മീൻകറിയുടെ സ്വാദ് കൂട്ടാൻ കേരളീയർ ഉപയോഗിക്കുന്ന ഒരു ഫലമാണ് കുടംപുളി തോട്ടുപുളി ,പിണമ്പുളി ,വടക്കൻപുളി എന്നി പല പേരുകളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .പണ്ടു കാലത്ത് കുടംപുളി കിട്ടിയിരുന്നത് വനത്തിൽ നിന്നും മാത്രമായിരുന്നു .എന്നാൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും മറ്റു ഫലവൃക്ഷങ്ങളെ പോലെ നട്ടുവളർത്താൻ തുടങ്ങി .കേരളത്തിൽ ചില ഭാഗങ്ങളിൽ കുടംപുളി ധാരാളമായി കൃഷി ചെയ്യുണ്ട് .കുടംപുളിയുടെ വേറെ രണ്ടിനങ്ങൾ കൂടിയുണ്ട് Garcinia pedunculata Roxb ,Garcinia indica Desirous ഇവയും കുടംപുളിയായി ഉപയോഗിച്ചു വരുന്നു
പുളിമരങ്ങളിൽ ആൺ പെൺ വൃക്ഷങ്ങളുണ്ട് പെൺ വൃക്ഷങ്ങളിൽ മാത്രമേ കായ്കൾ ഉണ്ടാകുകയുള്ളൂ .പെൺ വൃക്ഷങ്ങൾ കായിക്കുവാൻ 8 മുതൽ 12 വർഷം വരെ വേണ്ടിവരും .എന്നാൽ ഒട്ടുതൈകൾ നട്ടു വളർത്തിയാൽ 3
വർഷം കൊണ്ട് കായ്കൾ ഉൽപാദിപ്പിക്കാൻ തുടങ്ങും .ഒട്ടുതൈകൾ ഒരു ചെറു മരമായും തണൽ വൃക്ഷമായും വീട്ടുവളപ്പിൽ തന്നെ നാട്ടു വളർത്താനും സാധിക്കും .എന്നാൽ നാടൻ കുടംപുളി 10 മീറ്ററിനു മുകളിൽ ഉയരത്തിൽ വളരുന്ന ഒരു മരമാണ് .കുടംപുളി പല മരുന്നുകളിലും ഉപയോഗിക്കുന്നു.കുടംപുളിയുടെ കുരു ആട്ടി എണ്ണ എടുക്കുന്നുണ്ട് .രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനുള്ള പല മരുന്നുകളിലും കുടംപുളി ഒരു ചേരുവയാണ് .കുടംപുളിയുടെ ,വേരിന്മേൽതൊലിയും ,തൈലവും ,കായും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
സസ്യകുടുംബം : Clusiaceae
ശാസ്ത്രനാമം : Garcinia gummi gutta
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Malabar Tamarind
സംസ്‌കൃതം : വൃക്ഷാമ്ല,അമൃതദുമ,ശതവേധി,രക്തസംജ്ഞം,
ഹിന്ദി : കോകം
തമിഴ് : അരടൻ, മക്കി
രസാദിഗുണങ്ങൾ
രസം :അമ്ലം
അനുരസം :കഷായം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം
രാസഘടന
കുടംപുളിയിൽ അടങ്ങിയിരിക്കുന്ന വിവിധതരം അമ്ലങ്ങളാണ് പുളിരസം പ്രദാനം ചെയുന്നത് .Hydroxycitric acid,Malic
acid ,Tartaric acid എന്നിവയാണ് പ്രാധാനപ്പെട്ടവ
ഔഷധഗുണങ്ങൾ
വാത കഫവികാരങ്ങൾ ശമിപ്പിക്കുന്നു ,ആർശ്ശസ് ,ഗുല്‌മം ,അശ്മരി ,രക്തവാർച്ച എന്നിവ ശമിപ്പിക്കുന്നു .ശരീരം ചുട്ടുനീറ്റൽ ദാഹം എന്നിവ ശമിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
കുടംപുളിയും ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊണ്ടാൽ ടോൻസലൈറ്റിസ് മാറും
കുടംപുളി കാടിവെള്ളത്തിൽ അരച്ചു പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും
കുടംപുളി ഉണക്കി പൊടിച്ചു 3 ഗ്രാം വീതം ദിവസം രണ്ടോ മൂന്നോ പ്രാവിശ്യം തൈരിൽ കലക്കി കഴിച്ചാൽ അർശ്ശസ് മൂലമുണ്ടാകുന്ന രക്തശ്രാവം നിൽക്കും
കുടംപുളി ചുട്ട് പൊടിച്ച് ഉപ്പും പൊടിയും ചേർത്ത് ദിവസവും പല്ലു തേയ്ച്ചാൽ മോണപഴുപ്പ് മാറും
കുടംപുളിയുടെ തോട് കയ്യിലിട്ട് തിരുമ്മി തിരിപോലെയാക്കി ആവണക്കെണ്ണയിൽ മുക്കി മലദ്വാരത്തിൽ കടത്തി വയ്ക്കുക കുറച്ചു സമയം കഴിയുമ്പോൾ തിരി തനിയെ പുറത്തു വരും ഇങ്ങനെ ചെയ്താൽ മലബന്ധം മാറും
കുടംപുളിയുടെ നീര് കുറച്ചു ദിവസം പതിവായി പുരട്ടിയാൽ കുഴിനഖം മാറും
കുടംപുളി തീക്കനലിൽ ചുട്ട് ഉപ്പും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ പൊക്കിൾ പഴുപ്പ് മാറും
കുടംപുളിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കഴിച്ചാൽ ദഹനക്കേട് മാറും
കുടംപുളി കഷായം വച്ച് ഇന്തുപ്പും ചേർത്ത് കഴിച്ചാൽ വയറുവീർപ്പ് മാറിക്കിട്ടും
കുടംപുളി കഷായം വച്ച് ഇന്തുപ്പു ചേർത് കഴിച്ചാൽ ഗുൻമൻ ശമിക്കും . പ്രസവാനന്തരം യോനിയിലും ഗർഭാശയത്തിലുമുണ്ടാകുന്ന വായു കോപമാണ് ഗുൻമൻ
കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കവിൾ കൊണ്ടാൽ മോണരോഗങ്ങൾ മാറും
കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടിയും ചേർത്ത് ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും
കുടംപുളിയുടെ വേരിലെ തൊലിയും കൊന്നയുടെ തളിരിലയും ഉപ്പും ചേർത്ത് അരച്ച് തേച്ചാൽ ത്വക് രോഗങ്ങൾ മാറും
പ്രസവശേഷം കുടം പുളിയും ശതകുപ്പയും ചേർത്ത് അരച്ച് തുണിയിൽ തേച്ച് യോനിയിൽ ധരിക്കുന്നത് നീർകെട്ട് വറ്റാനും മുറിവുകൾ കരിയാനും സഹായിക്കും