ഔഷധങ്ങൾ ശുദ്ധി ചെയ്യുന്ന രീതി

 

അമുക്കുരം എങ്ങനെ ശുദ്ധിചെയ്യാം, ശതാവരിക്കിഴങ്ങ് എങ്ങനെ ശുദ്ധിചെയ്യാം,നിലപ്പനക്കിഴങ്ങ് എങ്ങനെ ശുദ്ധിചെയ്യാം. ഭൂനാഗം (ഞാഞ്ഞൂൽ) എങ്ങനെ ശുദ്ധിചെയ്യാം,വത്സനാഭി എങ്ങനെ ശുദ്ധിചെയ്യാം,മേന്തോന്നിക്കിഴങ്ങ് എങ്ങനെ ശുദ്ധിചെയ്യാം,മലങ്കാരയ്ക്ക എങ്ങനെ ശുദ്ധിചെയ്യാം,മുത്തങ്ങ എങ്ങനെ ശുദ്ധിചെയ്യാം,നത്തയ്ക്ക എങ്ങനെ ശുദ്ധിചെയ്യാം,നാഗദന്തി എങ്ങനെ ശുദ്ധിചെയ്യാം,നാഗദന്തിക്കുരു എങ്ങനെ ശുദ്ധിചെയ്യാം,നീർവാളം എങ്ങനെ ശുദ്ധിചെയ്യാം,ഗുഗ്ഗുലു എങ്ങനെ ശുദ്ധിചെയ്യാം,ചീനപ്പാവ് എങ്ങനെ ശുദ്ധിചെയ്യാം,ചേർക്കുരു എങ്ങനെ ശുദ്ധിചെയ്യാം,കാട്ടുചേന എങ്ങനെ ശുദ്ധിചെയ്യാം,കഴഞ്ചിക്കുരു  എങ്ങനെ ശുദ്ധിചെയ്യാം,കടുകുരോഹിണി എങ്ങനെ ശുദ്ധിചെയ്യാം,കാഞ്ഞിരക്കുരു എങ്ങനെ ശുദ്ധിചെയ്യാം,കുന്നിക്കുരു ,കുന്നിവേര് എങ്ങനെ ശുദ്ധിചെയ്യാം,കായം എങ്ങനെ ശുദ്ധിചെയ്യാം,കഞ്ചാവ് എങ്ങനെ ശുദ്ധിചെയ്യാം,കൊടുവേലി എങ്ങനെ ശുദ്ധിചെയ്യാം,ഉലുവ എങ്ങനെ ശുദ്ധിചെയ്യാം, ഉമ്മത്തിൻ കുരു എങ്ങനെ ശുദ്ധിചെയ്യാം,അമരി (നീലയമരി )എങ്ങനെ ശുദ്ധിചെയ്യാം,അവണക്കെണ്ണ  എങ്ങനെ ശുദ്ധിചെയ്യാം ,ആവണക്കിൻക്കുരു എങ്ങനെ ശുദ്ധിചെയ്യാം,ആവീരക്കുരു ,നീരട്ടിക്കുരു എങ്ങനെ ശുദ്ധിചെയ്യാം,അതിവിടയം എങ്ങനെ ശുദ്ധിചെയ്യാം,അരളി (കണവീരം) എങ്ങനെ ശുദ്ധിചെയ്യാം,

നമ്മുടെ ചുറ്റുപാടിൽ കാണുന്ന ചെറുതും വലുതുമായ പല ഔഷധസസ്യങ്ങളും അവയുടെ  ഫലങ്ങളും, വേരുകളും , ഏതെങ്കിലും രീതിയിൽ ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു അവയിൽ പലതിനും വിഷമുള്ളവയാണ് ,ശെരിയ രീതിയിൽ അവയുടെ വിഷാംശം കളയാതെ ഔഷധനിർമ്മാണത്തിന് ഉപയോഗിച്ചാൽ പലവിധ ദോഷങ്ങളും ഉണ്ടാകും  

 

ഡോളായന്ത്രവിധി

 2 ലിറ്റർ കൊള്ളുന്ന ഒരു മൺപാത്രത്തിന്റെ വക്കിന് അൽപ്പം താഴെയായി നേർക്കുനേരെ രണ്ടു ഭാഗത്തും ഓരോ വാരമുണ്ടാക്കുക.അതിൽ ബലമുള്ള   ഒരു കമ്പ് കടത്തിവയ്ക്കുക. പാകപ്പെടുത്തേണ്ട വസ്തു  നുറുക്കി തുണിയിൽ കിഴിയാക്കി കെട്ടികമ്പിൽ കെട്ടിത്തൂക്കുക.  പാകത്തിന്റെ ദ്രാവകം ചാണകനീര് കെട്ടിത്തൂക്കിയ വസ്തുവിൽ തട്ടാത്ത ഉയരത്തിൽ പാത്രത്തിലൊഴിക്കുക. ചേരുന്ന ഒരു അടപ്പുകൊണ്ട്  അടച്ച്  ആവി പുറത്തുപോകാത്ത രീതിയിൽ വക്ക്  കളിമണ്ണ് തേച്ച തുണികൊണ്ട്  ചുറ്റിക്കെട്ടുക. പിന്നീട് കലത്തിനടിയിൽ തീയിടുക, ദ്രാവകത്തിൽ നിന്നുണ്ടാകുന്ന ആവിയേറ്റ് കെട്ടിത്തൂക്കിയിരിക്കുന്ന വസ്തുപാകപ്പെടുന്നു.(ഓരോ ഔഷധത്തിനും വ്യത്യസ്തമാണ് എല്ലാത്തിനും ചാണകനീര്‌ അല്ല ഉപയോഗിക്കുന്നത് ചില ഔഷധങ്ങൾക്ക് ചാണകണ്ണീരിനു പകരം പാല് ആയിരിക്കും അങ്ങനെ ഓരോന്നിനും വിത്യസ്തപ്പെടാം )

1 അരളി (കണവീരം) 

ഗോമൂത്രത്തിൽ ഇട്ട് മൂന്നു ദിവസം വെയിലത്ത് വച്ചതിന് ശേഷം കഴുകി ഉണക്കി പശുവിൻ പാലിൽ വേവിച്ച് വീണ്ടും കഴുകി ഉണക്കിയെടുത്താൽ ശുദ്ധിയാകും 

 പശുവിൻ പാലിൽ ഡോളായന്ത്രവിധിപ്രകാരം പാകം ചെയ്താൽ അരളി ശുദ്ധമാകും

2 അതിവിടയം 

 ചാണകണ്ണീരിൽ ഡോളായന്ത്രവിധിപ്രകാരം ശുദ്ധി ചെയ്ത് കഴുകി വെയിലത്ത് ഉണക്കിയെടുത്താൽ അതിവിടയം ശുദ്ധമാകും

അതിവിടയത്തിന്റെ കിഴങ്ങ് അരിഞ്ഞ് ഒരു രാത്രി ഗോമൂത്രത്തിൽ ഇട്ടശേഷം  കഴുകി ഉണക്കി എടുക്കുക

3 ആവീരക്കുരു ,നീരട്ടിക്കുരു 

അത്തിത്തോൽ കഷായവും ,ചാണകവെള്ളവും ചേർത്ത് അതിൽ പുഴുങ്ങി കഴുകി ഉണക്കിയെടുക്കുക 

 4 ആവണക്കിൻക്കുരു

നാളികേര വെള്ളത്തിൽ ഒരു യാമം നേരം പാകം ചെയ്താൽ ശുദ്ധിയാകും (ഒരു ദിവസം 8 യാമങ്ങളാണ് ഓരോ യാമവും മുന്ന് മണിക്കൂർ ദൈർഘ്യമുള്ളതാണ് )

5 അവണക്കെണ്ണ  

വായ വലിപ്പമില്ലാത്ത കുപ്പിയിൽ മുക്കാൽ ഭാഗം എണ്ണയൊഴിച്ച് കാൽഭാഗം മണലിട്ടുമൂടി വെയിലത്തു വച്ച് തെളി ഊറ്റി എടുത്താൽ ശുദ്ധമാകും എല്ലാ എണ്ണകളും ഇതുപോലെ ശുദ്ധി ചെയ്യാം

6  അമരി (നീലയമരി )

വെള്ളത്തിൽ മൂന്നു മണിക്കൂർ ഇട്ടു വച്ചതിന് ശേഷം വെയിലത്ത് ഉണക്കിയെടുക്കുക 


7  ഉമ്മത്തിൻ കുരു 

ഗോമൂത്രത്തിൽ 30 നാഴിക ഇട്ടു വച്ചതിന് ശേഷം കഴുകി ഉമി കളഞ്ഞു ചെറുനാരങ്ങാ നീരിൽ കുതിർത്ത് ഉണക്കിയെടുക്കുക (24 മിനിട്ടാണ് ഒരു നാഴിക )

8  ഉലുവ 

കഞ്ഞിവെള്ളത്തിൽ അര നാഴിക നേരം ഇട്ടുവച്ചാൽ ശുദ്ധിയാകും 

9 കൊടുവേലി 

കൊടുവേലിക്കിഴങ്ങ് എരുമച്ചാണകത്തിൽ പുഴുങ്ങി ശുദ്ധ ജലത്തിൽ കഴുകിയെടുത്താൽ ശുദ്ധമാകും / അല്ലങ്കിൽ ചുണ്ണാമ്പുവെള്ളത്തിൽ കുറച്ചുനേരം( ചുണ്ണാമ്പ് വെള്ളം ചുവപ്പ് നിറമാകുന്നതു വരെ ) ഇട്ടു വച്ചതിനുശേഷം കഴുകി നിഴലിൽ ഉണക്കിയാൽ ശുദ്ധമാകും 

 10 കഞ്ചാവ് 

60 നാഴിക നേരം ശുദ്ധമായ ഒഴുക്കുവെള്ളത്തിൽ ഇട്ട് വെള്ളം കളഞ്ഞ ശേഷം ഇളനീർ വെള്ളത്തിലും ,കോവനീരിലും, പാലിലും ഓരോന്നിലും പുഴുങ്ങുകയും ഉണക്കുകയും ചെയ്യുക (24 മിനിട്ടാണ് ഒരു നാഴിക )

11 കായം 

ഒരു ലോഹപാത്രത്തിൽ നെയ്യൊഴിച്ച് അതിൽ വറത്തെടുക്കുക 

12 കുന്നിക്കുരു ,കുന്നിവേര് 

എരുമചാണക വെള്ളത്തിൽ പല പല പ്രാവിശ്യം കഴുകി മുത്തങ്ങ കഷായത്തിൽ ഇട്ട് നല്ല വെയിലിൽ വറ്റിച്ചെടുക്കുക 


13 കാഞ്ഞിരക്കുരു 

കാഞ്ഞിരക്കുരു പാലിൽ പുഴുങ്ങിയ ശേഷം നെയ്യിൽ വറുത്തെടുത്തൽ ശുദ്ധമാകും 

മോരിൽ പുഴുങ്ങിയ ശേഷം പുറത്തെ തോലും അകത്തെ തളിരും കളഞ്ഞു ഞാറയിലായോ ,ഞാവലിലായോ പിഴിഞ്ഞെടുത്ത നീരിൽ പുഴുങ്ങിയാൽ കാഞ്ഞിരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും 

14 കടുകുരോഹിണി 

ചൂടു പാലിൽ കഴുകിയാൽ ശുദ്ധമാകും 

15 കഴഞ്ചിക്കുരു 

തോട് കളഞ്ഞ് ചൂടുവെള്ളത്തിൽ കഴുകിയാൽ ശുദ്ധമാകും

16 കാട്ടുചേന 

ചാണക വെള്ളത്തിലോ ,പുളിയിലനീരിലോ പുഴുങ്ങിയാൽ ശുദ്ധമാകും 3 പ്രാവിശ്യം വെള്ളത്തിൽ വേവിച്ചൂറ്റി തൈര് ചേർത്താലും ശുദ്ധമാകും 

17 ചേർക്കുരു 

ചേർക്കുരു ചതച്ച് മൂന്നുദിവസം രാത്രി സമയം ഗോമൂത്രത്തിലിട്ട് വെക്കുകയും പകൽ അതിൽനിന്നെടുത്ത് വെയിലത്ത് വെച്ചുണക്കുകയും വേണം . അപ്രകാരം ചെയ്തശേഷം താന്നിവർ തൊലിക്കഷായത്തിൽ പുഴുങ്ങി ഉണക്കിയെടുക്കണം  അതിനുശേഷം എരുമച്ചാണകനീരിൽ പുഴുങ്ങി ഉണക്കുക. ശേഷം കാടിവെള്ളം കൊണ്ടു കഴുകുക.

ചേർക്കുരു ചാണകനീരിൽ മൂന്നുദിവസം ഇട്ടുവച്ചശേഷം പച്ചവെള്ളത്തിലും കരിക്കിൻ വെള്ളത്തിലും കഴുകിയെടുക്കുക.
ചേർക്കുരു കഷണങ്ങളാക്കി  ഇഷ്ടികപ്പൊടിയിലിട്ട് ഇളക്കി വെക്കുക.ഏഴു ദിവസം കഴിഞ്ഞെടുക്കുക.


18 ചീനപ്പാവ്

പാലിലോ കാട്ടുവെള്ളരിനീരിലോ കൂവളത്തിൻ വേര് കഷായത്തിലോ വേവിച്ച് വറ്റിച്ചുണക്കിയാൽ ചീനപ്പാവ് ശുദ്ധമാകും.

നല്ലതുപോലെ ഉണക്കി ഇടിച്ചു പൊടിച്ച് ഒരു പുതിയ കലത്തിൽ പാലൊഴിച്ച് മുണ്ടുകൊണ്ട് വായ്കെട്ടി അതിൽ പൊടി വിതറി മറ്റൊരു മൺപാത്രം കൊണ്ടടച്ച് ശീലമൺ ചെയ്ത് ഒരു യാമം തീയെരിച്ച് പൊടിയെടുത്ത് വെയിലത്ത് ഉണക്കിയ്യെടുക്കുക

19 ഗുഗ്ഗുലു

പാലിലോ ,ചിറ്റമൃതിൻ കഷായത്തിലോ ,ത്രിഫല കഷായത്തിലോ ഡോളായന്ത്രവിധിപ്രകാരം പാകം ചെയ്താൽ ഗുഗ്ഗുലു ശുദ്ധമാകും  

 വേപ്പിൻതൊലി, കണ്ടകാരി, തഴുതാമ, മുത്തങ്ങ, കിരിയാത്ത്, ആടലോടകം, വെളുത്തനൊച്ചി, പടവലം എന്നിവ   ഓരോപിടിവീതം മൺകലത്തിലിട്ട് വെള്ളമൊഴിച്ച് തുണികൊണ്ടു വായ്‌ കെട്ടി ആ തുണിയിൽ ഗുഗ്ഗുലു ഇട്ട് മറ്റൊരു പാത്രംകൊണ്ടു വാ മൂടി ശീലമൺചെയ്ത് ഒരു യാമം തീ കത്തിച്ച് എടുത്താൽ ശുദ്ധിയാകും

20  നീർവാളം

എരുമച്ചാണകം കലക്കി അതിൽ നീർവാളം ഇട്ടു വേവിച്ച് എടുത്തുകഴുകി ഓരോന്നും മുറിച്ച് തൊലിയും മുളയും കളഞ്ഞ് നനുത്ത തുണിയ്ക്കകത്ത് അഴച്ചുകെട്ടി പച്ചരിയിട്ട്  കലത്തിലാക്കി അരി വേകുമ്പോൾ കിഴിയെടുത്തു പിന്നെയും കിഴികെട്ടി പാലിൽ പുഴുങ്ങി, നിഴലിലുണക്കി ഒരു മൺപാത്രത്തിൽ കുറച്ച് ആവണക്കെണ്ണ തടവി അതിലിട്ട് വറുത്തെടുത്താൽ എല്ലാ ഔഷധങ്ങളിലും ചേർക്കാവുന്നവിധം ശുദ്ധമാകും.

എരുമച്ചാണകം കലക്കി അതിൽ നീർവാളക്കുരു ഇട്ട് രണ്ടു മണിക്കൂർ വേവിക്കുക വെന്തുകഴിയുമ്പോൾ കുരുവിന്റെ പുറത്തുള്ള കറുത്ത ആവരണം പൊട്ടി വരും അത് നീക്കം ചെയ്ത  ശേഷം കരിക്കിൻവെള്ളത്തിൽ പത്തുമിനിറ്റ് ഇട്ടു വയ്ക്കുക പത്തു മിനിറ്റിനുശേഷം എടുത്ത ഉണങ്ങിഎടുക്കുമ്പോൾ നീർവാളകുരു ശുദ്ധിയാകും.

21 നാഗദന്തിക്കുരു

നാളികേര വെള്ളത്തിൽ ഒരു യാമം നേരം പാകം ചെയ്താൽ ശുദ്ധിയാകും 

 22 നാഗദന്തി

 വേര് തേങ്ങാപ്പാലിലിട്ട് ഏഴു നാഴിക വേവിച്ച് കഴുകി ഉണക്കിയെടുക്കുക

23  നത്തയ്ക്ക 

നാരങ്ങാനീര് ഒഴിച്ച് ആവിയിൽ വേവിച്ച് ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക

24 മുത്തങ്ങ 

മുത്തങ്ങ അല്പം ചതച്ച് മൂന്നു ദിവസം കാടിയിലിട്ട് പിന്നെ പഞ്ചപല്ലവ ജലത്തിൽ  ഡോളായവിധിപ്രകാരം സ്വേദിപ്പിച്ച് വെയിലിൽ ഉണക്കി ശർക്കര വെള്ളത്തിൽ  പാകം ചെയ്തു വറ്റിച്ച് പൊടിച്ച് ആട്ടിൻമൂത്രത്തിലും മുരിങ്ങത്തൊലിക്കഷായത്തിലും ഭാവന ചെയ്യുക

25 മലങ്കാരയ്ക്ക

മലങ്കാരയ്ക്ക  കഴുകി കുശപ്പുല്ലുകൊണ്ടു മെടഞ്ഞുണ്ടാക്കിയ കൊട്ടയിൽ ആക്കി വരിഞ്ഞുകെട്ടി ചാണകംകൊണ്ട് പൊതിഞ്ഞ് നെല്ലിൽ കുഴിച്ചിട്ട് എട്ടുദിവസം കഴിഞ്ഞു  കായകൾ പുറത്തെടുത്ത് വെയിത്തുണക്കിയശേഷം വിത്ത് പുറത്തെടുത്ത് തൈരും, നെയ്യും, തേനും, എള്ള് അരച്ചതും ചേർത്ത്  തിരുമ്മി കഴുകി ഉണക്കി മൺപാത്രത്തിലാക്കി അടച്ചു സൂക്ഷിക്കുക.

26 മേന്തോന്നിക്കിഴങ്ങ്

 മേന്തോന്നിക്കിഴങ്ങ് ഒരു ദിവസം മുഴുവൻ ഗോമൂത്രത്തിലിട്ടു വെച്ച ശേഷം ചിറ്റമൃതും, ചെറുചീരവേരും കഷായം വെച്ച് അതിൽ മുപ്പതുനാഴിക ഇട്ടുവെക്കുക. അതിനു ശേഷം  പശുവിൻ പാലിൽ ഒരുദിവസം മുഴുവനും ഇട്ടുവെക്കുക.  ശുദ്ധമാകും.

27 വത്സനാഭി 

ഗോമൂത്രത്തിലിട്ട് മൂന്നുദിവസം വെയിലത്ത് വച്ച ശേഷം  കഴുകിയുണക്കി പശുവിൻപാലിൽ വേവിച്ച് വീണ്ടും കഴുകി ഉണക്കിയെടുത്താൽ ശുദ്ധമാകും

28 ഭൂനാഗം (ഞാഞ്ഞൂൽ) 

ഒരു മൺപാത്രത്തിലിട്ട് പശുവിൻ പാലൊഴിച്ച് 3 യാമം വെക്കുമ്പോൾ ഉള്ളിലെ മണ്ണെല്ലാം പുറത്തു വരും. പിന്നീട് വെള്ളത്തിലിട്ട് കഴുകി ഉണക്കിയെടുത്താൽ ശുദ്ധമാകും 

 29 അമുക്കുരം, ശതാവരിക്കിഴങ്ങ് നിലപ്പനക്കിഴങ്ങ്

 പാലിലോ കാട്ടുവെള്ളരിനീരിലോ കൂവളത്തിൻ വേർക്കഷായത്തിലോ വേവിച്ച് വറ്റിച്ചുണക്കിയാൽ ശുദ്ധമാകും


Previous Post Next Post