പണ്ടു മുതലേ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് വാളൻ പുളി .നിറയെ ശാഖകളും ഉപശാഖകളുമായി വളർന്നു പന്തലിച്ചു നിൽക്കുന്ന പുളിമരം നാട്ടിലും കാട്ടിലും ഒരുപോലെ കാണപ്പെടുന്നു സൂര്യ രശ്മിയുടെ ദോഷകരമായ കിരണങ്ങളെ ആഗിരണം ചെയ്യാൻ പുളിമരത്തിന് കഴിവുണ്ട് ചില സ്ഥലങ്ങളിൽ തണൽ മരമായി പുളിമരം നട്ടു വളർത്തുന്നു .എന്റെ അറിവിൽ ഏറ്റവും കൂടുതൽ പുളി മരങ്ങൾ തണൽ മരങ്ങളായി വച്ചു പിടിപ്പിച്ചിരിക്കുന്നത് തമിഴ് നാട്ടിലാണ് .നമ്മൾ അവിടെ ചെല്ലുമ്പോൾ കാണാൻ കഴിയും റോഡിന്റെ രണ്ടു സൈഡും നിറയെ പുളിമരങ്ങൾ നാട്ടു വളർത്തിയിരിക്കുന്നത്
ഏതാണ്ട് 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൻ വൃക്ഷമാണ് പുളിമരം ഇതിന്റെ പുറം തൊലി വിള്ളലോടു കൂടി ചാര നിറത്തിൽ കാണപ്പെടുന്നു .ഇതിന്റെ ഇലകൾ നെല്ലി മരത്തിന്റെ ഇലപോലെ വളരെ ചെറുതാണ്.എങ്കിലും മറ്റു വൃക്ഷങ്ങളുടെ ഇലകൾ പോലെ പുളിമരത്തിന്റെ ഇലകൾ പെട്ടന്ന് മണ്ണിൽ ദ്രവിച്ചു ചേരുകയില്ല ഒരുപാടു താമസമെടുക്കും പുളിയില മണ്ണിൽ ദ്രവിച്ചു ചേരാൻ .ഇതിന്റെ ഫലം അരിവാൾ പോലെ തവിട്ടു നിറത്തിൽ കാണപ്പെടും .വിളഞ്ഞു പാകമായ കായ്ക്കുള്ളിൽ തവിട്ടുനിറത്തിൽ പുളിരസമുള്ള മാംസളഭാഗങ്ങളുണ്ട് .ഇതിന്റെ ഉള്ളിൽ കറുത്തവിത്തുകളുണ്ട്.
നല്ല കട്ടിയുള്ള മരമാണ് പുളിമരം ഉണങ്ങിയ പുളിമരം കോടാലിയോ വെട്ടുകത്തിയോ കൊണ്ട് മുറിക്കാൻ പ്രയാസമാണ് അത്രയ്ക്ക് കട്ടിയുള്ള തടിയാണ് പുളിമരം . അതുകൊണ്ടാണ് ഇറച്ചികടയിൽ ഇറച്ചി വെട്ടാൻ പുളിമരത്തിന്റെ തടി ഉപയോഗിക്കുന്നത് .ആനയെ കെട്ടാൻ തടിയുണ്ട് കടുക് പൊതിയാൻ ഇലയില്ല എന്ന പഴഞ്ചൊല്ലിൽ സൂചിപ്പിക്കുന്ന മരം പുളിമരമാണ് .ഇതിന്റെ ഇലകൾക്കും പൂക്കൾക്കും പുളിരസമുണ്ട് .ഫലത്തിൽ മുഖ്യമായി അടങ്ങിയിരിക്കുന്നത് ടാർടാറിക് അമ്ലമാണ് കൂടാതെ സിട്രിക് അമ്ലം ,മാലിക് അമ്ലം എന്നിവയും അടങ്ങിയിരിക്കുന്നു .ജീവകം സിയും, കാൽസ്യം ,പൊട്ടാസ്യം എന്നിവയും 40 ശതമാനത്തോളം പഞ്ചസാരയും അടങ്ങിയിട്ടുണ്ട് .വാളൻ പുളിയുടെ ഇലയും ,പൂവും ,വിത്തും ,ഫലവും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Fabaceae
ശാസ്ത്രനാമം : Tamarindus indica
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്: Tamarind Tree
സംസ്‌കൃതം : അമ്ളികാ, ചിഞ്ചാ, തിന്തിഡഃ
ഹിന്ദി : ഇമലി, അമ്ളി
ബംഗാളി : തേതുൽ
തമിഴ് : ആംബിലം
തെലുങ്ക് : ചീന്ത
രസാദി ഗുണങ്ങൾ
രസം :അമ്ലം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം
ഔഷധഗുണങ്ങൾ
വാതം ശമിപ്പിക്കും ,ദഹനശക്തി വർദ്ധിപ്പിക്കും ,ദാഹം ശമിപ്പിക്കും കഫവും പിത്തവും വർദ്ധിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
വാളൻപുളിയുടെ പൂക്കൾ ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം ദിവസം രണ്ടു നേരം കഴിച്ചാൽ അർശസ്സ് ശമിക്കും
നല്ല പഴക്കമുള്ള പുളി 6 ഗ്രാം വീതം തേനും ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ ശബ്ദം തെളിയും
പുളിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവദനയും ശരീരക്ഷീണവും മാറും
6 ഗ്രാം പുളിയില അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ദിവസം മൂന്നുനേരം വീതം 6 ദിവസത്തോളം കഴിച്ചാൽ മസൂരി ശമിക്കും
പുളിയിലയും ,കറിവേപ്പിലയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ വ്രണം കഴുകുകയും ഉണങ്ങിയ പുളിയില പൊടിച്ചു വ്രണത്തിൽ വിതറുകയും ചെയ്താൽ വ്രണങ്ങൾ പെട്ടന്ന് കരിയും
പുളിയിലയും കയ്യോന്നി നീരും ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ മുടികൊഴിച്ചിൽ മാറും
പുളിയുടെ മാതളം വെള്ളത്തിൽ കലക്കി കുടിച്ചാൽ മലബന്ധം മാറും
പുളിവെള്ളം കുടിച്ചാൽ മദ്യലഹരി മാറും
ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ പുളിയും ഒരു ടീസ്പൂൺ നാരങ്ങാ നീരും,ഒരു ടീസ്പൂൺ തേനും ചേർത്ത് കഴിക്കുന്നത് മുഖത്തിന്റെ തിളക്കം വർധിക്കാൻ സഹായിക്കും
ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ, അത് villagetips80@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക