ശാസ്ത്രനാമം | Terminalia arjuna |
---|---|
സസ്യകുടുംബം |
Combretaceae |
രസാദിഗുണങ്ങൾ | |
രസം | കഷായം,തിക്തം |
ഗുണം | ലഘു, രൂക്ഷം |
വീര്യം |
ശീതം |
വിപാകം | കടു |
പ്രഭാവം | ഹൃദ്യം |
കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്.ആറ്റുമരുത്, പുഴമരുത്, വെള്ളമരുത്,കുളമരുത്.തുടങ്ങിയ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു .ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു.നാട്ടിൻപുറങ്ങളിൽ പുഴയോരങ്ങളിലും മറ്റുമായി ഈ സസ്യം ധാരാളം വളരുന്നു. 25 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം കാട്ടിലെ വൻമരങ്ങളിൽ ഒന്നാണ് . ഇന്ത്യ കൂടാതെ ശ്രീലങ്കയിലും മ്യാൻമാറിലും മറ്റും സമൃദ്ധമായി വളരുന്നു . ഇടതൂർന്ന് ശാഖോപശാഖകളായി വളരുന്ന നീർമരുതിന്റെ മരത്തൊലിനല്ല മിനുസ്സമുള്ളതാണ്. ഇതിന്റെ പുറന്തൊലി കാലാകാലങ്ങളിൽ ഉരിഞ്ഞുപോകും. ചാരനിറത്തിലുള്ള ഈ തൊലി ഉരിഞ്ഞുപോയാൽ നല്ല വെള്ളനിറത്തിലുള്ള തൊലികാണാം. എന്നാൽ വെട്ടി നോക്കിയാൽ നല്ല ചുവപ്പ് നിറമായിരിക്കും .
ബലമേറിയ വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജുനഃ എന്ന പേരിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു . 750 മുതൽ 1600.മീ.മീറ്റർ വരെ മഴ ലഭിക്കുന്ന കാടുകളിലാണ് ഈ മരം നന്നായി വളരുന്നത്. കടുത്ത വരൾച്ചയും തണുപ്പും ഈ മരത്തിന് പിടിക്കില്ല. നദികളുടെ തീരങ്ങളിലും ധാരാളമായി വളരുന്നതിനാലാണ് നീർമരുത് എന്ന പേരിൽ ഈ വൃക്ഷം അറിയപ്പെടുന്നത് . നക്ഷത്രവൃക്ഷങ്ങളിൽ പെട്ടതാണ് ഈ മരം ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് നീർമരുത്.
തടിക്ക് നല്ല വെള്ളനിറമായിരിക്കും. ഇലപൊഴിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇലകൾ ഒന്നിച്ച് പൊഴിയാറില്ല .ഇവയുടെ ഇലകൾക്ക് 10-17 സെ.മീ.നീളവും 5-6 സെ.മീ. വീതിയും ഉണ്ടാവും. പുഷ്പങ്ങൾ ചെറുതും മങ്ങിയ വെള്ളനിറത്തോടു കൂടിയതുമാണ്. അവ നീണ്ട കുലയിൽ അനേകം കാണപ്പെടുന്നു. ബാഹ്യദളങ്ങൾ എളുപ്പം പൊഴിഞ്ഞു പോകുന്നു. ഇവയുടെ പൂക്കൾ പണ്ടു കാലം മുതൽ സ്ത്രികൾ തലയിൽ ചൂടാൻ ഉപയോഗിച്ചിരുന്നു.
ഏപ്രിൽ-മേയ് മാസങ്ങളിൽ പൂവണിയുകയും മേയ്- നവംബർ വരെ ഫലം കണ്ടുവരുകയും ചെയ്യുന്നു.ഇതിന്റെ ഫലത്തിൽ ചിറകുകൾ കാണും. വിത്ത് മെലിഞ്ഞു നീണ്ടതും മിനുസമുള്ളതുമാണ്. തോടിന് നല്ല ഉറപ്പും ഗന്ധവുമുണ്ട്. കാട്ടിൽ ഈ മരത്തിന് സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നുണ്ട്. വിത്ത് വിതരണം നടത്തുന്നത് പ്രധാനമായും കാറ്റുമൂലമാണ് .നേഴ്സറികളിൽ നിന്നും ഇതിന്റെ തൈകൾ വാങ്ങാൻ കിട്ടും .
നീർമരുതിന്റെ തടിക്ക് നല്ല ബലവും ഉറപ്പുമുണ്ടാവും.കാതലിന് പാടല വർണ്ണമാണ്. വെള്ളയും കാതലും തിരിച്ചറിയാൻ സാധിക്കും. എന്നാൽ തടി ഉണങ്ങിയാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത് വളരെ കുറവാണ്.കാർഷികോപകരണ നിർമ്മാണത്തിനും വിറകായും ഉപയോഗിക്കാനേ നീർമരുതിന്റെ തടി കൊള്ളുകയൊള്ളു .
നീർമരുതിൻറെ തൊലി വളരെ ഏറെ ഔഷധഗുണങ്ങൾ ഉള്ളതാണ്.പണ്ടുകാലം മുതൽ നീർമരുതിനെ ഹൃദ്രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. നീർമരുതിൻ തൊലിക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്. ആയൂർവേദം ഇതിനെ "ഹൃദ്യ' എന്ന ഔഷധങ്ങളുടെ ഗണത്തിലാണ് .ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ തൊലിയ്ക്ക് ചവർപ്പുണ്ട്.ഇവയുടെ വേരിന്മേലുള്ള തൊലിക്കും ഇലക്കും ഔഷധഗുണമുണ്ട്.അർജ്ജുനാഘൃതം, നാഗാർജ്ജനാദ്രം, രന്താകരരസം, കകദാദിചൂർണ്ണം എന്നിവയിലെ ഒരു ചേരുവയാണ് നീർമരുത് .
രാസഘടകങ്ങൾ
മരത്തിന്റെ തൊലിയിൽ ഹൃദയത്തെ ഉത്തേജിപ്പിക്കാൻ കഴിവുള്ള കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം ,ലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ കയ്പ്പു രസമുള്ള ഒരു ദ്രാവകവും അടങ്ങിയിരിക്കുന്നു. β സിറ്റോസ്റ്റിറോൾ, അർജുനേറ്റിൻ, ഇലേറിക് അമ്ലം, അർജുനിക് അമ്ലം എന്നിവയും ഗ്ലൂക്കോസൈഡും ,ടാനിനും അടങ്ങിയിരിക്കുന്നു .
ഔഷധഗുണങ്ങൾ
ഹൃദയസംബന്ധമായ രോഗങ്ങൾക്കും കഫ പിത്തരോഗങ്ങൾക്കും അത്യുത്തമമാണ് നീർമരുത്. ഹൃദയപേശിയുടെ ശക്തി വർധിപ്പിച്ച് അതിന്റെ സങ്കോച വികാസക്ഷമത വർധിപ്പിക്കുന്നു.മുറിവ് കൂട്ടിച്ചേർക്കാനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കാനും ശക്തിയുണ്ട്. കൂടാതെ വ്രണം, പനി, ത്വക്ക് രോഗങ്ങൾ, വിഷം എന്നിവയെ ശമിപ്പിക്കുന്നതിനുള്ള കഴിവ് നീർമരുതിനുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
നീർമരുതിന്റെ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6 ഗ്രാം വരെ ദിവസവും മൂന്നു നേരം വീതം കഴിച്ചാൽ ഹൃദ്രോഗം, വിളർച്ച, നീര്, രക്തസ്രാവം, മറ്റ് പത്തിക വികാരങ്ങൾ എന്നിവ ശമിക്കും . അസ്ഥികൾക്ക് ഒടിവോ ചതവോ സംഭവിച്ചാൽ നീർമരുതിന്റെ തൊലി ഉണക്കിപൊടിച്ച് പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ നല്ല ഫലം കിട്ടും .