ഒരു നിത്യഹരിതമായ ചെറു വൃക്ഷമാണ് കർപ്പൂരം .ഈ വൃക്ഷത്തിൽ നിന്നാണ് കർപ്പൂരം ഉൽപാദിപ്പിക്കുന്നത് .ഇംഗ്ലീഷിൽ കാംഫർ ലോറൽ ട്രീ എന്നും സംസ്‌കൃതത്തിൽ കർപ്പൂരകഃ,ഹിമവാലുക ,ചന്ദ്ര എന്നീ പേരുകളിലും അറിയപ്പെടുന്നു .
എവിടെ വളരുന്നു .
കർപ്പൂര മരത്തിന്റെ ജന്മദേശം ചൈനയോ ,ജപ്പാനോ ആണെന്ന് കരുതപ്പെടുന്നു . ജപ്പാൻ ,ചൈന ,ഫോർമോസ എന്നിവിടങ്ങളിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കർപ്പൂരം ഉൽപാദിപ്പിക്കുന്നത് .ഇന്ത്യയിൽ ഡെറാഡൂൻ ,കൽക്കത്ത ,നീലഗിരി ,കർണ്ണാടകം എന്നിവിടങ്ങളിൽ കർപ്പൂരം കൃഷി ചെയ്യുന്നു .ഇംഗ്ലീഷുകാരാണ് ഇന്ത്യയിൽ കർപ്പൂരകൃഷിക്ക് തുടക്കം കുറിച്ചത് .കേരളത്തിൽ അപൂർവ്വമായേ കാണപ്പെടുന്നൊള്ളു .സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കർപ്പൂരം നന്നായി വളരുക .
സസ്യവിവരണം .
7 മീറ്റർ മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് കർപ്പൂരം .ഇതിന്റെ ഏത് ഭാഗം മുറിച്ചു നോക്കിയാലും നല്ല സുഗന്ധമുള്ള കറ ഊറി വരും .ഇലകൾക്ക് തിളക്കമുള്ള പച്ചനിറമാണ് .ഇല ഞെരുടിയാൽ കർപ്പൂരത്തിന്റെ നല്ല സുഗന്ധമുണ്ടാകും .
ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ശരാശരി 15 സെ.മി നീളവും 5 സെ.മി വീതിയുമുണ്ടാകും .ഇലകളുടെ അഗ്രം കൂർത്തതാണ് .ഇവയുടെ പൂങ്കുലകൾ പത്രകക്ഷത്തിൽ ഉണ്ടാകുന്നു .ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .
ഇവയുടെ പൂക്കൾ ചെറുതും മഞ്ഞ നിറത്തോടു കൂടിയതുമാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് നല്ല സുഗന്ധമുണ്ടായിരിക്കും .ഫലങ്ങൾ ചെറുതും ഉരുണ്ടതുമാണ് .ഇളം ഫലങ്ങൾ കടും പച്ചനിറത്തിലും പാകമായ ഫലങ്ങൾ കറുപ്പുനിറത്തിലും കാണപ്പെടുന്നു .ഒരു ഫലത്തിൽ രണ്ട് വിത്തുകൾ വരെ കാണും .പക്ഷികൾ വഴിയാണ് വിത്തുവിതരണം നടക്കുന്നത് .
18 -20 വർഷം പ്രായമാകുമ്പോഴാണ് കർപ്പൂരമരം പൂക്കുന്നത് .ഇവയിലുണ്ടാകുന്ന ആദ്യഫലം മുളയ്ക്കാറില്ല അതിനാൽ 25 -30 വർഷം പ്രായമായ മരത്തിന്റെ വിത്തുകളാണ് പാകാൻ ഉപയോഗിക്കുക .
കർപ്പൂരത്തിന്റെ നിർമാണം .
കർപ്പൂരമരത്തിന്റെ നല്ലതുപോലെ വിളഞ്ഞ തടി നുറുക്കി ഒരു വലിയ പാത്രത്തിലാക്കി അടിഭാഗത്ത് വെള്ളം നിറച്ച് പാത്രത്തിന്റെ മുകൾഭാഗം നല്ലതുപോലെ കെട്ടി വായു പോകാത്ത വിധം അടയ്ക്കുന്നു . അതിനുശേഷം പാത്രം അടുപ്പിൽ വച്ച് നല്ലതു പോലെ ചൂടാക്കുന്നു . ചൂടേറ്റ് തടിയിലെ കർപ്പൂരം നീരാവിയോടൊപ്പം മുകളി ലേക്കു വരുകയും അത് പാത്രത്തിന്റെ ഉപരിതലത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു .
കുറെ സമയയത്തിനു ശേഷം പാത്രം ഇറക്കി തണുപ്പിക്കുന്നു . അതിനു ശേഷം തുറന്ന് മുകളിൽ പരൽരൂപത്തിൽ പറ്റിയിരിക്കുന്ന കർപ്പൂരം ശേഖരിക്കുന്നു . ഈ പരലുകളാണ് കർപ്പൂരമായി നാം ഉപയോഗിക്കുന്നത് . കർപ്പൂരത്തടി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു തൈലം (കർപ്പൂരതൈലം ) അടങ്ങിയിരിക്കുന്നു . ഇത് പിന്നീട് വേർതിരിച്ചെടുക്കുന്നു .
കൂടാതെ കർപ്പൂരമരത്തിന്റെ തൊലിയിൽ നിന്നും വേരിൽ നിന്നും തൈലം വേർതിരിച്ച് എടുക്കുന്നുണ്ട് . തടിയിൽ നിന്നുള്ള തൈലം മരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.ഇന്ത്യയിൽ നീലഗിരിയിൽ കർപ്പൂരനിർമ്മാണ ഫാക്ടറികളുണ്ട് .
കൃത്രിമമായും കർപ്പൂരം നിർമ്മിക്കുന്നുണ്ട് .നല്ല കർപ്പൂരും തുറന്നു വച്ചാൽ കുറച്ചസമയങ്ങൾക്കകം ബാഷ്പീകരിച്ചുപോകും .എന്നാൽ കൃത്രിമമായി ഉണ്ടാക്കുന്ന കർപ്പൂരം ബാഷ്പീകരിച്ചുപോകാറില്ല .
കർപ്പൂരം ഉപയോഗങ്ങൾ .
പുരാതനകാലം മുതൽ കർപ്പൂരം ഉപയോഗിക്കുന്നുണ്ട് .ഇന്ത്യയിൽ വീടുകളിലും, ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു ദിവ്യ പദാർത്ഥമായി കർപ്പൂരം ഉപയോഗിക്കുന്നു .ശബരിമലയിലെ അയ്യപ്പ സ്വാമിയേ കർപ്പൂരപ്രിയനായി സങ്കൽപ്പിക്കുന്നു . കൂടാതെ ഔഷധങ്ങളുടെ നിർമ്മാണത്തിനും കർപ്പൂരം ഉപയോഗിക്കുന്നു. ഒട്ടുമിക്ക ബാമുകളിലും കർപ്പൂരം ഒരു പ്രധാന ചേരുവയാണ് .
കർപ്പൂരതൈലം വെള്ളത്തിൽ ചേർത്ത് വീടിനുചുറ്റും തളിച്ചാൽ നെഗറ്റീവ് എനർജി ഇല്ലാതാകും എന്നാണ് വിശ്വാസം .അതേപോലെ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് കർപ്പൂരവും ഗ്രാമ്പുവും ഒരുമിച്ച് മുറിക്കുള്ളിൽ കത്തിച്ചാൽ വായു ശുദ്ധീകരിക്കാനും വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാനും സഹായിക്കും .കൂടാതെ കർപ്പൂരത്തിന്റെ സുഗന്ധം മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും ചെയ്യും .
കർപ്പൂരം ഔഷധഗുണങ്ങൾ .
"കർപ്പൂരം കടുതിക്തം ച മധുരം ശിശിരം വിദു തൃൺമേദോ വിഷദോഷഘ്നം ചക്ഷുഷ്യം മദകാരകം " (ധന്വന്തരി നിഘണ്ടു )
വാത കഫ രോഗങ്ങളെ ശമിപ്പിക്കാനും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളെ വർധിപ്പിക്കാനും വേദന കുറയ്ക്കാനും ശ്വാസകോശങ്ങൾ ,മാംസപേശികൾ ,നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന വലിഞ്ഞുമുറുകൾ ഇല്ലാതാക്കാനും ചുമ ,പനി,ജലദോഷം ,കഫക്കെട്ട് എന്നിവ ഇല്ലാതാക്കാനും കർപ്പൂരത്തിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾക്ക് സാധിക്കും .
കർപ്പൂരം ചേരുവയുള്ള ഔഷധങ്ങൾ .
- കർപ്പൂരാസവം
- കർപ്പൂരാദി ചൂർണം
- കച്ചൂരാദി ചൂർണ്ണം
- ദശനസംസ്കാര ചൂർണം
- കർപ്പൂരാദി തൈലം
- വായുഗുളിക (കസ്തൂര്യാദി ഗുളിക)
- കൊമ്പഞ്ചാദി ഗുളിക
- ഗന്ധകാദ്യ മലഹാര
- മാനസമിത്ര വടകം
എന്നീ ഔഷധയോഗങ്ങളിലെ ഒരു പ്രധാന ചേരുവയാണ് കർപ്പൂരം.
കർപ്പൂരാസവം ഉപയോഗങ്ങൾ .
അതിസാരം, കോളറ ,ദഹനക്കുറവ്, ഗ്യാസ്ട്രബിള്‍ എന്നി വയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നു. 10 മില്ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിലാണ് കഴിക്കേണ്ടത്.
കർപ്പൂരാദി ചൂർണം ഉപയോഗങ്ങൾ.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് കർപ്പൂരാദി ചൂർണം .വിട്ടുമാറാത്ത ചുമ ,ശ്വാസ തടസ്സം തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .
കച്ചൂരാദി ചൂർണ്ണം ഉപയോഗങ്ങൾ .
തലയിൽ തളമിടാൻ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് കച്ചൂരാദി ചൂർണ്ണം.ശരീരത്തിനും മനസ്സിനും കുളിർമ്മ പ്രദാനം ചെയ്യുന്ന കച്ചൂരാദി ചൂർണ്ണം തലവേദന ,തലകറക്കം ,ഉറക്കക്കുറവ് ,ബുദ്ധിഭ്രമം ,നേത്രരോഗങ്ങൾ ,കഫത്തോടു കൂടിയ ചുമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .
കച്ചൂരാദി ചൂർണ്ണം തലയിൽ തളമിടുന്നത് തലവേദന ,പനി,ചുമ, തലപുകച്ചിൽ ,ഉറക്കക്കുറവ് ,തലകറക്കം ,മാനസിക സമ്മർദ്ദം ,ബുദ്ധിഭ്രമം,കണ്ണിനെയും ചെവികളേയും ബാധിക്കുന്ന വിവിധരോഗങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് .
ദശനസംസ്കാര ചൂർണം ഉപയോഗങ്ങൾ .
പല്ലുകളുടെ നിറവും ബലവും വർധിപ്പിക്കുന്നതിനും മോണരോഗങ്ങൾ തടയുന്നതിനും ഉപയോഗിക്കുന്ന ഒരു ആയുർവേദ പൽപ്പൊടിയാണ് ദശനസംസ്കാര ചൂർണം.മോണ പഴുപ്പ് ,മോണയിനിലുള്ള രക്തസ്രാവം ,വായ്‌നാറ്റം തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ് .
കർപ്പൂരാദി തൈലം ഉപയോഗങ്ങൾ .
എണ്ണയിലോ ,വെളിച്ചെണ്ണയിലോ തയാറാക്കുന്ന ഒരു ആയുർവേദ ഔഷധ തൈലമാണ് കർപ്പൂരാദി തൈലം.ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു തൈലം കൂടിയാണിത് .ഇതിലെ പ്രധാന ചേരുവ കർപ്പൂരം തന്നെയാണ് .വാതസംബന്ധമായ രോഗങ്ങൾ ,പേശിവേദന ,പേശി വലിവ് ,മസില്‍പിടുത്തം, ഉരുണ്ടുകയറ്റം ,നടുവേദന ,കഴുത്തുവേദന തുടങ്ങിയ അവസ്ഥകളിൽ ഈ തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .
കൂടാതെ ചുമ ,കഫക്കെട്ട് ,ജലദോഷം ,മൂക്കൊലിപ്പ് ,തുമ്മൽ ,അലർജി തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാൻ കർപ്പൂരാദി തൈലം നെഞ്ചിൽ പുറമെ പുരട്ടുവാനും ഉപയോഗിക്കുന്നു .
വായുഗുളിക ഉപയോഗങ്ങൾ (കസ്തൂര്യാദി ഗുളിക).
വളരെ പ്രശസ്തമായ ഒരു ആയുർവേദ മരുന്നാണ് വായുഗുളിക അഥവാ കസ്തൂര്യാദിഗുളിക.ചുമ, ജലദോഷം ,പനി ,ന്യൂമോണിയ ,മൂക്കൊലിപ്പ് , തുമ്മൽ,ആസ്മ , ബ്രോങ്കൈറ്റിസ്, ദഹനക്കേട് ,വിശപ്പില്ലായ്‌മ ,കുട്ടികളിലെ വയറുവേദന ,എക്കിൾ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വായുഗുളിക അഥവാ കസ്തൂര്യാദി ഗുളിക.
കൊമ്പഞ്ചാദി ഗുളിക ഉപയോഗങ്ങൾ.
കുട്ടികൾക്കുണ്ടാകുന്ന പനി ,ചുമ ,അപസ്‌മാരം ,ബാലപീഢ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് കൊമ്പഞ്ചാദി ഗുളിക.
ഗന്ധകാദ്യ മലഹാര ഉപയോഗങ്ങൾ .
വട്ടച്ചൊറി ,കരപ്പൻ ,തുടയ്ക്കിടയിലെ ചൊറിച്ചിൽ ,അലർജി തുടങ്ങിയ ത്വക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗന്ധകാദ്യ മലഹാര.
മാനസ മിത്ര വടകം ഉപയോഗങ്ങൾ .
മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.വിഷാദരോഗം ,സ്ട്രെസ്, ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.ഓർമ്മശക്തി ,ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഓട്ടിസം ബാധിച്ച കുട്ടികളിൽ ഇത് ഉപയോഗിക്കുന്നു .കൂടാതെ അപസ്‌മാരത്തിനും ഔഷധമായി ഉപയോഗിക്കുന്നു .
- Botanical name : Cinnamomum camphora
- Family : Lauraceae (Laurel family)
- Synonyms : Laurus camphor, Camphora officinarum
- Common name : Camphor laurel,Camphor Tree
- Hindi & Bengali - Karpur
- Malayalam : Karpooram
- Tamil - Karpooram
- Telugu - Karpooram Chettu
- Kannada - Pache karpoora
- Marathi & Gujarati - Karpur
രാസഘടകങ്ങൾ .
കർപ്പൂരത്തിന്റെ തടിയിൽനിന്നും വേരിൽനിന്നും ഒരു തരം തൈലം വാറ്റിയെടുക്കുന്നു .ഈ തൈലത്തിലെ മുഖ്യഘടകം സാഫ്രോൾ എന്ന പദാർത്ഥമാണ് .മരത്തിന്റെ കറയിൽ സിങ്ക് ക്ലോറൈഡ് ചേർത്ത് വാറ്റിയാൽ സൈമോൾ എന്ന പദാർത്ഥം കിട്ടുന്നു .കർപ്പൂരത്തിന്റെ വിത്തിൽ ഒരു തരം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് .ഈ കൊഴുപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന ബാഷ്പസ്വഭാവമുള്ള തൈലമാണ് സ്റ്റെനേപ്റ്റിസ് .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കടു ,മധുരം
ഗുണം -ലഘു ,തീക്ഷ്‌ണം
വീര്യം -ശീതം
വിപാകം -കടു
കർപ്പൂരത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
പനി, ചുമ, നെഞ്ചിൽ കഫക്കെട്ട്, നെഞ്ചുവേദന .
കർപ്പൂരമോ ,കർപ്പൂരതൈലമോ ചൂടുവെള്ളത്തിലിട്ട് ആവി പിടിച്ചാൽ പനി, ചുമ, നെഞ്ചിൽ കഫക്കെട്ട്, നെഞ്ചുവേദനഎന്നിവയ്ക്ക് ആശ്വാസം കിട്ടും .
ആസ്മ .
5 ഗ്രാം കർപ്പൂരം 100 മില്ലി എള്ളണ്ണയിൽ ചൂടാക്കി ലയിപ്പിച്ച് നെഞ്ചിൽ പുരട്ടിയാൽ ആസ്മ മൂലമുണ്ടാകുന്ന ചുമ ,ശ്വാസതടസ്സം ,മൂക്കടപ്പ് എന്നിവയ്ക്ക് ആശ്വാസം കിട്ടും .
വാതവേദന .
കർപ്പൂരം ആവണക്കെണ്ണയിൽ കൂട്ടിക്കലർത്തി പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടും .
സ്വപ്‌നസ്‌ഖലനം .
കർപ്പൂരവും ,കറുപ്പും ഒരേ അളവിലെടുത്ത് ഗുളികരൂപത്തിലാക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ ഉറക്കത്തിലുണ്ടാകുന്ന സ്‌ഖലനം മാറിക്കിട്ടും .
പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ .
കർപ്പൂരത്തിന് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ട് .അതിനാൽ തന്നെ കർപ്പൂരതൈലം ലിംഗത്തിൽ പുരട്ടി പതിവായി മസാജ് ചെയ്താൽ ഉദ്ധാരണശേഷി വർധിക്കും .കർപ്പൂരം
കർപ്പൂരതൈലം നേരിട്ട് ഉപയോഗിക്കരുത് ഒലിവ് ഓയിലിൽ ചേർത്ത് നേർപ്പിച്ച് വേണം ഉപയോഗിക്കാൻ .കർപ്പൂരം പനിനീരിൽ ചേർത്ത് ലിംഗത്തിൽ പുരട്ടിയാലും മേൽപറഞ്ഞ ഗുണങ്ങൾ കിട്ടുന്നതാണ് .
ചുമ ,ശ്വാസംമുട്ടൽ .
കർപ്പൂരം പ്രധാനമായി ചേർത്തുണ്ടാക്കുന്ന കർപ്പൂരചൂർണം ഒരു ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം കഴിച്ചാൽ ചുമ ,ശ്വാസംമുട്ടൽ എന്നിവ ശമിക്കും .
മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മാറാൻ .
കസ്തൂരിമഞ്ഞൾ ,ചന്ദനം ,രക്തചന്ദനം ,താമരക്കിഴങ്ങ് ,രാമച്ചം എന്നിവയിൽ അൽപം കർപ്പൂരവും ചേർത്ത് അരച്ച് അൽപം തുളസി നീരും ചേർത്ത് മുഖത്തു കുറച്ചുനാൾ പതിവായി പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മാറി മുഖത്തിന് നല്ല നിറവും കിട്ടുന്നതാണ് .
പല്ലുവേദന മാറാൻ .
അൽപം കർപ്പൂരം പൊടിച്ചു പഞ്ഞിയിൽ മുക്കി പോടുള്ള ഭാഗത്ത് വച്ചാൽ പല്ലുവേദന ശമിക്കും .
തുമ്മൽ മാറാൻ .
രക്തചന്ദനം അരച്ച് എണ്ണകാച്ചി കർപ്പൂരവും ചേർത്ത് തലയിൽ തേയ്ച്ചാൽ തുമ്മൽ മാറിക്കിട്ടും .
ചുമ ,ജലദോഷം ,തൊണ്ടവേദന .
ഒരു ഗ്രാം കർപ്പൂരം നന്നായി പൊടിച്ച് അര ടീസ്പൂൺ തേനിൽ കലർത്തി കഴിച്ചാൽ ചുമ ,ജലദോഷം,തൊണ്ടവേദന ,തൊണ്ടയടപ്പ് എന്നിവ മാറിക്കിട്ടും .
വയറുവേദന ,ഗ്യാസ് ട്രബിള്‍ ,ദഹനക്കേട് ,വിശപ്പില്ലായ്‌മ .
കർപ്പൂരം ,കല്ലുപ്പ് ,ജീരകം , ഗ്രാമ്പു എന്നിവ സ്വല്പം വെള്ളവും ചേർത്തരച്ച് ചെറിയ ഗുളിക രൂപത്തിൽ ഉരുട്ടിയെടുത്ത് നിഴലിൽ ഉണക്കി സൂക്ഷിക്കാം .ഈ ഗുളിക വയറുവേദന ,ഗ്യാസ് ട്രബിള്‍ ,ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് .
കർപ്പൂരം ഒരു തുണിയിൽ കിഴികെട്ടി കഴുത്തിൽവച്ച് ഉറങ്ങിയാൽ ,മൂക്കടപ്പ് ,കഫക്കെട്ട് ,ഗ്യാസ് ,അസിഡിറ്റി ,വെരിക്കോസ്‌വെയിൻ ,എന്നിവ ശമിക്കും.
തലവേദന ,തലപുകച്ചിൽ ,തലയിലെ പേൻശല്യം,താരൻ .
10 ഗ്രാം കർപ്പൂരം 100 മില്ലി കടുകെണ്ണയിലോ ,വെളിച്ചണ്ണയിലോ ചേർത്ത് ചൂടാക്കി ലയിപ്പിച്ച് തണുത്തതിന് ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ എണ്ണ തലവേദന ,തലപുകച്ചിൽ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് .കൂടാതെ തലയിലെ പേനിനെ നശിപ്പിക്കാനും ,തലയിലെ താരൻ ,ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാനും ഈ എണ്ണ ഉപയോഗിക്കാം .
കർപ്പൂരം മുലപ്പാലിൽ ചേർത്ത് നസ്യം ചെയ്‌താൽ തലവേദന ,എക്കിൾ എന്നിവയ്ക്ക് പെട്ടന്ന് ശമനമുണ്ടാകും .
മുറിവുകൾ .
ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾക്ക് കർപ്പൂരം പൊടിച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയുന്നതാണ് .
മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കാൻ .
കർപ്പൂരം ഒലിവെണ്ണയിലോ ,ബദാമെണ്ണയിലോ ലയിപ്പിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .
വളർത്തുമൃഗങ്ങളുടെ ശരീരം പുഴുക്കുന്നതിന് .
സ്പിരിറ്റിൽ കർപ്പൂരം ലയിപ്പിച്ച് മൃഗങ്ങളുടെ ശരീരം പുഴുക്കുന്ന ഭാഗത്ത് ഒഴിച്ചാൽ പുഴുക്കൾ നശിച്ച് വ്രണങ്ങൾ പെട്ടന്ന്
കരിയുന്നതാണ് .
വീട്ടിലെ ഉറുമ്പ് ശല്ല്യം ഇല്ലാതാക്കാൻ .
കർപ്പൂരതൈലം വെള്ളത്തിൽ ചേർത്ത് ഉറുമ്പുള്ള പ്രദേശങ്ങളിൽ തളിച്ചാൽ ഉറുമ്പ് ശല്ല്യം മാറിക്കിട്ടുന്നതാണ് .
കർപ്പൂരത്തിന്റെ പാർശ്വഫലങ്ങൾ .
കർപ്പൂരം അമിത അളവിൽ ഉള്ളിൽ കഴിച്ചാൽ ദഹനക്കേട് ,ഓക്കാനം ,ഛർദ്ദി മുദലായവയ്ക്ക് കാരണമാകും .
Tags:
വൃക്ഷം