കേരളമുൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുഗന്ധവ്യഞ്ജനമായി പണ്ടു മുതലേ കുരുമുളക് കൃഷി ചെയ്തുവരുന്നു .വീട്ടുവൈദ്യത്തിലെ പ്രധാന ഔഷധിയായ ഈ വള്ളിച്ചെടിയുടെ വേറെ ചില ഇനങ്ങൾവനങ്ങളിൽ കാണാൻ കഴിയും .ഇത് കട്ടുകൊടി ,കാട്ടുകുരുമുളക് എന്ന പേരിൽ അറിയപ്പെടുന്നു .കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ മൂല്യം ഇന്ത്യക്കാർ വളരെക്കാലം മുൻപുതന്നെ മനസിലാക്കിയിരുന്നു .വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിച്ച മുഖ്യഘടകങ്ങളാണ് ഏലവും ,കുരുമുളകും .വെറ്റിലയുടെ ആകൃതിയിലുള്ള ഇതിന്റെ ഇലകൾക്ക് നല്ല കട്ടിയുള്ളതാണ് .ജന്മദേശം കേരളമായി കരുതപ്പെടുന്ന ഈ വള്ളിച്ചെടി മറ്റു വൃക്ഷങ്ങളിൽ പറ്റിപ്പിച്ചു വളരുന്നവയാണ് .ഇതിന്റെ തണ്ടുകളുടെ മുട്ടുകളിൽ വേര് ഉത്പാദിപ്പിക്കുകയും ഈ വേര് മരങ്ങളിൽ പറ്റിപ്പിടിച്ചു മരങ്ങളിൽ പടരുന്നു കയറുകയും ചെയ്യുന്നു .ജൂൺ ,ജൂലൈ മാസങ്ങളിൽ പൂവിടുകയും ചെയ്യുന്നു .ഇളം കായ്കൾക്ക് പച്ച നിരവും ,പഴുത്ത കായ്കൾക്ക് നല്ല ചുവന്ന നിറവുമാണ് .പഴുത്ത കായ്കൾ ഉണക്കി കഴിയുമ്പോൾ കറുപ്പു നിറമാകുകയും കേരളത്തിന്റെ സ്വന്തം കറുത്ത പൊന്നായി മാറുകയും ചെയ്യുന്നു .ഇതിന്റെ ഫലവും (കുരുമുളക് ) വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Piperaceae
ശാസ്ത്രനാമം : Piper nigrum
മറ്റു് ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് :Black Pepper
സംസ്‌കൃതം : മരിചഃ ,ധർമപത്തനം , വല്ലീജം
ഹിന്ദി : കാലീമിർച്ച്
തമിഴ് : നല്ലമിളകു
തെലുങ്ക് : മിരിയാലു
ബംഗാളി : കാലീമിർച്ച്
രസാദിഗുണങ്ങൾ
രസം :കടു
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
രാസഘടകങ്ങൾ
പൈപ്പറിൻ പൈപ്പറിഡിൻ എന്നീ ആൽക്കലോയിഡുകൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു കുരുമുളകിന് എരിവ് നൽകുന്ന ഘടകവും മേൽപറഞ്ഞ ആൽക്കലോയിഡുകളാണ് .കൂടാതെ കാർബോഹൈട്രേറ്റ് ,കൊഴുപ്പ് ,പ്രോട്ടീൻ ,ജീവകം B എന്നിവയും കുരുമുളകിൽ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ദഹനരസഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നു ,അണുക്കളെയും കൃമികളെയും നശിപ്പിക്കുന്നു ,പനി ,ചുമ ജലദോഷം എന്നിവ ശമിപ്പിക്കും ,രക്തശുദ്ധി ഉണ്ടാക്കും ,ശുക്ലംവർദ്ധിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
കുരുമുളക് ,തിപ്പലി ,ചുക്ക് എന്നിവ തുല്യ അളവിൽ കഷായം വച്ച് 20 മില്ലി വീതം ദിവസം മൂന്നു നേരം കഴിച്ചാൽ പനി ,കഫക്കെട്ട് ,ചുമ എന്നിവ ശമിക്കും
കുരുമുളകും ,കരിപ്പെട്ടിയും ചേർത്ത് കട്ടൻകാപ്പി ഉണ്ടാക്കി കുടിച്ചാൽ എത്ര കടുത്ത പനിയും ശമിക്കും
ഒരു ഗ്ലാസ് പാലിൽ അൽപം മഞ്ഞൾപ്പൊടിയും ,കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ ജലദോഷം ശമിക്കും ആസ്മയ്ക്കും വളരെ നല്ലത്
അര ഗ്രാം കുരുമുളക് പൊടിച്ച് പഞ്ചസാരയും ,തേനും ,നെയ്യും ചേർത്ത് കുഴച്ച് ദിവസം രണ്ടു നേരം എന്ന കണക്കിൽ കഴിച്ചാൽ ചുമ മാറും (തേനും നെയ്യും തുല്യ അളവിൽ എടുക്കരുത് ഏതെങ്കിലും ഒന്ന് കൂട്ടിയോ കുറച്ചോ എടുക്കണം )
കുരുമുളകും ,വേപ്പിലയും അരച്ച് പുളിച്ച മോരിൽ കലക്കി കുടിച്ചാൽ ആസ്മ മൂലമുണ്ടാകുന്ന ശാസ്വംമുട്ടൽ മാറും
കുരുമുളകും തിപ്പലിയും ഒരേ അളവിൽ പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ തൊണ്ട ചൊറിച്ചിൽ മാറും
കുരുമുളക് വെളിച്ചെണ്ണയിൽ മൂപ്പിച്ച എണ്ണ ശരീരത്തു പുരട്ടിയാൽ ശരീരത്തിൽ അനുഭവപ്പെടുന്ന അസഹനീയമായ ചൊറിച്ചിൽ മാറും
കുരുമുളക് പൊടി തുളസി നീരിൽ ചേർത്ത് കഴിച്ചാൽ ഇടവിട്ടുണ്ടാകുന്ന പനിക്ക് ശമനം കിട്ടും
കുരുമുളകുപൊടിയും പെരും ജീരകപ്പൊടിയും ഒരേ അളവിൽ തേൻ ചേർത്ത് കഴിച്ചാൽ അർശ്ശസ് ശമിക്കും
തക്കാളി ചെറുതായി അറിഞ്ഞു കുരുമുളകുപൊടിയും വിതറി രാവിലെ വെറും വയറ്റിൽ മൂന്നോ നാലോ ദിവസം കഴിച്ചാൽ വിരശല്യം മാറും
കുരുമുളകുപൊടിയും ,മുരിങ്ങയുടെ കുരുവും നന്നായി ഉണക്കി പൊടിച്ച് രാവിലെയും വൈകിട്ടും നസ്യം ചെയ്താൽ അപസ്മാരം ശമിക്കും
ഉമിക്കരിയും ,കരുമുളക് പൊടിയും ഉപ്പു പൊടിയിയും യോചിപ്പിച്ചു ദിവസവും പല്ലുതേയ്ച്ചാൽ പല്ലിന് നല്ല തിളക്കവും ,നിറവും കിട്ടും
കുരുമുളക് ചൂടുവെള്ളവും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ കഫം കെട്ടിക്കിടക്കുന്നത് മൂലമുണ്ടാകുന്ന തലവേദന മാറും
കുരുമുളക് ,ജീരകം ,മഞ്ഞൾ ,വയമ്പ് എന്നിവ കഷായം വച്ച് കൽക്കണ്ടവും പൊടിച്ചു ചേർത്ത് കഴിച്ചാൽ വില്ലൻ ചുമ മാറും
കുരുമുളക് കൊടിയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണം മാറും