Botanical name | Ferula assafoetida |
---|---|
Family | Apiaceae |
Common name | Asafoetida Plant Devil's Dung |
Hindi | Heeng, Hing |
Tamil | perungayam |
Telugu | Inguva |
Kannada | Hingu |
Gujarati | Badharani |
Bengali | Hing |
Malayalam |
kayam |
രസാദിഗുണങ്ങൾ | |
രസം | തികതം, കടു |
ഗുണം | ലഘു, രൂക്ഷം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ഔഷധയോഗ്യഭാഗം | കറ (കായം) |
കേരളീയർക്ക് ഏറെ സുപരിചിതമാണ് കായം .മസാലയായും ആഹാരസാധനങ്ങൾക്ക് രുചിയും ഗുണവും മണവും വർധിപ്പിക്കാനും കായം ഉപയോഗിച്ചുവരുന്നു. 2 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷി സസ്യമാണ് കായം . അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, അറേബ്യ , ഗൾഫ് രാജ്യങ്ങൾ എന്നി വിടങ്ങളിൽ ഈ സസ്യം സാധാരണ വളരുന്നു. ഇന്ത്യയിൽ കാശ്മീരിലും, പഞ്ചാബിലും മാത്രമേ ഈ സസ്യം കാണപ്പെടുന്നൊള്ളു .ഇവിടെ കായം കൃഷി ചെയ്യുന്നു .
വെളുത്തതും കറുത്തതുമായി രണ്ടുതരത്തിൽ കായമുണ്ട് . വെളുത്ത സസ്യത്തിന്റെ കറ സുഗന്ധമുള്ളതും വെളുത്തതുമാണ്.ഇതിനെ വൈരക്കായം എന്നു പറയുന്നു. കറുത്ത സസ്യത്തിന്റെ കറയ്ക്ക് ദുർഗന്ധമുണ്ട്. ഇതാണ് സാധാരണ കായമായി നമ്മൾ കറികളിൽ ഉപയോഗിക്കുന്നത് .അറബിക്കായം, സോമനാദിക്കായം,പെരുങ്കായം,പാൽക്കായം തുടങ്ങി പലയിനം കായം കമ്പോളങ്ങളിൽ കിട്ടുന്നുണ്ട്. ഇനഭേദവും ഉണ്ടാകുന്ന സ്ഥലവും സംസ്കരിക്കുന്ന രീതിയും അനുസരിച്ച് ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു .
ഈസസ്യം വർഷങ്ങളോളം നിലനിൽക്കുമെങ്കിലും ഒരു തവണ പുഷ്പിച്ചാൽ പിന്നീട് ഈ സസ്യം നശിച്ചുപോകുന്നു. ചെടിയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിന്റെ വേര് വളരെ തടിച്ചതാണ്.ഏതാണ്ട് കാരറ്റിന്റെ ആകൃതിയിലിരിക്കും. ഇതിന്റെ വേരിൽ മുറിവുണ്ടാക്കുമ്പോൾ ഊറി വരുന്ന കറയാണ് കായം .ഈ സസ്യത്തിന്റെ ഇലകൾ മൃദുവും രോമിലവുമാണ്. പുഷ്പം ചെറുതും മഞ്ഞ നിറത്തിലുള്ളതുമാണ്.
നാലു വർഷം പ്രായമായ ചെടിയിൽ നിന്നാണ് കായം ഉൽപാദിപ്പിക്കുന്നത് .ചെടിയുടെ ചുവട്ടിൽ നിന്ന് മണ്ണു മാറ്റിയശേഷം തടിച്ച വേരിൽ കത്തി കൊണ്ട് മുറിവുണ്ടാക്കുന്നു . ആ മുറിവിൽ നിന്നും കറ ഊറിവരുന്നു .ഇത് ഉണക്കി കട്ടിയാക്കി എടുക്കുന്നതാണ് കായം .പക്ഷെ യഥാർഥ കായത്തിന് വില വളരെ കൂടുതലാണ് .ഈ കറയിൽ പലതരം ചെളിമണ്ണ് അരച്ചുചേർത്ത് ഉണക്കിയ കായമാണ് നമുക്കു ലഭിക്കുന്നത്. 4 ദിവസം കൂടുമ്പോൾ വീണ്ടും വേരിൽ മുറിവുകളുണ്ടാക്കി വീണ്ടും കറ എടുക്കുന്നു . ഈ പ്രക്രിയ ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും
നല്ല കായം വെള്ളത്തിൽ കലക്കിയാൽ മുഴുവൻ അലിഞ്ഞു വെള്ളം പാൽ പോലെയാകുകയും . പാത്രത്തിൽ അടിയുകയുമില്ല കത്തിച്ചാൽ മുഴുവൻ കത്തുകയും ചെയ്യും . തീക്ഷ്ണഗന്ധവും ഉണ്ടായിരിക്കും . നല്ല കായം ചൂടാക്കിയ നെയ്യിലിട്ടാൽ കായം ഉരുകിച്ചേർന്ന് ചുവന്ന നിറത്തിലാകും. എന്നാൽ മായം ചേർത്ത കായം വെള്ളത്തിൽ കലക്കിയാൽ അത് പാത്രത്തിനടിയിൽ അടിയുന്നു. തീ കത്തിച്ചാൽ മുഴുവൻകത്തുകയില്ല. ഗന്ധത്തിനും വ്യത്യാസം വരുന്നു. ഇങ്ങനെയുള്ള കായം ഉപയോഗിക്കുന്നത് നല്ലതല്ല
കായത്തിൽ വിഷാംശം അടങ്ങിയിട്ടുണ്ട് . കായത്തിന് ഏറ്റവും തീക്ഷ്ണഗുണവും എരിവുരസവുമായതിനാൽ അധികമായി ഉള്ളിൽ ചെന്നാൽ ആമാശയത്തിലെയും മറ്റും ആന്തരകലകൾക്ക് വീക്കമുണ്ടാകും. ശുദ്ധി ചെയ്യാത്ത കായം കഴിക്കുന്നതുമൂലം രക്താതിസാരവും വയറ്റിൽ പുകച്ചിലും ഉണ്ടാകും. അതുകൊണ്ടു തന്നെ കായം ശുദ്ധിചെയ്തു വേണം ഔഷധങ്ങൾക്കു ഉപയോഗിക്കാൻ
കായം ശുദ്ധിചെയ്യേണ്ട വിധം
താമരയിലയുടെ നീരിൽ കായം അരച്ച് നല്ല വെയിലത്തുവച്ച് ഉണക്കിയെടുത്താൽ കായം ശുദ്ധിയാകും. ലോഹപാത്രത്തിൽ അൽപ്പം പശുവിൻ നെയ്യ് പുരട്ടി കനലിൽ വച്ച് കായം അതിലിട്ട് വറുത്ത് ചെറിയ ചുവപ്പുനിറമാകുമ്പോൽ വാങ്ങി പൊടിച്ച് നെയ്യിലിട്ടുവച്ചാൽ കായം ശുദ്ധിയാകും
ശുദ്ധിചെയ്യാത്ത കായം കഴിച്ചുണ്ടാകുന്ന വിഷവികാരങ്ങൾക്ക് തേനും പശുവിൻ നെയ്യും ചേർത്ത് 3 ദിവസം തുടർച്ചയായി കൂടെക്കൂടെ കഴിക്കുക. ചതകുപ്പയും ചന്ദനവും അരച്ചു കഴിക്കുന്നതും വളരെ നല്ലതാണ് . 3 ദിവസം എരുമപ്പാൽ കഴിച്ചാലും മതിയാകും
ഔഷധഗുണങ്ങൾ
വയറുപെരുക്കം, വയറുവേദന, ദഹനക്കുറവ്, മലബന്ധം, ഗുൽമം, മൂത്രതടസ്സം, അപസ്മാരം,അഗ്നിമാന്ദ്യം, ചുമ, ശ്വാസവൈഷമ്യം എന്നീ അസുഖങ്ങൾ ശമിപ്പിക്കുന്നു.കൂടാതെ അണുനാശക ശക്തിയും ,കൃമിഹരശക്തിയുമുണ്ട് .ഹിങ്ഗ്വഷ്ടകചൂർണം, പുരന്ദരാദിചൂർണം, ത്രികടുകാദിചൂർണം, ഹിംഗുവചാദിചൂർണം, ഹിംഗുത്യഗാദിചൂർണം എന്നിവ കായം ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്
ചില ഔഷധപ്രയോഗങ്ങൾ
കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയിൽ കായം വെള്ളത്തിൽകലക്കി നാഭിയിൽ പുരട്ടിയാൽ മാറിക്കിട്ടും
പൂച്ച കടിച്ചുണ്ടാകുന്ന വിഷത്തിൽ കായം കയ്യോന്നി നീരിൽ അരച്ച് പുറമേ പുരട്ടിയാൽ മതിയാകും
അസഹ്യമായ ചെവിവേദനയ്ക്ക് വെളുത്തുള്ളി നീരിൽ അൽപ്പം കായം ഉരച്ച് ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഒഴിച്ചാൽ വേദന മാറിക്കിട്ടും
ആർത്തവം വിഷമകരമായും അൽപ്പമായും തോന്നുകയാണെങ്കിൽ 1 ഗ്രാം കായം മുരിങ്ങയില നീരിൽ കലക്കിക്കുടിച്ചാൽ മതിയാകും
കായം, അയമോദകം, കടുക്കാത്തോട്, ഇന്തുപ്പ് ഇവ സമമെടുത്തു പൊടിച്ചത് 1 ഗ്രാം മുതൽ 3 ഗ്രാം വരെ ആഹാരത്തിനു മുൻപ് കഴിക്കാമെങ്കിൽ. വയറുവേദന, വയറുപെരുപ്പ് എന്നിവ മാറിക്കിട്ടുംകയും .നല്ല വിശപ്പ് ഉണ്ടാകുകയും ചെയ്യും
തേൾ വിഷത്തിനും സർപ്പവിഷങ്ങൾക്കും ലേപമായി കായം ഉപയോഗിക്കാം
പല്ലുവേദനയിൽ കായവും കറുപ്പും ചേർത്ത് വേദനയുള്ളിടത്ത് വച്ചാൽ ശമനമുണ്ടാകും.