ഇന്ത്യയിൽ എല്ലായിടത്തും സുലഭമായി കാണപ്പെടുന്ന ഒരു ഏകവാർഷിക സസ്യമാണ് കുപ്പമേനി .സാധാരണ നാട്ടിൻ പുറങ്ങളിലും വഴിവക്കിലും ,ചപ്പുകൂനകൾക്കിടയിലും ഈ സസ്യം കണ്ടു വരുന്നു .വീട്ടുപരിസരത്തുള്ള കുപ്പകൾക്കിടയിലാണ് ഈ സസ്യം കൂടുതലും വളരുന്നത് .അതിനാൽ തന്നെയാണ് കുപ്പമേനി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .
ചില സ്ഥലങ്ങളിൽ പൂച്ചമയക്കി എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു .പൂച്ചകളെ ആകർഷിക്കുന്ന ഒരു സസ്യമാണ് കുപ്പമേനി .ഈ സസ്യത്തെ പിഴുത് പൂച്ചകളുടെ മുമ്പിലിട്ടു കൊടുത്താൽ പൂച്ചകൾ ഇതിന്റെ വേരുകൾ ഭക്ഷിക്കുകയും പൂച്ചയുടെ മീശ രോമങ്ങൾ വേരിൽ ഉരസുന്നതും കാണാൻ പറ്റും .
പൂച്ച,മുയൽ തുടങ്ങിയ ജീവികളെ ആകർഷിക്കുന്ന ഒരു ഘടകം ഈ ചെടിയുടെ വേരിൽ അടങ്ങിയിട്ടുണ്ട് .അതുകൊണ്ടു തന്നെയാണ് പൂച്ച ഈ സസ്യത്തിന്റെ വേര് തിന്നുന്നതും ഈ ചെടിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നതും .ഇക്കാരണത്താലാണ് പൂച്ചമയക്കി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .
രോമ വളർച്ച തടയാൻ കഴിവുള്ളൊരു സസ്യമാണ് കുപ്പമേനിയെന്നും .പൂച്ചകൾക്ക് മുഖത്തെ രോമം ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ അവയ്ക്കു അസ്വസ്ഥത ഉണ്ടാകുമെന്നും .പൂച്ചകളുടെ മുഖത്തെ രോമവളർച്ച നിയന്ത്രിക്കാനാണ് പൂച്ചകൾ ഈ സസ്യത്തിൽ മുഖം ഉരസുന്നത് എന്നും ചിലർ പറയുന്നുണ്ട് .
ഏകദേശം ഒരു മീറ്റർ ഉയരത്തിൽ ഈ സസ്യം വളരാറുണ്ട് .ചെടി നിറയെ ചെറുതും വലുതുമായ ഇലകൾകൊണ്ട് നിറഞ്ഞിരിക്കും .ദീർഘ വൃത്താകൃതിയിലുള്ള ഇതിന്റെ ഇലകളുടെ മുകൾ ഭാഗം നല്ല മിനുസമുള്ളതാണ് .ഇവയുടെ പൂക്കൾ പച്ചനിറത്തിലുള്ളവയാണ് .ഇവയുടെ കായ്കൾക്ക് പച്ചകലർന്ന വെള്ള നിറവുമാണ് .
വളരെ ഔഷധ ഗുണമുള്ളൊരു സസ്യമാണ് കുപ്പമേനി .ഇതിന്റെ ഇല ,പുഷ്പിച്ച ശിഖരാഗ്രങ്ങൾ ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കുപ്പമേനി കൃഷി ചെയ്യുന്നുണ്ട് .ചെടി പുഷ്പിച്ചു കഴിയുമ്പോൾ വേരോടെ പിഴുത് ഉണക്കി പൊടിച്ചാണ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത് . ഈ പൊടി ഇന്ത്യൻ അക്കാലിഫ എന്ന പേരിൽ അറിയപ്പെടുന്നു. ഈ പൊടി പല വിധത്തിൽ പാചകം ചെയ്ത് ചുമ, ന്യുമോണിയ ,വാതരോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു .
ഈ സസ്യത്തിൽ അക്കാലിഫിൻ സയനോ ജനറ്റിക് ഗ്ലുക്കോസൈഡ് ,H .C .N എന്ന ഘടകവും അടങ്ങിയിരിക്കുന്നു .കൂടാതെ പൂച്ച ,മുയൽ എന്നിവയെ ആകർഷിക്കപ്പെടുന്നതും അവയ്ക്കു ഹാനീകരമായ ഒരു വിഷവസ്തുവും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട് .
വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം സന്ധിവേദന ,ചെവിവേദന ,നീര് ,വ്രണം ,,ചുമ ,ശ്വാസതടസ്സം ,കൃമിശല്ല്യം ,തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് . ആയുർവേദത്തിൽ .കഫ രോഗങ്ങളിലും, വിഷ ചികിത്സയിലും ഛർദ്ദി ഉണ്ടാക്കുന്നതിന് വേണ്ടി ഇതിന്റെ ഇല അരച്ച് വെള്ളത്തിൽ കലക്കി രോഗികൾക്ക് കൊടുക്കാറുണ്ട്
Botanical name | Acalypha indica |
---|---|
Synonyms | Acalypha chinensis Acalypha ciliata Acalypha somalensis Acalypha spicata |
Family | Euphorbiaceae (Castor family) |
Common name | Indian Copperleaf Indian acalypha Indian nettle three-seeded-mercury |
Hindi | कुप्पीखोखली (Kuppikhokhali) हरित मञ्जरी (Harita Manjari) कुप्पी Kuppi |
Tamil | கொழிப்பூண்டு koli-p-puntu குப்பைமேனி kuppai-meni அரிமஞ்சரி (Arimanjari) பூனைவணங்கி (Poonai Vanangi) மார்ஜலமோகினி (Marjalamogini) |
Telugu | హరితమంజరి harita-manjari కుప్పి kuppi |
Kannada | ಕುಪ್ಪಿ Kuppi ಕುಪ್ಪಿಗಿಡ Kuppi gida |
Sanskrit | हरित मञ्जरी harita manjari |
Bengali | মুক্তঝুরি mukta jhuri শ্বেত বসন্ত sbeta basanta |
Malayalam | കുപ്പമേനി kuppameni പൂച്ചമയക്കി (Poochamayakki) |
Gujarati | વેંછીકાંટો (Venchikanto હરીતમંજરી (Haritamanjari |
Manipuri | ꯈꯣꯔꯕꯥꯟ Khorbaan |
രസാദി ഗുണങ്ങൾ | |
രസം | കഷായം, തിക്തം |
ഗുണം | രൂക്ഷം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ഔഷധയോഗ്യ ഭാഗങ്ങൾ |
ഇല പുഷ്പിച്ച ശിഖരാഗ്രങ്ങൾ വേര് |
ചില ഔഷധ പ്രയോഗങ്ങൾ
കുപ്പമേനിയുടെ ഇലയുടെ നീര് എണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ വാത സംബന്ധമായി ഉണ്ടാകുന്ന നീരും വേദനയും മാറും .
കുപ്പമേനിയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന ചെവി പഴുപ്പ് മുതലായ മാറും .
കുപ്പമേനിയുടെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും പെട്ടന്ന് സുഖപ്പെടും .
കുപ്പമേനിയുടെ ഇല വെളിച്ചെണ്ണ കാച്ചി പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് എന്നിവ മാറിക്കിട്ടും .
കുപ്പമേനിയുടെ ഇല അരച്ച് ചുണ്ണാമ്പും ചേർത്ത് പുരട്ടിയാൽ പഴുതാര ,വണ്ട് ,തേനീച്ച തുടങ്ങിയവയുടെ വിഷം ശമിക്കും .
ഒരുപിടി കുപ്പമേനിയുടെ ഇലയും കുറച്ച് പുളിയിലയും അൽപം ഉലുവയും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ നീര് ശമിക്കും .
കുപ്പമേനിയുടെ വേര് ഉണക്കിപ്പൊടിച്ച് ചൂടു വെള്ളത്തിൽ കലർത്തി കുടിച്ചാൽ കൃമി ശല്ല്യം മാറിക്കിട്ടും .
കുപ്പമേനിയുടെ ഇല പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ സ്ത്രീകളുടെ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .
കുപ്പമേനിയുടെ ഇല ഉണക്കിപ്പൊടിച്ചു മൂക്കിൽ വലിച്ചാൽ തലയിൽ കെട്ടിക്കിടക്കുന്ന കഫം ഇളകിപ്പോകും .