നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരുന്ന വളരെയേറെ ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു വള്ളിച്ചെടിയാണ് കുമ്പളം .നിലത്ത് പടർന്നോ മറ്റു മരങ്ങളിലോ പടർന്നു കയറി വളരുന്നതുമായ ഈ സസ്യത്തിന്റെ തണ്ട് മൃദുവും രോമമുള്ളവയുമാണ് .ഇതിന്റെ ഫലം ഉരുണ്ട് നീണ്ടതും പച്ചനിറത്തിൽ കട്ടിയുള്ള പുറന്തൊലിയോട് കൂടിയതാണ് .പുറന്തൊലിയിൽ വെളുത്ത പൊടികൾകൊണ്ട് ആവൃതമായിരിക്കും .അകത്തു വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളുമുണ്ട് .ഇന്ത്യയിൽ ഉടനീവും അറിയപ്പെടുന്ന ഈ സസ്യം വള്ളി ഫലങ്ങളിൽ വച്ച് ഏറ്റവും ശേഷ്ഠമായിട്ടുള്ളതാണെന്ന് ആയുർവേദം പറയുന്നു .കുമ്പളത്തിന്റെ വിത്ത് ,ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
സസ്യകുടുംബം : Cucurbitaceae
ശാസ്ത്രനാമം : Benincasa hispida
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Ashgod
സംസ്കൃതം : കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം
ഹിന്ദി: ഗോൾക്കന്ദു
തമിഴ്: കല്യാൺപൂഷിണി
തെലുങ്ക് : ബുഡിഗുമ്മഡി
രസാദിഗുണങ്ങൾ
രസം :മധുരം
ഗുണം : സ്നിഗ്ധം, ഗുരു
വീര്യം :ശീതം
വിപാകം :കടു
രാസഘടകങ്ങൾ
ഫലത്തിൽ 96%,ജലവും, കാർബോഹൈഡ്രേറ്റ് 3.2% കൊഴുപ്പ് 0.1% പ്രോട്ടീൻ 0.4% , വിറ്റാമിൻ B1 ,ധാതുലവണങ്ങൾ 0.3% എന്നിവയും കുക്കുർബിറ്റിൻ എന്ന ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട്.
ഔഷധഗുണങ്ങൾ
കുമ്പളങ്ങ വാതത്തെയും പിത്തത്തെയും ശമിപ്പിക്കും ,രക്തപിത്തം, അമ്ലപിത്തം, മഞ്ഞപിത്തം എന്നീ രോഗങ്ങൾക്കും കുമ്പളങ്ങ ഉപയോഗിക്കുന്നു.കുമ്പളങ്ങ നിത്യവും കഴിച്ചാൽ ധാതുപുഷ്ടി, മൂത്രാശയശുദ്ധി, ശരീരകാന്തി എന്നിവ ഉണ്ടാകും .ആമാശയത്തെ ശുദ്ധമാക്കുകയും ശുക്ലത്തെ വർധിപ്പിക്കുകയും ചെയ്യും.മൂത്രതടസ്സം രക്തദൂഷ്യം, പ്രമേഹം എന്നിവയ്ക്കും വളരെ ഫലപ്രദമാണ് കുമ്പളങ്ങ
ചില ഔഷധപ്രയോഗങ്ങൾ
കുമ്പളങ്ങയുടെ ഫലമജ്ജ പിഴിഞ്ഞെടുത്ത 15 ml നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചു ചേർത്ത് രാവിലെയും ഉച്ചയ്ക്കും
വൈകിട്ടും കഴിക്കുക. കുറച്ചുനാൾ തുടർന്നു കഴിച്ചാൽ അപസ്മാരം ശമിക്കും.
കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം പൊടിച്ചു ചേർത്ത് തേനും ചേർത്ത് കഴിച്ചാൽ ഞരമ്പുരോഗങ്ങൾ ,മസ്തിഷ്കരോഗങ്ങൾ ,മനോവിഭ്രാന്തി എന്നിവ മാറും
കുമ്പളങ്ങയുടെ ഫലം ഇടിച്ചുപിഴിഞ്ഞ നീര് 15ml പതിവായി ദിവസം രണ്ടുനേരം വീതം തുടർച്ചയായി കുടിച്ചാൽ പ്രമേഹം
ശമിക്കും. ഇത് ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും വളരെ നല്ലതാണ്
കുമ്പളക്കായുടെ വിളഞ്ഞ വിത്ത് ഉണക്കി പൊടിച്ചെടുത്ത പൊടി 6 ഗ്രാം വീതം രാവിലെ വെറും വയറ്റിൽ മൂന്നു ദിവസം തുടർച്ചയായി ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ഉദരകൃമി നശിക്കും
കുമ്പളങ്ങ അരച്ച് നാഭിക്കു താഴെ പുരട്ടിയാൽ കെട്ടിനിൽക്കുന്ന മൂത്രം പോകും
കുമ്പളങ്ങ തിരുമ്മി നെയ്യിൽ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ തേനും കൽക്കണ്ടവും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ അവരുടെ ശ്വാസകോശരോഗങ്ങൾ മാറും
കുമ്പളങ്ങ വിത്തുമാറ്റി അരച്ച് പാൽ കാച്ചി കഴിക്കുന്നത് ദേഹത്തുണ്ടാകുന്ന പുകച്ചിലിനും ചുട്ടുനീറ്റത്തിനും മാറിക്കിട്ടും
കുമ്പള വള്ളി ചുട്ട ചാരം വെറ്റില നീരിൽ ചാലിച്ച് ചുണങ്ങിൽ പുരട്ടി ഒരു മണിക്കുറിന് ശേഷം കഴുകി കളയുക ചുണങ്ങ് പെട്ടന്നു മാറും
കുമ്പളങ്ങ ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ശ്വാസകോശരോഗങ്ങൾ ശമിക്കും
കുമ്പളത്തിന്റെ പൂവിന്റെ നീരിൽ ഗോരോചനാദി ഗുളിക ചാലിച്ച് ദിവസം 3 നേരം വീതം ഒരാഴ്ച പതിവായി കഴിച്ചാൽ സന്നിപാത ജ്വരത്തിന് നല്ല ആശ്വസമുണ്ടാകും
കുമ്പളയുടെ വിത്തു ഉണക്കി പൊടിച്ച് ഓരോ സ്പൂൺ വീതം തേനിൽ ചാലിച്ചു കഴിച്ചാൽ വയറിലെ കൃമിഇല്ലാതാകും
കുമ്പളങ്ങ പ്രധാന ചേരുവയായ കൂശ്മാണ്ഡഘൃതം ശരീരപുഷ്ടി
ഉണ്ടാക്കുകയും കാസം, ക്ഷയം, വിഷമജ്വരം എന്നീ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.
കുമ്പളങ്ങ തൊലി ഇടിച്ചു പിഴിഞ്ഞ രണ്ടൗൺസ് നീരിൽ 300 മില്ലിഗ്രാം കുങ്കുമ പൂവും, വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേർത്ത് രാവിലേയും വൈകുന്നേരവും പതിവായി കഴിച്ചാൽ പ്രമേഹം മരുന്നില്ലാതെ നിയന്ത്രിച്ചുകൊണ്ടു പോകാം