ശാസ്ത്രനാമം | Aporusa lindleyana |
---|---|
കുടുംബം |
Phyllanthaceae |
മറ്റു ഭാഷകളിലെ പേരുകൾ |
|
സംസ്കൃതം | വല്ലാക.ശിംശ്പാ, കൃഷ്ണസാര ,ഗുരുസാര |
തമിഴ് | കോടാലി, വെട്ടികൾ, വെട്ടിൽ , വീട്ടിൽ, വീട്ടി. |
കന്നഡ |
സല്ലേ മര ,ശാലിസരളി, സുള്ള, സല്ലി |
രസാദിഗുണങ്ങൾ |
|
രസം | കയ്പ് , ചവർപ്പ് |
വീര്യം | ലഘു, രൂക്ഷം ,ഉഷ്ണം |
വിപാകം | എരിവ് |
ധാരാളം ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി . ഇതൊരു ഇടത്തരം വൃക്ഷമാണ്.കോടാലി ,കൊടിലി, പൊൻവെട്ടി, വെട്ടി, വെട്ടിൽ തുടങ്ങിയ പേരുകളിലും ഈ വൃക്ഷം അറിയപ്പെടും. ധാരാളം ശാഖകളും തിളക്കമുള്ള ഇലകളും ഈ മരത്തിന്റെ പ്രത്യേകതകളാണ്. കാടുകളിൽ വന്യമായി ഈ മരം വളരുന്നത് കാണാം. നനവാർന്ന നിത്യഹരിത വനങ്ങൾ ഇവയ്ക്കു വളരാൻ പറ്റിയ സ്ഥലങ്ങളാണ് .മരത്തൊലിക്ക് തവിട്ടുനിറമാണ്. മിനുസമാർന്ന പുറംതൊലി ഇളക്കിമാറ്റിയാൽ പിങ്ക് നിറത്തിൽ കാണാവുന്നതാണ്. ഡിസംബർ-മേയ് മാസങ്ങളിലാണ് പൂക്കാലം.പൂവിന് നേരിയ സുഗന്ധമുണ്ടായിരിക്കും. ഏപ്രിൽ-മേയ് മാസത്തിൽ വിളയുന്ന ഫലത്തിൽ 2-4 വിത്തുകളുണ്ടായിരിക്കും.
പച്ച നിറത്തിൽ കാണപ്പെടുന്ന ഇതിന്റെ കായ്കൾ മൂക്കുന്നതോടെ പുറത്തെ തോട് പൊട്ടി മാംസളമായ ഭാഗം പുറത്ത് വരുന്നു. ഈ സമയം പഴത്തിന് ചെറിയ കയ്പ്പ് ഉണ്ടായിരിക്കും . ഏതാനും ദിവസം കഴിയുന്നതോടെ പഴങ്ങളുടെ ഉള്ളിലുള്ള കായ്കൾ കാണാവുന്ന വിധത്തിലാകും .പിന്നെ അധികം വൈകാതെ തന്നെ കായ്കൾ ചെടിയിൽ നിന്നും വേറിട്ട് വരും .ഈ പഴം ഭക്ഷ്യയോഗ്യമാണ് .പക്ഷികളുടെ ഇഷ്ട ഭക്ഷണമാണ് . ഈ പഴങ്ങൾക്ക് . മധുരവും ചെറിയ പുളിപ്പും ചേർന്ന അപാരമായ രുചിയുമുണ്ടായിരിക്കും .
ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണ് വെട്ടി .തൃക്കേട്ട നാളുകാരുടെ നക്ഷത്രവൃക്ഷമാണ് . ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്. മണ്ണിൽ വീഴുന്ന വിത്തുകൾ വേഗത്തിൽ നശിക്കുന്നതിനാൽ സ്വാഭാവിക പുനരുത്ഭവം നന്നേ കുറവാണ്. വനങ്ങളിലും ഈ മരത്തിന്റെ സ്വാഭാവിക വളർച്ച കുറവാണ് .സാധാരണ തൈകൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കയാണ് പതിവ്. നെഴ്സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.വെട്ടിയുടെ തടിക്ക് ഉറപ്പും ഈടും ബലവും കുറവാണ്. കാതലും വെള്ളയും തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ വിറകായി ഉപയോഗിക്കാം.അല്ലാതെ മറ്റാവശ്യങ്ങൾക്കൊന്നും ഉപയോഗിക്കാൻ കൊള്ളില്ല .
ഔഷധഗുണങ്ങൾ
ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു മരമാണ് വെട്ടി .ഇതിന്റെ തൊലി, വേര്, ഫലം എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് . എങ്കിലും ഇതിന്റെ തൊലിക്കാണ് ഔഷധഗുണം കൂടുതൽ .മരത്തൊലിയിൽ പലതരം ആൽക്കലോയിഡുകളും തൈലങ്ങളും അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ ത്വക് രോഗങ്ങൾക്കാണ് വെട്ടി കൂടുതലും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.വെട്ടിത്തൊലി നല്ല ദഹനകാരിയാണ്. പുഷ്ടി പ്രദമാണ്, അജീർണ്ണത്തിനും, അതിസാരത്തിനും ,കൃമി രോഗങ്ങൾക്കെല്ലാം വളരെ നല്ലതാണ്. കൂടാതെ പനി,തലവേദന, മാനസികരോഗങ്ങൾ എന്നിവയ്ക്കും വെട്ടിയുടെ വിവിധ ഭാഗങ്ങൾ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
60 ഗ്രാം വെട്ടിത്തൊലി, പന്ത്രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് , ഒന്നര ഗ്ലാസാക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്ന് നേരം കഴിച്ചാൽ ചൊറി, ചിരങ്ങ്, മുതലായ രോഗങ്ങൾ മാറും.
വെട്ടിത്തൊലി പുറത്തേ മൊരികളഞ്ഞ് പൊടിച്ച് ഒരു ടീസ്പൂൺ പതിവായി കുറച്ചുനാൾ കഴിച്ചാൽ പാണ്ഡുത മാറും . (അനീമിയ,വിളര്‍ച്ച,രക്തക്കുറവ് )
വെട്ടിത്തൊലിയും, മുരിങ്ങത്തൊലിയും ചേർത്ത് കഷായം വെച്ച് പതിവായി കഴിച്ചാൽ അമിത വണ്ണം കുറയും.
വെട്ടിത്തൊലി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന മാറും .
വെട്ടിത്തൊലി ഇട്ട് തിളപ്പിച്ച് വെള്ളം കുടിച്ചാൽ ദഹനക്കേട് മാറും .
വെട്ടിയുടെ വേര് കഷായം വച്ച് കഴിച്ചാൽ അതിസാരം മാറും .
പശുക്കളുടെ ദേഹത്ത് വൃണം വന്ന് പുഴുത്താൽ വെട്ടിയുടെ തൊലി അരച്ചു പുരട്ടിയാൽ മതിയാകും.