കാഞ്ഞിരം ഒരു ദിവ്യഔഷധമാണ് .കാഞ്ഞിരക്കുരു ആയുർവേദത്തിലും, അലോപ്പതിയിലും, ഹോമിയോപ്പതിയിലും ഒരുപോലെ ഔഷധത്തിന് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഓരോ വ്യത്യസ്ത ചികിത്സാ രീതിയിലും കാഞ്ഞിരക്കുരു ഉപയോഗിക്കുന്നത് വ്യത്യസ്ത തരത്തിലാണ്. കാഞ്ഞിരം അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമായി കണക്കാക്കുന്നു. കാഞ്ഞിരം ദേവന്മാരുടെ വൃക്ഷമാണെന്നും ഇത് ഭൂമിയിൽ സുഖസമാധാനം നിലനിർത്തുന്നുവെന്നും വിശ്വസിക്കുന്നു. കാഞ്ഞിരം കൃഷി ചെയ്യുന്നത് ഭൂമിയുടെ പുണ്യം വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു.
കാഞ്ഞിരം രണ്ട് തരത്തിൽ കാണപ്പെടുന്നു: മരക്കാഞ്ഞിരവും വള്ളികാഞ്ഞിരവും.മരക്കാഞ്ഞിരം വലിയ മരങ്ങളാണ്, 20 മീറ്റർ വരെ ഉയരത്തിൽ വളരും. ഇവയ്ക്ക് വലിയ പച്ച ഇലകളും, കട്ടിയുള്ള കമ്പുകളും, വലിയ മുള്ളുകളും ഉണ്ട്.ഇന്ത്യ ,ശ്രീലങ്ക ,ബർമ്മ ,തായ്ലൻഡ് ,മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കാഞ്ഞിരം വളരുന്നു .കേരളത്തിലെ വനങ്ങളിലും പറമ്പുകളിലും കാഞ്ഞിരം ധാരാളമായി കാണപ്പെടുന്നു .
കാഞ്ഞിരത്തിന്റെ കായ്കൾ നാരങ്ങയുടെ വലുപ്പത്തിൽ ഉള്ളവയാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പു നിറമാകാറുണ്ട് .ഇത് പൊട്ടിച്ചു നോക്കിയാൽ അകത്ത് ഉറപ്പില്ലാത്ത വെളുത്ത വഴുവഴുപ്പുള്ള മാംസളമായ മജ്ജ കാണാം .ഇതിൽ മൂന്നോ നാലോ വിത്തുകൾ കാണാം .വെളുത്ത പരന്ന വിത്തിന്റെ തോടിന് നല്ല കട്ടിയുണ്ടായിരിക്കും .ഇതിനകത്തുള്ള പരിപ്പാണ് നക്സ് വോമിക എന്ന പേരിൽ ഉപയോഗിക്കുന്ന ഔഷധം .
കാഞ്ഞിരം വിഷമുള്ള ഒരു വൃക്ഷമാണ് .ഇതിന്റെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു .കാഞ്ഞിരക്കുരുവിലാണ് വിഷാംശം കൂടുതലും അടങ്ങിയിരിക്കുന്നത്. സ്ട്രിക്നൈൻ എന്ന ഏറ്റവും കയ്പുരസമുള്ളതും വിഷാംശം അധികമുള്ളതുമായ ആൽക്കലോയ്ഡ് ആണ് കാഞ്ഞിരക്കുരുവിൽ പ്രധാനമായി ഉള്ളത്. ഉള്ളിൽ കഴിക്കുന്നതു മൂലമാണ് വിഷബാധ ഉണ്ടാകുന്നത് .അതുകൊണ്ടുതന്നെ കാഞ്ഞിരക്കുരുവിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .കാഞ്ഞിരത്തിന്റെ വേര് ,തണ്ട് ,ഇല ,പൂവ് എന്നിവയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു ,
കാഞ്ഞിരം വിഷമുള്ള ഒരു വൃക്ഷമാണ്, കാഞ്ഞിരം കഴിച്ചാൽ ഛർദ്ദി, വയറിളക്കം, വയറുവേദന, വിയർപ്പ്, തലകറക്കം, ഹൃദയമിടിപ്പ് കൂടുക എന്നിവ ഉൾപ്പെടെയുള്ള വിഷാംശ ലക്ഷണങ്ങൾ ഉണ്ടാകാം.അധിക അളവിൽ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം ,പണ്ടു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ വീടുകളിൽ തെരുവ് നായ്ക്കളുടെ ശല്ല്യം കൂടുമ്പോൾ കാഞ്ഞിരത്തിന്റെ വേരിലെ തൊലിയെടുത്ത് അരച്ച് ഇറച്ചിക്കൊപ്പം ചേർത്ത് പുഴുങ്ങി നായ്ക്കൾക്ക് കൊടുത്ത് കൊന്നിരുന്നു .ഇന്ന് അതിന്റെ ആവിശ്യമില്ല അതിലും വീര്യം കൂടിയ വിഷം കടകളിൽ വാങ്ങാൻ കിട്ടും .
കാഞ്ഞിരക്കുരുവിൽ വിഷാംശം ഉള്ളതുകൊണ്ട് അത് ശുദ്ധി ചെയ്തു മാത്രമേ ഔഷധങ്ങൾക്ക് ഉപയോഗിക്കു .
നെല്ലിൽ വെച്ചു പുഴുങ്ങീട്ടു തൊലിയെല്ലാം കളഞ്ഞുടൻ
പിളർന്നു മുളയും നീക്കി ചെറുതായിട്ടരിഞ്ഞുടൻ
ചെറുച്ചീരയുടെ നീരിലൊരുയാമം ശരിക്കിടാം
തേറ്റാബരൽക്കഷായത്തിൽ പിന്നെ വേവിച്ചുകൊള്ളുക
എന്നാൽ ശുദ്ധിഭവിച്ചീടും കാഞ്ഞിരക്കുരുവിന്നിഹ
എന്നാണ് കാഞ്ഞിരക്കുരു ശുദ്ധി ചെയ്യുന്ന രീതി ഗ്രന്ഥങ്ങളിൽ പറയുന്നത് .എന്നാൽ കാഞ്ഞിരക്കുരു മറ്റു വിധത്തിലും ശുദ്ധി ചെയ്യാവുന്നതാണ് .
കാഞ്ഞിരക്കുരു പാലിൽ പുഴുങ്ങിയ ശേഷം നെയ്യിൽ വറുത്തെടുത്താൽ ശുദ്ധമാകും .
കാഞ്ഞിരക്കുരു 12 മണിക്കൂർ നേരം ഗോമൂത്രത്തിൽ ഇട്ടുവച്ചാലും ശുദ്ധിയാകും .
മോരിൽ പുഴുങ്ങിയ ശേഷം പുറത്തെ തോലും അകത്തെ തളിരും കളഞ്ഞു ഞാറയിലയോ ,ഞാവലിലായോ പിഴിഞ്ഞെടുത്ത നീരിൽ പുഴുങ്ങിയാൽ കാഞ്ഞിരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും .
കാഞ്ഞിരത്തിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട്. കാതലിനു തവിട്ടു കലർന്ന പച്ചനിറം. വെളളയ്ക്ക് തവിട്ടുനിറം.കാഞ്ഞിരത്തിന്റെ തടി വിപണിയിൽ പ്രിയമുള്ള ഒന്നാണ്. ഹെൽത്ത് റിസോർട്ടുകളിൽ ആയൂർവേദ ചികിത്സയ്ക്ക് എണ്ണത്തോണിയുണ്ടാക്കാൻ വേണ്ടി കാഞ്ഞിരത്തിന്റെ തടിയാണ് ഉപയോഗിക്കുന്നത്. വാതരോഗമുള്ളവർ കാഞ്ഞിരത്തിന്റെ തടികൊണ്ട് ഉണ്ടാക്കിയ കട്ടിലിൽ കിടന്നാൽ ആശ്വാസം കിട്ടും .കൂടാതെ .കാഞ്ഞിരത്തിന്റെ തടി അലങ്കാരവസ്തുക്കൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇത് ഒരു നല്ല ഫിനിഷ് ഉള്ള ഒരു മനോഹരവും ശക്തവുമായ തടിയാണ്. ഇത് പലപ്പോഴും ഫർണിച്ചറുകളും മറ്റ് അലങ്കാരവസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. കാഞ്ഞിരത്തിന്റെ തടിക്ക് നല്ല ആയുസ്സുണ്ട്. ഇത് പലപ്പോഴും ഔട്ട്ഡോർ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ശാസ്ത്രനാമം |
Strychnos nux-vomica |
---|---|
സസ്യകുടുംബം | Loganiaceae |
മറ്റു ഭാഷകളിലെ പേരുകൾ |
|
സംസ്‌കൃതം | വിഷമുദ്ര, വിഷമുഷ്ട്ടി കാരാസ്കരഃ |
ഇംഗ്ലീഷ് | strychnine tree quaker buttons poison nut tree |
ഹിന്ദി | कुचला (kuchla) विषमुष्टि (vishmushti) विषतिंदुक (vishtinduk) |
തമിഴ് | Etti kottai விஷமுஷ்டி (vishamushti) |
ഗുജറാത്തി | વિષમુષ્ટિ (vishamushti) |
തെലുങ്ക് | ముష్టి (mushti) ముష్టిగంగ (mooshtiganga) ముషిడి (musidi) ముషిడివిత్తులు (mushti-vittulu) విషముష్టి (vishamushti) |
ബംഗാളി | Jherkuchala Zerkochala Yettikottai |
കന്നഡ | Hemmushti (ಹೆಮ್ಮುಷ್ಟಿ) Kaaditti (ಕಾಡಿಟ್ಟಿ) Nanjinakoradu (ನಂಜಿನಕೊರಡು) Vishamushti (ವಿಷಮುಷ್ಟಿ) Kaajavaara (ಕಾಜವಾರ |
രസാദിഗുണങ്ങൾ |
|
രസം |
തിക്തം |
ഗുണം | രൂക്ഷം, ലഘു, തീക്ഷ്ണം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
കാഞ്ഞിരത്തിന്റെ വിത്തിലും ,ഇലയിലും ,തൊലിയിലും ചില ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു.വിത്തിൽ സ്ട്രിക്നൈൻ ,ബ്റൂസൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു,ഇലയിൽ ബ്റൂസൈൻ, സ്ട്രിക്നൈൻ, സ്ട്രിക്നിസൈൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു.മരത്തൊലിയിൽ ബ്റൂസൈൻ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു.സ്ട്രിക്നൈൻ എന്ന ആൽക്കലോയിഡാണ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നത് .ഇവയ്ക്ക് കൈപ്പുരസവും വിഷമുള്ളവയുമാണ് .ഇത് ഉയർന്ന അളവിൽ കഴിച്ചാൽ മരണത്തിന് കാരണമാകും. ഇത് നാഡീകോശങ്ങളെ ബാധിച്ച് ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുന്നു. സ്ട്രിക്നൈൻ കഴിച്ചാൽ തലവേദന,ഛർദ്ദി ,വയറിളക്കം,ചുമ,ശ്വാസം മുട്ടൽ എന്നിവയും ഉയർന്ന അളവിൽ കഴിച്ചാൽ മരണവും സംഭവിക്കാം
ഔഷധഗുണങ്ങൾ
ആയുർവേദത്തിൽ, കാഞ്ഞിരക്കുരു ദഹനസംബന്ധമായ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ, വാതം, പിത്തം, കഫം എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.സന്ധിവാതം, ആമവാതം എന്നിവയ്ക്ക് ഉപയോഗിക്കുന്ന കാരസ്കരഘൃതം കാഞ്ഞിരം മുഖ്യൗഷധമായി ചേർത്തുണ്ടാക്കുന്നതാണ് .
അലോപ്പതിയിൽ, കാഞ്ഞിരക്കുരു വിഷബാധയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്നു. കാഞ്ഞിരക്കുരു വിഷബാധയുള്ള രോഗികളിൽ കരളിനെ സംരക്ഷിക്കാനും കരളിന് പുനരുജ്ജീവനം നൽകാനും സഹായിക്കുന്നു.
ഹോമിയോപ്പതിയിൽ, കാഞ്ഞിരക്കുരു ത്വക്ക് രോഗങ്ങൾ, വയറുവേദന, സന്ധിവേദന എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്നു.
കാഞ്ഞിരത്തിന്റെ വിത്തിന് ദഹനശക്തി വര്ദ്ധിപ്പിക്കാൻ കഴിവുണ്ട്. കഫപിത്തരോഗങ്ങളെ ശമിപ്പിക്കാനും, ശ്വാസോശ്വാസ ഗതിയും ,രക്തസമ്മർദം വർദ്ധിപ്പിക്കാനും. ഇതിന്കഴിവുണ്ട് . ഹൃദയത്തിന്റെ സങ്കോചവികാസങ്ങൾ കൂട്ടുന്നതിനും കഴിവുണ്ട്. ബുദ്ധിശക്തിയും ഓർമശക്തിയും വർദ്ധിപ്പിക്കാനും സഹായിക്കും. സന്ധികളിലും ശരീദത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള നീർക്കെട്ടും വേദനയും ശമിപ്പിക്കുന്നതിനും കാഞ്ഞിരത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് സാധിക്കും.
കാഞ്ഞിരത്തിന്റെ തടിക്ക് നിരവധി ഗുണങ്ങളുണ്ട്. ഇത് സന്ധി വേദന, പേശി വേദന, വാതം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കാം. ഇത് ഒരു നല്ല ആന്റി-ഇൻഫ്ലമേറ്ററി ആണ്, ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു നല്ല ആന്റിസെപ്റ്റിക് ആണ്, ഇത് ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കും.
ചില ഔഷധപ്രയോഗങ്ങൾ
ആമവാതം ,സന്ധിവാതം എന്നിവ മൂലം സന്ധികളിലുണ്ടാകുന്ന നീരും ,വേദനയും ,സന്ധികൾ ചലിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയിലും , ശരീരമാസകലമുള്ള വേദനയ്ക്കും ശുദ്ധിചെയ്ത കാഞ്ഞിരക്കുരു പൊടിച്ച് ½ ഡെ ഗ്രാം ദിവസം 3 നേരം വീതം 3 മാസം കഴിച്ചാൽ രോഗം ശമിക്കും .
കാഞ്ഞിരത്തിന്റെ തൊലി അരച്ച് കൈവെള്ളയിലും ,കാൽവെള്ളയിലും പുരട്ടിയാൽ പനി ശമിക്കും .
കാഞ്ഞിരപ്പഴത്തിന്റെ മജ്ജ സമം വെണ്ണ ചേർത്ത് ഉരസി വെള്ളം വറ്റിച്ച് നിറുകയിൽ പുരട്ടിയാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും,കാഞ്ഞിരത്തിന്റെ വേരിലെ തൊലി മോരിൽ അരച്ച് രാത്രിയിൽ കിടക്കാൻ നേരം കാൽവെള്ളയിൽ പുരട്ടിയാലും നല്ല ഉറക്കം കിട്ടും .
കാഞ്ഞിരകുരു വെള്ളത്തിൽ കുതിർത്ത് അരച്ച് എണ്ണകാച്ചി പുറമെ പുരട്ടിയാൽ രക്തവാതം ശമിക്കും .
കാഞ്ഞിരത്തിന്റെ വേര് പശുവിൻ പാലിൽ തിളപ്പിച്ച് ധാരകോരിയാൽ ചുട്ടു നീട്ടൽ ശമിക്കും.
കാഞ്ഞിരത്തിന്റെ ഇല ,ഗുഗ്ഗുലുതിക്തകം എന്നിവ നെയ്യിൽ അരച്ച് വ്രണത്തിലും പരുവിലും പുരട്ടുകയാണെങ്കിൽ അത് എളുപ്പം പൊട്ടി പഴുപ്പ് പുറത്തുപോകുകയും പെട്ടന്ന് ഉണങ്ങും ചെയ്യും .
കാഞ്ഞിരത്തിന്റെ തളിര് ഇല മണ്ണിൽ പൊതിഞ്ഞ് ചുട്ട് മണ്ണ് മാറ്റിയെടുത്ത തളിര് അരച്ച് സമം വെണ്ണയും ചേർത്ത് യോജിപ്പിച്ച് ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരുക്കൾ എന്നിവയിൽ പുരട്ടിയാൽ കുരു വേഗം പൊട്ടുകയും കരിയുകയും ചെയ്യും ,സോറിയാസിസ് പോലെയുള്ള ത്വക് രോഗങ്ങൾക്കും ഇത് പുറമെ പുരട്ടുന്നത് വളരെ നല്ലതാണ് .
കാഞ്ഞിരത്തിന്റെ തൊലിയും കരിക്കിന്റെ തൊണ്ടും കൂടി അരച്ച് പൂശിയാൽ സന്ധിവേദന,പെരുമുട്ടുവാതം, സന്ധിശൂലം, , നീര് ,വേദന എന്നിവയ്ക്ക് ശമനം കിട്ടും .
അസഹ്യമായ ചുട്ടുപുകച്ചിലും ,വേദനയും അനുഭവപ്പെടുന്ന രക്തവാതരോഗത്തിന് വടക്കോട്ട് പോയ കാഞ്ഞിരവേര് കഷായം വെച്ച് സമം പാല് ചേർത്ത് വീണ്ടും കാച്ചി പാലിന്റെ അളവാക്കി ധാരചെയ്താൽ നല്ല ഫലം കിട്ടുന്നതാണ് .
കാഞ്ഞിരക്കുരു ശുദ്ധിചെയ്തത് പൊടിച്ച് കുറഞ്ഞ അളവിൽ കഴിച്ചാൽ അപസ്മാരം ,അതിസാരം ,അർദ്ദിതം ,സർവാംഗ വിറയൽ ,മൂത്രതടസ്സം എന്നിവ മാറിക്കിട്ടും .
കാഞ്ഞിരക്കുരു അരച്ച് കാലിൽ പുരട്ടി നടന്നാൽ പാമ്പ് കടിക്കുകയില്ല .
കാഞ്ഞിരക്കുരു കഴിച്ചുണ്ടായ വിഷം ശമിക്കാൻ കുന്നിത്തളിര് അരച്ചു കഴിക്കുക .