ശാസ്ത്രനാമം | Vateria indica |
---|---|
കുടുംബം | Dipterocarpaceae |
മറ്റു ഭാഷകളിലെ പേരുകൾ |
|
English Name | White Damar, Indian Copal, Malabar tallow, Piney varnish |
Sanskrit | सर्जकः sarjakah |
Hindi | सफेद डामर safed daamar |
Kannada | ಬಿಳಿ ಡಾವರು bili daamaru, ಬಿಳಿ ಧೂಪ bili dhupa, ಧೂಪದ ಮರ dhupada mara |
Malayalam | കുന്തിരിക്കപ്പൈന്‍ kuntirikkappayin, പയിനി paini, വെള്ളപ്പൈന്‍ vellappayin |
Tamil | துருளக்கம் turulakkam, வெள்ளைக்குங்கிலியம் vellai-k-kunki-liyam |
Telugu | తెల్లగుగ్గిలము tellaguggilamu |
Oriya | ମନ୍ଦଧୂପ mandadhupa, ସନ୍ଦରସ sandarasa |
പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ 60 മീറ്ററോളം ഉയരത്തിൽ വളരുന്ന വൻമരമാണ് വെള്ളപ്പയിൻ അഥവാ വെള്ളക്കുന്തിരിക്കം. തെളിക്കുന്തിരിക്കം എന്ന പേരിലും അറിയപ്പെടും .ഭൂമിയ്ക്കടിയിൽ ജലസാന്നിധ്യം ധാരാളമായി ഉള്ള ചില ഇലകൊഴിയും കാടുകളിലും നാട്ടിൻ പ്രദേശങ്ങളിലും വെള്ളപ്പയിൻ കാണപ്പെടുന്നു .പക്ഷെ സമൃദ്ധമായി വളരുന്നത് മഴക്കാടുകളിലാണ്.കേരള കർണാടക അതിർത്തിയിലെ സുള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരമുഖ് എന്നി സ്ഥലങ്ങളിലും വെള്ളപ്പയിൻ ധാരാളമായി വളരുന്നു . കേരളത്തിൽ കൊട്ടാരക്കരയ്ക്കടുത്ത് വെണ്ടാർ ദേവീക്ഷേത്രത്തിൽ ഒരേക്കറോളം വിസ്തൃതിയിലുള്ള വെള്ള പൈൻമരക്കാവുണ്ട് . 200ൽ കൂടുതൽ പൈൻമരങ്ങളുണ്ടന്നാണ് കണക്ക് .മൂന്നു പേരു പിടിച്ചാലും പിടിമുറ്റാത്ത നൂറിൽ കൂടുതൽ വർഷം പ്രായമുള്ള പൈൻമരങ്ങൾ ഇവിടെയുണ്ട് . മൂലം നക്ഷത്രത്തിൽ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് വെള്ളപ്പയിൻ .
വെള്ളപ്പൊട്ടുകളുള്ള ഈ മരത്തിന്റെ തൊലി മിനുസ്സമുള്ളതും കനം കുറഞ്ഞതുമാണ്.ഈ മരത്തിന്റെ തൊലി പൊട്ടിയൊലിച്ചുണ്ടാകുന്ന കറ സംസ്‌കരിച്ചാണ് കുന്തിരിക്കം ഉണ്ടാക്കുന്നത്.ഇത് വെള്ളക്കുന്തിരിക്കം എന്ന പേരിൽ അറിയപ്പെടുന്നു.ക്ഷേത്രങ്ങൾ, ക്രൈസ്തവ മുസ്ലീം ദേവാലയങ്ങൾ എന്നിവിടങ്ങളിലും പ്രാർഥനാ വേളകളിൽ കുന്തിരിക്കത്തിന്റെ പുക ഉപയോഗിക്കുന്നു .മനുഷ്യവാസം ഏറെയുള്ള സ്ഥലങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കാൻ കുന്തിരിക്കത്തിന്റെ സുഗന്ധമുള്ള പുകയ്ക്കു കഴിവുണ്ട്. പുരാതനകാലം മുതൽ പ്രാർഥാനാലയങ്ങളിൽ ഇപ്രകാരം കുന്തിരിക്കം പുകച്ചിരുന്നു .ബുദ്ധജൈന മത വിശ്വാസികളും വെള്ളക്കുന്തിരിക്കത്തിന്റെ പുകയെ പ്രാർത്ഥനാവേളകളിൽ ഉപയോഗിച്ചിരുന്നു .കൂടാതെ വാർണിഷുകൾ, സാമ്പ്രാണി എന്നിവ നിർമ്മിക്കാനും ഔഷധമായും കുന്തിരിക്കം ഉപയോഗിക്കുന്നു.
ഒരുതരത്തിലുള്ള വരൾച്ചയും അതിശൈത്യവും ഈ മരത്തിനു താങ്ങാൻ സാധിക്കില്ല.തായ് വൃക്ഷത്തിന്റെ ചുവട്ടിൽ ധാരാളം തൈകൾ വളരും.തൈകൾ തണലത്തുമാത്രമേ വളരുകയുള്ളു.ഒരുവിധം വളർന്നു കഴിഞ്ഞാൽ പിന്നെ തണലിന്റെ ആവിശ്യമില്ല .ഇതിന്റെ പൂക്കാലം ജനുവരിയിൽ ആരംഭിച്ച് മാർച്ചു വരെ നീണ്ടുനില്ക്കും.വെള്ളനിറവും സുഗന്ധവുമുള്ള പുഷ്പങ്ങൾ ശാഖാഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു .വേനൽക്കാലത്ത് ഫലം മൂക്കും . ഫലത്തിൽ ഒറ്റ വിത്ത് മാത്രമേ കാണുകയുള്ളു .വിത്തിന് ചുവപ്പ് കലർന്ന വെള്ളനിറമാണ് .
വിത്തിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതിനാൽ വിത്തിന് നല്ല ഭാരമുണ്ടാവും . ഈ വിത്തിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്. ഈ എണ്ണ ഭക്ഷ്യയോഗ്യമാണ് .ഈ എണ്ണ ശുദ്ധീകരിച്ചശേഷം മിഠായി നിർമ്മാണത്തിനും നെയ്യ്, കൊക്കോബട്ടർ എന്നിവയിൽ മായം ചേർക്കാനും ഉപയോഗിക്കുന്നു. കൂടാതെ മെഴുകു തിരികൾ, സോപ്പ് എന്നിവ നിർമ്മിക്കാനും ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പയിന്റെ തടിക്ക് വെള്ളയും കാതലുമുണ്ട്. കാതലിന് മങ്ങിയ വെള്ളനിറമാണ് .ബലവും ഭാരവും ഈടും കുറവാണ്.ഈ തടി പ്ലൈവുഡ് നിർമ്മിയ്ക്കാൻ വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.ഇതിന്റെ ഇല, കറ, എന്നിവയ്ക്ക് ഔഷധഗുണമുണ്ട്.ഇവ കണ്ഠരോഗങ്ങൾ,ഉദരരോഗങ്ങൾ , ത്വക് രോഗങ്ങൾ എന്നിവയ്ക്കു ഔഷധമായി ഉപയോഗിക്കുന്നു .