പനി, തലവേദന ,ചുമ ,പീനസം ,രക്തദോഷം,അപസ്‌മാരം ,വിളർച്ച മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് അഗത്തി . മധ്യകേരളത്തിൽ അഗസ്ത്യാർ മുരിങ്ങ എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അഗസ്തി ,അഗസ്തിക ,മുനിദ്രുമം,വംഗസേന എന്നീ പേരുകളിലും അറിയപ്പെടുന്നു.തമിഴിൽ അഗത്തി ചീര എന്ന പേരിൽ പരക്കെ അറിയപ്പെടുന്നു .
Botanical name : Sesbania grandiflora
Synonyms : Sesban coccinea , Agati grandiflora ,Coronilla grandiflora
Family : Fabaceae (Pea family)
കാണപ്പെടുന്ന സ്ഥലങ്ങൾ .
അഗത്തിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണന്നു കരുതപ്പെടുന്നു .ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാധാരണ ഈ സസ്യം വളരുന്നു .ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിൽ അകത്തി കൃഷി ചെയ്യപ്പെടുന്നു . കേരളത്തിലെ കാലാവസ്ഥയിലും അകത്തി നന്നായി വളരും . മിക്ക വീടുകളിലും അഗത്തി ഇപ്പോൾ നട്ടുവളർത്തുന്നു .
സസ്യവിവരണം .
പേരിൽ ചീരയുണ്ടങ്കിലും പയറുവർഗ്ഗത്തിൽപ്പെടുന്ന ഒരു കുറ്റിമരമാണ് അഗത്തി ചീര.ശരാശരി 6 -8 മീറ്റർ ഉയരത്തിൽ വരെ ഇവ വളരാറുണ്ട് .പയറുവർഗ്ഗസസ്യങ്ങളിൽ വച്ച് ഏറ്റവും വലിയ പൂവുണ്ടാകുന്ന വൃക്ഷം എന്നൊരു സവിശേഷത ഈ സസ്യത്തിനുണ്ട് .
പൂവിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തി അഗത്തി നാല് തരത്തിൽ കാണപ്പെടുന്നു .വെള്ള അകത്തി ,ചുവന്ന അകത്തി എന്നിങ്ങനെ രണ്ടിനങ്ങളാണ് നമ്മുടെ നാടുകളിൽ പ്രധാനമായും കാണപ്പെടുന്നത് .
പൂവിന്റെ നിറത്തെ അടിസ്ഥാനമാക്കി അഗത്തി ഇനങ്ങൾ .
ശ്വേത -വെളുത്ത പൂക്കളുണ്ടാകുന്നത്
പിത - മഞ്ഞ പൂക്കളുണ്ടാകുന്നത്
നിള - നീല പൂക്കളുണ്ടാകുന്നത്
രക്ത - ചുവന്ന പൂക്കളുണ്ടാകുന്നത്
മരത്തിന്റെ തൊലി പച്ചയായിരിക്കുമ്പോൾ നല്ല മിനുസമുണ്ടാകും .ഉണങ്ങുമ്പോൾ വീണ്ടുകീറുന്നു .ഇതിന്റെ പച്ചത്തടി തീയിൽ കത്തും . ഇവയുടെ ഇലകൾ സമപിച്ഛക സംയുക്തമാണ് . അനുപർണങ്ങളുള്ള പത്രകങ്ങളുടെ വിന്യാസം സമ്മുഖം . 20 -30 ജോഡി പത്രക്കങ്ങൾ ഓരോ പിച്ഛകത്തിലും വിന്യസിച്ചിരിക്കുന്നു .പത്രക്കങ്ങൾ ആയതാകൃതി .പത്രസീമാന്തം അഖണ്ഡം .ശരാശരി 2 .5 സെ.മി നീളവും 1 .5 സെ.മി വീതിയുമുണ്ടാകും .
അഗത്തിയുടെ പൂക്കൾ പത്രകക്ഷങ്ങളിൽ കുലകളായി ഉണ്ടാകുന്നു .പൂമൊട്ടുകൾക്ക് അരിവാളിന്റെ ആക്രിതിയാണ് .ഇവ വലുതും കാണാൻ നല്ല ഭംഗിയുള്ളതുമാണ് .പൂക്കൾക്ക് 7 -10 സെ.മി നീളമുണ്ടാകും .നവംബർ -ഡിസംബർ മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .ഇവയുടെ കായകൾക്ക് മുരിങ്ങക്കായോളം വലിപ്പമുണ്ടാകും .ഒരു കായിൽ 17 -20 വിത്തുകൾ വരെ കാണും .ഇവയുടെ പൂവും കായുമെല്ലാം ഭക്ഷ്യയോഗ്യമാണ് .
അഗത്തിയുടെ വേരിൽ അധിവസിക്കുന്ന റൈസോബിയും എന്ന ബാക്ടീരിയയുടെ സഹായത്തോടെ അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്ത് സസ്യപോഷണത്തിന് അനുയോജ്യമായ നൈട്രജൻ യൗഗികങ്ങൾ ഉൽപാദിപ്പിക്കുന്നതിനാൽ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാൻ അകത്തി ചീരയ്ക്ക് കഴിയും .
ആയുർവേദത്തിലെ ആദരണീയനായ ആചാര്യനാണ് അഗസ്ത്യൻ .അഗസ്ത്യമുനിയുടെ ഇഷ്ട്ട വൃക്ഷമായതിനാലാണ് ഈ സസ്യത്തിന് അഗസ്തി എന്ന് പേര് ലഭിച്ചത് .മുനിയുടെ പേരിൽ അറിയപ്പെടുന്നതുകൊണ്ട് മുനിദ്രുമം എന്ന പേരും ഈ സസ്യത്തിന് ലഭിച്ചു . എന്നാൽ സൂര്യനുദിക്കുമ്പോഴാണ് (അഗസ്ത്യൻ) ഈ സസ്യത്തിന്റെ പൂവ് വിരിയുന്നത് .അതിനാലാണ് അഗസ്തി എന്ന് പേര് ലഭിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നു .
രാസഘടകങ്ങൾ .
അഗത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻ ,കാൽസ്യം ,ഫോസ്ഫറസ് ,വിറ്റാമിൻ A ,B ,C തുടങ്ങിയവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ തൊലിയിൽ രക്തവർണ്ണമുള്ള ഒരിനം പശയും ടാനിൻ എന്നിവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ മുളപ്പിച്ച വിത്തിൽ പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് ,ഒലിയാനോലിക് അമ്ലം എന്നിവയും ധാരാളം വിറ്റാമിൻ C യും അടങ്ങിയിരിക്കുന്നു ,അഗത്തിയുടെ പൂവിൽ വിറ്റാമിൻ B ,C എന്നിവയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു .
അഗത്തിയുടെ ഉപയോഗം .
അഗത്തിയുടെ ഇല ,പൂവ് ,ഫലം എന്നിവ ആഹാരമായി ഉപയോഗിക്കുന്നു .ഇല ,മരത്തൊലി ,ഇളം പൂവ് ,കായ്‌കൾ എന്നിവ ഔഷധയോഗ്യ ഭാഗങ്ങളാണ് ,ഇവ നിരവധി രോഗങ്ങൾക്ക് ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .
അഗത്തി ഔഷധഗുണങ്ങൾ .
പനി, തലവേദന ,ചുമ ,പീനസം ,രക്തദോഷം ,കഫം ,വാതം ,പിത്തം ,ക്ഷയം ,പാണ്ഡുരോഗം ,തണ്ണീർദാഹം ,വിഷം ,ബുദ്ധിശക്തി ,ഗർഭാശയ നീര് ,വിളർച്ച ,അപസ്മാരം ,വസൂരി ,കാഴ്‌ച്ചക്കുറവ്, ചർമ്മരോഗങ്ങൾ,അസ്തിശ്രാവം ,വ്രണം എന്നിവയ്‌ക്കെല്ലാം അഗത്തി ഔഷധമായി ഉപയോഗിക്കുന്നു .
ജീവകം "എ" യുടെ അഭാവം മൂലമുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും അഗത്തി ഗുണപ്രദമാണ് .വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് എന്നിവ അഗത്തിയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് ഗുണകരമാണ് .അഗത്തിയില ആഴ്ചയിൽ രണ്ടുദിവസം ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ,വയറുവേദന ,നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും .
അഗത്തിയുടെ വേരിന്മേൽ തൊലി വാതരോഗങ്ങൾക്കും സന്ധിവേദനയ്ക്കും നല്ലതാണ് .ഇത് ഉദരവിരകളെ നശിപ്പിക്കും .വായുകോപം ശമിപ്പിക്കും .തൊലി സ്കാബീസ് എന്ന ത്വക്ക് രോഗത്തിന് നല്ലതാണ് .തൊലി ചതച്ച് കിട്ടുന്ന നീര് വയറിളക്കത്തിനും വയറുവേദനയ്ക്കും നല്ലതാണ് .
അഗത്തിയുടെ ഇലയുടെ നീര് കാഴ്ചക്കുറവ് പരിഹരിക്കാൻ ഉത്തമമാണ് .അഗത്തിയുടെ പൂക്കൾ പനിയെ പ്രതിരോധിക്കും .ഇടവിട്ടുണ്ടാകുന്ന പനിക്കും നല്ലതാണ് .പൂവിന്റെ കഷായം പനി ,മൂക്കൊലിപ്പ് എന്നിവയെ അകറ്റുകയും ലൈംഗീകശക്തി വർധിപ്പിക്കുകയും ചെയ്യും .അഗത്തിയുടെ കായ എല്ലാ പകർച്ച വ്യാധികളെയും അകറ്റും .ഇത് കഫം ,വാതം ,പിത്തം, വിളർച്ച എന്നിവ അകറ്റും .
അഗത്തി ചേരുവയുള്ള ഔഷധങ്ങൾ .
Ratnagiri Ras - എല്ലാത്തരം പനികളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് Ratnagiri ras.പൊടി രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് . 125 മില്ലി ഗ്രാം വരെ ദിവസത്തിൽ ഒന്നോ ,രണ്ടോ നേരം പാലിനൊപ്പമോ ചൂടുവെള്ളത്തിനൊപ്പമോ വൈദ്യ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ് .
Ayurvedic Biotin Capsules - തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും എല്ലുകളുടെ ബലം വർധിപ്പിക്കാനും ആരോഗ്യമുള്ള നല്ല തിളക്കമുള്ള ചർമ്മം കിട്ടുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ:
രസം : തിക്തം
ഗുണം : രൂക്ഷം, ലഘു
വീര്യം : ശീതം
വിപാകം : മധുരം, തിക്തം
പ്രാദേശിക നാമങ്ങൾ .
Common name : Agati, Vegetable hummingbird , Katurai , West Indian pea , Scarlet wisteria tree,Petai belalang , Sesban , Daun turi
Hindi : Gaach-munga Hathya, Bakpushpa , Vakrapushpa ,Chogachi
Tamil : Agathi
Telugu : Avisha
Kannada : Agasi , Agase ,Chinnadaare ,Arisina jeenangi
Sanskrit : Varnari , Munipriya , Agasti , Drigapalaka
Gujarati : Shevari , Hatga , Agasti , Gaach-munga
Bengali : Bakful , Buko , Bak
Malayalam : Agathi , Akaththi, Agasthi
Marathi : Shevari , Hatga
അഗത്തിച്ചീരയുടെ ചില ഔഷധപ്രയോഗങ്ങൾ .
അഗത്തിച്ചീരയുടെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് നല്ലതുപോലെ അരിച്ച് നസ്യം ചെയ്താൽ തലയിൽ കെട്ടികിടക്കുന്ന ദുഷിച്ച് കഫം ഇളകിപ്പോകും. മാത്രമല്ല ഇങ്ങനെ നസ്യം ചെയ്താൽ തലവേദന ,മൈഗ്രേന്‍,പീനസം ,ചുമ ,അപസ്മാരം ,വിട്ടുമാറാത്ത പനി എന്നീ രോഗങ്ങൾക്കും ശമനമുണ്ടാകും .കുട്ടികളുടെ അപസ്മാരത്തിനും ഇങ്ങനെ നസ്യം ചെയ്യുന്നത് ഉത്തമമാണ് .
അഗസ്തിയുടെ ഇല നന്നായി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് മുതലായ ചർമ്മരോഗങ്ങൾ മാറും .അഗത്തിയുടെ തൊലി അരച്ച് പുറമെ പുരട്ടിയാൽ സ്കാബീസ് എന്ന ത്വക്ക് രോഗം മാറും .അഗത്തിയുടെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ചിക്കൻപോക്‌സിന് നല്ലതാണ് .അഗത്തിയുടെ തൊലിയുടെ നീര് തേൻ ചേർത്ത് കവിൾ കൊള്ളുന്നത് തൊണ്ടവീക്കത്തിനും വായ്പ്പുണ്ണിനും നല്ലതാണ് .
അഗത്തിച്ചീരയുടെ ഇലയുടെ നീരോ പൂവിന്റെ നീരോ പാലിൽ കലക്കി കുറച്ചുനാൾ പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം മാറിക്കിട്ടും .കൂടാതെ അമിത ആർത്തവത്തിനും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .
അഗസ്തിയുടെ കുരു പാലിൽ അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ നീരും വേദനയുമുള്ള പരു പെട്ടന്ന് പഴുത്ത് പൊട്ടിപ്പോകും .വീണ്ടും പുരട്ടിയാൽ വ്രണം പെട്ടന്ന് കരിയും .
അഗത്തിച്ചീരയുടെ ഇലയോ ,പൂവോ കറിവെച്ചോ ,തോരൻ വച്ചോ പതിവായി കഴിച്ചാൽ വിളർച്ച മാറിക്കിട്ടും .കൂടാതെ മുലപ്പാൽ വർധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് .അഗത്തിയിൽ അയൺ ധാരാളമായി അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ അഗത്തിച്ചീരയുടെ ഇലയും പൂവും, ഇളം കായ്കളും തോരൻ വച്ചു കഴിക്കുന്നത് രക്തകുറവ് പരിഹരിക്കാൻ വളരെ നല്ല ഒരു ഔഷധമാണ്.അഗസ്തിയുടെ ഇല പതിവായി തോരൻ വച്ച് കഴിക്കുന്നത് മാലക്കണ്ണിന് നല്ലതാണ് .
അകത്തിയുടെ ഇല നെയ്യിൽ വറുത്ത് കഴിക്കുന്നത് വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന എല്ലാത്തരം നേത്രരോഗങ്ങളും ശമിക്കും. കൂടാതെ നിശാന്ധത എന്ന രോഗം മാറുന്നതിനും ഇത് വളരെ ഫലപ്രദമാണ് (മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത് ). അകത്തിയുടെപൂവിന്റെ നീര് കണ്ണിൽ ഒഴിക്കുന്നതും നിശാന്ധത എന്ന രോഗത്തിന് നല്ലതാണ് .കൂടാതെ കാഴ്ച്ച ശക്തി വർധിപ്പിക്കുന്നതിനും അകത്തിയുടെപൂവിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ് .
അഗത്തിയുടെ ഇലയും ,കുരുമുളകും ചേർത്ത് അരച്ച് ഗോമൂത്രത്തിൽ ചാലിച്ച് മണപ്പിച്ചാൽ അപസ്മാരം ശമിക്കും .
അഗത്തിയുടെ ഇല കറി വെച്ച് പതിവായി കഴിച്ചാൽ എല്ലുകളുടെ വളർച്ചയ്ക്കും പുഷ്ടിക്കും നല്ലതാണ് .ഇത് കുട്ടികൾക്ക് പതിവായി കൊടുക്കുന്നത് വളരെ നല്ലതാണ് .അഗത്തിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ പല്ലുകൾക്കും എല്ലുകൾക്കും ബലം കിട്ടാൻ വളരെ ഉത്തമമാണ്.
അഗത്തിച്ചീരയുടെ ഇലയും പൂവും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയാൽ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ്മ ശക്തി വർധിക്കും .വട്ടച്ചൊറി ,മുറിവ് ,പുഴുക്കടി മുതലായവയ്ക്ക് അഗത്തിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .
അഗത്തിചീരയുടെ ഇലയും കുറച്ച് ഉലുവയും നല്ലതുപോലെ അരച്ച് എള്ളെണ്ണയിൽ കാച്ചി അരിച്ചെടുത്ത് ശരീരത്തിൽ പുരട്ടി നല്ലപോലെ മസാജ് ചെയ്‌ത് അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ചെയ്താൽ ചർമ്മത്തിന് നല്ല തിളക്കവും കാന്തിയും വർദ്ധിക്കുന്നതാണ്.
അഗത്തിചീരയുടെ ഇലയും തേങ്ങാപ്പീരയും സമമെടുത്ത് അരച്ച് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിനും തടിപ്പിനും വളരെ ഫലപ്രദമാണ്.
അഗത്തി ചീരയുടെ രണ്ടു തണ്ട് ഇല അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി ഒരു മാസം തുടർച്ചയായി കഴിച്ചാൽ തൈറോയ്ഡ് ശമിക്കും .അഗത്തിയുടെ ഇല ഇട്ട് വേവിച്ച വെള്ളം പതിവായി കുടിക്കുന്നത് മൂത്രത്തിൽ കല്ല് ഇല്ലാതാക്കാൻ ഉത്തമമാണ് .ഇത് വിറ്റാമിൻ എ യുടെ കുറവു മൂലമുണ്ടാകുന്ന മൂത്രാശയ കല്ലുകളെയും അലിയിച്ചു കളയും .
അഗത്തിയുടെ പുറംതൊലി അരച്ച് പുറമെ പുരട്ടിയാൽ സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .അഗത്തിയുടെ പുറംതൊലിയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് ശമിക്കും .
അഗത്തിയുടെ ഇല അരച്ച് ഉണക്കി വെളിച്ചെണ്ണ കാച്ചി തേക്കുന്നത് എല്ലാ ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .വായ്പ്പുണ്ണ് ,വയറ്റിലെ അൾസർ ,വിശപ്പില്ലായ്‌മ എന്നിവയ്ക്കും പല്ല് ദ്രവിക്കുന്നതിനും പല്ലിന്റെ ബലക്കുറവിനും .സാംക്രമിക രോഗങ്ങൾ വരാതിരിക്കാനും .പ്രസവാനന്തരം സ്ത്രീകളുടെ ആരോഗ്യത്തിനും അഗത്തിയുടെ ഇല തോരൻ വച്ച് പതിവായി കഴിക്കുന്നത് നല്ലതാണ് .
ഇടവിട്ടുള്ള പനി, മൂക്കൊലിപ്പ്, വയറുവേദന,നിശാന്ധത, എല്ലാത്തരം കരൾ, പ്ലീഹ രോഗങ്ങൾക്കും അഗത്തിയുടെ പൂവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .
Tags:
വൃക്ഷം