നമ്മുടെ നാട്ടിൽ പറമ്പിലും വേലിയിലുമെല്ലാം പയറുചെടി പോലെ പടർന്നു വളരുന്ന ഒരു വള്ളിചെടിയാണ് ശംഖുപുഷ്‌പം.വെള്ള പൂക്കളോടുകൂടിയതും ,നീല പൂക്കളോടു കൂടിയതുമായ രണ്ടു തരത്തിലുളള ശംഖുപുഷ്‌പം കാണപ്പെടുന്നു .ഇതിൽ നീല ശംഖുപുഷ്‌പത്തിനാണ് ഗുണങ്ങൾ കൂടുതൽ .നീല ശംഖുപുഷ്‌പമാണ് പുരാതന കാലം മുതൽക്കേ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് .ആയുർവേദത്തിലും,സിദ്ധവൈദ്യത്തിലും ,യുനാനി ,ഹോമിയോയിലും ശംഖുപുഷ്‌പം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .കൂടാതെ ചൈനീസ് മരുന്നുകളിലും ശംഖുപുഷ്‌പം ഉപയോഗിച്ചുവരുന്നു.
ഇതിന്റെ പൂക്കൾ പൂജകൾക്ക് ഉപയോഗിക്കുന്നുണ്ട് . വാസ്തു ശാസ്ത്ര പ്രകാരം നീല ശംഖുപുഷ്‌പം വീടിന്റെ വടക്ക് ,കിഴക്ക് എന്നീ ദിശകളിൽ നട്ടുവളർത്തുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു . ഈ ദിശകളിൽ ഈ ചെടി നടുന്നത് വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്നാണ് വിശ്വാസം .വീടിന്റെ പ്രധാന വാതലിന്റെ വലതുവശത്തും ഈ ചെടി നട്ടുവളർത്തുന്നത് വളരെ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു . ഇങ്ങനെ ചെയ്താൽ ആ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിലനിൽക്കുമെന്നാണ് വിശ്വാസം . എന്നിരുന്നാലും ഈ ചെടി വീടിന്റെ പടിഞ്ഞാറ് അല്ലങ്കിൽ തെക്ക് ദിശയിൽ ഒരിക്കലും നട്ടുവളർത്തരുത് അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും .വ്യാഴം ,വെള്ളി എന്നീ ദിവസങ്ങളിലാണ് വീട്ടിൽ ശംഖുപുഷ്‌പം നടേണ്ടത് .
ശംഖുപുഷ്‌പത്തിന്റെ പൂക്കൾ ഉപയോഗിച്ചു ഉണ്ടാക്കുന്ന ചായ ഹെർബൽ ടീ, ബ്ലൂ ടീ എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഈ ചായ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് .ഇന്തോനേഷ്യയോ , മലേഷ്യയോ ആണ് ഈ സസ്യത്തിന്റെ ജന്മദേശം എന്ന് കരുതപ്പെടുന്നു . ഈ പുഷ്പം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു .ഇതിന്റെ ഗുണങ്ങൾ മനസിലാക്കി ഒരു ഉദ്യാനസസ്യമായി പലരും നട്ടുവളർത്തുന്നു .
BOTANICAL NAME | CLITORIA TERNATEA |
---|---|
FAMILY | FABACEAE (PEA FAMILY) |
ENGLISH | CONCHFLOWER CLITORIA BUTTERFLY BEAN |
MALAYALAM | SAMKHUPUSHPAM |
HINDI | अपराजिता APARAJITA |
TAMIL | சங்கு கன்னிக்கொடி KANNIKKDI |
TELUGU | GILARNIKKA DINTAN GENDUNA |
BENGALI | APARAJITHA DANAKUNI |
MARATI | GOKARNI GOKARNIKA SAMKHA VALLI |
SANSKRIT | KARUVILAI KAKKANAM KAKATAN |
GUJARATI | SAMKHAVALI |
KANNADA | KOYALA, KOYILA |
PART USING | WHOLE PART |
രസാദി ഗുണങ്ങൾ | |
രസം | തിക്തം, കഷായം |
ഗുണം | തീക്ഷ്ണം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
രാസഘടകങ്ങൾ
ശംഖുപുഷ്‌പത്തിന്റെ വേരിന്റെ പുറമെയുള്ള തൊലിയിൽ ടാനിൻ ,അന്നജം ,റസിൻ ,എന്നിവ അടങ്ങിയിട്ടുണ്ട് ,ഇതിന്റെ വിത്തിൽ എണ്ണ ,അന്നജം ,റെസിൻ ,തിക്തരസമുള്ള അമ്ല വസ്തു എന്നിവയും അടങ്ങിയിരിക്കുന്നു .
ഔഷധഗുണങ്ങൾ
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്നു ,ശരീരബലം ലൈംഗികശക്തി എന്നിവ വർധിപ്പിക്കുന്നു ,പൂവിന് ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവം ഇല്ലാതാക്കാനുള്ള കഴിവുണ്ട് ,പനി കുറയ്ക്കും ,ഉറക്കക്കുറവ് പരിഹരിക്കും ,വേര് വിഷം ശമിപ്പിക്കും .
ചില ഔഷധപ്രയോഗങ്ങൾ
ശംഖുപുഷ്‌പത്തിന്റെ വേര് പച്ചയ്ക്കു അരച്ചു 3 ഗ്രാം നെയ്യിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ബുദ്ധിശകതി വർധിക്കും .
നീല ശംഖുപുഷ്‌പം സമൂലം കഷായം വച്ചു കഴിച്ചാൽ ഉറക്കമില്ലായ്മയ്ക്കു വളരെ നല്ലതാണ് .
ശംഖുപുഷ്‌പത്തിന്റെ പൂവ് അരച്ച് ഒരു ഗ്രാം വീതം തേനിൽ ചേർത്ത് കഴിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തശ്രാവം ഇല്ലാതാകും .
ശംഖുപുഷ്‌പത്തിന്റെ വേര് 10 ഗ്രാം പാലിൽ തിളപ്പിച്ച് കഴിച്ചാൽ വയറ്റിലുള്ള മാലിന്യങ്ങൾ പുറംതള്ളും (രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കൈവിഷം ശമിക്കും ).
വെളുത്ത ശംഖുപുഷ്‌പത്തിന്റെ വേര് 5 ഗ്രാം വീതം പാലിൽ അരച്ച് രണ്ട് ആഴ്ച പതിവായി കഴിച്ചാൽ കഴുത്തിലും ,കക്ഷത്തിലുമുണ്ടാകുന്ന കുരുക്കൾ മാറും .
ശംഖുപുഷ്‌പത്തിന്റെ പൂവ് അരച്ചു എള്ളണ്ണയിൽ ചലിച്ചു പതിവായി തലയിൽ തേച്ചാൽ അകാലനര മാറും .
ശംഖുപുഷ്‌പത്തിന്റെ വേര് അരച്ചു വെളുത്തപാണ്ഡുള്ള സ്ഥലങ്ങിൽ പുരട്ടിയാൽ ക്രമേണ പാടുകൾ മാറും .
ശംഖുപുഷ്‌പത്തിന്റെ ഇല കഷായം വച്ച് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് കറിയും .
ശംഖുപുഷ്‌പം സമൂലം 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 400 മില്ലിയാക്കി വറ്റിച്ചു 10 മില്ലി വീതം നെയ്യ് ചേർത്ത് ദിവസം രണ്ടുനേരം വീതം തുടർച്ചയായി 41 ദിവസം കഴിച്ചാൽ മനോവിഭ്രാന്തി,രക്തസമ്മർദ്ദം എന്നിവ മാറും .
ശംഖുപുഷ്‌പത്തിന്റെ രണ്ടോ മൂന്നോ ഇലകൾ വായിലിട്ട് ചവച്ചിറക്കിയാൽ തലവേദന മാറും .ഇതിന്റെ ഇലയും പൂവും ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിച്ചാലും തലവേദനമാറും .
മുഖത്തിന് നിറം കൂട്ടാൻ ശംഖുപുഷ്‌പം ജെൽ
ശംഖുപുഷ്‌പത്തിന്റെ ഒരു പിടി പൂക്കളെടുത്ത് അതിൽ ആവിശ്യത്തിന് റോസ് വാട്ടർ ഒഴിച്ച് വയ്ക്കുക .അഞ്ചോ ,ആറോ മണിക്കൂറിന് ശേഷം ശംഖുപുഷ്‌പത്തിന്റെ പൂക്കളുടെ നിറം റോസ് വാട്ടറിലേയ്ക്ക് കലരും .ഇതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലും നന്നായി യോജിപ്പിക്കുക .ഇത് രാത്രിയിൽ മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മുഖത്തു പുരട്ടി നന്നായി മസ്സാജ് ചെയ്യുക .രാവിലെ കഴുകിക്കളയാം .കുറച്ചു ദിവസം പതിവായി ചെയ്താൽ മുഖത്തിന് നല്ല നിറം കിട്ടും .
ശംഖുപുഷ്‌പം മാസ്ക്
ശംഖുപുഷ്‌പത്തിന്റെ ഒരു പിടി പൂക്കളെടുത്ത് അതിൽ ആവിശ്യത്തിന് വെള്ളമൊഴിച്ച് വയ്ക്കുക .വെള്ളത്തിന് നീലനിറമാകുമ്പോൾ ശംഖുപുഷ്‌പത്തിന്റെ പൂക്കൾ മാറ്റി വെള്ളത്തിന് ആനുപാതികമായി അരിപ്പൊടിയും ചേർത്ത് ഒപ്പം കറ്റാർ വാഴ ജെൽ ,തേൻ എന്നിവയും ചേർത്ത് നന്നായി യോചിപ്പിച്ച് മുഖത്ത് തേയ്ച്ചുപിടിപ്പിക്കുക .20 മിനിറ്റിനു ശേഷം കഴുകി കളയാം .ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ മുഖത്തെ ചുളിവുകൾ മാറി മുഖത്തിന് നല്ല തിളക്കം കിട്ടും.
നീല ചായ അഥവ ബ്ലൂ ടീ
ശംഖുപുഷ്‌പത്തിന്റെ ഉണങ്ങിയതോ ,ഉണങ്ങാത്തതോ ആയ പൂക്കൾകൊണ്ട് തയാറാക്കുന്ന പാനീയമാണ് നീല ചായ അഥവ ബ്ലൂ ടീ എന്ന് അറിയപ്പെടുന്നത് .ഇതിൽ തേയിലപ്പൊടിയോ ,പഞ്ചസാരയോ ചേർക്കാറില്ല .വിഷാദം ,ആകാംഷ ,ശരീരക്ഷീണം ,ഉറക്കക്കുറവ് ,ഓർമ്മശക്തി ,പ്രമേഹം,ജലദോഷം ആസ്മ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് നീല ചായ,ഇത് ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ മൂന്നോ ,നാലോ ശംഖുപുഷ്‌പത്തിന്റെ പൂക്കൾ ഇട്ട് ചെറിയ ചൂടോടെയാണ് കുടിക്കേണ്ടത് .