ഭാരതീയർ പുണ്ണ്യവൃക്ഷമായി കാണുന്ന ഒന്നാണ് രക്തചന്ദനം. 8 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ വൃക്ഷം ആന്ധ്രയിലെ കടപ്പയിലും സമീപ പ്രദേശങ്ങളിലുമാണ് കൂടുതലായും വളരുന്നത് . കേരളത്തിൽ വിരളമായി മാത്രമേ രക്തചന്ദനം കാണപ്പെടുന്നൊള്ളു . ചില വീടുകളിൽ നട്ടു വളർത്തുന്നു . കേരളത്തിലെ കാലാവസ്ഥയിലും രക്തചന്ദനം നന്നായി വളരും . രക്തചന്ദനം മൂന്നു തരത്തിൽ കാണപ്പെടുന്നു .നല്ലപോലെ ചുവന്നതും .ഇളം ചുവപ്പും ,അൽപ്പം നീലകലർന്ന ചുവപ്പും .എന്നിങ്ങനെ . ഇതിൽ നീലകലർന്ന ചുവപ്പുള്ളതിനാണ് ഗുണങ്ങൾ കൂടുതൽ ഉള്ളതെന്ന് പറയപ്പടുന്നു . അതുപോലെ ഹരിചന്ദനം എന്നു പേരുള്ള ഒരു രക്തചന്ദനമുണ്ട്. ഇതിനെ ഇംഗ്ലീഷിൽ Yellow sandal wood എന്നാണ് പറയുന്നത്. Sirium myrtifolium എന്നാണ് ശാസ്ത്രനാമം . ഇന്ന് ഇത് എങ്ങും കാണാനില്ല വംശനാസം വന്ന് പോയെന്നു വേണം കരുതാൻ.
ഒരു ഇലപൊഴിക്കുന്ന മരമാണ് രക്തചന്ദനം. കൊടും തണുപ്പുള്ള സ്ഥലങ്ങളിൽ ഇത് പിടിക്കില്ല. എന്നാൽ ഒരു പരിധിവരെ ചൂട് സഹിക്കാനാവും . വേനൽകാലങ്ങളിൽ ഇതിന്റെ തൊലി വീണ്ടു കീറിയതുപോലെയാകും . ഇതിന്റെ തൊലിയിൽ മുറിവുണ്ടാക്കിയാൽ ചുവന്ന നിറത്തിലുള്ള കറ ഊറിവരും . ജൂൺ മാസത്തിലാണ് ഇത് പൂക്കാൻ ആരംഭിക്കുന്നത് . മഞ്ഞനിറത്തിലുള്ള പൂക്കളാണ്ഇതിന് .ഇതിന്റെ കായ്കൾ വേങ്ങയുടെ കായ്കകൾ പോലെയാണ് . ഏതാണ്ട് വേങ്ങമരത്തിനോട് ഏറെ സാദൃശ്യമുണ്ട് രക്തചന്ദനത്തിന് . രക്തചന്ദനത്തിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട് .കാതലിനു ചുവപ്പുനിറമാണ് .
നല്ല ബലവും ഭാരവുമുള്ള തടിയാണ് രക്തചന്ദനം . ഔഷധത്തിനായും ,അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനായും ,ചില സംഗീത ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായും രക്തചന്ദനത്തിന്റെ കാതൽ ഉപയോഗിക്കുന്നു . കൂടാതെ ചില ക്ഷേത്രങ്ങളിൽ പ്രസാദമായും രക്തചന്ദനത്തിന്റെ കാതൽ അരച്ച കുഴമ്പ് ഉപയോഗിക്കുന്നു . കോട്ടയം ജില്ലയിലെ കുടുന്തുരുത്തിയിലുള്ള ഇരവിമംഗലം ആദിത്യപുരം സൂര്യക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് രക്തചന്ദനമാണ് . ഇവിടത്തെ പ്രധാന പ്രതിഷ്ട സൂര്യദേവനാണ്.ഒരേയൊരു സൂര്യക്ഷേത്രമാണ് കേരളത്തിലുള്ളത്.
സസ്യകുടുംബം : Fabaceae
ശാസ്ത്രനാമം : Pterocarpus santalinus
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Red sandal wood, ruby wood, red sanders
സംസ്‌കൃതം : രക്തചന്ദനം, രക്തസാരം, ക്ഷുദ്രചന്ദനം
ഹിന്ദി: ലാൽ ചന്ദൻതമിഴ്:ചെൻ ചന്ദനം
തെലുങ്ക് : രക്ത ഗന്ധമു
ബംഗാളി:രക്തചന്ദന
രസാദിഗുണങ്ങൾ
രസം: തിക്തം, മധുരം
ഗുണം: ഗുരു
വീര്യം: ശീതം
വിപാകം: മധുരം
രാസഘടന
സാന്റലിൻ എന്ന വർണ്ണ വസ്തുവാണ് തടിക്ക് ചുവപ്പുനിറം നല്കുന്നത്. സാന്റലിനിലെ പ്രധാനഘടകം സാന്റലിക് അമ്ലമാണ്.കൂടാതെ സ്റ്റിറോൾ, ആൽക്കലോയിഡ്, ഗ്ലൈക്കോസൈഡുകൾ, പഞ്ചസാര എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്
ഔഷധഗുണങ്ങൾ
വ്രണങ്ങൾ,നേത്രരോഗങ്ങൾ, രക്തപിത്തവികാരങ്ങൾ ,വിഷം, ജ്വരം എന്നിവ ശമിപ്പിക്കും . ശ്വാസകോശ രോഗങ്ങളെ നിയന്ത്രിക്കാനും അതിന്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കാനും ഇതിനു കഴിയും. . മുഖത്തെ പാടുകൾ, മുഖക്കുരു, വസൂരി, ചിക്കൻ പോക്സ് എന്നിവ വന്നതുമൂലമുള്ള പാടുകൾ മാറ്റാൻ രക്തചന്ദനത്തിന് കഴിവുണ്ട് .ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനുള്ള ശക്തിയുണ്ട് .
ചില ഔഷധപ്രയോഗങ്ങൾ
മുഖത്തും , കണ്ണിന് താഴെ വരുന്ന കറുപ്പുനിറത്തിനും ,കഴുത്തിന്റെ പുറത്ത് വരുന്ന കറുത്ത നിറത്തിനും രക്തചന്ദനപ്പൊടി പനിനീരിൽ അരച്ച് പുരട്ടിയാൽ മതിയാകും . കൂടാതെ മുഖത്തിന് നല്ല നിറം കിട്ടാനും ഇത് ഉപകരിക്കും.
രക്തചന്ദനം അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും
രക്തചന്ദനം അരച്ച് വ്രണം ,പരു എന്നിവയിൽ കനത്തിൽ പുരട്ടിയാൽ പരു പൊട്ടി പഴുപ്പ് പോകുകയും പെട്ടന്ന് കരിയുകയും ചെയ്യും .
വസൂരിക്കല, മുഖക്കുരുവിന്റെ കുഴി,മുഖക്കുരു വന്ന പാടുകൾ എന്നിവ മാറുവാൻ രക്തചന്ദനം അരച്ച് തേനിൽ ചാലിച്ച് പതിവായി പുരട്ടിയാൽ മതി .
രക്തചന്ദനം അരച്ച് പാലിൽ കലക്കി കുടിച്ചാൽ രക്താർശ്ശസ് ശമിക്കും
സോറിയാസിസ് എന്ന ത്വക്ക് രോഗത്തിന് ദന്തപാല ഇട്ട് കാച്ചിയ വെളിച്ചെണ്ണയിൽ രക്തചന്ദനം അരച്ച് ചേർത്ത് ,വെളിച്ചണ്ണയും , വെളിച്ചെണ്ണയുടെ 4 ഇരട്ടി പാലും ചേർത്ത് കാച്ചി പുരട്ടിയാൽ സോറിയാസിസ് ശമിക്കും .ഇതിനോടൊപ്പം
രക്തചന്ദന കഷായം അകത്തേയ്ക്ക് കഴിക്കുകയും ചെയ്താൽ വളരെ ഗുണം ചെയ്യും
രക്തചന്ദനം മഞ്ഞൾപ്പൊടിയും പച്ചപ്പാലില്‍ ചാലിച്ച് പതിവായി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്
രക്തചന്ദനപ്പൊടി 3 ഗ്രാം എടുത്ത് 10 ഗ്രാം ശർക്കര ചേർത്ത് അരിക്കാടിയിൽ കലക്കി ദിവസം 3 നേരം വീതം തുടർച്ചയായി 7 ദിവസം കഴിച്ചാൽ രക്താതിസാരം ശമിക്കും.
ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കൂട്ടിക്കലർത്തി മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് തിളക്കവും മൃദുത്വവും കിട്ടും കുറച്ചുനാൾ പതിവായി ചെയ്യണം
രക്തചന്ദനം, ഇരട്ടിമധുരം എന്നിവ പൊടിച്ച് മൂന്നു ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ ഛർദി മാറും
രക്തചന്ദനം കഷായം വെച്ച് അതുതന്നെ കൽക്കം ചേർത്ത്
നെയ്യ് കാച്ചി കഴിച്ചാൽ പുരുഷവന്ധ്യത മാറിക്കിട്ടും
രക്തചന്ദനവും , ചെറുനാരങ്ങ നീരും കലര്‍ത്തിയ മിശ്രിതം മുഖത്ത് പതിവായി പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിന് ഒരു പരിഹാരമാണ് .ചര്‍മത്തില്‍ കൂടുതല്‍ എണ്ണമയം പുറപ്പെടുവിയ്ക്കുന്നതു തടയാനും ഇതു മൂലം മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ തടയാനും രക്തചന്ദനത്തിനു സാധിയ്ക്കും
വെളിച്ചെണ്ണയും, രക്തചന്ദനവും ചേർന്ന മിശ്രിതതം വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് .ചര്‍മത്തിന് സ്വാഭാവികമായി ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ .വരണ്ട ചർമ്മത്തിന് ഈര്‍പ്പവും, നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ വെളിച്ചെണ്ണയും രക്തചന്ദനവും ചേർന്ന മിശ്രിതം പതിവായി ഉപയോഗിക്കുന്നതുകൊണ്ട് കഴിയും
മുഖത്തെ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും രക്തചന്ദനം സഹായിക്കും .ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാനും വെളിച്ചെണ്ണയും രക്തചന്ദനവും ചേർന്ന മിശ്രിതം പതിവായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും
രക്തചന്ദന പൊടിയും, റോസ് വാട്ടറും ചേർന്ന മിശ്രിതം മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും .ഇത് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറുന്നതാണ് ഒപ്പം മുഖത്തിന് നല്ല നിറവും കിട്ടും
രക്തചന്ദന പൊടിയും ,വെള്ളരിക്കയുടെ നീരും ചേർന്ന മിശ്രിതം മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കാൻ സഹായിക്കും .ഇ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ മുഖത്തെ കരുവാളിപ്പ് മാറിക്കിട്ടും .