പത്ത് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറു വൃക്ഷമാണ് ചന്ദനം .ചന്ദനം എന്ന വാക്കിന്റെ അർഥം തന്നെ ആനന്ദത്തെ ഉണ്ടാക്കുന്നത് എന്നാണ് .ചന്ദനത്തിന്റെ സുഗന്ധം മനസിന് കുളിർമ്മയേകുന്നതുപോലെ ചന്ദനം പൂശുന്നതം നെറ്റിയിൽ തിലകം അണിയുന്നതും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ് .ആരാധനാലയങ്ങളിലെ നിത്യകർമ്മങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചന്ദനം .പണ്ടുമുതലേ ഒരു രാജകീയ വൃക്ഷമായിട്ടാണ് ചന്ദനമരത്തെ കണ്ടു പോരുന്നത് .ഹൈന്ദവ പുരാണങ്ങളിൽ ചന്ദനത്തെകുറിച്ച് പല ഭാഗങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.ചന്ദനം ഏഴ് തരത്തിൽ ഉണ്ടന്നും എല്ലാ ചന്ദനത്തിന്റെയും ഗുണങ്ങൾ ഒരുപോലെയാണന്നും എന്നാൽ വാസനയിൽ വിത്യാസമുണ്ടന്നും ഗ്രന്ഥങ്ങളിൽ പറയുന്നു.
പുരാതന കാലം മുതൽക്കേ ഇന്ത്യക്കാർ ചന്ദനം സുഗന്ധദ്രവ്യമായും മരുന്നായും ഉപയോഗിച്ചുവരുന്നു .പല വിദേശ രാജ്യങ്ങളിലേക്കും ചന്ദനവും ചന്ദന തൈലവും കയറ്റി അയച്ചു പോരുന്നു ..കേരളത്തിൽ മൂന്നാറിന്റെ അടുത്തുള്ള മറയൂരിലാണ് ചന്ദനത്തോട്ടം ഉള്ളത് .മറയൂരിലെ ചന്ദനവനം ലോകപ്രസിദ്ധമാണ് .മഴ കുറഞ്ഞതും നീർവാർച്ച കുറഞ്ഞതുമായ കാടുകളിലാണ് ചന്ദന മരങ്ങൾ നന്നായി വളരുന്നത് .ചന്ദനം സമൃദ്ധമായി വളരുന്നത് കർണ്ണാടകയിലുള്ള വനങ്ങളിലാണ് .ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ചന്ദനത്തടിയുടെ മുക്കാൽ ഭാഗവും കർണ്ണാടകയിൽ നിന്നുമാണ് .കാടുകളിൽ ഉണ്ടാകുന്ന ചന്ദനത്തിനാണ് നാടൻ ചന്ദനത്തിനേക്കാൾ നല്ലത് .മൈസൂർ ചന്ദനമാണ് ഏറ്റവും നല്ലത് .കോയമ്പത്തൂർ ,സേലം തുടങ്ങിയ സ്ഥലങ്ങളിലും ചന്ദനം വളരുന്നുണ്ട്
ചന്ദനം ഒരു അർധമൂല പരാദസസ്യമാണ് അതായത് മറ്റുള്ള സസ്യങ്ങളുടെ വേരുകളിൽ നിന്നുമാണ് ചന്ദനമരം ആഹാരം പകുതിയും സ്വീകരിക്കുന്നത് .ചന്ദനം വളർന്നു കഴിയുമ്പോൾ അടുത്ത് വേറെ അതിഥേയ സസ്യങ്ങൾ ഒന്നും തന്നെ ഇല്ലങ്കിൽ ചന്ദനം ഉണങ്ങിപോകും .അതുകൊണ്ടു തന്നെ ചന്ദന തൈകൾ നടുമ്പോൾ അതിന് ഭക്ഷണം വലിച്ചെടുക്കാൻ പയറുപോലെയുള്ള ചെടികൾ ചന്ദനത്തിന്റെ ഒപ്പം നടണം
ചന്ദനം വളരെ സാവധാനം വളരുന്ന ഒരു മരമാണ് .ചന്ദനം വളർന്നു കഴിയുമ്പോൾ മരത്തൊലി വെടിച്ചു കീറിയും ചാര നിറത്തിലും കാണപ്പെടുന്നു .ഇങ്ങനെയുള്ള മരങ്ങളാണ് വെട്ടിയെടുക്കുന്നത് .ചന്ദനത്തടിയുടെ പകുതിയിൽ ഏറെയും വെള്ളയാണ് ഇതിനു മണമൊന്നുമില്ല .എന്നാൽ കാതലിന് നല്ല മണവും ഗോതമ്പിന്റെ നിറവുമാണ് .ചന്ദനത്തടിയുടെ കാതലും വേരും ഉപയോഗിച്ചാണ് ചന്ദനതൈലം വാറ്റിയെടുക്കുന്നത് .ചന്ദനത്തിന്റെ വേരും ,തടിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
സസ്യകുടുംബം : Santalaceae
ശാസ്ത്രനാമം : Santalum album
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Sandal Wood Tree
സംസ്‌കൃതം : ശ്രീഖണ്ഡം ,ശ്വേതചന്ദനം, ചന്ദനം, ശീതം, സിതം, ഗന്ധാഢ്യഃ
ഹിന്ദി : ചന്ദൻ
തമിഴ് : സന്ദനം
തെലുങ്ക് : ശ്രീഗന്ധപ്പൂമണു
ബംഗാളി : ചന്ദൻ
രസാദിഗുണങ്ങൾ
രസം : മധുരം, തിക്തം
ഗുണം : സ്നിഗ്ധം ,ലഘു
വീര്യം : ശീതം
വിപാകം : കടു
രാസഘടകങ്ങൾ
തടിയിലും വേരിലും ചന്ദനത്തൈലം അടങ്ങിയിട്ടുണ്ട്. തൈലത്തിൽ α-Santalol,Cis-β-Santatol ,Epi-β-Santalol ,α-Bergamatol ,Trans-β-Santalol ,Borneol ,Santenone , Santalic acid എന്നീ പാതാർഥങ്ങൾ അടങ്ങിയിട്ടുണ്ട്
ഔഷധഗുണങ്ങൾ
രകതം ശുദ്ധികരിക്കുന്നു ,ശരീരത്തിന് തണുപ്പും കുളിർമ്മയും,ഉന്മേഷവും നൽകുന്നു ,മൂത്രവിസർജനം ഉത്തേജിപ്പിക്കുന്നു ,അർശസ്സ് ,രക്താതിസാരം ഇതുമൂലമുണ്ടാകുന്ന രക്തശ്രാവം എന്നിവ ശമിപ്പിക്കുന്നു ,പൈത്തികവികാരങ്ങൾ ശമിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
6 ഗ്രാം ചന്ദനം അരച്ച് 250 ml മോരിൽ കലക്കി ദിവസം രണ്ടുനേരം കഴിച്ചാൽ അർശ്ശസ് മൂലമുണ്ടാകുന്ന രക്തസ്രാവം നിൽക്കും
ഉറക്കക്കുറവ് ഉള്ളവർ ചന്ദനം പനിനീരിൽ അരച്ച് നെറ്റിയിലും നെറുകയിലും പുരട്ടിക്കിടന്നാൽ നല്ല ഉറക്കം കിട്ടും
ആർത്തവരക്തത്തിൽ നിറവ്യത്യാസവും ദുർഗന്ധവുമുണ്ടായാൽ ചന്ദനം കഷായം വച്ച് കഴിക്കുകയും ചന്ദനം ഇട്ട് വെള്ളം തിളപ്പിച്ച് യോനി കഴുകുകയും ചെയ്താൽ മതിയാകും
ചന്ദനതൈലത്തിൽ ഇരട്ടി കടുകെണ്ണയും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖക്കുരു പരിപൂർണ്ണമായും മാറും
ചന്ദനം അരച്ച് പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽ കൂടേ പഴുപ്പ് പോകുക ,രക്തത്തിന്റെ അംശം കാണുക ,മൂത്രച്ചുടിച്ചിൽ മൂത്രം അൽപ്പാൽപ്പം പോകുക എന്നിവ മാറിക്കിട്ടും
ചന്ദനം അരച്ച് വെള്ളത്തിൽ കലക്കി കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ഛർദി മാറും
ചന്ദനം അരച്ച് കഞ്ഞിവെള്ളത്തിൽ കലക്കി തേനും ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും
ചന്ദനം അരച്ച് പുറമെ പുരട്ടിയാൽ നീരും വേദനയും മാറും കൂടാതെ നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും
ചന്ദനവും കർപ്പൂരവും തുല്യ അളവിൽ അരച്ച് പനിനീരിൽ കലക്കി അരിച്ച് മൂക്കിൽ ഇറ്റിച്ചാൽ എല്ലാത്തരം തലവേദനയും മാറും
ചന്ദനവും നെല്ലിക്കയും അരച്ച് തലയിൽ തേച്ച് കുളിച്ചാൽ ശരീരത്തിന് നല്ല തണുപ്പും കുളിർമ്മയും കിട്ടും വേനൽ ചൂടിൽനിന്ന് ആശ്വാസവും കിട്ടും
ചന്ദനവും ജീരകവും സമം അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് ദിവസം രണ്ടു നേരം വീതം കുറച്ചു ദിവസം പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും
ചന്ദനും നവസാരവും ചേർത്ത് ചുണങ്ങിന്റെ മുകളിൽ പുരട്ടിയാൽ ചുണങ്ങ് വേഗം മാറിക്കിട്ടും / ചന്ദനം പനിനീരിൽ അരച്ച് പുരട്ടിയാൽ ചൂടുകുരു മാറും
ചന്ദനം തണുത്ത വെള്ളത്തിൽ അരച്ച് പുറമെ പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ വിസർപ്പം ശമിക്കും (പൊള്ളൽ ,നീര് ,വേദന എന്നിവയോടു കൂടി ചർമ്മത്തിൽ ഉണ്ടാകുന്ന രോഗം )
ചന്ദനം അരച്ച് കഴിച്ചാൽ മുലപ്പാൽ ശുദ്ധിയാകും
ചന്ദനവും ,ആടലോടകവും,ജീരകവും തുല്യ അളവിൽ ആവിയിൽ പുഴുങ്ങി അരച്ച് കഴിച്ചാൽ ആസ്മ ശമിക്കും
മോണയിൽ നിന്നും രക്തം വരുന്നതിന് ചന്ദനതൈലം പഞ്ഞിയിൽ മുക്കി മോണയിൽ വച്ചാൽ മതി
കാൽപാദം വീണ്ടുകീറുന്നതിന് ചന്ദനം അരച്ച് നെയ്യും ചേർത്ത് പുരട്ടിയാൽ മതിയാകും