Botanical name | Jatropha curcas |
---|---|
Family | Euphorbiaceae |
Common name | Physic Nut Jatropha Barbados nut |
Hindi | जमाल घोटा Jamal ghota रतनजोत Ratanjot |
Tamil | Kattukkotai |
Telugu | Nepalam, Adavi amuda |
Kannada | Kananeranda |
Bengali | Bagbherenda Bherenda Sada verenda |
Gujarati | Radau-khurung Jamalgota |
Oriya | Jahazigaba Dhalajahaji |
Sanskrit | Darvanti |
Malayalam | Kattamank Katalavanakku |
രസാദി ഗുണങ്ങൾ | |
രസം | കഷായം |
ഗുണം | തീക്ഷ്ണം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ഔഷധയോഗ്യഭാഗങ്ങൾ |
ചെറിയ തണ്ട്, കറ |
വിഷമയഭാഗങ്ങൾ |
കായ് ,കറ |
3-6 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് കാട്ടാവണക്ക് അഥവാ (കടലാവണക്ക്).ദക്ഷിണേന്ത്യ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വിജനപ്രദേശത്താണ് ഈ സസ്യം കൂടുതലായും വളരുന്നത് .കേരളത്തിൽ ഗ്രാമങ്ങളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു. .കേരളത്തിൽ ഇത് പലപ്പോഴും വേലികൾക്കായി പുരയിടങ്ങളുടെ അതിർത്തികളിൽ നട്ടുവളർത്താറുണ്ട്.
വളരെ മൃദുവായ കാണ്ഡമുള്ള കുറ്റിച്ചെടിയാണ് .ചിലപ്പോൾ ചെറിയ മരമായും വളരാറുണ്ട്. തളിരിലകൾക്ക് ഏതാണ്ട് തവിട്ടുകലർന്ന പച്ചനിറമാണ്. പ്രായമാകുമ്പോഴേക്കും നല്ല പച്ച നിറമാകും .കാണ്ഡത്തിൽ ചെറിയ മുഴകൾ കാണാം.ആൺപൂവും പെൺപൂവും ഒരു ചെടിയിൽ ഉണ്ടാകും. പൂങ്കുലയിൽ മധ്യഭാഗത്ത് മിക്കവാറും പെൺ പുഷ്പമായിരിക്കും.പൂവിനു പച്ചകലർന്ന മഞ്ഞ നിറവുമാണ്.വിത്തിന് മഞ്ഞ നിറമാണ് .വിളഞ്ഞ കായ്കൾക്ക് കറുപ്പുനിറം ,മൂന്നായി പൊട്ടുന്ന വിത്തിന് തവിട്ടുകലർന്ന കറുപ്പുനിറമാണ്.വിത്തിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കുന്നു കർകാസ് എണ്ണ എന്ന പേരിൽ അറിയപ്പെടുന്നു
കാട്ടാവണക്ക് ഒരു വിഷച്ചെടിയാണ് . ഇതിന്റെ ഇലയിലും തണ്ടിലും കറ അടങ്ങിയിരിക്കുന്നു .ഈ കറയിൽ വിഷാംശം അടങ്ങിയിരിക്കുന്നു .കൂടാതെ ഈ സസ്യത്തിന്റെ ഇലയിലും പൂവിലും വിഷഘടകങ്ങൾ അടങ്ങിയിട്ടുണ്ട് .ഇതിന്റെ ഇലയിൽനിന്നും തണ്ടിൽനിന്നും ഊറി വരുന്ന കറ ശരീരത്തിൽ വീണാൽ പൊള്ളലുണ്ടാകും .കണ്ണിൽ വീണാൽ കാഴ്ചശക്തി നഷ്ടപ്പെടും .വിത്തിൽ നിന്നെടുക്കുന്ന എണ്ണ കഴിച്ചാൽ തന്നെ ശക്തിയായ വയറിളക്കം ഉണ്ടാകും അതേപോലെ എണ്ണയെടുത്തശേഷമുള്ള പിണ്ണാക്ക് ഉള്ളിൽ ചെന്നാലും അതിയായ ഛർദിയും വിരേചനവും ഉണ്ടാകും.
ഇതിന്റെ വിത്ത് ആവണക്കിൻ കുരുവിനെക്കാൾ തീക്ഷ്ണ വിരേചനം ഉണ്ടാക്കുന്നതാണ്. ഇതിന്റെ വിഷമയമുള്ള ഭാഗങ്ങൾ ഉള്ളിൽ കഴിച്ചു വിഷബാധയുണ്ടായാൽ ആമാശയത്തിലെയും കുടലിലെയും ആന്തരകലകൾക്ക് വീക്കവും നാശവും ഉണ്ടാകും.അതോടൊപ്പം ഛർദിയും ശക്തിയായ വിരേചനവും ഉണ്ടാകും. . പേശികളുടെ സങ്കോചം, കാഴ്ചശക്തി കുറയുക, ഓർമ നശിക്കുക എന്നിവയും ഇതിന്റെ വിഷബാധ മൂലം ഉണ്ടാകും .കാട്ടാവണക്കിന്റെ കറ വീണു പുറമേ ഉണ്ടാകുന്ന പൊള്ളലിന് തേനോ , നെയ്യോ പുരട്ടിയാൽ മതിയാകും . ഉള്ളിൽ കഴിച്ചുണ്ടാകുന്ന വിഷബാധയ്ക്ക് ആമാശയക്ഷാളനം ചെയ്തശേഷം പാലോ നെയ്യോ ഉള്ളിൽ കഴിക്കണം.
ഔഷധഗുണങ്ങൾ
നീരും വേദനയും ശമിപ്പിക്കുന്നു ,കറ ,വിത്ത് എന്നിവ ശക്തമായ വിരേചനം ഉണ്ടാക്കുന്നു .വിഷസ്വഭാവമുള്ള സസ്യമായതുകൊണ്ടും . അപകടകരമായതിനാൽ ഉള്ളിൽ കഴിക്കാനുള്ള ഔഷധങ്ങൾക്ക് കാട്ടാവണക്ക് എടുക്കാറില്ല. ഇതൊരു ബാഹ്യലേപനൗഷധമായിട്ടാണ് മിക്കവാറും ഉപയോഗിക്കുന്നത്. ഒരു മൽസ്യവിഷം കൂടിയാണ് കാട്ടാവണക്ക്.
രാസഘടകങ്ങൾ
കാട്ടാവണക്കിന്റെ വിത്തിൽ 30% മുതൽ 40% വരെ എണ്ണയുണ്ട്.ഇത് കർക്കസ് എണ്ണ എന്ന പേരിൽ അറിയപ്പെടുന്നു.വിത്തിൽ കുർസിൻ എന്ന വിഷസ്വഭാവമുള്ള രാസഘടകം അടങ്ങിയിട്ടുണ്ട്.ഫൈറോസ്റ്റിറോലിൻ,സുക്രോസ്, റെസിൻ എന്നിവ വേർതിരിച്ച് എടുത്തിട്ടുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
മോണയ്ക്ക് നീരും വേദനയും ഉള്ളപ്പോൾ കാട്ടാവണക്കിന്റെ ഇളം തണ്ടിന്റെ അഗ്രം അൽപ്പം ചതച്ച് അതുകൊണ്ട് മോണയും പല്ലും തേച്ചാൽ നീരും വേദനയും മാറിക്കിട്ടും .
വരട്ടുചൊറിയിലും,വളംകടിക്കും കാട്ടാവണക്കിന്റെ അല്പം കറ പുറമേ പുരട്ടിയാൽ മാറിക്കിട്ടും .
രക്തസ്രാവം ഉള്ള മുറിവിൽ കടലാവണക്കിന്റെ കറ പുരട്ടിയാൽ അവിടെ രക്തം കട്ടപിടിച്ച് രക്തസ്രാവം നിൽക്കുന്നതാണ് .
കാട്ടാവണക്കിന്റെ തൊലി പ്രമേഹത്തിന് ഒരു നല്ല ഔഷധമാണ് . എന്നാൽ വിഷഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തുടർച്ചയായി ഉപയോഗിക്കുവാൻ പാടില്ല .
കാട്ടാവണക്കിന്റെ എണ്ണ വാതരോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും പുറമേ പുരട്ടാവുന്നതാണ് .ഈ എണ്ണ വിളക്ക് കത്തിക്കാനും ഉപയോഗിക്കുന്നു .