Binomial name : Plantago ovata
ഈ സസ്യത്തിന്റെ ജന്മദേശം ഇറാനാണ് . ഇറാനിൽ നിന്ന് പാകിസ്താനിലെത്തി അവിടെനിന്നും ഇന്ത്യയിലേക്കും എത്തി .ഇപ്പോൾ ഇന്ത്യയിൽ ഗുജറാത്ത് ,പഞ്ചാബ് ,സിന്ധ് എന്നിവിടങ്ങളിൽ ധാരാളമായി കൃഷിചെയ്യുന്നു ,കൂടാതെ സ്വാഭാവികമായും ഈ സസ്യം വന്യമായി വളരുന്നു .
രൂപവിവരണം .
ഒരു ഏകവാർഷിക സസ്യമാണ് ഇഷദ്ഗോൾ .രോമങ്ങൾകൊണ്ട് ആവൃതമായതും നല്ല നീളമുള്ള ഇലകളോട് കൂടിയതുമാണ് ഈ സസ്യം .ഇലകൾ നേർത്തതും നല്ലമിനുസമുള്ളതുമാണ് .ഏകദേശം 20 സെ.മി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് . ഇതിൽ ചെറിയ പുഷ്പങ്ങൾ ഉണ്ടാകുന്നു . ഇതിന്റെ ഫലത്തില് 2 വിത്തുകൾ കാണപ്പെടുന്നു . വിത്തിന് ബോട്ടിന്റെ ആകൃതിയാണ് .
രാസഘടകങ്ങൾ .
ഇതിന്റെ വിത്തിൽ ആൽബുമിൻ എന്ന ശ്ലേഷ്മമസ്തു അടങ്ങിയിരിക്കുന്നു .വിത്തിൽ നിന്നും എടുക്കുന്ന എണ്ണയിൽ ലിയോനിക് അമ്ലം അടങ്ങിയിരിക്കുന്നു .
രസാദി ഗുണങ്ങൾ.
രസം : മധുരം
ഗുണം : സ്നിഗ്ധം , ഗുരു , പിൻശ്ചിലം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യഭാഗം .
വിത്ത് ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ ,വിത്തിന്റെ ഉമി .
ഔഷധഗുണങ്ങൾ .
വയറ്റിലുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു ഉത്തമ ഔഷധമാണ് ഇഷദ്ഗോൾ .മലബന്ധം ,വയറിളക്കം ,അമീബ മൂലമുണ്ടാകുന്ന വയറുകടി ,വയറുവേദന ,തലപുകച്ചിൽ ,ആമാതിസാരം ,രക്താതിസാരം ,രക്തധമനികളിൽ രക്തം കട്ടപിടിക്കുക , അമിതവണ്ണം ,പ്രമേഹം ,കൊളസ്‌ട്രോൾ , എന്നിവയ്‌ക്കെല്ലാം വളരെ ഫലപ്രദമായ ഒരു ഔഷധമാണ് ഇഷദ്ഗോൾ .
ഇതിന്റെ വിത്തുകൾ വെള്ളത്തിലിട്ടാൽ നല്ല വഴുവഴുപ്പുള്ളതാകും . ഇതിന്റെ വിത്തിന്റെ പുറത്തെ തോടിന് വെള്ളത്തെ ശേഖരിച്ച് വയ്ക്കാനുള്ള കഴിവുണ്ട് .വെള്ളത്തെ സ്വീകരിച്ചിട്ട് ഇത് സ്വയം വികസിക്കുന്നു .വെള്ളം കിട്ടാത്ത മരുഭൂമി പോലുള്ള പ്രദേശങ്ങളിൽ ഇതിന്റെ വിത്തിൽനിന്നും തൈകൾ കിളിച്ചുവരുമ്പോൾ അവയ്ക്ക് ആവിശ്യമായ ഈർപ്പം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രക്രിയയാണ് ഈ തോടിന്റെ പ്രവർത്തനം . ഇതിന്റെ ഈ പ്രത്യേകതയാണ് ചികിത്സാരംഗത്ത് ഫലപ്രദമാകുന്നത് . ഇതിന്റെ വിത്തിന്റെ ഉമി വേർതിരിച്ചെടുത്താണ് ഇസബ്ഗോൾ ആയി വിപണിയിൽ എത്തുന്നത് .
ഉമി ആയതുകൊണ്ടുതന്നെ ഇതിൽ പോഷകഘടകങ്ങൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല .വെറും ഫൈബർ മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത് . എന്നാൽ ഇത് ഉള്ളിൽ കഴിച്ചാൽ കുറച്ചു നേരത്തേയ്ക്ക് വയറ് നിറഞ്ഞിരിക്കുകയും വിശപ്പ് തോന്നാതിരിക്കുകയും ചെയ്യും. അമിത അളവിൽ ആഹാരം കഴിക്കുന്ന രീതിയെ തടസപ്പെടുത്തുകയും ചെയ്യുന്നു . ഈ ഒരു ഗുണമാണ് പൊണ്ണത്തടിക്കും ,കൊളസ്ട്രോളിനും ,പ്രമേഹത്തിനുമൊക്കെ ഇത് അനുകൂലമായിട്ട് പ്രവർത്തിക്കുന്നത് . ഇത് വെള്ളത്തിൽ കുതിർന്ന് ജെൽ രൂപത്തിലാകുമ്പോൾ ഇതിന്റെ ലാക്‌സിറ്റിവ് സ്വഭാവം കാരണം കുടൽ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുകയും മലത്തെ എളുപ്പന്ന് പുറം തള്ളാനും സഹായിക്കുന്നു .കൂടാതെ ഇതിന്റെ കനത്ത സ്വഭാവം കാരണം മലത്തിന്റെ അളവിനെ വർദ്ധിപ്പിക്കുകയും കുടലിനെ ശുദ്ധമാക്കുകയും ചെയ്യുന്നു .ഇത് കുടലിൽ ജലാംശം നിലനിർത്തി ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു .
ചില ഔഷധപ്രയോഗങ്ങൾ .
തല പുകച്ചിലിന് .
ഇതിന്റെ വിത്ത് വെള്ളത്തിൽ കുതിർത്ത് നെറുകയിൽ വച്ചാൽ തലപുകച്ചിലിന് ശമനം കിട്ടും .
അതിസാരം ,രക്താതിസാരം ,വയറുകടി, കൊളൈറ്റിസ് .
ഇഷദ്ഗോൾ വിത്ത് ചൂടുവെള്ളത്തിലിട്ട് കുറച്ചു പഞ്ചസാരയും ചേർത്ത് കുറച്ചുസമയം വച്ചിരുന്നാൽ ഇത് കുറുകി പായസം പോലെയാകും .രാത്രിയിൽ ആഹാരത്തിന് ശേഷം കഴിച്ചാൽ അതിസാരം ,രക്താതിസാരം ,അമീബ കൊണ്ടുള്ള വയറുകടി, കൊളൈറ്റിസ് എന്നിവയ്ക്ക് ശമനം കിട്ടും .ഇങ്ങനെ കുറച്ചുനാൾ പതിവായി കഴിക്കാവുന്നതാണ് .
മലബന്ധം മാറാൻ .
ഇഷദ്ഗോൾ ഒരു സ്പൂൺ പൊടി ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി ആഹാരത്തിന് ശേഷം കഴിക്കുന്നത് മലബന്ധം മാറാൻ സഹായിക്കും .
വയറിളക്കം മാറാൻ .
ഇഷദ്ഗോൾ പൊടി തൈരിൽ യോജിപ്പിച്ച് ആഹാരത്തിന് ശേഷം കഴിച്ചാൽ വയറിളക്കം മാറിക്കിട്ടും .
പൊണ്ണത്തടി കുറയ്ക്കാൻ .
ഇഷദ്ഗോൾ പൊടി നാരങ്ങാ വെള്ളത്തിൽ ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ പൊണ്ണത്തടി കുറയും .
കാൽ ടീസ്‌പൂൺ ആപ്പിള്‍ സൈഡര്‍ വിനിഗറും , ഒരു ടീസ്പൂൺ ഇസ്ബഗോൾ എന്നിവ വെള്ളത്തിൽ ചേർത്ത് അപ്പോൾ തന്നെ കുടിച്ചാലും പൊണ്ണത്തടി കുറയും .
അസിഡിറ്റി മാറാൻ .
ഇഷദ്ഗോൾ പൊടി ഒരു സ്പൂൺ വീതം വെള്ളത്തിൽ കലർത്തി കഴിച്ചാൽ അസിഡിറ്റി മാറിക്കിട്ടും .