽ കുഴിച്ചിട്ട് 41 ദിവസത്തിന് ശേഷം പിഴിഞ്ഞരിച്ച് ഓരോ സ്പൂൺ വീതം ദിവസവും രാവിലെ വെറുവയറ്റിൽ കഴിച്ചാൽ നഷ്ടപ്പെട്ടുപോയ ലൈംഗീകശേഷി തിരിച്ചുകിട്ടും .
ശീഘ്രസ്കലനം .
ഇലിപ്പയുടെ പൂവ് ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് കിടക്കാൻ നേരം കഴിച്ചാൽ ശീഘ്രസ്കലനം ഉണ്ടാകുകയില്ല . ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും നന്ന് .
ശരീരവേദന മാറാൻ .
ഇലിപ്പയുടെ വിത്തിൽനിന്നും ആട്ടിയെടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ ശരീരവേദന മാറും .
മുഖക്കുരു മാറാൻ .
ഇലിപ്പയുടെ കുരു ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്ക് വെള്ളത്തിൽ ചാലിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖക്കുരു മാറും .
ചൊറി മാറാൻ .
ഇലിപ്പയുടെ തൊലി അരച്ച് പുറമെ പുരട്ടിയാൽ ചൊറി മാറും .കുട്ടികളെ തേച്ചു കുളിപ്പിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ചൊറി മാറും .
ചുമ മാറാൻ .
ഇലിപ്പയുടെ പൂവ് കഷായം ഉണ്ടാക്കി കഴിച്ചാൽ ചുമ മാറും .
തലവേദന മാറാൻ .
ഇലിപ്പയുടെ കുരു ആട്ടിയെടുത്ത എണ്ണ തലയിൽ തേച്ചാൽ തലവേദന ശമിക്കും . ഇലിപ്പ പിണ്ണാക്ക് ഉണങ്ങി പൊടിച്ച് മൂക്കിപ്പൊടി പോലെ വലിച്ചാലും തലവേദന മാറും.
ശരീരക്ഷീണം മാറാൻ .
ഇലിപ്പയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണം മാറും .
അപസ്മാരം .
ഇലിപ്പയുടെ കാതൽ, തിപ്പലി, വയമ്പ്, മുളക്, ഇവ സമം അരച്ച് ഇന്തുപ്പു ചേർത്ത് ചൂടുവെള്ളത്തിൽ കലക്കി നസ്യം ചെയ്താൽ അപസ്മാരം, ഉൻമാദം, സന്നിപാതം എന്നിവ മാറും. Buy Madhuca longifolia Healthy Live Plant