ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ഇത്തി .കേരളത്തിൽ ഇതിനെ കല്ലിത്തി എന്ന പേരിലും അറിയപ്പെടും .ആൽമരങ്ങളിൽഉൾപ്പെടുന്ന ഒരിനം വൃക്ഷമാണ് ഇത്തി .ഉത്രം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇത്തി.
Botanical name : Ficus tinctoria
Family : Moraceae (Mulberry family)
Synonyms : Ficus gibbosa, Ficus parasitica, Ficus swinhoei
Common name : Dye Fig , Humped Fig
Malayalam : Itthi , Kallathi , Kallithi
Tamil : Kaliatthi
Kannada : Gudumittemara
Hindi : Pakar , Kamrup
Bengali : Pakudu,Pakada
Telugu : Kappa ,Piaksha
Gujjarathi : Peparya
Marati : Pimbari
Sanskrit : Kuni ,Plushum
ആവാസകേന്ദ്രം .
ഇന്ത്യ , ബർമ , ശ്രീലങ്ക ,മ്യാന്മാർ എന്നീ രാജ്യങ്ങളിൽ ഇത്തി കാണപ്പെടുന്നു .കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധഹരിത വനങ്ങളിലും ഇത്തി കാണപ്പെടുന്നു .പൊതുവെ ഇത്തി മരം വളരെ അപൂർവമാണ് .ദ്രവിച്ച വീടുകളുടെ ഭിത്തികളിലും കിണറുകളുടെ വക്കിലും കിളിച്ചു നിൽക്കുന്നത് നമ്മൾ പലയിടത്തും കണ്ടിട്ടുണ്ടാകും .
രൂപവിവരണം .
20 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലകൾ മാവിലയോളം വീതിയുള്ളതും ഇരുണ്ട പച്ച നിറത്തോടു കൂടിയതുമാണ് . ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 5 -15 സെ.മി നീളവും 3 -8 സെ.മി വീതിയുമുണ്ടാകും .ഇലയുടെ അടിഭാഗം പരുപരുത്തതും മുകൾഭാഗം നല്ല മിനുസമുള്ളതുമാണ് .പൂങ്കുല ചിലപ്പോൾ കൂട്ടമായോ അല്ലാതെയോ കാണപ്പെടുന്നു. ഹൈമെനോപ്റ്റെറ ജനുസ്സിൽപ്പെട്ട പ്രാണികളുടെ സഹായത്താലാണ്.പരാഗണം നടക്കുന്നത്.പെൺപ്രാണികൾ ഇത്തിപ്പൂവിൽ മുട്ടയിടുന്നു.മുട്ടവിരിഞ്ഞു വരുന്ന ആൺ പ്രാണികൾക്കു കണ്ണോ, ചിറകോ ഉണ്ടായിരിക്കുകയില്ല .ഇണ ചേർന്നു കഴിയുന്നതോടെ അവ ചാകുകയും . പെൺപ്രാണികൾ പറന്നു പോകുകയും കൂടെ പൂമ്പൊടിയും കൊണ്ടുപോകും . ഈ പെണ്‍പ്രാണികൾ മറ്റൊരു പൂവിൽ മുട്ടയിടാൻ എത്തുന്നതോടെ പരാഗവിതരണം നടക്കുകയും ചെയ്യുന്നു .ജനുവരി മാർച്ചിൽ ഇതിന്റെ കായ്കൾ വിളയും. ഉരുണ്ട ചെറിയ ഫലങ്ങൾക്കു മഞ്ഞനിറം. ഇതിനു പ്രത്യേകിച്ച് മണമോ രുചിയോ ഉണ്ടാവില്ല.ഇത്തിക്കായ്കളിൽ നിന്നു ലഭിച്ചിരുന്ന ചുവന്ന ചായം വസ്ത്രങ്ങൾക്ക് നിറം പിടിപ്പിക്കാൻ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു.
ഇത്തിയുടെ ഉപയോഗം .
ഇത്തി ആൽമരങ്ങളിൽ ഒരിനം വൃക്ഷമാണ് .അത്തി , ഇത്തി , അരയാൽ , പേരാൽ ഈ നാലു മരങ്ങളെ ഒരുമിച്ചു പറയുന്ന പേരാണു നാല്പാമരം. ഈ നാല് മരങ്ങളിലും മുറിവുണ്ടാക്കിയാൽ പാല്‍ പോലുള്ള കറയുണ്ടാകും . ഇവ നാലും ചേർന്ന മിശ്രിതം ആയുർവേദത്തിലെ പ്രശസ്തമായ ഒരു ഔഷധമാണ് ഇതിനെ "നാല്പാമരം " എന്ന പേരിൽ അറിയപ്പെടും . നാല്പാമരത്തോടു കല്ലാൽ കൂടെ ചേർന്നാൽ . പഞ്ചവൽക്കമായി.ഈ നാലുമരങ്ങളും നക്ഷത്രവൃക്ഷങ്ങളിൽ പെട്ടതാണ് .ഉത്രം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇത്തി. വാസ്തുശാസ്ത്രപ്രകാരം വീടിന്റെ കിഴക്ക് ദിക്കിൽ വെക്കേണ്ടുന്ന മരങ്ങളിൽ ഒന്നാണ് ഇത്തി.ഇതിന്റെ തടിക്ക് ഇടും ബലവും കുറവാണ് .തടിയുടെ കാതലിനു അല്പം തവിട്ടു കലർന്ന വെള്ളനിറമാണ്. ഈടും ബലവും കുറവായതുകൊണ്ട് വീട്ടാവശ്യത്തിനൊന്നും ഉപയോഗിക്കാൻ കഴിയില്ല.
രസാദിഗുണങ്ങൾ .
രസം : കഷായം ,മധുരം
ഗുണം : ഗുരു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
ഇത്തിയുടെ ഔഷധഗുണങ്ങൾ .
ഇത്തിയുടെ വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ ഔഷധത്തിന് ഉപയോഗിക്കുന്നു, തൊലിക്ക് അത്തിയുടെ ഗുണമാണുള്ളത്.തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. നാല്പാമരത്തിന്റെ എണ്ണ തേച്ചു കുഞ്ഞുവാവയെ കുളിപ്പിക്കാറുണ്ട് . അൾസർ, ത്വക് രോഗങ്ങൾ, മോഹാലസ്യം , തളർച്ച , രക്തപിത്തം, രക്തശുദ്ധി,പ്രമേഹം , കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഇത്തി ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.
ഇതിന്റെ തോല്‍ കൊണ്ടുള്ള കഷായം വ്രണശുദ്ധിക്ക് ഉപയോഗിക്കുന്നു. ആമാശയശുദ്ധിക്കാണ് നാല്പാമരത്തിന്റെ കഷായം ഉപയോഗിക്കുന്നത് . നാല്പാമരം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുട്ടികളെ കുളിപ്പിക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍ എന്ന ത്വക്ക് രോഗത്തിന് ശമനമുണ്ടാക്കുന്ന ഒരു മരുന്നാണ്. ക്ഷേത്രങ്ങളിൽ ശുദ്ധികലശത്തിനും നാല്പാമരം ഉപയോഗിക്കുന്നു.വേനൽക്കാലത്ത് നാല്പാമരം എണ്ണ തേച്ച് നാല്‌പാമരം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉണര്‍വും ശരീരത്തിന് നല്ല തണുപ്പും ഉണ്ടാകും. ഇതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ഉഷ്ണപ്പുണ്ണിന് വളരെ ഗുണം ചെയ്യും .