കള്ളിപ്പാല, കറുമൂസ്സ,കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലീ, താന്നി, ഉകമരം, സ്വർണ്ണക്ഷീരി എന്നീ വൃക്ഷങ്ങൾ വീടിന്റെ അതിർത്തിക്കുള്ളിൽ ഉണ്ടാകാനേ പാടില്ല. ഇവ ഐശ്വര്യക്ഷയം, ആപത്ത് മുതലായവയെ വരുത്തിവയ്ക്കും . വീട് നിൽക്കുന്ന പറമ്പിൽ കള്ളിമുൾച്ചെടികൾ, നട്ടുവളർത്തുന്നതും ശുഭകരമല്ല.
വീടിനടുത്ത് നട്ടുവളർത്താവുന്ന മരങ്ങൾ
വാസ്തുവിധി പ്രകാരം നിർമ്മിച്ച ലക്ഷണമൊത്ത വീടിന്റെ കിഴക്കു ദിക്കിൽ ഇലഞ്ഞിമരവും ,പേരാലും വളർത്തുന്നത് നല്ലതാണ് . തെക്കു ദിക്കിൽ അത്തിമരവും പുളിമരവും നല്ലതാണ് . പടിഞ്ഞാറ് ഏഴിലംപാലയും അരയാലുമാണ് നല്ലത്. നാഗമരവും ഇത്തിമരവും മാവും വീടിന്റെ വടക്കു ദിക്കിൽ നിന്നാൽ വളരെ ശ്രേഷ്ഠമാണ്. ഓരോ ദിക്കുകൾക്കും അനുയോജ്യമായമരങ്ങൾ നട്ടുവളർത്തുന്നത് ഐശ്വര്യവും ശ്രേയസ്സും മാത്രമല്ല പ്രസിദ്ധരായിത്തീരാവുന്ന സൽസന്താനങ്ങളേയും ലഭ്യമാക്കും.
കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം,വേങ്ങ, അശോകം, ചെമ്പകം, പുന്ന, കരിങ്ങാലി ഈവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്ത് നിന്നാലും ആ വീട്ടിൽ താമസിക്കുന്നവർക്ക് ഐശ്വര്യത്തയും ശ്രേയസ്സിനേയും പ്രദാനം ചെയ്യുന്നതാണ്. വാഴ,കുരുക്കുത്തിമുല്ല, വെറ്റിലക്കൊടി എന്നിവ വീടിന്റെ ഇരുവശങ്ങളിലും പുറകിലും നിന്നാൽ അഭിവ്യദ്ധിയുണ്ടാകും.
ശാസ്ത്രവിധിക്ക് വിപരീതമായി വീടിന് കിഴക്കു ദിക്കിൽ അരയാൽ നട്ടു വളർത്തിയാൽ അത് ഗൃഹത്തിന് അഗ്നിഭയത്തെ ഉണ്ടാക്കുന്നതാണ്. വീടിന് തെക്കുഭാഗത്ത് ഇത്തിമരം നിന്നാൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് ചിത്തഭ്രമം ഉണ്ടാകുന്നതാണ്. വീടിന് പടിഞ്ഞാറു ഭാഗത്ത് പേരാൽ നിന്നാൽ അത് ശത്രുക്കളിൽ നിന്നും ആയുധഭയത്തെ ഉണ്ടാക്കുന്നതാണ്. വീടിന് വടക്ക് കിഴക്ക്, പടിഞ്ഞാറ് വടക്ക് തുടങ്ങിയ ഇടങ്ങളിൽ അത്തിമരം നിന്നാൽ വീട്ടിലുള്ളവർക്ക് ഉദരവ്യാധി ഒഴിയില്ലെന്ന് പറയാം.