ഉപ്പ്, പുളി, എരുവ്, കൊഴുപ്പ് എന്നിവ അധികമായി അടങ്ങിയിട്ടുള്ള ആഹാരങ്ങളുടെ ഉപയോഗം . വിരുദ്ധാഹാരം കോഴിയിറച്ചി, മദ്യം, തൈര്, ഇവയുടെ ഉപയോഗം.പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക,പകൽ സമയത്ത് ഉറക്കം രാത്രി ഉറക്കമിളപ്പ്,നെഞ്ചരിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം ഇങ്ങനെയുള്ള കാരണങ്ങളാൽ രക്തം ദുഷിച്ച് വാതം വർദ്ധിക്കുകയും രക്തത്തെ വീണ്ടും ദുഷിപ്പിക്കുകയും സ്വമാർഗ്ഗങ്ങൾ വിട്ടുസഞ്ചരിച്ച് രോധം നേരിടുകയും രക്തവാതം എന്ന രോഗമുണ്ടാകുകയും ചെയ്യുന്നു .ആഢ്യവാതം, വാതശോണിതം, രക്തവാതം,വാതരക്തം എന്നെല്ലാം ഈ വാതരോഗം അറിയപ്പെടുന്നു.
സന്ധികളിൽ കാണപ്പെടുന്ന നീരിന് കറുപ്പുനിറം, നീലനിറം, നീര് കൂടിയും കുറഞ്ഞുമിരിക്കുക, ധമനികൾ, വിരലുകൾ, സന്ധികൾ എന്നിവയിൽ പിടുത്തവും കടുത്ത വേദനയും തണുപ്പിനോട് അസഹ്യത, മരവിപ്പ്, വിറയൽ, തരുതരിപ്പ്.അരുചി ,വിശപ്പില്ലായ്മ ,ശ്വാസതടസം ,അസഹനീയമായ കുത്തിനോവ് ,തലവേദന .പനി ,തുടങ്ങിയവ രോഗലക്ഷണങ്ങളാണ്
അമൃത് കഷായമാക്കി പാൽ ചേർത്ത് കഴിക്കുക, രക്തവാതത്തിന് അതീവ ഫലപ്രദം
ശതാവരിക്കിഴങ്ങ്, അമൃത്, നെല്ലിക്കാത്തോട്, കുറുന്തോട്ടിവേര്,കരിമ്പ്, വയൽച്ചുള്ളിവേര്, അരത്ത ഇവ കഷായമാക്കി കഴിക്കുക രക്തവാതം, ദേഹവേദന എന്നിവ ശമിക്കും.
ശതാവരിക്കിഴങ്ങ്, കുറുന്തോട്ടിവേര്, അമൃത്, ദേവതാരം,ചന്ദനം, ആവണക്കിൻവേര് ഇവ സമം കഷായമാക്കി കഴിക്കുക രക്തവാതം ശമിക്കും
അരത്ത, ആവണക്കിൻവേര്, കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി വേര്,ശതാവരിക്കിഴങ്ങ്, കൊടിത്തൂവവേര്, ആടലോടകവേര്, അമൃത്,ദേവതാരം, അതിവിടയം, മുത്തങ്ങാക്കിഴങ്ങ്, വയൽച്ചുള്ളിവേര്, കച്ചോലക്കിഴങ്ങ്, ചുക്ക്, ഇവ കഷായമാക്കി പിഴിഞ്ഞരിച്ച് എണ്ണയും,നെയ്യും ചേർത്ത് കഴിക്കുക . നീരോടുകൂടിയ രക്തവാതം വേദനയോടുകൂടിയ വാതവികാരങ്ങൾ എന്നിവ ശമിക്കും.
പടവലം, കടുകുരോഹിണി, ശതാവരിക്കിഴങ്ങ്, ത്രിഫലത്തോട് ,അമൃത് ഇവ കഷായമാക്കി കഴിക്കുക പുകച്ചിലോടുകൂടിയ രക്തവാതം ശമിക്കും
മഞ്ചട്ടി, കാർകോലരി, കടുകുരോഹിണി,വയമ്പ്, ദേവതാരം, വരട്ടുമഞ്ഞൾ, അമൃത്, വേപ്പിൻതൊലി എന്നിവ സമം കഷായമാക്കി കഴിക്കുക . രക്തദൂഷ്യവും രക്തവാതവും ശമിക്കും.
ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്,ഞെരിഞ്ഞിൽ ഇവ പാൽക്കഷായമാക്കി കഴിക്കുക രക്തവാതം ശമിക്കും.
ശതാവരിക്കിഴങ്ങ്, കുറുന്തോട്ടിവേര്, അമൃത്, ദേവതാരം,ചന്ദനം, ആവണക്കിൻവേര് ഇവ സമം കഷായമാക്കി കഴിക്കുക വാതപ്രധാനമായ രക്തവാതം ശമിക്കും.
രക്തവാതം ശമിപ്പിക്കുന്ന പലതരം എണ്ണകളും തൈലങ്ങളും
കുറുന്തോട്ടിവേര്, അമൃത്, ദേവതാരം ഇവ കഷായമാക്കി ജടാമാഞ്ചി,കൊട്ടം, ചന്ദനം, കുന്തിരിക്കം , തകരം, അമുക്കുരം, ചരളം, അരത്ത എന്നിവ കൽക്കമാക്കി എണ്ണ ചേർത്ത് കാച്ചിയരിച്ച് തേയ്ക്കുക. ചൂട്ടുനീറ്റൽ, വേദന, വീക്കം ഇവയോടുകൂടിയ രക്തവാതം ശമിക്കും.
കുറുന്തോട്ടിവേര്, അമൃത്, ദേവതാരം ഇവ കഷായമാക്കി കച്ചോലക്കിഴങ്ങ്, മഞ്ചട്ടി, നറുനീണ്ടിക്കിഴങ്ങ്, തകരം, കൊട്ടം, ഏലം, ഇലവർക്കും, പച്ചില, വയമ്പ്, അരത്ത, നാഗപ്പൂവ്, കടുകുരോഹിണി,ഇരട്ടിമധുരം, ശതകുപ്പ, കുറുന്തോട്ടിവേര്, ഇവ കൽക്കമായി എണ്ണ ചേർത്ത് കാച്ചി തേയ്ക്കുക. വാതം, രക്തവാതം , ഇവയെ ശമിപ്പിക്കും .ദിവസവും തേച്ചു കുളിക്കാൻ നല്ലതാണ്.
കുറുന്തോട്ടി പാലിൽ അരച്ച് (എണ്ണയുടെ നാലിരട്ടിപാൽ) എണ്ണകാച്ചി തേയ്ക്കുക. പനി, രക്തവാതം , എന്നിവ ശമിക്കും
ശതാവരിക്കിഴങ്ങ്, കുറുന്തോട്ടിവേര്, അമൃത് ഇവ കഷായമാക്കി മുത്തങ്ങ, അയമോദകം, ഇരട്ടിമധുരം, അമുക്കുരം എന്നിവ അരച്ച് എണ്ണകാച്ചി തേയ്ക്കുക പിത്തപ്രധാനമായ രക്തവാതം,ജ്വരം, പുകച്ചിൽ എന്നിവ ശമിക്കും
ഇരട്ടിമധുരം, മഞ്ചട്ടിപ്പൊടി, ചെഞ്ചല്യം, നറുനീണ്ടിക്കിഴങ്ങ് എന്നിവ വെള്ളത്തിൽ അരച്ചുകലക്കി എണ്ണ ചേർത്ത് കാച്ചിയെത്ത് പൊൻമെഴുക് അരിഞ്ഞു ചേർത്ത് .അരിച്ചു പുറമെ പുരട്ടുക രക്തവാതം ശമിക്കും