10 മുതൽ 15 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മരോട്ടി. ചാൽമൊഗര എന്ന ഹിന്ദി പേരിലാണ് മരോട്ടി വ്യാപകമായി അറിയപ്പെടുന്നത്. മരോട്ടി ,കോടി ,മരവട്ടി , നീർവട്ട ,നീർവട്ടി എന്നീ പല പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഇതിന്റെ തൊലിപ്പുറം വെളുത്ത നിറത്തിലും നല്ല മിനുസമുള്ളതുമാണ്. അതുകൊണ്ടുതന്നെ പാമ്പുപോലെയുള്ള ഇഴ ജന്തുക്കൾ മരോട്ടിയിൽ കയറില്ല . ഇതിന്റെ തൊലിക്ക് ഒരു പ്രത്യേക ദുർഗന്ധമുണ്ട് . കുഷ്ടരോഗ ചികിത്സയ്ക്ക് ആയുർവ്വേദം നൽകുന്ന വളരെ ശ്രേഷ്ടമായ ഒരു ഔഷധമാണ് മരോട്ടി . അതുകൊണ്ടു തന്നെ ഇതിന് സംസ്‌കൃതത്തിൽ കുഷ്ടവൈരി എന്നു ഒരു പേരുകൂടിയുണ്ട് . ഇതിന്റെ കായ്കൾക്ക് പുറമെ ചെറിയ രോമങ്ങൾ കാണപ്പെടും . കായ്കൾക്ക് കട്ടികൂടിയ തവിട്ടുനിറത്തിലുള്ള പുറന്തോടുണ്ട് . കായ്കൾ പൊട്ടിച്ചു നോക്കിയാൽ 10 മുതൽ 20 വരെ വിത്തുകൾ ഉള്ളിൽ കാണും . വിത്തിന് മഞ്ഞ നിറമാണ് .ഈ വിത്തുകൾ പാകമായി കഴിയുമ്പോൾ ആട്ടി എണ്ണ എടുക്കുന്നു.( മരോട്ടിയെണ്ണ )പണ്ടു കാലങ്ങളിൽ മരോട്ടിയെണ്ണ ഉപയോഗിച്ചായിരുന്നു മിക്ക വീടുകളിലും വിളക്ക് കത്തിച്ചിരുന്നത് . ഈ എണ്ണ ചാൽമുഗ്രിക് ഓയിൽ എന്ന പേരിൽ അറിയപ്പെടുന്നു .
മരോട്ടി ആൺ, പെൺ മരങ്ങളുണ്ട് .ഡിസംബർ മുതൽ മാർച്ച് വരെ മരോട്ടിമരത്തിന്റെ വസന്തകാലമാണ് .ഒക്ടോബർ നവംബറോടു കൂടി ഇതിന്റെ കായ്കൾ വിളയും .ഈർപ്പമുള്ള മണ്ണിലാണ് ഇതിന്റെ തൈകൾ വളരുന്നത് .പശ്ചിമഘട്ടത്തിലെ ഉഷ്‌ണപ്രദേശങ്ങളിലും ചതുപ്പു നിലങ്ങളിലും മരോട്ടി സാധാരണ വളരുന്നു .കേരളത്തിൽ 600 മീറ്റർ ഉയരമുള്ള മലകളിൽ മരോട്ടി ധാരാളമായി കാണപ്പെടുന്നു .കേരളത്തിലെ സർപ്പക്കാവുകളിൽ ഈ വൃക്ഷം കാണപ്പെടാറുണ്ട് പണ്ടുകാലങ്ങളിൽ കാർത്തിക വിളക്കുണ്ടാക്കാൻ ഇതിന്റെ കായ്കൾ ഉപയോഗിച്ചിരുന്നു .മരോട്ടി കായ്കൾ കുറുകെ മുറിച്ചു ഉള്ളിലെ അരികൾ നീക്കം ചെയ്ത ശേഷം എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുമായിരുന്നു.
വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് മരോട്ടി . എങ്കിലും ഇത് ഒരു വിഷസസ്യം കൂടിയാണ് . ഇതിന്റെ കായ്കൾക്കും കുരു ആട്ടി എടുക്കുന്ന എണ്ണയ്ക്കും വിഷമുള്ളതാണ് . ഇവ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . പണ്ടുള്ളവർ മരോട്ടിക്കുരു ഉപയോഗിച്ച് മീൻ പിടിച്ചിരുന്നു . മീനിന് വിഷമാണ് മരോട്ടി . മരോട്ടിയുടെ കുരുവും തുരിശും ചേർത്ത് അരച്ച് വെള്ളത്തിൽ കലക്കിയാൽ മീൻ ചാകുമായിരുന്നു . ഇന്ന് ഇത് നിയമപ്രകാരം കുറ്റകരമാണ് . മരോട്ടിയിൽ കായ ഉണ്ടാകുന്ന സമയങ്ങളിൽ മരോട്ടിയുടെ ചുവട്ടിൽ മുള്ളൻ പന്നി മയങ്ങിക്കിടക്കും എന്ന് പഴയ കാലത്തുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് . കാരണം മരോട്ടിക്കായ മുള്ളൻ പന്നി കഴിക്കും . കഴിച്ചിട്ട് ഒന്നോ രണ്ടോ ദിവസം മയങ്ങിക്കിടക്കും. അതിനു ശേഷം എഴുന്നേറ്റു പോകും ചാകില്ല .
അധികമായാ അളവിൽ മരോട്ടിക്കുരുവോ മരോട്ടിയെണ്ണയോ ഉള്ളിൽ കഴിച്ചാൽ ശക്തമായ വയറിളക്കവും ചർദ്ദിയും ഉണ്ടാകും .കൂടാതെ കുടലിലെയും ആമാശയത്തിലെയും ആന്തരകലകൾക്ക് വീക്കവും വേദനയും ഉണ്ടാകും .മരോട്ടിക്കുരു കഴിച്ചാൽ ഞാറ വേരോ ചന്ദനമോ അരച്ച് കഴിച്ചാൽ മരോട്ടിവിഷം ശമിക്കും .അല്ലങ്കിൽ ശുദ്ധമായ വെണ്ണയോ നെയ്യോ പുറമെ കഴിച്ചാൽ മതിയാകും.മരോട്ടിയുടെ വേര് ,തളിരില ,കായ് ,എണ്ണ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.
നന്നായി പഴുത്ത മരോട്ടി കായ്കളിൽ നിന്നും കുരു ശേഖരിച്ച് ഉണങ്ങി ചക്കിലിട്ട് ആട്ടി എണ്ണ എടുക്കാവുന്നതാണ് .അല്ലങ്കിൽ കുരു ചതച്ച് വെള്ളത്തിൽ നന്നായി വേവിച്ചാൽ ഇതിന്റെ എണ്ണ വെള്ളത്തിൽ പൊന്തിക്കിടക്കും . ഇ എണ്ണ എടുത്ത് നന്നായി തിളപ്പിച്ച് ഇതിലെ ജലാംശം മുഴുവൻ വറ്റിച്ച് വായു കടക്കാത്ത കുപ്പിയിലാക്കി 15 -20 ദിവസം ഉണക്ക ചാണകപ്പൊടിയിൽ കിഴിച്ചിട്ടതിനു ശേഷം ഉപയോഗിക്കാം . മരോട്ടിക്കുരു ഏഴു ദിവസം രാത്രി ചുണ്ണാമ്പു വെള്ളത്തിൽ ഇടുകയും പകൽ ഉണക്കുകയും ചെയ്താൽ മരോട്ടിക്കുരു ശുദ്ധിയാകും.
ശാസ്ത്രനാമം |
Hydnocarpus pentandrus |
---|---|
സസ്യകുടുംബം |
Achariaceae |
മറ്റു ഭാഷകളിലെ പേരുകകൾ |
|
English | jungli badam,chaulmoogra tree |
Sanskrit | गरुडफल garudaphala, कुष्टवैरी kushtavairi |
Hindi | चौलमूगरा or चालमुगरा chaulmugra |
Kannada | ಗರುಡಫಲ garudaphala, ಕುಷ್ಟಹಾರಿ kushtahaari |
Tamil | மரவட்டை mara-v-attai, நீரெட்டிமுத்து nir-etti-muttu, வட்டை vattai |
Telugu | నీరాది విత్తులు neeradi vittulu |
Marathi | कडू कपित्थ kadu kapith, कडू कवठ kadu kavat |
Konkani | कवंठी kavanthi |
രസാദിഗുണങ്ങൾ | |
രസം | തിക്തം. കടു, കഷായം |
ഗുണം | ലഘു, തീക്ഷണം, സ്നിഗ്ദ്ധം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
രാസഘടകങ്ങൾ
ചാൽമുഗ്രിക് അമ്ലം ,ഹിഡ്നോകാർപിക് അമ്ലം ,പാൽമിറ്റിക് അമ്ലം എന്നിവ മരോട്ടി എണ്ണയിൽ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
മരോട്ടിയെണ്ണയിലെ ചാൽമുഗ് എന്ന ഘടകത്തിന് ബാക്ടീരിയങ്ങളെ നശിപ്പിക്കുന്നതിനുള്ള കഴിവുണ്ട് . അതുകൊണ്ടുതന്നെ വ്രണങ്ങൾ ,ചൊറിഞ്ഞുതടിപ്പ് എന്നിവ ശമിപ്പിക്കും . ആമവാതം, വാതരക്തം എന്നീരോഗങ്ങളിൽ വേദന കുറയ്ക്കുന്നതിന് ഇത് പുറമെ പുരട്ടാം.കൂടാതെ മരോട്ടി എണ്ണ ഉള്ളിൽ ഉപയോഗിക്കുന്നത് മേദസ്സ് കുറയ്ക്കുവാൻ സഹായിക്കും.
ചില ഔഷധപ്രയോഗങ്ങൾ
12 മില്ലി മരോട്ടി എണ്ണ അഞ്ചുദിവസം കഴിച്ചു വയറിളക്കുകയും . അതിനു ശേഷം 5 മില്ലി വീതം മരോട്ടി എണ്ണ പഥ്യക്രമത്തിൽ പതിവായി കഴിക്കുകയും ഈ എണ്ണ പുറമെ പുരട്ടുകയും ചെയ്താൽ കുഷ്ടരോഗം ശമിക്കും .
മരോട്ടിയുടെ ഉണങ്ങിയ തോടിൽ നെയ്യൊഴിച്ച് തിരിയിട്ട് കത്തിക്കുക . തിരിയിരിക്കുന്ന ഭാഗത്ത് കരിയുണ്ടാകും . ഈ കരി പൂവാംകുറുന്തൽ ,പാച്ചോറ്റി, തൊലി മരമഞ്ഞൾ എന്നിവ കഷായം വച്ചതും ചേർത്ത് അരച്ചെടുക്കുക. അതിൽ നെയ്യ് ചേർത്ത് വീണ്ടും അരച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം . ഈ കരികൊണ്ട് കണ്ണെഴുതിയാൽ തിമിരം, വെള്ളെഴുത്ത് തുടങ്ങിയ നേത്രരോഗങ്ങൾ ശമിക്കും .
മരോട്ടി എണ്ണ പുരട്ടി തടവിയാൽ ഉളുക്ക് മാറിക്കിട്ടും .
മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത് ചാലിച്ച് പുറമെ പുരട്ടിയാൽ ത്വക് രോഗങ്ങൾ ശമിക്കും .കൂടാതെ ഇത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടിയാൽ കുഴിനഖം മാറും.
മരോട്ടിക്കുരുവും പച്ചമഞ്ഞളും ചേർത്തരച്ച് ഗോമൂത്രത്തിൽ ചാലിച്ച് പുറമെ പുരട്ടിയാൽ എത്ര പഴകിയ ത്വക് രൊഗവും ശമിക്കും .
മരോട്ടിക്കുരുവും, തുരിശും ചേർത്ത് അരച്ച് തെങ്ങിന് തളിച്ചാൽ ചെല്ലി ശല്ല്യം ഒഴിവായി കിട്ടും .