കാട്ടുചെടിയായി വെളിമ്പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും മറ്റും കാണപ്പെടുന്ന ഒരു സസ്യമാണ് കൊടിത്തൂവ അഥവാ വള്ളിചൊറിയണം.ചൊറിയണം എന്ന പേരിൽ സാധാരണ അറിയപ്പെടുന്ന ഈ സസ്യം ഉഷ്ണമേഖലകളിൽ കൂടുതലായി കണ്ടുവരുന്നു. 700 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ധാരാളമായി വളരുന്നു.
ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ മിക്കവാറും മുഴുവൻ ഭാഗവും രോമിലമാണ്.തണ്ടുകൾ വളരെ കനം കുറഞ്ഞതാണ്.നീളത്തിൽ ചുറ്റിപ്പടരുന്ന ശാഖകളുണ്ട്. ഇലയിൽ വിഷസ്വഭാവമുള്ള രോമങ്ങളുണ്ട്.ഇതിന്റെ തണ്ടിലും ഇലയിലും മനുഷ്യശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന ഒരിനം രോമമുണ്ട്.
വിഷസ്വഭാവമുള്ള രോമങ്ങൾ ശരീരഭാഗങ്ങളിൽ സ്പർശിക്കാനിടയായാൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകും.കൂടാതെ ചൊറിഞ്ഞു തടിച്ച് ചുവന്ന നിറത്തിൽ ഉയർന്ന തിണർപ്പുകൾ ഉണ്ടാകുന്നു. ഇതുമൂലം നീറ്റലും വേദനയും അനുഭവപ്പെടുന്നു. ഇത് മൃഗങ്ങളിലും ക്ഷോഭത്തെയുണ്ടാക്കുന്നതാണ്. ഈ കുടുംബത്തിൽപ്പെടുന്ന മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ഈ ചെടിക്ക് വിഷ സ്വഭാവം വളരെ കുറവാണ് .കൊടിത്തൂവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിനും നീറ്റലിനും പ്രത്യേക ചികിത്സകൾ ഒന്നും കൂടാതെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ മാറുന്നതാണ്.
Botanical name | Tragia involucrata |
---|---|
Family | Euphorbiaceae |
Common name | Bristly Climbing Nettle |
രസാദിഗുണങ്ങൾ | |
രസം | കടു, തിക്തം മധുരം, കഷായം |
ഗുണം | ലഘു, സ്നിഗ്ധം |
വീര്യം | ശീതം |
വിപാകം | കടു |
ഔഷധയോഗ്യ ഭാഗം | വേര്, സമൂലം |
ഔഷധഗുണങ്ങൾ
ചൊറിച്ചിൽ ഉണ്ടാകുമെങ്കിലും ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൊടിത്തൂവ .ദുരാലഭാരിഷ്ടത്തിൽ പ്രധാന ചേരുവ കൊടിത്തൂവയാണ്. രക്താർശ്ശസ് ,മലബന്ധം ,അഗ്നിമാന്ദ്യം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ , എന്നിവയ്ക്കാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .
ചില ഔഷധപ്രയോഗങ്ങൾ
കൊടിത്തൂവയുടെ വേര് കഷായം വച്ച് കഴിച്ചാൽ അർശസ്, മൂത്രതടസ്സം,ശൂല, വയറുകടി,ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ശമിക്കും .
കൊടിത്തൂവയുടെ ഇലയും , അരിയും ചേർത്ത് വറുത്തു പൊടിച്ച് . പനം കൽകണ്ടമോ, കരുപ്പട്ടിയൊ ചേർത്ത് ഒന്നോ രണ്ടോ ആഴ്ച പതിവായി കഴിച്ചാൽ എത്ര പഴകിയ ചുമയും ശമിക്കും .
കൊടിത്തൂവയുടെ കായ് അരച്ച് തലയിൽ പതിവായി പുരട്ടിയാൽ കഷണ്ടിയിൽ മുടി കിളിർക്കുമെന്നു പറയപ്പെടുന്നു.
കൊടിത്തൂവ സമൂലവും . ചെറു തിപ്പലിയും സമമായി എടുത്ത് പൊടിച്ച് തേനിൽ ചേർത് കഴിച്ചാൽ . ചുമയും മറ്റു ശ്വാസകോശ രോഗങ്ങളും ശമിക്കും.
കൊടിത്തൂവയുടെ വേര് അരച്ച് തുളസ്സിയില നീരിൽ ചേർത്ത് പുറമെ പുരട്ടിയാൽ . ചൊറിച്ചിലോടു കൂടിയ ത്വക് രോഗങ്ങൾ ശമിക്കും .
കൊടിത്തൂവയും, പച്ചമഞ്ഞളും ചേർത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ തൈരും ചേർത് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ശമിക്കും.
കൊടിത്തൂവയുടെ ഇല നല്ലെണ്ണയിൽ വാട്ടി . കുരുമുളകും ,കച്ചോലവും കൂട്ടി തിളപ്പിച്ച് തണുത്തതിനുശേഷം . നിറുകയിൽ വച്ചാൽ തലവേദന പെട്ടന്ന് മാറിക്കിട്ടും .