Botanical name |
Amorphophallus Sylvaticus synantheris sylvatica |
---|---|
Family | Araceae |
Common name | dragon stalk yam wild yam |
Malayalam | കാട്ടുചേന kattuchena |
രസാദിഗുണങ്ങൾ | |
രസം | ചവർപ്പ് ,എരിവ് |
ഗുണം | തീക്ഷ്ണം ,രൂക്ഷം ,ലഘു |
വീര്യം | ഉഷ്ണം. |
സാധാരണ ഇന്ത്യയിൽ മുഴുവൻ തരിശായി കിടക്കുന്ന സ്ഥലങ്ങളിലും വനപ്രദേശങ്ങളിലും തനിയെ വളരുന്ന.ഒരു സസ്യമാണ് കാട്ടുചേന .ഒരില മാത്രമുള്ള ഒരു സസ്യമാനിത് .ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്നു വരികയും അറ്റത്ത് ഇല രൂപപ്പെടുകയും ചെയ്യുന്നു . വളർച്ചപൂർത്തിയാ കുമ്പോൾ ഈ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു.ഏകദേശം ഒരടി വരെ ഉയരത്തിൽ വളരുന്ന പൂവിൽ നിറയെ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു.
ചേന, വെളുത്ത ചേന എന്നിങ്ങനെ രണ്ടു വിധം ചേനകളുണ്ട്.സൂരണം, സിത സൂരണം എന്ന പേരിൽ സംസ്‌കൃതത്തിൽ അറിയപ്പെടുന്നു ,ഇതിൽ സിതസൂരണമാണ് കാട്ടുചേന എന്ന് അറിയപ്പെടുന്നത് . സാധാരണ ചേന ഇന്ത്യയിൽമുഴുവൻ കൃഷി ചെയ്ത് ആഹാരത്തിന് ഉപയോഗിക്കുന്നതും അധികം ദോഷഫലങ്ങൾ ഇല്ലാത്തതും ആണ്. എന്നാൽ കാട്ടുചേന കഴിച്ചാൽ വായിലും തൊണ്ടയിലും വീക്കവും ചൊറിച്ചിലും ഉണ്ടാക്കും.കാട്ടുചേനയിൽ എരിവും തീക്ഷ്ണഗുണവും ഉള്ള ഒരിനം ദ്രാവകമുണ്ട്. മൂത്രത്തിൽ കല്ല് ഉണ്ടാക്കുന്ന കാൽസ്യം ഓക്സലേറ്റ് എന്നഘടകം കാട്ടുചേനയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു . ഈ ഘടകമാണ് ചൊറിച്ചിലും ചുട്ടുനീറ്റലും ഉണ്ടാക്കുന്നത്.
സാധാരണ ചേനയെക്കാൾ ചെറുതാണ് കാട്ടുചേന. കാട്ടുചേനയിൽ ചെറിയ മുള്ളുകൾ ഉണ്ടായിരിക്കും. മാംസളഭാഗത്തിന് ഇരുണ്ട വെളുപ്പുനിറമാണ്. അന്തർഭൗമ കാണ്ഡത്തിന്റെ മധ്യഭാഗം പുറത്തേക്ക് തള്ളിയാണു കാണുന്നത്. സാധാരണ ചേനയിൽ ഇത് കുഴിഞ്ഞായിരിക്കും. വിഷാംശം അടങ്ങിയിട്ടുണ്ടങ്കിലും ഔഷധത്തിനായി ഉപയോഗിക്കുന്നത് കാട്ടുചേനയാണ്.
വിഷസസ്യമാണ് കാട്ടുചേന .ഇത് ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലുണ്ടാകും. കുറഞ്ഞ അളവിലാണെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നത് മൂത്രാശയത്തിൽ കല്ല് ഉണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല ഉള്ളിൽ കഴിച്ചാൽ നാക്കിലും ചുണ്ടിലും മറ്റും വേദനയും വീക്കവും വായിൽ അധികമായ ഉമിനീർ സ്രാവവും ഉണ്ടാകും. കാട്ടുചേനയുടെ വിത്ത് പൊടിച്ചത് ശരീരത്തിൽ പുരണ്ടാൽ ആ ഭാഗം മരവിക്കും. കാട്ടുചേന ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് ശുദ്ധിചെയ്താണ് .സൂരണമോദകം, ബാഹുശാലഗുളം, കങ്കായന വടകം തുടങ്ങിയ ഔഷധയോഗങ്ങളിൽ കാട്ടുചേന ഒരു പ്രധാന ചേരുവയാണ് .
കാട്ടുചേന ശുദ്ധിചെയ്യേണ്ട വിധം
പുളിയില നീരിലോ മോരിലോ ഇട്ട് രണ്ടു മണിക്കൂർ വേവിച്ച് വെയിലത്തുവച്ച് ഉണക്കിയെടുത്താൽ കാട്ടുചേന ശുദ്ധിയാകും.കാട്ടുചേനയുടെ പുറത്ത് മണ്ണ്കുഴച്ച് പൊതിഞ്ഞ് ഉണക്കി തീയിൽ വച്ച് ചൂടാക്കി മണ്ണ് വെന്ത് നല്ല ചുവപ്പുനിറം ആകുമ്പോൾ മണ്ണ് പൊട്ടിച്ച് ചേന വെളിയിലെടുത്ത് വെയിലത്തുവച്ച് ഉണക്കിയെടുത്താൽ കാട്ടുചേന ശുദ്ധിയാകും.
കാട്ടുചേന ഉള്ളിൽ കഴിച്ചു വിഷബാധ ഉണ്ടായാൽ ഛർദിപ്പിക്കുവാനുള്ള മരുന്ന് കൊടുക്കുകയോ ആമാശയക്ഷാളനമോ ചെയ്യണം. കാട്ടുചേന വിഷബാധയിൽ ആവണക്കെണ്ണ കൊടുത്ത് വയറി ളക്കാവുന്നതാണ്. വായിലും ആമാശയത്തിലും മറ്റും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ചെറുനാരങ്ങയോ കോൽപ്പുളിയോ മറ്റ് അമ്ലരസമുള്ള വസ്തുക്കളോ ഉള്ളിൽ കഴിക്കാൻ കൊടുക്കണം .
ഔഷധഗുണങ്ങൾ
മലബന്ധം,വിശപ്പില്ലായ്മ, ഗുല്മം, പ്ലീഹോദരം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കും .അർശസിന് സിദ്ധൗഷധമാണ് കാട്ടുചേന .അർശസ്സ് ഉള്ളവർ കാട്ടുചേന ചേർന്ന ഔഷധങ്ങൾ കഴിച്ചാൽ ഗുദഭാഗത്തെ രക്തക്കുഴലുകളിൽ വീക്കം കുറയുകയും രോഗത്തിന് ശമനമുണ്ടാകുകയും ചെയ്യും.ഇതിന്റെ വിത്ത് പൊടിച്ച് പല്ലുവേദനയുള്ള ഭാഗത്ത് വച്ചാൽ വേദന ശമിക്കും.രക്തപിത്തം, കുഷ്ഠം, പുഴുക്കടി തുടങ്ങിയ രോഗമുള്ളവർ കാട്ടുചേന ഉപയോഗിക്കാൻ പാടില്ല.