അറിയാം ഗുണങ്ങളും ദോഷങ്ങളുമടങ്ങിയ അടയ്ക്ക

കേരളത്തിലെ പ്രസിദ്ധമായ ഒരു കാർഷിക വിളയാണ് അടയ്ക്ക.കേരളത്തിൽ വ്യാപകമായി അടയ്ക്ക കൃഷി ചെയ്യുന്നു.മുറുക്കുന്നതിന് വേണ്ട പ്രധാന ഘടകം അടയ്ക്കായാണ്.

അടയ്ക്കാത്തോട് അഴുക്കി വളമായും, ഇതിന്റെ പാള പ്ലേറ്റ് തുടങ്ങിയ പലതരം വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.മാത്രമല്ല അടയ്ക്കാമരം ഒരു വിഷസസ്യം കൂടിയാണ്. .കേരളത്തിൽ ഇതിനെ കമുക് , കവുങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ അരെക്കാ പാം ,ബീറ്റൽ നട്ട് പാം എന്നീ പേരുകളിലും .സംസ്‌കൃതത്തിൽ പുഗിഫലം ,പുഗാ എന്നീ പേരുകളിലും അറിയപ്പെടുന്നു .

അടക്ക,അടയ്ക്ക,അടയ്ക്ക പൊളിയ്ക്കുന്ന,അടയ്ക്ക പെറുക്കുന്നവർ,അടക്ക കൃഷി,അടക്ക നഴ്സറി,അടക്ക വിൽക്കാൻ വരട്ടെ,അടക്ക കര്‍ഷകര്‍,അടക്ക പൊളിക്കുന്ന മെഷീൻ,ഇന്നത്തെ അടക്ക വില,അടക്ക പാകുന്നരീതി,അടക്കാമരം,അടക്കവിത്ത്,പാക്ക്,അടക്കാ തോട്ടം,അടക്കപാകുന്നവിധം,കമുക് കൃഷി,മാർക്കറ്റ്,കുള്ളന് കവുങ്ങ് കൃഷി,സന്തോഷ് ഏച്ചിക്കാനം,കവുങ്ങ് കൃഷി,കവുങ്ങ് കൃഷി രീതി,അതൊക്കെ വിളിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ സൂക്ഷിക്കുക,കവുങ്ങ് കൃഷി മരുന്ന്,കമുക് വിത്ത് പാകുന്ന വിധം


  • Botanical name-Areca catechu
  • Family-Arecaceae (Palm family)
  • Common name-Betel Palm, Areca palm, Areca-nut palm
  • Sanskrit-Kramuka, Guvagom , Adokam ,Pumga
  • Hindi-Chamarpushpa, Guvak, Guwa, Khapur, Pug, Pugi, Pungi, Supari, Udveg
  • Tamil-Kamuhu,Pakku ,
  • Malayalam-Adaykka ,Kamuku, Paakku
  • Telugu-Vakka, Chikni ,Paka Kaya
  • Bengali-Supari
  • Gujarati-Supari , Ayrike
  • Marathi-Supari
  • Punjabi-Supari
  • Odia-Tebelu
  • Kannada-Asike ,Pugee Phala
വിതരണം .

കേരളത്തിലെ പ്രസിദ്ധമായ ഒരു കാർഷിക വിളയാണ് അടയ്ക്ക .കേരളത്തിൽ വ്യാപകമായി അടയ്ക്ക കൃഷി ചെയ്യുന്നു .കൂടാതെ തമിഴ്നാട് ,കർണ്ണാടകം ,മഹാരാഷ്ട്ര ,പശ്ചിമബംഗാൾ ,ഒഡീഷ ,ആന്ധ്രാ എന്നിവിടങ്ങളിലും അടയ്ക്ക കൃഷി ചെയ്യുന്നു .

അടയ്ക്ക ആദ്യം കൃഷി ചെയ്തത് ആഫ്രിക്കയിലാണെന്ന് പറയപ്പെടുന്നു. വിയറ്റ്നാമോ ,ഇന്ത്യയോ ആണ് ഇതിന്റെ ജന്മദേശം എന്ന് കരുതുന്നു.ഇപ്പോൾ ആഫ്രിക്ക, അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും അടയ്ക്കാ കൃഷി ചെയ്യുന്നുണ്ട് .

സസ്യവിവരണം .

ഏകദേശം 23 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം .ഇവയുടെ സിലിണ്ടറാകൃതിയുള്ള കാണ്ഡത്തിന് 10 മുതൽ 15 സെ.മി വരെ ചുറ്റുവണ്ണമുണ്ടാകും .വൃക്ഷത്തിന്റെ തലപ്പത്ത് ഇലകൾ കൂട്ടമായി കാണപ്പെടുന്നു .പത്രവൃന്തം പരന്ന് കാണ്ഡത്തിന്റെ ചുറ്റി സ്ഥിതിചെയ്യുന്നു .ഇതാണ് കവുങ്ങിൻ പാള .

അടയ്ക്കാമരം 6 മുതൽ 8 വർഷംകൊണ്ട് പുഷ്പ്പിക്കും .പുഷ്പങ്ങൾ കുലകളായി കാണപ്പെടുന്നു .ഒരു കുലയിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാകും .ഒരു കുലയിൽ തന്നെ അനേകം ഫലങ്ങൾ ഉണ്ടാകും .

ഫലങ്ങൾ പാകമാകാൻ ശരാശരി 10 മാസം വേണ്ടിവരും .പച്ചനിറത്തിലുള്ള ഫലങ്ങൾ പഴുക്കുമ്പോൾ ഓറഞ്ചുനിറത്തിൽ ആകുന്നു (പഴുക്കാ പാക്ക്‌ ) നാരുകളാൽ പൊതിഞ്ഞ ഫലത്തിനുള്ളി ഒറ്റ വിത്തുമാത്രമേ കാണപ്പെടുകയൊള്ളു. ഈ വിത്ത്  അടയ്ക്കാ പാക്ക് എന്ന പേരിൽ അറിയപ്പെടുന്നു .

കവുങ്ങ് ഇനങ്ങൾ .

മംഗള,ശ്രീമംഗള,ഇന്റെർ സി മംഗള, സുമങ്ങള, മോഹിത്നഗർ, ഹിരെല്ലിയ ,കോഴിക്കോട് 17,സാസ്-1 ,തിര്‍ത്തഹള്ളി,ഹിരേള്ളി ഡ്വാര്‍ഫ്,സൗത്ത് കാനറ,ശ്രീവര്‍ദ്ധന്‍ തുടങ്ങിയ നിരവധി ഇനങ്ങളുണ്ട് .

ഇതിൽ കേരളത്തിൽ കൃഷിചെയ്യാൻ പറ്റിയ ഇനങ്ങൾ ഇന്റെർ സി മംഗള,സുമംഗള,മംഗള,മൊഹിത് നഗര്‍,ശ്രീ മംഗള, കാസര്‍കോഡന്‍ എന്നീ ഇനനങ്ങളാണ് .

ഇന്റെർ സി മംഗള.

ഇന്ന് കേരളത്തിൽ കൃഷിചെയ്യാൻ ഏറ്റവും കൂടുതൽ കർഷകർ തിരഞ്ഞെടുക്കുന്ന ഇനം ഇന്റെർ സി മംഗളയാണ് .കാരണം ഇത് പെട്ടന്ന് കായ്‌ഫലം തരുന്നു എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത .

ഇന്റെർ സി മംഗള 2 വർഷംകൊണ്ട് കായ്‌ഫലം തരുമെന്നാണ് നേഴ്‌സറിക്കാർ പറയുന്നത് .എന്നാൽ അത് വെറും തള്ള് മാത്രമാണ് .ഇന്റെർ സി മംഗള കായ്യ്ക്കണമെങ്കിൽ മൂന്നര മുതൽ നാല് വർഷം വേണ്ടിവരും .യഥാർത്ഥ കായ്‌ഫലം കിട്ടണമെങ്കിൽ 5 വർഷം വേണ്ടിവരും .

ഇന്റെർ സി മംഗളയ്ക്ക് രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ  കൂടുതലാണ് . 100 തൈകൾ നട്ടാൽ 85 എണ്ണം പ്രതീക്ഷിച്ചാൽ മതി .കാരണം ഇതിന് മഞ്ഞളിപ്പ് പോലൊരു രോഗം വരും .ഈ രോഗം വന്നാൽ ക്രെമേണ ഇത് മൂടോടെ ഉണങ്ങിപോകുകയാണ് ചെയ്യുന്നത് .മഞ്ഞളിപ്പ് രോഗത്തിന് ഫലപ്രദമായ കീടനാശിനിയോ ,മറ്റ് മരുന്നുകളോ ഇന്നും നിലവിലില്ല .

ഉപയോഗങ്ങൾ .

മുറുക്കുന്നതിന് വേണ്ട പ്രധാന ഘടകം അടയ്ക്കായാണ്. പാൻപരാഗ്,റോജാപാക് തുടങ്ങിയ പാൻമസാലകളുടെ മുഖ്യഘടകം അടയ്ക്കായാണ് .അടയ്ക്കാത്തോട് അഴുക്കി വളമായും, ഇതിന്റെ പാള പ്ലേറ്റ് തുടങ്ങിയ പലതരം വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

പഴുത്ത അടയ്ക്ക ഉണക്കി തൊലി കളഞ്ഞ് കയറ്റുമതി ചെയ്യുന്നു.ഈ അടയ്ക്കയെ കൊട്ടടക്ക അഥവാ കൊട്ടപ്പാക്ക് എന്ന പേരിൽ അറിയപ്പെടുന്നു .

കവുങ്ങിന്റെ പുറം ഭാഗത്തിന് നല്ല ബലവും ഈടുമുണ്ട് .പണ്ടുകാലത്തെ ഓലപ്പുരയിൽ കഴുക്കോൽ ,പട്ടിക എന്നിവ ഉപയോഗിച്ചിരുന്നത് കവുങ്ങിന്റെ തടിയാണ് .

 തൂമ്പ ,കൈക്കോട്ട്‌ മുതലായ കാർഷിക ഉപകരണങ്ങളുടെ  കൈപ്പിടിയായി കവുങ്ങിന്റെ തടി ഇപ്പോഴും ഉപയോഗിക്കുന്നു .പണ്ടുകാലത്ത് പറമ്പിൽ വേലി കെട്ടാൻ കർഷകർ വ്യാപകമായി ഉപയോഗിച്ചിരുന്നത് കവുങ്ങിന്റെ തടിയായിരുന്നു .

പാള വിശേഷങ്ങൾ.

പഴയ തലമുറയ്ക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു കവുങ്ങിന്റെ പാള.ആ കാലഘട്ടത്തിൽ ദിവസേന ഏതെങ്കിലും തരത്തിലൊക്കെ പാള ഉപയോഗിച്ചിരുന്നു .

വഞ്ചിയിൽ കയറുന്ന വെള്ളം കോരിക്കളയാൻ മുതൽ കൈക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ വരെ പാള ഉപയോഗിച്ചിരുന്നു .നാട്ടിൻപുറങ്ങളിൽ ഇപ്പോഴും നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് കവുങ്ങിന്റെ പാളയിൽ കിടത്തിയാണ്.




കുത്തുപാള അഥവാ കുട്ടിപ്പാള.

അരിയും മറ്റു സാധനങ്ങളും കേടുകൂടാതെ ഇട്ട് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പാളയാണ് കുത്തുപാള അഥവാ കുട്ടിപ്പാള എന്ന് അറിയപ്പെടുന്നത് .ഇതിൽ സാധനങ്ങളിട്ടശേഷം ചിരട്ട കൊണ്ട് അടച്ച് കയറിൽ തൂക്കിയിടുകയായിരുന്നു പതിവ് .

പാള സഞ്ചി .

പ്ലാസ്റ്റിക് കവറുകളും ,സഞ്ചികളും വരുന്നതിന് മുമ്പ് കടയിൽനിന്നും സാധനങ്ങളും മറ്റും വാങ്ങിക്കൊണ്ട് വരാൻ പഴമക്കാർ ഉപയോഗിച്ചിരുന്നത് പാളകൊണ്ടുള്ള സഞ്ചിയായിരുന്നു .

പാളവണ്ടി .

ആധുനിക കളിപ്പാട്ടങ്ങൾ ഇറങ്ങുന്നതിന് മുമ്പ് കുട്ടികൾ ഉപയോഗിച്ചിരുന്ന വണ്ടിയാണ് പാളവണ്ടി .പാളയിൽ കുട്ടികളെ ഇരുത്തി അതിന്റെ ഓലയിൽ പിടിച്ച് വലിച്ചുകൊണ്ട് നടക്കുന്നത് ഒരു പഴയകാല വിനോദമായിരുന്നു .

പാളത്തൊപ്പി .

പാടത്തും പറമ്പിലുമൊക്കെ പണിയെടുത്തിരുന്ന കർഷകർ വെയിലും മഴയും കൊള്ളാതെ സ്ഥിരമായി തലയിൽ  ഉപയോഗിച്ചിരുന്ന ഒരു തൊപ്പിയാണ് പാള തൊപ്പി .വെയിലും മഴയും കൊള്ളാതിരിക്കാനുള്ള അന്നത്തെ ഏകമാർഗ്ഗവും ഇതുതന്നെയായിരുന്നു .കൂടാതെ കുനിഞ്ഞുനിന്ന് പണിയെടുക്കുമ്പോൾ ചൂടിൽ നിന്നും രക്ഷനേടാനുള്ള കവചമായി മുതുകത്ത് വിരിച്ചിടാനും പാളകൾ ഉപയോഗിച്ചിരുന്നു .

പാള വിശറി .

ഫാനും ,ഏസിയുമൊക്കെ ഇല്ലാത്ത കാലഘട്ടത്തിൽ വേനൽക്കാലത്ത് സ്വന്തമായി വീശി ചൂടകറ്റാൻ ഉപയോച്ചിരുന്ന വിശറിയാണ് പാള വിശറി .

പാളത്തൊട്ടി .

ഇരുമ്പ് തൊട്ടി വരുന്നതിന് മുമ്പ് കിണറ്റിൽ നിന്നും വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന തൊട്ടിയാണ് പാളത്തൊട്ടി.പാള കുറുകെ രണ്ടായി മടക്കി ഈർക്കിൽ കൊണ്ട് പാളയുടെ രണ്ടു സൈഡും തുന്നിയാണ് പാളത്തൊട്ടി ഉണ്ടാക്കിയിരുന്നത് .

പാളപ്പൊതി .

ഇന്ന് വാഴയിലയിൽ പൊതിച്ചോർ തയാറാക്കുന്നതുപോലെ പഴയകാലത്ത് പാളയിലാണ് പൊതി കെട്ടിയിരുന്നത് .

കവുങ്ങിന്റെ ഓല കൊണ്ട് പഴമക്കാർ ചൂല് ഉണ്ടാക്കിയിരുന്നു .ഇത് തെങ്ങിന്റെ ഓലകൾ കീറി ഈർക്കിൽ എടുത്ത് ചൂലുണ്ടാക്കുന്നതിനേക്കാൾ എളുപ്പമായിരുന്നു .


 വിഷഭാഗങ്ങളും വിഷലക്ഷണങ്ങളും .

അടയ്ക്കാമരത്തിനെ വിഷസസ്യങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .അടയ്ക്കയിലാണ് വിഷാംശം അടങ്ങിയിരിക്കുന്നതും .ഇതിൽ പാകമാകാത്ത അടയ്ക്കയിലാണ് വിഷാംശമുള്ളത് ,പാകമാകാത്ത അടയ്ക്ക തനിയെ ചവയ്ക്കുമ്പോഴാണ് പലപ്പോഴും വിഷലക്ഷണങ്ങൾ ഉണ്ടാകുന്നത് .

പാകമാകാത്ത അടയ്ക്ക അധിക അളവിൽ ഉള്ളിൽ കഴിച്ചാൽ ഛർദ്ദി ,വയറിളക്കം ,വയറുവേദന എന്നിവയോടൊപ്പം തലകറക്കം ,മോഹാലസ്യം ,ശ്വാസംമുട്ടൽ ,ശരീരം വിയർക്കുക,അമിതദാഹം  എന്നിവയുമുണ്ടാകും .

സ്ഥിരമായി അടയ്ക്ക ഉപയോഗിക്കുന്നത് മൂലം മോണയിലെയും ,വായ്ക്കുള്ളിലേയും ശ്ലേഷ്മകലകൾക്ക് വീക്കമുണ്ടാകുകയും അവ നശിക്കുകയും ചെയ്യുന്നു .ഇതുമൂലം കാൻസർ രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് ആധുനിക പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട് .കൂടാതെ അടയ്ക്കയുടെ സ്ഥിരമായ ഉപയോഗം ധാതുക്ഷയത്തിനും ഓജസ്സ് നശിക്കുന്നതിനും കാരണമാകുന്നു .

രാസഘടകങ്ങൾ .

അടയ്ക്കയിൽ (പാക്ക് )അരിക്കോളിൻ ,അരിക്കെയ്ൻ ,അരിക്കെയ്ഡിൻ ,ഗുവാകോളിൻ എന്നീ ആൽക്കലോയിഡുകളും 15 % ടാനിനും ,ചോളിൻ എന്ന ക്ഷാരവും ,ഗാലിക് അമ്ലവും അടങ്ങിയിരിക്കുന്നു .

ജലത്തിൽ ലയിക്കുന്നതും എണ്ണമയമുള്ളതുമായ ഒരു കറ അടയ്ക്കയിൽ അടങ്ങിയിരിക്കുന്നു ,ഈ കറയിലാണ് ഏറ്റവും കൂടുതൽ വിഷഘടകങ്ങൾ അടങ്ങിയിരിക്കുന്നത് .ചവർപ്പ് രസമുള്ള ഈ ഘടകം അധികം മൂക്കാത്ത പച്ച പാക്കിൽ അധികമായി അടങ്ങിയിരിക്കുന്നു .

ചികിൽത്സാരീതി .

അടയ്ക്ക കഴിച്ചുണ്ടാകുന്ന വിഷത്തിന് അട്രോപ്പിൻ പ്രത്യൗഷധമായി കുത്തിവയ്ക്കണം .അടയ്ക്ക കഴിച്ചുണ്ടാകുന്ന ലഹരി കുറയ്ക്കാൻ പഞ്ചസാരയോ ,ഉപ്പോ കഴിക്കണം .വേണ്ടിവന്നാൽ കൃത്രിമ  ശ്വാസോച്ഛാസം നൽകണം .

ഔഷധഗുണങ്ങൾ .

"പൂഗം ഗുരുഹിമം രൂക്ഷകഷായം കഫപിത്ത ജിത് മോഹനം ദീപനം രുചിമാസ്യ വൈരസ്യനാശനം " (ഭാവപ്രകാശം )

അടയ്‌ക്കയ്‌ക്ക്‌  ഔഷധഗുണങ്ങളുണ്ട് .അടയ്ക്ക ഒരു വിരനാശിനിയാണ് .കൂടാതെ അണുനാശകശക്തിയുണ്ട് .ചിലപ്പോൾ മോഹാലസ്യവും അസ്വസ്ഥതയും ഉണ്ടാക്കും .വായ്‌നാറ്റം ,പല്ലിന്റെ ബലക്കുറവ് ,പ്രമേഹം എന്നിവ ഇല്ലാതാക്കാൻ അടയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾക്ക് കഴിയും 

അടയ്ക്ക ചേരുവയുള്ള ഔഷധങ്ങൾ .

Puga Khanda, Sandu Balant Kadha No.3 , Dashan Sanskar Churna ,Asanaadi kwaatham  തുടങ്ങിയ ഔഷധങ്ങളിൽ അടയ്ക്ക ഒരു ചേരുവയാണ് .

Puga Khanda-തലകറക്കം ,ഛർദ്ദി ,വയറുവേദന, ഗ്യാസ്ട്രൈറ്റിസ് മുതലായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .

Sandu Balant Kadha No.3- പ്രസവാനന്തര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .

Dashan Sanskar Churna-പല്ലുകളുടെ ബലവും നിറവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ പൽപ്പൊടിയാണ് .മോണരോഗങ്ങൾക്കും വളരെ ഫലപ്രദമാണ് .

Asanaadi kwaatham- പ്രധാനമായും പ്രമേഹരോഗങ്ങളുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്നു .കൂടാതെ അമിതവണ്ണം  ,വിരശല്ല്യം ,ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയ്‌ക്കും ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .
  • രസം -കഷായം ,മധുരം 
  • ഗുണം -ഗുരു ,രൂക്ഷം 
  • വീര്യം -ശീതം 
  • വിപാകം -കടു 
ചില ഔഷധപ്രയോഗങ്ങൾ .

വായ്പ്പുണ്ണ്  ,വായ്‌നാറ്റം ,പല്ലിന്റെ ബലക്കുറവ് .
അടയ്ക്ക പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവിശ്യം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ്  ,വായ്‌നാറ്റം ,പല്ലിന്റെ ബലക്കുറവ് എന്നിവ മാറും .അടയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും ഗുണം ചെയ്യും .

ശ്വേതപ്രദരം ,പ്രസവാനന്തരമുള്ള ഗർഭാശയശുദ്ധി ,പ്രസവാനന്തരമുള്ള ശരീരക്ഷീണം .
പാക്ക്‌ അരിഞ്ഞ് വെള്ളത്തിലിട്ട് കറ കളഞ്ഞതിന് ശേഷം ഉണക്കിപൊടിച്ച്‌  പച്ചില അഥവാ പച്ചോളി(Pogostemon cablin) ,നാഗപ്പൂവ് ,കറുവപ്പട്ട ,ഏലയ്ക്ക എന്നിവയും പാകത്തിന് ശർക്കരയും ചേർത്ത് ഇടിച്ചെടുത്ത് 3 ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കിൽ 15 ദിവസം കഴിച്ചാൽ ശ്വേതപ്രദരം ,പ്രസവാനന്തരമുള്ള ഗർഭാശയശുദ്ധി ,പ്രസവാനന്തരമുള്ള ശരീരക്ഷീണം എന്നിവയ്ക്ക് നല്ലതാണ് (ശ്വേതപ്രദരം,വെള്ളപോക്ക് -യോനിയിൽകൂടി വെളുത്ത പശയുള്ള ദ്രാവകം വരുന്ന രോഗം. ഈ ദ്രാവകം മഞ്ഞനിറത്തിലും ദുർഗന്ധത്തോടുകൂടിയും വരാം).

പ്രമേഹരോഗത്തിന് .
അടയ്ക്ക ,വേങ്ങാക്കാതൽ ,കരിങ്ങാലിക്കാതൽ എന്നിവ സമമെടുത്ത് കഷായം വച്ച് 25 മില്ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും 

വിരശല്ല്യം .
പച്ച അടയ്ക്ക ഒരെണ്ണം അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി കുടിച്ചാൽ വയറ്റിലെ വിരകൾ നശിക്കും .

രക്തപിത്തം .
അടയ്ക്ക പൊടിച്ചതും ,രക്തചന്ദനം പൊടിച്ചതും ഒരേ അളവിൽ തേനിൽ കുഴച്ച് അരിക്കാടിയിൽ ചേർത്ത് കഴിച്ചാൽ രക്തപിത്തം ശമിക്കും .

പല്ലുവേദന .
അടയ്ക്കാ മരത്തിന്റെ വേര് ഉപ്പും ചേർത്തരച്ച് മോണയിൽ വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ പല്ലുവേദന ശമിക്കും .

വാതരോഗങ്ങൾ .
അടയ്ക്ക എള്ളണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും മാറും .

കണ്ണുപഴുപ്പ് ,കണ്ണിൽ നിന്നും നീരൊലിപ്പ്‌ .
അടയ്ക്ക കരിച്ച് സുറുമപോലെ കണ്ണിലെഴുതിയാൽ കണ്ണുപഴുപ്പ് ,കണ്ണിൽ നിന്നും നീരൊലിപ്പ്‌  എന്നിവ മാറിക്കിട്ടും .

വയറിളക്കം .
അടയ്ക്ക നല്ലവണ്ണം വെള്ളത്തിൽ വേവിച്ച് ഉണക്കിപ്പൊടിച്ച് 1ഗ്രാം വീതം ശർക്കരയിൽ കുഴച്ച് ദിവസം മൂന്ന് നേരം കഴിച്ചാൽ വയറിളക്കം മാറും .കൂടാതെ വയറുവേദന ,ഗ്രഹണി എന്നിവയ്ക്കും നന്ന് .

രക്തസ്രാവം ,മുറിവ് ,വ്രണം .
അടയ്ക്ക ഉണക്കിപ്പൊടിച്ച്‌ മുറിവുകളിൽ വിതറിയാൽ രക്തസ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .അടയ്ക്ക ഗോമൂത്രത്തിൽ അരച്ച് പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

ഓക്കാനം ,വിശപ്പില്ലായ്‌മ .
അടയ്ക്ക ഉണക്കിപ്പൊടിച്ച്‌ 1 ഗ്രാം നാരങ്ങാ നീരിൽ ചാലിച്ച് കഴിച്ചാൽ ഓക്കാനം ,വിശപ്പില്ലായ്‌മ എന്നിവ മാറിക്കിട്ടും .

പല്ലിന് നിറം കിട്ടാൻ .
അടയ്ക്ക ഉണക്കിപ്പൊടിച്ച്‌ ഉമിക്കരിയോടൊപ്പം ചേർത്ത് പല്ലുതേച്ചാൽ പല്ലുകൾക്ക് നല്ല നിറം കിട്ടുകയും ദന്ത പ്ലാക്ക് പോകുകയും ചെയ്യും .

സിഫിലിസ് .
അടയ്ക്ക അരച്ച് പുറമെ പുരട്ടിയാൽ സിഫിലിസ് മൂലമുണ്ടാകുന്ന കുരുക്കളും വ്രണങ്ങളും ശമിക്കും .

കുഴിനഖം മാറാൻ .
പഴുത്ത അടയ്ക്കയുടെ തൊലി ചതച്ച് നീരെടുത്ത് കുഴിനഖമുള്ള വിരലുകളിൽ പതിവായി പുരട്ടിയാൽ കുഴിനഖം മാറും .

പൊണ്ണത്തടി കുറയ്ക്കാൻ .
പഴുത്ത അടയ്ക്ക പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ച് 1 ഗ്രാം വീതം 
തേനിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ പൊണ്ണത്തടി കുറയും .

Previous Post Next Post