ഉഷ്ണമേഖലാ വനങ്ങളിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഉങ്ങ് . കേരളത്തിൽ ഇതിനെ പുങ്ങ് ,പൊങ്ങ്, പുങ്ക് എന്നീ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കരഞ്ജ എന്ന പേരിലാണ് ഈ വൃക്ഷം അറിയപ്പെടുന്നത് .
Binomial name : Pongamia pinnata
Family : Fabaceae (pea family)
Synonyms : Millettia pinnata, Pongamia glabra, Derris indica, Cytisus pinnatus
Common name : Indian beech, Pongame oil tree , hongay oil tree
Malayalam : Ungu,Pungu, Pongam,Pongu
Tamil : Aciruntam, Akirantam, Alam, Ilanchi, Kanchanam, Karancham, Kentitam, Kiranca maram, Kolliyam, Nakuttam, Nanantam
Telugu : Kaadeputhige, Kaanuga chettu,Kaggera, Krovi, Vyaaghranakamu
Kannada : Honge mara, Huligili mara, Karanja
Bengali : Karanja, Karamaja
Hindi : Kalinga, Karanj, Naktmal, Papar
Gujarati : Kanajhi, Karanja
Punjabi : Sukhchain
Rajasthani : Karanj
Sanskrit : Baddhaphala, Chirabilva, Chitti, Dhvankshavalli, Hasticharini, Hastikaranja, Hastirohanaka, Kalikara, Karaja, Karanja
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,ഫിജി ,ആസ്‌ത്രേലിയ ,മലയ എന്നീ രാജ്യങ്ങളിൽ ഉങ്ങ് കാണപ്പെടുന്നു . ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഇത് കാണപ്പെടുന്നു. നദികളുടെയും അരുവികളുടെയും തീരത്ത് ഈ വൃക്ഷം സമൃദ്ധമായി വളരുന്നു . കേരളത്തിൽ ചില സ്ഥലങ്ങളിൽ തണൽ മരങ്ങളായി റോഡരികിൽ ഈ മരം നട്ടു പിടിപ്പിച്ചിട്ടുണ്ട് .ഇതിന്റെ ഇലകൾക്ക് അന്തിരീക്ഷത്തിലെ മാലിന്യങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട് . അന്തിരീക്ഷ മലിനീകരണം കുറയ്ക്കാൻ വേണ്ടിയാണ് ഇതിനെ തണൽമരമായി നട്ടുവളർത്തുന്നത് .
രൂപവിവരണം .
ഏകദേശം 20 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണ് ഉങ്ങ് . ശാഖോപശാഖകളായി പടർന്ന് പന്തലിച്ചു വളരുന്ന ഒരു ഇടത്തരം വൃക്ഷം . ഇതിന്റെ മരപ്പട്ടയ്ക്ക് ചാരനിറമാണ് .ഇതിൽ തവിട്ടുനിറമുള്ള പുള്ളികൾ കാണപ്പെടുന്നു . ഇവയുടെ തൊലിക്ക് കയ്പ്പുരസമാണ് . നല്ല പച്ച നിറത്തിലുളള ഇലകൾ ഒരു തണ്ടിൽ 5 -7 വരെ കാണും . മാർച്ച് -മെയ് മാസങ്ങളിലാണ് പൂക്കാലം . മരം തളിർത്തതിന് ശേഷമാണ് പൂക്കുന്നത് . കുലകളായി വിരിയുന്ന പൂക്കൾക്ക് നീലനിറമാണ് . ഇതിന്റെ ഫലത്തിന് കട്ടിയുള്ള പുറംതോടുണ്ട് .ഫലത്തിനുള്ളിൽ ഒരു വിത്ത് കാണപ്പെടുന്നു .ഈ വിത്തിൽ ധാരാളം എണ്ണ അടങ്ങിയിട്ടുണ്ട് .
രാസഘടകങ്ങൾ .
മരത്തിന്റെ തൊലിയിൽ കയ്പുരസമുള്ള ഒരു ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . വേരിന്റെ പുറംതൊലിയിൽ കനുഗീൻ ,ഡൈമെതോക്സി കനുഗീൻ എന്നീ രണ്ടു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .പൂക്കളിൽ പൊൻഗാമിൻ , കർസൈറ്റിൻ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിൽ കയ്പ്പുള്ള ഇരുണ്ട നിറത്തോടുകൂടിയ ഒരു തൈലം അടങ്ങിയിട്ടുണ്ട് .ഈ തൈലത്തിൽ കരാൻജിൻ ,പൊൻഗാമോൾ ,ഗ്ളാബ്രിൻ എന്നീ സ്പടിക പതാർഥങ്ങൾ അടങ്ങിയിരിക്കുന്നു .
ഉങ്ങിൻറെ ഉപയോഗം .
ഉങ്ങിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട് .തടിക്ക് ഈട് വളരെ കുറവാണ് .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ല .നല്ലൊരു ഔഷധ വൃക്ഷമാണ് ഉങ്ങ് .ഉങ്ങ് നിൽക്കുന്ന ഭാഗത്ത് എലികൾ വരാറില്ല .
ഔഷധഗുണങ്ങൾ .
ത്വക്ക് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ ഒരു ഔഷധമാണ് ഉങ്ങ് .ആമവാതം ,സന്ധിവാതം ,വ്രണങ്ങൾ ,കുഷ്ഠം ,താരൻ ,കഷണ്ടി ,രക്താർശ്സ്സ് ,രക്തശുദ്ധി , തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധി.വജ്രതൈലത്തിലും ,മഹാവജ്രതൈലത്തിലും ഉങ്ങിന്റെ തൊലി ഒരു ചേരുവയാണ് .കൂടാതെ വില്വാദി ഗുളിക, പാഠകരഞ്ജാദി കഷായം ,മുസ്‌താകരഞ്ജാദി കഷായം എന്നിവയിലെ ഒരു പ്രധാന ചേരുവ കൂടിയാണ് ഉങ്ങ് .
ഔഷധയോഗ്യഭാഗങ്ങൾ - ഇല ,തൊലി ,വിത്ത് ,എണ്ണ ,വേര് .
രസാദി ഗുണങ്ങൾ .
രസം - തിക്തം ,കടു ,കഷായം
ഗുണം - ലഘു ,തീഷ്‌ണം ,സ്‌നിഗ്ധം
വീര്യം - ഉഷ്‌ണം
വിപാകം - കടു
ചില ഔഷധപ്രയോഗങ്ങൾ .
ആമവാതം ,സന്ധിവാതം .
ഉങ്ങിന്റെ ഇല കഷായം വച്ച് പതിവായി കഴിച്ചാൽ ആമവാതം ,സന്ധിവാതം എന്നിവ ശമിക്കും .
രക്താർശസ്സ് .
ഉങ്ങിന്റെ വേര് ഗോമൂത്രത്തിൽ അരച്ച് കഴിക്കുകയും . അതോടൊപ്പം തന്നെ അതെ അളവിൽ മോര് കുടിക്കുകയും ചെയ്താൽ രക്താർശസ്സ് ശമിക്കും . ഉങ്ങിന്‍റെ തളിരില ചെറുതായി അരിഞ്ഞ് ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ദിവസവും കഴിച്ചാല്‍ അര്‍ശസ്സ് വളരെ പെട്ടന്ന് മാറും . ഉങ്ങിന്റെ വേര് കഷായം വച്ചു കഴിച്ചാലും അര്‍ശസ്സ് ശമിക്കും. ഉങ്ങിന്റെ തൊലി അരച്ച് പതിവായി കഴിച്ചാലും രക്താർശസ്സ് ശമിക്കും .
താരൻ ഇല്ലാതാക്കാൻ .
ഉങ്ങിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയിൽ അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് കുറച്ചുദിവസം പതിവായി തലയിൽ തേച്ചാൽ തലയിലെ താരൻ പൂർണ്ണമായും മാറിക്കിട്ടും .
കഷണ്ടി മാറാൻ .
ഉങ്ങിന്റെ പൂവ് അരച്ച് കട്ടിക്ക് തലയിൽ പതിവായി പുരട്ടിയാൽ കഷണ്ടിയിൽ മുടി കിളിർക്കും .
വ്രണങ്ങൾ .
ഉങ്ങിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീരിൽ വേപ്പിലയും ,കരിനൊച്ചിയിലയും അരച്ചു ചേർത്ത് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും പെട്ടന്ന് കരിയും . ഉങ്ങിന്റെ ഇല അരച്ചു പുരട്ടിയാലും വ്രണങ്ങൾ പെട്ടന്ന് കരിയും.
കുഷ്ഠം.
ഉങ്ങിന്റെ ഇല ,ചെത്തിക്കൊടിവേലി വേര് എന്നിവ ഇന്തുപ്പും ചേർത്തരച്ച് മോരിൽ കലർത്തി പതിവായി കഴിച്ചാൽ കുഷ്ഠം. ശമിക്കും .
മാലക്കണ്ണിന് .
ഉങ്ങിന്റെ കുരു മോരിലരച്ച് പതിവായി കണ്ണിലെഴുതിയാൽ മാലക്കണ്ണിന് ഉത്തമമാണ് .
സോറിയാസിസ്.
ഉങ്ങിന്‍റെ ഇല അരിഞ്ഞ് വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ ചൂടാക്കി. ഈ എണ്ണ പതിവായി പുറമെ പുരട്ടിയാൽ സോറിയാസിസ് മാറും .ഉങ്ങിന്റെ കുരുവിൽ നിന്നും എടുക്കുന്ന എണ്ണ പുറമെ പുരട്ടിയാൽ എല്ലാ ത്വക് രോഗങ്ങളും ശമിക്കും.
കൃമിശല്യം .
ഉങ്ങിന്റെ ഇലയുടെ നീര് കഴിച്ചാൽ വയറ്റിലെ കൃമികൾ ഇല്ലാതാകും .
ചൂടുകുരു മാറാൻ .
ഉങ്ങിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു മാറിക്കിട്ടും .
അമിത വണ്ണം കുറയ്ക്കാൻ .
ഉങ്ങിന്റെ വേര് കഷായം വച്ച് പതിവായി കഴിക്കുകയും .മാംസം ,പഞ്ചസാര എന്നിവ ഒഴിവാക്കുകയും ചെയ്താൽ പൊണ്ണത്തടി കുറയും .
പ്രമേഹം ശമിക്കാൻ .
ഉങ്ങിന്റെ പൂവ് അരച്ച് തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .
നല്ല ശോധന ലഭിക്കാൻ .
ഉങ്ങിന്റെ തളിരില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ നല്ല ശോധനയുണ്ടാകും .
സന്ധിവേദന മാറാൻ .
ഉങ്ങിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയും ചെറുനാരങ്ങാനീരും ഒരേ അളവിൽ കലർത്തി പുറമെ പുരട്ടിയാൽ സന്ധിവേദന ,വാതവേദന തുടങ്ങിയവ മാറിക്കിട്ടും . തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ് .
Tags:
വൃക്ഷം