ഇന്ത്യയിൽ വ്യാപകമായി വളരുന്ന നെല്ലി ചതുപ്പു പ്രദേശങ്ങളിലാണ് കൂടുതലായും വളരുന്നത് . കേരളത്തിലെ വനങ്ങളിൽ നെല്ലി ധാരാളമായി കാണപ്പെടുന്നു . ഇലപൊഴിക്കും വൃക്ഷമാണ് നെല്ലി.ഇന്ന് നമ്മുടെ നാട്ടിൽ പല വീടുകളിലും ഫലവൃക്ഷമായി നെല്ലി നട്ടുവളർത്തുന്നു .നെല്ലിമരത്തിന്റെ തൊലിക്ക് ഇരുണ്ട നിറമാണ് .തൊലിയുടെ ഉൾവശം ചുവപ്പു നിറമാണ് .നല്ല കട്ടിയുള്ള തടിയാണ് നെല്ലിമരത്തിന്റെ .എത്ര നാൾ വെള്ളത്തിൽ കിടന്നാലും നെല്ല്ലിമരത്തിന്റെ തടി നശിച്ചു പോകില്ല എന്നൊരു പ്രത്യേകതകൂടിയുണ്ട് .ക്ഷമയുടെ നെല്ലിപ്പലക എന്ന പഴഞ്ചൊല് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും .ക്ഷമയുടെ അങ്ങേയറ്റം ,അല്ലങ്കിൽ ഞാൻ കഷമിക്കുന്നതിന്റെ പരമാവധി ക്ഷമിച്ചു എന്നാണ് ക്ഷമയുടെ നെല്ലിപ്പലക കൊണ്ട് ഉദ്ദേശിക്കുന്നത്
എന്താണ് ശെരിക്കും നെല്ലിപ്പലക
നെല്ലിപ്പലക എന്നു പറയുന്നത് നെല്ലിമരത്തിന്റെ തടികൊണ്ട് നിർമ്മിക്കുന്ന ഒരു വളയമാണ് .ഈ വളയം കിണറിലാണ് സ്ഥാപിക്കുന്നത് .പണ്ടുകാലത്ത് ഒട്ടുമിക്ക വീടുകളിലെയും കിണറുകളിൽ നെല്ലിപ്പലക സ്ഥാപിക്കുമായിരുന്നു .കിണർ കുഴിക്കുമ്പോൾ അതിന്റെ ഏറ്റവും അടിയിൽ കിണറിന്റെ അതെ ചുറ്റളവിലായിരിക്കും നെല്ലിത്തടികൊണ്ടുള്ള വളയം സ്ഥാപിക്കുക .നെല്ലിമരത്തിന്റെ കുറ്റികൊണ്ടു തന്നെയാണ് ഈ വളയം ഉറപ്പിക്കുന്നത് .പിന്നീട് അതിന്റെ മുകളിൽ ഇഷ്ടികയോ വെട്ടുകല്ലോ കൊണ്ട് അതിന്റെ മുകളിൽ കെട്ടും .പ്രധാനമായും മൂന്നു ഗുണങ്ങളാണ് കിണറ്റിൽ നെല്ലിപ്പലക സ്ഥാപിക്കുന്നത് കൊണ്ട് കിട്ടുന്നത് .കിണറ്റിലെ അടിത്തട്ടുകൾ ഒരുകാലത്തും ഇടിയില്ല .പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ കിണറ്റിലെ വെള്ളത്തിനെ ഇത് ശുദ്ധികരിക്കുന്നു ,കിണറ്റിലെ വെള്ളത്തിന് ഒരു പ്രത്യേക രുചി കിട്ടുന്നു .വിറ്റാമിൻ സി ഉറവിടമാണ് നെല്ലിക്ക ,ച്യവനപ്രാശം ,ത്രിഫലാചൂർണ്ണം എന്നിവയിൽ നെല്ലിക്ക ഒരു പ്രധാന ചേരുവയാണ് .നെല്ലിയുടെ കായും ,വേരും ,തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് നെല്ലി
Botanical name | Phyllanthus emblica |
---|---|
Synonyms | Emblica officinalis |
Family | Phyllanthaceae (Amla family) |
Common name | Amla, Indian gooseberry |
Hindi | आँवला Aonla |
Sanskrit | Dhatri, amalaka |
Tamil | Nelli |
Telugu | Usiri, Usirikaya |
Kannada | Betta nelli, Amalaka |
Oriya | Aonla |
Gujarati | ambala |
Marathi | आँवला Amla |
രാസഘടകങ്ങൾ
വിറ്റാമിൻ സി യുടെ ഉറവിടമാണ് നെല്ലിക്ക ,നെല്ലിക്കയിൽ വളരെയധികം പെക്റ്റിൻ, വിറ്റാമിൻ C,B കോംപ്ളക്സ്, കാൽസിയം, ഇരുമ്പിന്റെ അംശം എന്നിവ അടങ്ങിയിരിക്കുന്നു.,കൂടാതെ റെസിൻ, ടാനിക് അമ്ളം,ഗൈനിക്കമ്ളം, അന്നജം, പ്രോട്ടീൻ, പഞ്ചസാര,
ആൽബുമിൻ, സെല്ലുലോസ് എന്നിവയും അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ഔഷധമൂല്യങ്ങളുടെയും പോഷകഗുണങ്ങളുടെയും കലവറയാണ് നെല്ലിക്ക .കാഴ്ചയിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ വളരെ വലുതാണ് നെല്ലിക്ക .ആയുർവേദ ശാസ്ത്രത്തിൽ നെല്ലിക്കയോളം പ്രധാന്യം നൽകിയിട്ടുള്ള മറ്റൊരു ഫലവുമില്ല .ആയുർവേദ ശാസ്ത്ര പ്രകാരം നെല്ലിക്ക .വാത പിത്ത കഫദോഷങ്ങൾ ശമിപ്പിക്കുന്നു ,കണ്ണിന് കുളിർമ്മയും കാഴ്ചശക്തിയും വർദ്ധിപ്പിക്കുന്നു ,രുചിയും ദഹനശക്തിയും വർദ്ധിപ്പിക്കുന്നു ,ധാതുപുഷ്ടി ഉണ്ടാക്കുന്നു ,നാഡിബലവും ശുക്ലവും വർദ്ധിപ്പിക്കുന്നു ,ജ്വരം ,പ്രമേഹം ,രക്തപിത്തം ,രക്തദുഷ്ടി ,മുടികൊഴിച്ചിൽ ,,പുളിച്ചു തികട്ടൽ ,ശരീരം മെലിച്ചിൽ എന്നിവയെ അകറ്റുന്നു
ചില ഔഷധപ്രയോഗങ്ങൾ
നെല്ലിക്ക ഒരു ചേരുവയായി ഉണ്ടാക്കുന്ന ത്രിഫലചൂർണ്ണം നെയ്യ് ചേർത്ത് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർദ്ധിപ്പിക്കും / മലബന്ധത്തിനും നല്ലതാണ്
ദിവസവും ഊണിന് മുമ്പ് 2 താന്നിക്കയും ഊണിന് ശേഷം 4 നെല്ലിക്കയും ചോറ് ദഹിച്ചതിന് ശേഷം ഒരു കടുക്ക തേനും നെയ്യും ചേർത്ത് കഴിച്ചാൽ ജരാനരകളും ,രോഗങ്ങളും ബാധിക്കാതെ നിത്യ യൗവനത്തോട് 100 വർഷം ജീവിച്ചിരിക്കുമെന്ന് ചില ആയുവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു
നെല്ലിക്ക കഷായം വച്ച് ഉലുവയും പൊടിച്ചു ചേർത്ത് ദിവസവും കഴിച്ചാൽ അർശസ്സ് ശമിക്കും
നെല്ലിക്ക നീര് തേൻ ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും
നെല്ലിക്കാപ്പൊടി 3 ഗ്രാം വീതം 10 ഗ്രാം നെയ്യിൽ ചാലിച്ച് തുടർച്ചയായി കഴിച്ചാൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജി മാറും
നെല്ലിക്കയുടെ നീരും അമൃതിന്റെ നീരും ഒരു സ്പൂൺ വീതം കഴിച്ചാൽ പ്രമേഹം ശമിക്കും / നെല്ലിക്കയുടെ നീരും പച്ചമഞ്ഞൾ നീരും ഒരേ അളവിൽ ദിവസം ഒരു നേരം കഴിച്ചാലും പ്രമേഹം ശമിക്കും
രണ്ടോ മൂന്നോ നെല്ലിക്ക കുരു കളഞ്ഞു അരച്ച് പാലിൽ കലക്കി കുടിച്ചാൽ പുളിച്ചു തികട്ടൽ മാറിക്കിട്ടും
ഉണക്ക നെല്ലിക്കയും ,എള്ളും ,ശർക്കരയും ഇടിച്ച് യോചിപ്പിച്ചു അര സ്പൂൺ വീതം രാവിലെ തുടർച്ചയായി ഒരു മാസം കഴിച്ചാൽ ശരീരപുഷ്ടിയും ,ഓജസ്സും ,ആരോഗ്യവും വർദ്ധിക്കും
നെല്ലിക്ക ശർക്കരയും ചേർത്ത് പതിവായി കഴിച്ചാൽ പിത്തം ,ശരീരമാസകലമുള്ള വേദന ,ബലക്ഷയം ,വിളർച്ച മൂത്രതടസ്സം ,എന്നിവ മാറിക്കിട്ടും
ഉണക്ക നെല്ലിക്കയും മാങ്ങാണ്ടി പരിപ്പും ചേർത്ത് അരച്ച് തലയിൽ പുരട്ടി കുളിച്ചാൽ മുടിക്ക് നല്ല തിളക്കവും ആരോഗ്യവും കിട്ടും
ഒരു സ്പൂൺ നെല്ലിക്കാപ്പൊടിയിൽ തേൻ ചേർത്ത് അതിരാവിലെ കഴിച്ചാൽ മലബന്ധം മാറും
നെല്ലിക്കയുടെ നീര് കൺപോളകളിൽ പുരട്ടിയാൽ കണ്ണ് വീക്കം മാറും
പച്ച നെല്ലിക്ക അരച്ച് പാലിൽ കലക്കി കുടിച്ചാൽ പീനസം,മൂക്കൊലിപ്പ് ,കഫക്കെട്ട് എന്നിവ മാറും
നെല്ലിക്കയുടെ നീരും അതിന്റെ കാൽ ഭാഗം എള്ളണ്ണയും ചേർത്ത് എണ്ണ കാച്ചി പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടി കൊഴിച്ചിലും അകാലനരയും മാറിക്കിട്ടും
നെല്ലിക്ക അരച്ച് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറും
നെല്ലിക്ക കുരു കളഞ്ഞു അരച്ച് പാലിൽ കലക്കി കഴിച്ചാൽ ഗ്യാസ്ട്രബിൾ മാറും
നെല്ലിക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ നല്ല ഉറക്കം കിട്ടുകയും ചർമ്മത്തിന് നല്ല നിറവും ആരോഗ്യവും കിട്ടുകയും ചെയ്യും
നെല്ലിയുടെ തൊലി തൈരിൽ അരച്ച് പുരട്ടിയാൽ വായ്പുണ്ണ് മാറും
നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് കണ്ണിലെഴുതിയാൽ നേത്രരോഗങ്ങൾ മാറും
നെല്ലിക്കാനീരിൽ തിപ്പലി പൊടിച്ചു ചേർത്ത് കഴിച്ചാൽ എക്കിളും ശ്വാസ തടസ്സവും മാറും
നെല്ലിക്കയും ഇഞ്ചിയും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും
നെല്ലിയുടെ തളിരില അരച്ച് മോരിൽ കലക്കി കുടിച്ചാൽ രുചിയില്ലാത്ത അവസ്ഥ മാറിക്കിട്ടും ദഹനക്കേടിനും നല്ലതാണ്
നെല്ലിക്ക ശർക്കരയും ചേർത്ത് പതിവായി കഴിച്ചാൽ ശരീരമാസകലമുള്ള വേദന ,മൂത്രതടസ്സം ,വിളർച്ച ,ബലക്ഷയം പിത്തം എന്നിവ മാറും
നെല്ലിക്ക അരച്ച് പാലിൽ കലക്കി കുടിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും
നെല്ലിക്ക ,കൂവ ,ചിറ്റമൃത് എന്നിവ അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ അസ്ഥിശ്രാവം മാറും
നെല്ലിക്കയുടെ കുരുവും രക്തചന്ദനവും ചേർത്ത് അരച്ച് കഴിച്ചാൽ മനം പിരട്ടൽ മാറും
നെല്ലിക്ക അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് പതിവായി കുടിച്ചാൽ വായ അഴുകുന്നത് മാറിക്കിട്ടും
നെല്ലി ,ഞാവൽ ,മാവ് എന്നിവയുടെ തളിരിലകൾ തുല്യ അളവിൽ ചതച്ച് നീരെടുത്ത് ആട്ടിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറുകടി പെട്ടന്ന് മാറും