മരങ്ങളിൽ വളരെ ഉയരത്തിൽ പടർന്നു കയറി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചക്കരക്കൊല്ലി . വലിയ കാക്കത്തൊണ്ടി എന്ന പേരിലും ഈ സസ്യം അറിയപ്പെടും . ഇന്ത്യയിൽ കേരളത്തിലെ വനങ്ങളിലും കർണ്ണാടക ,ഉത്തർപ്രദേശ് ,മധ്യപ്രദേശ് ,പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ചക്കരക്കൊല്ലി കാണപ്പെടുന്നു .
മധുരത്തെ താൽക്കാലികമായി ഇല്ലാതാക്കുന്നതിനെയാണ് ചക്കരക്കൊല്ലി എന്ന പേര് ഈ സസ്യത്തിന് വന്നത് .ഇതിന്റെ ഇല വായിലിട്ട് ചവച്ച ശേഷം മധുരമുള്ള എന്തു കഴിച്ചാലും മധുരം അറിയില്ല .പായസം കുടിച്ചാലും പച്ചവെള്ളം കുടിക്കുന്നതുപോലെ തോന്നുകയുള്ളൂ .അതുകൊണ്ടു തന്നെ സംസ്‌കൃതത്തിൽ ഈ ചെടി മധുരനാശിനി എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇതിന്റെ ഇലകളിൽ ചെറിയ രോമങ്ങൾ കാണും .
പ്രമേഹനാശകൗഷധം എന്ന നിലയിൽ ഈ സസ്യത്തിന് പ്രത്യേക സ്ഥാനമുണ്ട് .പ്രമേഹത്തിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . ഇതിന്റെ ഉപയോഗം മൂലം ശരീരത്തിലെ രക്തത്തിൽ അടങ്ങിയിട്ടുള്ള അമിത മധുരാംശത്തെ കുറയ്ക്കാൻ കഴിയുന്നു . ഈ സസ്യത്തിന്റെ ഇലയും വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .
സസ്യകുടുംബം : Apocynaceae
ശാസ്ത്രനാമം :Gymnema sylvestre
മറ്റു ഭാഷകളിലെ പേരുകൾ
English : Gymnema
Sanskrit: മധുനാശിനി,തിക്തദുഗ്ദ്ധ,മധൂലികാ
Malayalam : ചക്കരക്കൊല്ലി cakkarakkolli
Tamil: சிறுகுறிஞ்சா cirukurinca, கோகிலம் kokilam
Hindi: गुड़मार gurmar
Gujarati: ગુડમાર gudmar
Kannada: ಮಧುನಾಶಿನಿ madhunashini
Bengali: মেষশৃঙ্গ meshashrunga
Marathi: बेडकीचा पाला bedakicha pala
Odia: ଲକ୍ଷ୍ମୀ lakshm
Telugu: పొడపత్రి podapatri
രസാദിഗുണങ്ങൾ
രസം :ത്ക്തം, കടു
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു
രാസഘടകങ്ങൾ
ചക്കരക്കൊല്ലിയുടെ ഇലയിൽ nonacosane ,hentriacontane, triacontane.gymnemic acid എന്നിവ അടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കും ,ചില നേത്രരോഗങ്ങൾ ,മൂത്രക്കല്ല് ,അർശസ് ,മഞ്ഞപ്പിത്തം, ജ്വരം ,കാസം എന്നീ രോഗങ്ങളെ ശമിപ്പിക്കും .മൂത്രം വർദ്ധിപ്പിക്കും ,ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.
ചില ഔഷധപ്രയോഗങ്ങൾ
ചക്കരക്കൊല്ലിയുടെ നാലോ അഞ്ചോ ഇലകൾ ദിവസവും രാവിലെ ചവച്ച് അരച്ച് കഴിച്ചാൽ മറ്റ് മരുന്നൊന്നും കൂടാതെ പ്രമേഹത്തെ നിയന്ത്രിച്ചു കൊണ്ടുപോകാം.
ചക്കരക്കൊല്ലിയുടെ ഇല ഉണക്കി പൊടിച്ച് 2 മുതൽ 4 ഗ്രാം വരെ ദിവസവും തുടർച്ചയായി കഴിച്ചാൽ മൂത്രത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയുകയും നിരന്തരമായ ഉപയോഗം കൊണ്ട് പ്രമേഹം ഇല്ലതാക്കുവാനും കഴിയുമെന്ന് അനുഭവസ്ഥർ പറയുന്നു .
ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് രാവിലെ വെറുംവയറ്റിൽ കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറിക്കിട്ടും .മൂത്രം തെളിഞ്ഞു കിട്ടാനും ഇതിന്റെ ഇല കഴിക്കാറുണ്ട് .
ചക്കരക്കൊല്ലിയുടെ ഇലയും, ഉപ്പും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.
ചക്കരക്കൊല്ലി ,വേങ്ങാക്കാതൽ, കുടം പുളി എന്നിവ കഷായം വച്ച് കഴിച്ചാൽ അമിതവണ്ണം കുറയും.
ചക്കരക്കൊല്ലിയുടെ ഇല അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ ആരോഗ്യം വർദ്ധിക്കും . കൂടാതെ വയറ്റിലെ കൃമി നശിക്കുകയും ചെയ്യും .
ചക്കരക്കൊല്ലിയുടെ വേര് കഷായം വച്ച് കഴിച്ചാൽ പനി ,ചുമ കഫക്കെട്ട് എന്നിവ മാറും.
ചക്കരക്കൊല്ലിയുടെ ഇലയും 6 അല്ലി വെളുത്തുള്ളിയും ചുട്ട് ചവച്ച് അരച്ച് കഴിച്ചാൽ ഹൃദ്‌രോഗം ശമിക്കും.
പാമ്പിൻ വിഷത്തിന് ഇതിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു .ചക്കരക്കൊല്ലി പതിവായി കഴിച്ചാൽ പാമ്പിൻ വിഷം ഏൽക്കില്ലന്ന് പറയപ്പെടുന്നു .
ചക്കരക്കൊല്ലി ,ഇരട്ടിമധുരം ,ത്രിഫല ,മല്ലി എന്നിവ വെള്ളത്തിൽ തിളപ്പിച്ച് ഒരു രാത്രി വച്ചിരുന്നതിന് ശേഷം പിറ്റേന്ന് അരിച്ചെടുത്ത് ആ വെള്ളം കൊണ്ട് കണ്ണിൽ ധാര കോരിയൽ ഇരട്ടക്കാഴ്ച്ച (ഡിപ്ലോപ്പിയ) മാറിക്കിട്ടും.
ചക്കരക്കൊല്ലി ,ഓരില ,മൂവില ,ഇശ്വര മൂലി ,നീർമരുതിൻ തൊലി ,ചിറ്റമൃത് എന്നിവ കഷായം വച്ച് കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും.
ചക്കരക്കൊല്ലിയുടെ ഇലയും,ഓരിലയും ,മൂവിലയും 6 അല്ലി വെളുത്തുള്ളി ചുട്ടതും ചേർത്ത് ചവച്ച് അരച്ച് കഴിച്ചാൽ കയറ്റം കറുമ്പോഴോ ,നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസം മുട്ട്, കിതപ്പ് എന്നിവ മാറിക്കിട്ടും.