വയറിളക്കം ,ദഹനക്കേട് ,ഓക്കാനം ,ഛർദ്ദി ,ആർത്തവക്രമക്കേട് എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിട്ടുള്ള ഒരു ഔഷധസസ്യമാണ് അമ്പഴം .ഇതിനെ മാമ്പുളി ,പുളിമാവ് തുടങ്ങിയ പേരുകളിലും കേരളത്തിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അംബാഷ്‌ഠ ,കപിപ്രിയ ,ആമ്രാതക എന്നീ പേരുകളിൽ അറിയപ്പെടുന്നു .
അമ്പഴം ശാസ്ത്രീയ നാമം -Spondias pinnata
Family-Anacardiaceae (Cashew family)
Synonyms-Spondias mangifera, Mangifera pinnata
അമ്പഴം കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലെ വനങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഒരുപോലെ അമ്പഴ മരം കണ്ടുവരുന്നു.കേരളത്തില്‍ എല്ലായിടത്തും വളരുന്ന ഒരു ഫല വൃക്ഷമാണ് അമ്പഴം. ഏകദേശം 25 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഇന്ത്യ കുടാതെ ബംഗാൾ, ആൻഡമാൻ, അസ്സം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ഗോവ, ശ്രീലങ്ക, മ്യാൻമാർ, നേപ്പാൾ ,എന്നിവിടങ്ങളിലും കാണപ്പെടുന്നു.
അമ്പഴത്തിന്റെ സവിശേഷത .
ഭോജ്യഭലം നൽകുന്ന പ്രസിദ്ധമായ ഒരു വൃക്ഷം .കൂടാതെ നക്ഷത്ര വൃക്ഷങ്ങളിൽപ്പെട്ട ഒരു മരം കൂടിയാണ് അമ്പഴം. അത്തം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അമ്പഴം .
സസ്യവിവരണം .
വേനലിൽ ഇല പൊഴിക്കുന്ന വൃക്ഷമാണ് അമ്പഴം.തണുപ്പും വരൾച്ചയും സഹിക്കുന്ന ഈ മരം മിക്ക കാലാവസ്ഥയിലും വളരും.എങ്കിലും നനവാർന്ന മണ്ണാണ് വളരാനും കായ്ക്കാനും ഏറെ അനുയോജ്യം. ഇതിന്റെ ചാരനിറമുള്ള തൊലിക്ക് കനമുണ്ടാവും. തൊലിക്കുൾവശം നേർത്ത ചുവപ്പ് നിറമാണ് .തൊലിക്കും ഇലയ്ക്കും നല്ല സുഗന്ധമുണ്ട്. വേനൽക്കാലത്തിന് മുമ്പേ അമ്പഴത്തിന്റെ പൂക്കാലം ആരംഭിക്കുന്നു.ഇലകൊഴിഞ്ഞ ശാഖകളിൽ ധാരാളം പൂക്കളുണ്ടാകും. പൂവിന് വെള്ളനിറമാണ് .മൂന്നു മാസം കഴിയുമ്പോൾ കായ്കൾ ഉണ്ടാവും.
മിക്കവാറും മഴക്കാലം അടുപ്പിച്ചാണ് ഫലം മൂക്കുന്നത് . കായ്കൾക്ക് .അണ്ഡാകൃതിയും, പച്ച നിറവുമാണ് , പഴുത്തു കഴിഞ്ഞാൽ നല്ല മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു വിത്ത് മാത്രമേ ഉണ്ടാവുകയുള്ളു. നേരിയ പുളിപ്പും ചവർപ്പുമുള്ള ഇതിന്റെ ഫലം (അമ്പഴങ്ങ ) ഭക്ഷ്യയോഗ്യമാണ്. കാട്ടിലെ മൃഗങ്ങളുടെ ഇഷ്ട്ട ഭക്ഷണമാണ് .
വനത്തിൽ ജന്തുക്കൾ വഴിയും പക്ഷികൾ വഴിയും വിത്തുവിതരണം നടക്കുന്നത് . കമ്പു മുറിച്ച് നട്ടും വിത്തുകൾ പാകിയും തൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്. കായ്ചു തുടങ്ങാൻ അഞ്ചു വർഷം എടുക്കും .ഏകദേശം മുപ്പതു വർഷം വരെ വിളവു തരും. അമ്പഴത്തിന്റെ തടി ഉറപ്പും ബലവുമില്ലാത്താണ് .അതുകൊണ്ടുതന്നെ തടിക്ക് പ്രത്യകിച്ച് പ്രയോജനമൊന്നുമില്ല.
അമ്പഴം ഉപയോഗം .
ഇളം കായ്കൾ അച്ചാറിടാൻ വേണ്ടി ഉപയോഗിക്കാം. അച്ചാറുകളിൽ ഏറ്റവും മികച്ചതാണ് അമ്പഴങ്ങ അച്ചാർ . മൂത്ത കായ്‌കള്‍ ഉപ്പിലിടാനും ഉപയോഗിക്കാം . ചമ്മന്തി ഉണ്ടാക്കുവാനും പച്ച മാങ്ങായിക്ക് പകരമായി വിവിധ കറികളിലും ഉപയോഗിക്കാം .അമ്പഴത്തിന്റെ ഇല കറികളിൽ ചേർത്താൽ കറികൾക്ക് നല്ല ഹൃദ്യമായ വാസന ഉണ്ടാകും. കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് .