25 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിതമായ ഞാവൽ കേരളത്തിലുടനീളം കാണാൻ കഴിയും .ഇന്ത്യ ,ശ്രീലങ്ക ഉൾപ്പടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും സ്വാഭാവികമായി ഞാവൽ വളരുന്നു .മെയ് മുതൽ ഓഗസ്റ്റ് വരെ കേരളത്തിൽ ഞാവൽപ്പഴത്തിന്റെ കാലമാണ് .ഞാവൽപ്പഴം കുലകളായി മരം മുഴുവൻ നിറഞ്ഞു നിൽക്കും ,ഞാവൽപ്പഴത്തിനെ ചില സ്ഥലങ്ങളിൽ ഞാറക്ക എന്ന് പേര് പറയും .ഞാവലിന്റെ ഇലകൾക്ക് നേരിയ ഗന്ധമുണ്ട് .പൂക്കൾ കുലകളായിയാണ് ഉണ്ടാകുന്നത് .പൂക്കൾക്കും സുഗന്ധമുണ്ട് .ഇതിന്റെ ഫലം വിളഞ്ഞു പഴുത്താൽ കടും നീലനിറമാണ് .പഴത്തിന് മധുരവും ചവർപ്പും കലർന്ന രുചിയാണ് .ഫലത്തിനുള്ളിൽ ഉരുണ്ടതും കട്ടിയുള്ളതുമായ ഒരു വിത്ത് കാണാം .ഈ വിത്ത് ഉപയോഗിച്ചാണ് ഞാവൽ വളർത്തിയെടുക്കുക .ഈ രീതിയിൽ വളർത്തുന്ന വൃക്ഷം ഏകദേശം 9 വർഷം വേണ്ടിവരും കായ്ക്കാൻ .എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നട്ടുവളർത്തിയാൽ നാലാം വർഷത്തിൽ കായിച്ചു തുടങ്ങും .ഞാവലിൻറെ ഇല ,തൊലി,വിത്ത് ,ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .രോഹിണി നാലുകാരുടെ ജന്മ നക്ഷത്രവൃക്ഷമാണ് ഞാവൽ
സസ്യകുടുംബം : Myrtaceae
ശാസ്ത്രനാമം : Syzygium cumini
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Jamun Tree
സംസ്കൃതം: ജാംബവം, മഹാനീല, ഫലേന്ദ്രഃ
ഹിന്ദി: ജാംഭൽ
ബംഗാളി :കാലജാമ
തെലുങ്ക് : നാരുഡു
രസാദിഗുണങ്ങൾ
രസം :കഷായം, മധുരം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :മധുരം
രാസഘടകങ്ങൾ
ഞാവൽപ്പഴത്തിന്റെ വിത്തിൽ Jambolin എന്നഗ്ലൈക്കോസൈഡും Jambosene എന്ന മറ്റൊരു രാസപദാർഥവും അടങ്ങിയിട്ടുണ്ട്. Anthocyanin എന്ന വർണകമാണ് ഫലത്തിന് നീല നിറം നൽകുന്നത്. ഫലത്തിന് ചവർപ്പുരസം നൽകുന്നത് Gallicacid ആണ് .Isoquercetin,Kampferol,Malvidin,Petunidin എന്നിവയാണ് ഈ ഫലവൃക്ഷത്തിൽ കാണപ്പെടുന്ന മറ്റു രാസഘടകങ്ങൾ
ഔഷധഗുണങ്ങൾ
പ്രമേഹത്തെ പ്രതിരോധിക്കും ,ഞാവൽക്കുരുവിൽ അടങ്ങിയ Jambolin എന്ന ഘടകത്തിന് ധാന്യനൂറ് പഞ്ചസാരയായി മാറുന്നതിനെ തടയാനുള്ള ശക്തിയുണ്ട് ,ഞാവൽപ്പഴം തിന്നാൽ വയറിന് നല്ല സുഖം കിട്ടും ,മൂത്രം ധാരാളം സുഖമായി പോകും .വിളർച്ചയുള്ള രോഗികൾ ഞാവൽപ്പഴം തിന്നുന്നത് വളരെ നല്ലതാണ് കാരണം ഞാവൽപ്പഴത്തിൽ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്
ചില ഔഷധപ്രയോഗങ്ങൾ
ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം 3 നേരം കഴിച്ചാൽ പ്രമേഹം ശമിക്കും
ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് സമം കൽക്കണ്ടവും ചേർത്ത് ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് ചൂട് കഞ്ഞിവെള്ളത്തിൽ കലക്കി ദിവസം രണ്ടുനേരം വീതം കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം മാറും
ശരീരത്തിൽ തീപ്പൊള്ളൽ ഏറ്റാൽ ഞാവലിനെ ഇലയുടെ നീര് കടുകെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ പൊള്ളൽ പെട്ടന്ന് ഉണങ്ങിക്കിട്ടും
ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി പതിവായി കുടിച്ചാൽ രക്തത്തിലെ കൂടിയ പഞ്ചസാരയുടെ അളവ് കുറയും
ഞാവലിന്റെ തൊലി വിധിപ്രകാരം കഷായം വച്ച് 25 മില്ലി വീതം തേനും ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ അതിസാരം ,പ്രവാഹിക എന്നിവ മാറും
ഞാവൽ മരത്തിന്റെ തൊലിയും കൊടിത്തൂവ വേരും തുല്യ അളവിൽ കഷായം വച്ച് ദിവസം പലപ്രാവിശ്യം കവിൾ കൊണ്ടാൽ വായ്പുണ്ണും ,മോണയിൽ നിന്നും രകതം വരുന്നതും മാറും
ഞാവലിന്റെ തൊലിയുടെ നീര് മോരിൽ കലക്കി രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കഴിച്ചാൽ മലബന്ധം മാറും
ഞാവൽക്കുരു ഉണക്കി പൊടിച്ച് പഞ്ചസാരയും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം കഴിച്ചാൽ അതിസാരം മാറും
ഞാവൽപ്പഴവും ഉപ്പും ചേർത്ത് ദിവസം രണ്ടുനേരം വീതം 3 മാസം കഴിച്ചാൽ മൂലക്കുരു ശമിക്കും