പഴയ പുരത്തറ ഇളക്കി മാറ്റുമ്പോഴും കയ്യാലകൾ പൊളിക്കുമ്പോഴും കറുത്ത നിറത്തിൽ കണ്ണിമാങ്ങയുടെ ആകൃതിയിൽ കാണുന്ന കൂൺ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധമാണ് നിലമാങ്ങാ. (Earth Mango) ശാസ്ത്രനാമം സ്ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (Sclerotium Stipitatum) . സംസ്‌കൃതത്തിൽ വല്മീകാമ്രം എന്നാണ് പേര് .ഇതിനെ ചിതൽക്കിഴങ്ങ് എന്ന പേരിലും അറിയപ്പെടും . ഇവ കുലകളായും ഒറ്റയ്ക്കും കാണപ്പെടുന്നു .മിഥുനം കർക്കിടക മാസങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത് . കൂൺ വർഗ്ഗത്തിൽ പെട്ടതാണെങ്കിലും കൂണുപോലെ അത്ര ദുർബലമല്ല നല്ല കട്ടിയുള്ളതാണ് . മുറിച്ചുനോക്കിയാൽ കൊട്ടതേങ്ങ പോലെയിരിക്കും .ഇപ്പോൾ വളരെ അപൂർവ്വമായേ ഇത് കാണാറുള്ളു വംശനാശം വന്നുകൊണ്ടിരിക്കുകയാണ് .കിട്ടുന്നവർ ഇത് നിഴലിൽ ഉണക്കി ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ് .
ചില ഔഷധപ്രയോഗങ്ങൾ
ശക്തമായ വയറിളക്കത്തിനും ,ഛർദ്ദിയ്ക്കും നിലമാങ്ങാ ചതച്ച് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി തണുത്തതിനു ശേഷം തേൻ ചേർത്ത് കഴിച്ചാൽ മതിയാകും .കുട്ടികളുടെ വയറിളക്കത്തിന് 5 ഗ്രാം നിലമാങ്ങാ അരച്ച് കൊടുത്താൽ മതിയാകും .
കഴുകി വൃത്തിയാക്കിയ നിലമാങ്ങാ വെള്ളവും ചേർത്ത് അരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.
വീഴ്ച്ച ,അടി മുതലായവ കൊണ്ടുണ്ടാകുന്ന ശരീരവേദനയ്‌ക്ക് നിലമാങ്ങാ അരച്ച് പുറമെ പുരട്ടിയാൽ മതിയാകും.
നിലമാങ്ങാ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ ചുമ മാറും .
നിലമാങ്ങയും പുറ്റുമണ്ണും ഒരേ അളവിൽ അരച്ച് പുരട്ടിയാൽ പഴുതാര വിഷം ശമിക്കും .
നിലമാങ്ങാ ചതച്ച് വെളിച്ചെണ്ണയിൽ കാച്ചിയ എണ്ണ ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും .
നിലമാങ്ങാ ,ചുക്ക് ,അയമോദകം എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ,അരുചി ,ദഹനക്കേട് ,മനംപുരട്ടൽ എന്നിവ മാറിക്കിട്ടും.